‘ഇതുതാന്‍ പളനിസാമി സ്‌റ്റൈല്‍’ അഭിനന്ദനവുമായി ഉപരാഷ്ട്രപതിയും

ഉല്ലാസ് ചന്ദ്രൻ
Sunday, January 19, 2020

ചെന്നൈ: തലയിലൊരു വട്ടക്കെട്ട്, വലതു കൈയ്യില്‍ അരിവാള്‍, ഇടതു കൈയ്യില്‍ അരിഞ്ഞെടുത്ത നെല്‍കതിര്, മടക്കിക്കുത്തിയ മുണ്ട്- തനി തമിഴ്‌നാടന്‍ കര്‍ഷകനായി മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി വയലില്‍ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ്. ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡുവുള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ മുഖ്യമന്ത്രിക്കു മേല്‍ അഭിനന്ദനം ചൊരിഞ്ഞു. മണ്ണിന്റെ മകനായ എടപ്പാടി വേരുകള്‍ മറന്നില്ലെന്നായിരുന്നു വെങ്കയ്യ നായിഡുവിന്റെ ട്വീറ്റ്.

സേലം ജില്ലയിലെ എടപ്പാടിയില്‍ സ്വന്തം ഗ്രാമമായ സിലുവംപാളയത്താണു എടപ്പാടി കുടുംബത്തോടൊപ്പം പൊങ്കല്‍ ആഘോഷിച്ചത്. മുഖ്യമന്ത്രിയുടെ പൊങ്കല്‍ ആഘോഷത്തെക്കുറിച്ചു തമിഴ്ചാനല്‍ പ്രത്യേക പ്രോഗ്രാം ചെയ്തിരുന്നു. ഇതിലാണു മുഖ്യമന്ത്രി നാടന്‍ കര്‍ഷകനായി വയലില്‍ നില്‍ക്കുന്ന ചിത്രമുള്ളത്. ഇതു സമൂഹ മാധ്യമങ്ങളില്‍ വന്‍ തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടു. കര്‍ഷക കുടുംബത്തില്‍ ജനിച്ച എടപ്പാടി ചെന്നൈയിലെ ഔദ്യോഗിക വസതിയുടെ പരിസരത്തും ചെറിയ തോതില്‍ കൃഷി ചെയ്യുന്നുണ്ട്.

ജന്മനാട്ടില്‍ വിപുലമായ കൃഷി ഇപ്പോഴുമുണ്ട്. താന്‍ സാധാരണ കര്‍ഷകനാണെന്നു എപ്പോഴും അഭിമാനിക്കുന്ന മുഖ്യമന്ത്രി അതു തെളിയിച്ചുവെന്ന രീതിയിലായിരുന്നു സമൂഹ മാധ്യമങ്ങളിലെ കമന്റുകള്‍. പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് സിനിമാ പശ്ചാത്തലമില്ലാത്ത, ചെന്നൈയില്‍ സ്ഥിര താമസമാക്കാത്ത തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയാകുന്നത്.

അതിന്റെ മാറ്റമാണു ചിത്രത്തില്‍ തെളിയുന്നതെന്നു ചിലര്‍ അഭിപ്രായപ്പെട്ടു. തന്റെ വേരുകള്‍ ഒരിക്കലും മറക്കാത്ത മുഖ്യമന്ത്രി എടപ്പാടി വയലില്‍ കര്‍ഷകനായി നില്‍ക്കുന്ന ചിത്രം കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇതു പ്രതീകാത്മകമായിരിക്കാം.എന്നാല്‍, ഒട്ടേറെ പേര്‍ക്കും ഇതു പ്രചോദനം നല്‍കും- എടപ്പാടിയുടെ ചിത്രത്തിനൊപ്പം ഉപരാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

×