Advertisment

തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത് കേരള രാഷ്ട്രീയത്തിന്‍റെ പതിവു മുഖഛായതന്നെ; ഇടതുപക്ഷം തെല്ലു മുമ്പില്‍, തൊട്ടു താഴെ യു.ഡി.എഫ്, തീരെ താഴത്തെ തട്ടില്‍ ഒരേയൊരു സീറ്റുമായി ബി.ജെ.പി! തദ്ദേശ തെരഞ്ഞെടുപ്പില്‍ തെളിയുന്ന രാഷ്ട്രീയം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത് കേരള രാഷ്ട്രീയത്തിന്‍റെ പതിവു മുഖഛായതന്നെ. ഇടതുപക്ഷം തെല്ലു മുമ്പില്‍. തൊട്ടു താഴെ യു.ഡി.എഫ്. തീരെ താഴത്തെ തട്ടില്‍ ഒരേയൊരു സീറ്റുമായി ബി.ജെ.പി.

ഐക്യമുന്നണി രാഷ്ട്രീയം വര്‍ഷങ്ങളിലൂടെ ചുവടുറപ്പിച്ച കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തന്നെ മുന്നില്‍. ഏറെക്കുറെ തുല്യ ശക്തികളായി. 10 ജില്ലകളിലായി 32 തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി 16 സീറ്റില്‍ ജയിച്ചു. ഐക്യ ജനാധിപത്യ മുന്നണിക്കു കിട്ടിയത് 11 സീറ്റും.

കോണ്‍ഗ്രസ് ജയിച്ചിരുന്ന രണ്ടു സീറ്റുകള്‍ സി.പി.എം പിടിച്ചെടുത്തപ്പോള്‍ സി.പി.എമ്മിന്‍റെ രണ്ടു സീറ്റുകള്‍ മുസ്ലിം ലീഗ് പിടിച്ചെടുത്തു. ഒന്ന് ബി.ജെ.പിയും. തിരുവനന്തപുരം ജില്ലയിലെ വിതുര, കോട്ടയം ജില്ലയിലെ കാണക്കാരി എന്നീ സീറ്റുകളാണ് കോണ്‍ഗ്രസിന്‍റെ കൈയില്‍ നിന്ന് സി.പി.എം പിടിച്ചെടുത്തത്. തിരുവനന്തപുരം, കൊച്ചി എന്നീ കോര്‍പ്പറേഷനുകളില്‍ ഓരോ സീറ്റിലേയ്ക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. രണ്ടും സി.പി.എം നിലനിര്‍ത്തി.

സംസ്ഥാനത്താകെ പത്തു ജില്ലകളിലെ 32 സീറ്റുകളിലേയ്ക്കു മാത്രമാണ് ഉപതെരഞ്ഞെടുപ്പു നടന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയം എവിടേയ്ക്ക് എന്നതിലേക്കു വ്യക്തമായ സൂചന തരുന്നുണ്ട് ഇത്. കേരള രാഷ്ട്രീയത്തിലെ ചേരി തിരിവ് വലിയ ഏറ്റക്കുറച്ചിലൊന്നുമില്ലാതെ അവിടെത്തന്നെ നില്‍ക്കുന്നുവെന്നു തന്നെയാണ് ഇതു വ്യക്തമാക്കുന്നത്.

ഒരു വശത്ത് ഇടതു പക്ഷ മുന്നണിയും മറുവശത്ത് ഐക്യജനാധിപത്യ മുന്നണിയുമെന്ന കേരള രാഷ്ട്രീയ ചിത്രത്തിന് ഒരു വ്യത്യാസവുമില്ലെന്നര്‍ത്ഥം. പരസ്പരം നോക്കിനില്‍ക്കുന്ന രണ്ടു കൊടുമുടികളെന്ന കണക്കെ ഉയര്‍ന്നു നില്‍ക്കുന്ന രണ്ടു മുന്നണികള്‍ കേരള രാഷ്ട്രീയത്തിന്‍റെ ഒരു വലിയ പ്രത്യേകത തന്നെ. ഏറ്റവും പ്രായം ചെന്ന ജനാധിപത്യ രാജ്യമായ അമേരിക്കയെപ്പോലെ, ജനാധിപത്യത്തിന്‍റെ ഇരിപ്പിടമായ വിവിധ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ, എല്ലാ തെരഞ്ഞെടുപ്പിലും പരസ്പരം മാറ്റുരയ്ക്കുന്ന രണ്ടു മുന്നണികള്‍. ഐക്യമുന്നണി രാഷ്ട്രീയത്തിന്‍റെകൂടി പരീക്ഷണശാലയാണു കേരളമെന്നോര്‍ക്കുക.

ഈ രണ്ടു വലിയ കൊടുമുടികള്‍ക്കിടയിലൂടെ ഒരു ഇടമുണ്ടാക്കി വളരാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ബി.ജെ.പി ഇനിയും എങ്ങുമെത്തിയിട്ടില്ലെന്ന സൂചനതന്നെ ഈ ഉപതെരഞ്ഞെടുപ്പും എടുത്തു കാട്ടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈയിലുണ്ടായിരുന്ന ഒരേയൊരു സീറ്റും കളഞ്ഞുകുളിച്ച ബി.ജെ.പിക്ക് ഉപതെരഞ്ഞെടുപ്പില്‍ കിട്ടിയ ഒരു സീറ്റ് ഒട്ടും ആശാവഹമല്ല തന്നെ.

എന്തിനും ഏതിലും രാഷ്ട്രീയം കാണുന്ന കേരളത്തില്‍ ചെറുതെങ്കിലും ഈ ഉപതെരഞ്ഞെടുപ്പും നല്‍കുന്ന രാഷ്ട്രീയ സൂചനകള്‍ വിലപ്പെട്ടതു തന്നെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഒരു ഭരണത്തുടര്‍ച്ചയ്ക്കു വഴി തുറക്കുന്നതാണു കേരളം കണ്ടത്. കോണ്‍ഗ്രസിനെയും ഐക്യജനാധിപത്യ മുന്നണിയെയും അമ്പേ ഞെട്ടിച്ച തെരഞ്ഞെടുപ്പു ഫലം.

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നേതൃത്വത്തിലേക്കു നടന്നു കയറുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന പ്രതിപക്ഷം.

പ്രതിപക്ഷമാവട്ടെ, ആകെ ആടിയുലയുന്ന കാഴ്ച. മുഖ്യമന്ത്രിയാകാന്‍ കൊതിച്ചിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു പ്രതിപക്ഷ നേതാവുപോലുമാകാന്‍ കഴിയാതിരുന്ന സാഹചര്യം. ആ സ്ഥാനത്തേയ്ക്കു തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശനും താഴെ രമേശ് ഇന്നു ഒരു സാദാ മെമ്പര്‍ മാത്രം.

പിന്നെ ഹൈക്കമാന്‍റിന്‍റെ കനിവില്‍ കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷപദത്തിലേയ്ക്ക്. പാര്‍ട്ടിയുടെ എല്ലാ തട്ടിലും അഴിച്ചുപണി, ജംബോ കമ്മിറ്റികളെ ഒഴിവാക്കല്‍, സെമി കേഡര്‍ പാര്‍ട്ടി ഉണ്ടാക്കുക ലക്ഷ്യം - പുതിയ കോണ്‍ഗ്രസ് നേതൃത്വം ഉഷാറോടെ മുന്നോട്ട്.

എതിര്‍ ശബ്ദം ആരുയര്‍ത്തിയാലും നാവരിയുമെന്നു ഭീഷണി. പുതിയ നേതൃത്വത്തെ എതിര്‍ത്ത് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഐക്യവും മുന്നേറ്റവും. സുധാകരന്‍ നേതാവായതില്‍പ്പിന്നെ പാര്‍ട്ടിയിലെങ്ങും ഉണര്‍വെന്ന് ഒരു വിഭാഗം പ്രവര്‍ത്തകരുടെ സംസാരം.

കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം വന്നിട്ടും ഒന്നു ഈ ഫലത്തില്‍ കാണാനില്ലല്ലോ എന്നു പറയാറായിട്ടില്ല. സംഘടനാ തെരഞ്ഞെടുപ്പുകൂടി പൂര്‍ത്തിയാക്കിയാലേ പുതിയ നേതൃത്വത്തിന് പാര്‍ട്ടിയെ ബലപ്പെടുത്താനുള്ള വഴികളിലേയ്ക്കു തിരിയാനാകൂ.

ഇതിനിടയ്ക്കു സഹകരണ മേഖലയില്‍ നടന്ന രണ്ടു പ്രധാന തെരഞ്ഞെടുപ്പുകളെക്കുറിച്ചു ദിവസങ്ങള്‍ക്കു മുമ്പു പരാമര്‍ശിച്ചിരുന്നു. തിരുവല്ലാ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലേയ്ക്കും തലശേരി ഇന്ദിരാഗാന്ധി സ്മാരക സഹകരണ ആശുപത്രിയിലേയ്ക്കുമായിരുന്നു തെരഞ്ഞെടുപ്പ്. തിരുവല്ലാ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ദശകങ്ങളായി ഭരണം കുത്തകയാക്കിയിരുന്ന കോണ്‍ഗ്രസില്‍ നിന്ന് സി.പി.എം ഭരണം പിടിച്ചെടുത്തു.

തലശേരിയില്‍ കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാവ് മമ്പറം ദിവാകരന്‍ ഓഹരിപിരിച്ചു പടുത്തുയര്‍ത്തിയ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം കഴിഞ്ഞ ദിവസം ഡി.സി.സി പിടിച്ചെടുത്തു. ഓഹരിയുടമകളില്‍ ബഹുഭൂരിപക്ഷം പേരും കോണ്‍ഗ്രസുകാര്‍ തന്നെ. തെരഞ്ഞെടുപ്പിനു മുമ്പ് മമ്പറം ദിവാകരനെ കെ.പി.സി.സി നേതൃത്വം കോണ്‍ഗ്രസില്‍ നിന്നുതന്നെ പുറത്താക്കിയിരുന്നു.

തിരുവല്ലാ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണം സി.പി.എം കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്തപ്പോള്‍ തലശേരിയില്‍ കോണ്‍ഗ്രസ് ഇന്ദിരാ ഗാന്ധി ആശുപത്രി ഭരണം പിടിച്ചെടുത്തു. കോണ്‍ഗ്രസുകാരില്‍ നിന്ന്. പിണറായി വിജയന്‍ തുടര്‍ഭരണം നേടിയതിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളുടെ നേര്‍ചിത്രമാണ് ഇത്.

Advertisment