Advertisment

സില്‍വര്‍ ലൈന്‍ പദ്ധതി മുതല്‍ ദേശീയ പാതകളുടെ വികസനം, പൊതു വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തുമുള്ള വളര്‍ച്ച എന്നിങ്ങനെ പല മേഖലകളില്‍ വളര്‍ച്ചകണ്ടെത്താന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വലിയ ശ്രമത്തിലാണ്; ഈ വര്‍ഷം കേരളം കാണാന്‍ പോകുന്ന പ്രധാന രാഷ്ട്രീയ വിഷയവും സില്‍വര്‍ ലൈന്‍ സംബന്ധിച്ച ഏറ്റുമുട്ടലുകളാകും! പുതിയ വര്‍ഷം പുതിയ പ്രതീക്ഷ- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

രോ വര്‍ഷവും കടന്നു വരുന്നത് പുതിയ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പൂക്കൂടകളുമായാണ്. അതുകൊണ്ടുതന്നെയാണ് ലോകമെങ്ങും ജനങ്ങള്‍ ആഹ്ളാദ തിമിര്‍പ്പോടെ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.

ഓരോ വര്‍ഷവും കടന്നു പോകുന്നത് നഷ്ടങ്ങളും മുറിവുകളും വേദനകളും ഏല്‍പ്പിച്ചുകൊണ്ടാവും. ഒരു രാജ്യത്തിനായാലും സംസ്ഥാനത്തിനായാലും ചെറുതോ വലുതോ ആയ ഒരു പ്രദേശത്തിനായാലും, ഒരു കുടുംബത്തിനും വ്യക്തിക്കുമൊക്കെയും സ്ഥിതി ഇതു തന്നെ.

ലോകത്തിന്‍റെ മൊത്തം കാര്യമെടുത്താലും സ്ഥിതി വ്യത്യസ്തമല്ലെന്നു കാണാം. കോവിഡ് എന്ന മഹാമാരി ലോക ലോകജനതയ്‌ക്കേല്‍പ്പിച്ച ആഘാതം ചില്ലറയല്ല. അങ്ങേയറ്റം വികസിച്ച അമേരിക്കയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊക്കെയും വലിയ കഷ്ട നഷ്ടങ്ങള്‍ നേരിട്ടു. ലക്ഷക്കണക്കിനാളുകള്‍ മരണമടഞ്ഞു. ബിസിനസുകള്‍ തകര്‍ന്നു. വിമാനങ്ങള്‍ പറക്കാതായി. ജനജീവിതം സ്തംഭിക്കുക തന്നെ ചെയ്തു. അനേകര്‍ക്കു ജോലി നഷ്ടപ്പെട്ടു.

കേരളത്തിന്‍റെ കാര്യം തന്നെ നോക്കാം. കേരള സമൂഹത്തിന്‍റെ പൊതു ശത്രുവായി കോവിഡ് ഇപ്പോഴും തുറിച്ചു നോക്കി നില്‍ക്കുകയാണ്. ഒപ്പം അതിന്‍റെ പുതിയ വകഭേദം ഒമിക്രോണുമുണ്ട്.

പൊതുവെ നോക്കിയാല്‍ ജനജീവിതം പൂര്‍വസ്ഥിതിയിലായിട്ടുണ്ടെന്നു തോന്നുമെങ്കിലും സമൂഹത്തിനുള്ളില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. തകര്‍ന്ന ബിസിനസുകള്‍ ഏറെ. അതുവഴി ജോലി നഷ്ടപ്പെട്ടവരും കടക്കെണിയിലായവരും ധാരാളം. ബാങ്ക് ജപ്തി പേടിച്ച് ആത്മഹത്യയില്‍ രക്ഷ നേടുന്നവരുമുണ്ട്.

കേരളം കഴിഞ്ഞ വര്‍ഷം കണ്ട ഒരു സവിശേഷത ഗുണ്ടകളുടെ വിളയാട്ടമാണ്. ഏതു സമൂഹത്തിലും സമാധാനം നഷ്ടപ്പെടുന്നത് ഒരു ന്യൂനപക്ഷം നിയമം കൈയിലെടുക്കുന്നതു മൂലമാണ്.

അതിനു കാരണം പോലീസിന്‍റെ ശുഷ്കാന്തിക്കുറവും. പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുക മാത്രമല്ല ചെയ്യേണ്ടത്, രാപകല്‍ വ്യത്യാസമില്ലാതെ എപ്പോഴും പൂര്‍ണ ജാഗ്രത പുലര്‍ത്തുകയും വേണം.

ഗുണ്ടകളും ഗുണ്ടാ പ്രവ‍ര്‍ത്തനവും വര്‍ഗീയതയുമായി കൈകോര്‍ക്കുന്നതും കഴിഞ്ഞ വര്‍ഷം കേരളം കണ്ടു. കേരള സംസ്കാരത്തിന് ഒട്ടും യോജിക്കാത്തതാണു രണ്ടും. വര്‍ഗീയതയും രാഷ്ട്രീയവും തമ്മില്‍ വലിയ അകലമില്ലെന്ന കാര്യം കേരളീയര്‍ക്കു നന്നായറിയാം. അതുകൊണ്ടുതന്നെയാണു വര്‍ഗീയത പറഞ്ഞു വോട്ടു വാങ്ങുന്ന കക്ഷികളെ കേരള ജനത പോഷിപ്പിക്കാത്തത്. പക്ഷെ വര്‍ഗീയതയും മത-സമുദായ വികാരങ്ങളും ഒരു ചെറിയ വിഭാഗത്തെയാണെങ്കില്‍പ്പോലും ഇപ്പോഴും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.

ഇതിനൊക്കെ പ്രതിവിധി വിദ്യാഭ്യാസരംഗത്തു വളര്‍ച്ച ഉറപ്പു വരുത്തുക തന്നെയാണ്. ഒപ്പം പൊതുവായ വളര്‍ച്ചയും ഉണ്ടാവണം. കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ എപ്പോഴും വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയ്ക്കു വേണ്ടി പരിശ്രമിച്ചിരുന്നു. അതുകൊണ്ടു തന്നെ പൊതു വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും കേരളം വലിയ നേട്ടം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഒരു നാട്ടില്‍ വികസനമുണ്ടാവണമെങ്കില്‍ രാഷ്ട്രീയ സ്ഥിരത ഉണ്ടാവണം. ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയ നേതാക്കളാണ് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ കടപ്പെട്ടവര്‍. തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയക്കാര്‍ക്കു തന്നെയാണ് ഭരണം കൈയാളാന്‍ അവസരം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ നാടിന്‍റെ ഭാവിയും പുരോഗതിയും സുരക്ഷിതത്വവുമെല്ലാം രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നു.

publive-image

ഐക്യമുന്നണി രീതി പരീക്ഷിച്ചു വിജയിച്ച നാടാണു കേരളം. രണ്ടു പ്രധാന മുന്നണികള്‍ നേര്‍ക്കു നേര്‍ നോക്കി നില്‍ക്കുന്ന നാട്. ഒരുവശത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ്. മറുവശത്ത് സി.പി.എം നേതൃത്വത്തില്‍ ഇടതു ജനാധിപത്യ മുന്നണി. ഈ രണ്ടു മുന്നണികളും രണ്ടു കൊടുമുടികളായി നിലയുറപ്പിച്ചു നില്‍ക്കുമ്പോള്‍ ഒരിടം കണ്ടെത്താന്‍ പെടാപ്പാടു പെടുന്ന ബി.ജെ.പി.

രാഷ്ട്രീയം വളരെയധികം ഇഷ്ടപ്പെടുന്ന കേരള ജനത വലിയ രാഷ്ട്രീയ പ്രതീക്ഷയോടു കൂടിത്തന്നെയാണ് പുതുവര്‍ഷത്തെ കാണുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി മുതല്‍ ദേശീയ പാതകളുടെ വികസനം, പൊതു വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തുമുള്ള വളര്‍ച്ച, കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കാനുള്ള കഠിനാധ്വാനം എന്നിങ്ങനെ പല മേഖലകളില്‍ വളര്‍ച്ചകണ്ടെത്താന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വലിയ ശ്രമത്തിലാണ്.

ഒന്നിടവിട്ടുള്ള ഇടവേളകളില്‍ ഭരണത്തിലെത്തിക്കൊണ്ടിരുന്ന യു.ഡി.എഫ് ആവട്ടെ, ഇത്തവണ ഭരണം കിട്ടാത്ത നഷ്ടബോധത്തിലാണ്. സില്‍വര്‍ ലൈന്‍ പദ്ധതി നാടിനാപത്താണെന്ന വാദവുമായി സമരത്തിനൊരുങ്ങുകയാണ് യു.ഡി.എഫ്. ഈ വര്‍ഷം കേരളം കാണാന്‍ പോകുന്ന പ്രധാന രാഷ്ട്രീയ വിഷയവും സില്‍വര്‍ ലൈന്‍ സംബന്ധിച്ച ഏറ്റുമുട്ടലുകളാകും.

കേരളത്തിന്‍റെ ഏറ്റവും വലിയ പ്രശ്നം യാത്രാ പ്രശനം തന്നെയാണ്. വിദ്യാഭ്യാസ രംഗത്തു വളര്‍ന്നു കഴിഞ്ഞ കേരളത്തില്‍ ഒരു മധ്യവര്‍ഗ സമൂഹം ശരിക്കും രൂപംകൊണ്ടിരിക്കുന്നു. ഈ പുതിയ തലമുറയ്ക്കു വേണ്ടി സര്‍ക്കാര്‍ അടിയന്തിരമായ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ.

എല്ലാ വായനക്കാര്‍ക്കും ആഹ്ളാദകരമായ പുതുവര്‍ഷം ആശംസിക്കുന്നു.

Advertisment