ന്യുഡല്‍ഹി: ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. തട്ടിപ്പു കേസിലെ സാക്ഷിയാണ് ജാക്വലിൻ. സുകാഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കോടികൾ തട്ടിയ സംഘത്തിനെതിരായ കേസിലാണ് അന്വേഷണം.
കഴിഞ്ഞ 24ന് സുകാഷ് ചന്ദ്രശേഖര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ കടല്‍ത്തീരത്തുള്ള ബംഗ്ലാവ്, ഒരു ഡസനിലധികം ആഡംബര കാറുകള്‍, 82.5 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തതായി നേരത്തെ അന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പു കമ്മിഷനുമായി ബന്ധപ്പെട്ട കോഴക്കേസിലും ഇയാൾ പ്രതിയാണ്. കേസിൽ നടി പ്രതിയല്ലെന്നും സുകാഷ് ചന്ദ്രശേഖറിനെതിരായ കേസിലെ സാക്ഷിയെന്ന നിലയിലാണു ചോദ്യം ചെയ്തതെന്നും ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ദേശീയ മാധ്യമത്തോടു പറഞ്ഞു. അഞ്ചു മണിക്കൂറിലേറെ നേരം നടിയെ ഇഡി ചോദ്യം ചെയ്തു.
തന്റെ 17 വയസ്സുമുതല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഭാഗമായ സുകേഷ് ചന്ദ്രശേഖറിനെതിരെ നിരവധി എഫ്‌ഐആറുകള്‍ ഉണ്ട്. ഇപ്പോള്‍ സുകേഷ് ഡല്‍ഹിയിലെ രോഹിണി ജയിലിലാണ്. ഇരുപതോളം തട്ടിപ്പുകേസുകൾ സുകാഷിനെതിരെയുണ്ട്. ബെംഗളൂരു വികസന അതോറിറ്റിയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരന്റെ ബന്ധുവെന്ന വ്യാജേന പലരിൽ നിന്നായി 75 കോടി തട്ടിച്ചതാണ് ആദ്യത്തെ കേസ്.