പത്തടിപ്പാലത്ത് ദേശീയപാതയില്‍ മെട്രോ പില്ലറില്‍ കാര്‍ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത; യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവ് മുങ്ങി

New Update

കൊച്ചി: ഇടപ്പള്ളി പത്തടിപ്പാലത്ത് ദേശീയപാതയില്‍ മെട്രോ പില്ലറില്‍ കാര്‍ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത. അപകടത്തിന് പിന്നാലെ മരിച്ച യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവ് മുങ്ങിയതാണ് സംഭവത്തില്‍ ദുരുഹത വര്‍ധിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Advertisment
publive-image

എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ കെ എം മന്‍സിയ എന്ന സുഹാന (22) ആണ് അപകടത്തില്‍ മരിച്ചത്. കാര്‍ ഡ്രൈവര്‍ പാലക്കാട് കാരമ്പാറ്റ സല്‍മാന് (26) നേരിയ പരിക്കേറ്റു. ഇയാളെ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.

പുലര്‍ച്ചെ 1.50ഓടെ എറണാകുളത്തുനിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോള്‍, മെട്രോ പില്ലറുകളായ 323നും 324നും ഇടയില്‍ മീഡിയനിലെ വഴിവിളക്ക് ഇടിച്ചിട്ടാണ് കാര്‍ തകര്‍ന്നത്. വാഹനം 90 കിലോമീറ്റര്‍ വേഗത്തിലായിരുന്നു.

ലിസി ആശുപത്രി ഭാഗത്തുനിന്ന് രാത്രി 11 മണിക്കാണ് യുവതി കാറില്‍ കയറിയതെന്നാണ് വിവരം. പിറന്നാള്‍ വിരുന്ന് കഴിഞ്ഞു മടങ്ങുകയാണ് എന്നാണ് അറിയിച്ചത്. ഇടയ്ക്കു വച്ച് മൂന്നാമത് ഒരാള്‍ കൂടി വാഹനത്തില്‍ കയറി.

യുവതിയുടെ സുഹൃത്ത് എന്നു പറഞ്ഞു കാറില്‍ കയറിയ മൂന്നാമന്‍, അപകടം സംഭവിച്ചതിനു പിന്നാലെ സ്ഥലത്തുനിന്നും മുങ്ങി. ഇയാളെ അറിയില്ലെന്ന് വാഹനം ഓടിച്ച സല്‍മാന്‍ പറയുന്നു.

അതേസമയം 11 മണി മുതല്‍ രണ്ടര വരെ ഇവര്‍ എവിടെയായിരുന്നു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. അപകടസ്ഥലത്തു നിന്നും മുങ്ങിയ മൂന്നാമനെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Advertisment