റോഡ് നന്നാക്കാനുത്തരവുകളിട്ട് കേരള ഹൈക്കോടതി മടുത്തു. ഒരു മഴക്കാലത്തെയെങ്കിലും അതിജീവിക്കാന്‍ കഴിവുള്ള റോഡുകളുണ്ടാക്കാന്‍ കഴിയാത്ത എഞ്ചിനീയര്‍മാരാണോ നമുക്കുള്ളതെന്ന് ഹൈക്കോടതി ചോദ്യമുയര്‍ത്തുന്നത് റോഡുകളുടെ ദയനീയ സ്ഥിതി കണ്ടിട്ടുതന്നെയാണ്. നല്ല റോഡു പണിയാനറിയാത്ത എഞ്ചിനീയര്‍മാര്‍ ജോലിയിട്ടിട്ടു പൊയ്ക്കോളാന്‍ പറയുകയാണ് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍.
സഹികെട്ടിട്ടുതന്നെയാണ് ജസ്റ്റിസ് രാമചന്ദ്രന്‍റെ വിലാപം. ആകാശത്തു മഴമേഘം ഉരുണ്ടുകൂടുമ്പോഴേ നമ്മുടെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു തുടങ്ങും. അഞ്ചു വര്‍ഷമെങ്കിലും നിലനില്‍ക്കുന്ന റോഡുകള്‍ പണിയാന്‍ എഞ്ചിനീയര്‍മാര്‍ക്കാവാത്തതെന്തേ എന്ന നീതിപീഠത്തിന്‍റെ ചോദ്യം വളരെ പ്രസക്തം തന്നെ.
ഇന്ത്യയില്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം തുടങ്ങിവെച്ചത്. ഇന്ത്യയുടെ വികസനം സാങ്കേതിക വിദ്യയിലൂടെ മാത്രമേ ആവുകയുള്ളു എന്ന നെഹ്റുവിന്‍റെ വലിയ കാഴ്ചപ്പാടാണ് രാജ്യത്തിന്‍റെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമായി നാല് ഐ.ഐ.ടികള്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) തുടങ്ങാന്‍ കാരണമായത്. ഇതില്‍ ആദ്യത്തെ ഐ.ഐ.ടി ഖരഗ് പൂറില്‍ ആരംഭിച്ചു - 1951 ല്‍.
ലോകോത്തര നിലവാരമുള്ളവയാണ് ഇന്ത്യയിലെ ഐ.ഐ.ടികള്‍. രാജ്യത്തെ ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് ഏറ്റവും മികച്ച ലാബ്രട്ടറികളും അനുബന്ധ സജ്ജീകരണങ്ങളുമൊരുക്കി ഏറ്റവും പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തില്‍ ഏറ്റവും ഉയര്‍ന്ന എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങള്‍. ഇന്ത്യയുടെ അഭിമാനം.
രസകരമെന്നു പറയട്ടെ, അതിനും എത്രയോ കാലം മുമ്പുതന്നെ തിരുവിതാംകൂറില്‍ അന്നത്തെ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ ഒരു എഞ്ചിനീയറിങ്ങ് കോളജ് സ്ഥാപിച്ചിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിങ്ങ് കോളജ്. അതെ. സി.ഇ.ടി എന്നറിയപ്പെടുന്ന കോളജ് ഓഫ് എഞ്ചിനീയറിങ്ങ്, തിരുവനന്തപുരം. സ്ഥാപിതമായത് 1939 -ല്‍.
ഇന്നു കേരളത്തില്‍ എഞ്ചിനീയറിങ്ങ് കോളജുകള്‍ക്ക് ഒരു കുറവുമില്ല. പ്ലസ് ടു പാസാകുന്ന കുട്ടികളില്‍ ഒരു നല്ല പങ്കും പഠിക്കാനാഗ്രഹിക്കുന്നത് ഏതെങ്കിലുമൊരു എഞ്ചിനീയറിങ്ങ് കോഴ്സാണ്. എഞ്ചിനീയറിങ്ങ് പഠിക്കണമെങ്കില്‍ കണക്ക് നന്നായി അറിയണമെന്നുണ്ടെങ്കിലും കണക്കുമായി വലിയ ബന്ധമൊന്നുമില്ലാത്തവരും കാപ്പിറ്റേഷന്‍ കൊടുത്തും ശുപാര്‍ശ നടത്തിയും ഏതെങ്കിലും സ്വകാര്യ എഞ്ചിനീയറിങ്ങ് കോളജില്‍ കയറിപ്പറ്റുന്ന കാലമാണിത്.
എന്തായാലും കേരളത്തിലെ എഞ്ചിനീയറിങ്ങ് കോളജുകളില്‍ പഠിച്ചവര്‍ തന്നെയാണ് ഇവിടെ പൊതുമരാമത്ത് വകുപ്പിലും മറ്റും തെരഞ്ഞെടുക്കപ്പെടുന്ന എഞ്ചിനീയര്‍മാര്‍. നല്ല യോഗ്യതയുള്ളവര്‍ക്കു മാത്രമേ ഇങ്ങനെ എഞ്ചിനീയറിങ്ങ് ഉദ്യോഗം കിട്ടുകയുള്ളു താനും. എന്നിട്ടുമെന്തേ, നമ്മുടെ എഞ്ചിനീയര്‍മാര്‍ക്കു മികച്ച റോഡുകളുണ്ടാക്കാന്‍ കഴിയുന്നില്ല ?
കനത്ത മഴ പെയ്യുന്ന സംസ്ഥാനമാണു കേരളമെന്നത് ഒരു സമാധാനമായി പറയാം. പക്ഷെ ഇവിടെത്തന്നെ നാലും അഞ്ചും വര്‍ഷം മഴയും വെയിലുമേറ്റു കിടന്നാലും ഒരു കുഴപ്പവുമില്ലാതെ നിലനില്‍ക്കുന്ന റോഡുകളുണ്ടല്ലൊ. കെ.എസ്.ടി.പി പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ നിര്‍മിച്ച റോഡ് ഉദാഹരണം. ഒരു കേടും സംഭവിക്കാതെ വര്‍ഷങ്ങളോളം ഈ റോഡ് നിലനിന്നു.
തിരുവനന്തപുരത്തെ വി.എസ്.എസ്.സി കോമ്പൗണ്ടിലുള്ള റോഡുകളും ഇതുപോലെ തന്നെ. ഈ റോഡുകളും ഇവിടെ പഠിച്ച എഞ്ചിനീയര്‍മാര്‍ തന്നെയാണ് നിര്‍മിച്ചത്. കാലാവസ്ഥയും ഇവിടുത്തേതുതന്നെ. പക്ഷെ ഈ റോഡുകള്‍ വര്‍ഷങ്ങളോളം നിലനില്‍ക്കുന്നു.
അപ്പോള്‍പ്പിന്നെ പണിതുകഴിഞ്ഞ് ഒരു മഴ പെയ്താലുടന്‍ കുണ്ടും കുഴിയുമായി തകരുന്ന കേരളത്തിലെ റോഡുകളോ ? ഇതേ പഠിത്തം പൂര്‍ത്തിയാക്കിയ എഞ്ചിനീയര്‍മാര്‍ തന്നെ പണിത റോഡുകളാണിത്. എവിടെയാണു വ്യത്യാസം ? എവിടെയാണു കുഴപ്പം ? എഞ്ചിനീയറിങ്ങ് പഠനത്തിലല്ല കുഴപ്പം തിര്‍ച്ച. പിന്നെ ?
കേരളത്തില്‍ വന്‍ തോതില്‍ കൈക്കൂലി മറിയുന്ന മേഖലകളിലൊന്നാണ് പൊതുമരാമത്ത് വകുപ്പ്. അഴിമതിയുടെ വലിയൊരു കൂത്തരങ്ങ്. വര്‍ഷങ്ങളായി രാഷ്ട്രീയക്കാരും എഞ്ചിനീയര്‍മാരും കരാറുകാരും കൂടിച്ചേര്‍ന്നൊരു അവിശുദ്ധ കൂട്ടുകെട്ട്. ആര്‍ക്കും ഭേദിക്കാനോ ചോദ്യം ചെയ്യാനോ കഴിയാത്ത വണ്ണം കരുത്തുറ്റ ഒരു കൂട്ടുകെട്ട്.
ജി. സുധാകരന്‍ പൊതുമരാമത്തു മന്ത്രിയായിരുന്ന അഞ്ചു വര്‍ഷക്കാലം മാത്രമാണ് ഈ അഴിമതി കൂട്ടായ്മയുടെ അടിത്തറയിളകിയത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ഭരണകാലത്ത്. ഒരു രൂപാ പോലും കൈക്കൂലി ആവശ്യപ്പെടാത്ത, മോഹിക്കാത്ത ഒരു പ്രത്യേക ജനുസാണ് സുധാകരന്‍. ഏതു രാഷ്ട്രീയക്കാരനായാലും കൈക്കൂലി വാങ്ങില്ലെന്ന് ഉറച്ച തീരൂമാനമെടുത്തു കഴിഞ്ഞാല്‍പ്പിന്നെ ചുമതല നിര്‍വഹിക്കുന്നതില്‍ പകുതിയും അദ്ദേഹം വിജയിച്ചു കഴിഞ്ഞു എന്നുതന്നെ പറയാം.
ജി. സുധാകരന്‍റെ ഭരണകാലം അങ്ങനെയായിരുന്നു. ഒരു എഞ്ചിനീയറുടെയോ ഉദ്യോഗസ്ഥന്‍റെയോ മുന്നില്‍ തലകുനിക്കേണ്ടി വന്നിട്ടില്ല അദ്ദേഹത്തിന്. പൊതുമരാമത്തു വകുപ്പിലെ അഴിമതിപ്പണത്തിന്‍റെ വരവും പോക്കുമൊക്കെ എങ്ങനെയെന്നും എത്രമാത്രമെന്നും മനസിലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
പാലാരിവട്ടം പാലത്തിന് മലയാളികള്‍ ഇട്ട പേരാണ് 'പഞ്ചവടിപ്പാലം' എന്ന കാര്യവും ഓര്‍ക്കണം. ആവശ്യത്തിന് കമ്പിയും സിമന്‍റുമൊന്നുമില്ലാതെ പാലം പണിയാന്‍ തയ്യാറായതും നമ്മുടെ എഞ്ചിനീയര്‍മാരാണ്. ഇതെല്ലാം കണ്ടും കേട്ടും കാര്യങ്ങള്‍ മനസിലാക്കിത്തന്നെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എഞ്ചിനീയര്‍മാര്‍ക്കെതിരെ കര്‍ശനമായ വാക്കുകളില്‍ പ്രതികരിച്ചത്.
ഇതു കേള്‍ക്കേണ്ടത് ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് തന്നെയാണ്. ഈ മന്ത്രിസഭ അധികാരമേറ്റതു മുതല്‍ ശക്തമായ ഇടപെടല്‍ നടത്തി പൊതുജന ശ്രദ്ധ നേടിയിട്ടുള്ള രാഷ്ട്രീയ നേതാവാണ് റിയാസ്. തന്‍റെ മുന്‍ഗാമി ജി. സുധാകരന്‍ നടത്തിയതുമാതിരി ശക്തമായ ഇടപെടല്‍ വേണ്ടുന്ന ഇടമാണ് പൊതുമരാമത്ത് എന്ന കാര്യം റിയാസ് ഓര്‍ക്കണം.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇതുപോലെ സംസാരിക്കുന്നത് മനസ് ഏറെ നൊന്തിട്ടുതന്നെയാണെന്നും മനസിലാക്കണം.