എറണാകുളം ജില്ലയിലെ തൃക്കാക്കര നിയമസഭാ മണ്ഡലത്തിനു ചൂടു പിടിക്കുകയാണ്. മുന്‍ എം.എല്‍.എ പി.ടി. തോമസിന്‍റെ മരണത്തെ തുടര്‍ന്നു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ടു മുന്നണികളും ഒരിക്കല്‍ കൂടി മാറ്റുരയ്ക്കാനൊരുങ്ങുന്നു.
പരമ്പരാഗതമായി തൃക്കാക്കര ഒരു യു.ഡി.എഫ് മണ്ഡലമാണ്. കൃത്യമായി പറഞ്ഞാല്‍ കോണ്‍ഗ്രസിനോടാഭിമുഖ്യമുള്ള മണ്ഡലം. ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞാല്‍ ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശം. സുറിയാനി ക്രിസ്ത്യാനികളുടെ ഒരു പ്രമുഖ കേന്ദ്രമെന്നര്‍ത്ഥം. ക്രിസ്ത്യാനികള്‍ പൊതുവെ കോണ്‍ഗ്രസ് അനുകൂലികളാണെന്ന അനുമാനവും ഈ ചിന്തയ്ക്കു പിന്നിലുണ്ടെന്ന് അടിവരയിട്ടു പറയേണ്ടതുമുണ്ട്.
രണ്ടു ലക്ഷത്തോളം വരുന്ന തൃക്കാക്കരയിലെ വോട്ടര്‍മാരില്‍ ഏകദേശം 40 ശതമാനവും സുറിയാനി ക്രിസ്ത്യാനികളാണ്. പത്തു ശതമാനത്തോളം വരും ലത്തീന്‍ കത്തോലിക്കാ വിഭാഗം. താരതമ്യേന വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരുമാണ് വോട്ടര്‍മാരില്‍ ഭൂരിപക്ഷവും. പ്രബുദ്ധരായ വോട്ടര്‍മാര്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന തരത്തില്‍. ജാതി-സമുദായ ചിന്തകള്‍ക്കപ്പുറം നില്‍ക്കുന്ന വോട്ടര്‍മാര്‍ ഇവിടെ ഏറെയുണ്ടെന്നര്‍ത്ഥം.
14,000 -ലേറെ വോട്ടിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ടി തോമസ് ജയിച്ചത്. ഇടുക്കിയില്‍ കത്തോലിക്കാ നേതൃത്വം പി.ടിയോടു തുറന്ന യുദ്ധം പ്രഖ്യാപിച്ച കാലമായിരുന്നിട്ടും സ്വന്തമായി ഉറച്ച നിലപാടുകള്‍ സ്വീകരിക്കാനും അതില്‍ ഉറച്ചുതന്നെ നില്‍ക്കാനുമുള്ള ശേഷിയായിരുന്നു എക്കാലത്തും പി.ടി തോമസിന്‍റെ വ്യക്തിത്വത്തിന്‍റെ മുഖമുദ്ര. തോമസിന്‍റെ നിലപാടുകളില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ കത്തോലിക്കാ സഭാ നേതൃത്വം അദ്ദേഹത്തിന്‍റെ ശവഘോഷയാത്ര നടത്തിയത് വലിയ വിവാദമായിരുന്നു. പുരോഹിതരും സമുദായാംഗങ്ങളും മുന്‍കൈയെടുത്താണ് പ്രതീകാത്മക ശവഘോഷയാത്ര നടത്തിയത്.
ഈ പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് പി.ടി തോമസ് തൃക്കാക്കരയില്‍ വന്‍ വിജയം കൈവരിച്ചത്. കോണ്‍ഗ്രസില്‍ ആന്‍റണി പക്ഷത്തെ മുന്നണിപ്പോരാളിയായിരുന്ന പി.ടി തോമസിന് ഒരിക്കല്‍ പോലും മന്ത്രിസ്ഥാനം ലഭിച്ചുമില്ല.
പി.ടിയുടെ ഭാര്യ ഉമാ തോമസ് തന്നെയായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്നാണ് ഇതുവരെയുള്ള സൂചനകള്‍. മികച്ച സ്ഥാനാര്‍ത്ഥിയെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇടതു മുന്നണിയും തയ്യാറെടുക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങളും കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസും കെ.വി തോമസ് വിവാദവുമെല്ലാം അഴിച്ചുവിട്ട കോലാഹലത്തിന്‍റെ പശ്ചാത്തലത്തില്‍ ഊര്‍ജസ്വലരാണ് പാര്‍ട്ടി അണികള്‍. കെ.വി തോമസിനെ സെമിനാറിലേയ്ക്കു ക്ഷണിച്ചതും അതു കോണ്‍ഗ്രസില്‍ പ്രകമ്പനമുണ്ടാക്കിയതും അനുകൂലമാക്കാനുള്ള ശ്രമത്തില്‍ത്തന്നെയാണ് സി.പി.എം സംസ്ഥാന നേതൃത്വം.
സി.പി.എമ്മിനും ഇടതുപക്ഷത്തിനും ബാലികേറാ മലയായി തുടരുന്ന രണ്ടു ജില്ലകള്‍ എറണാകുളവും മലപ്പുറവുമാണ്. കാലങ്ങളായി കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്ന പത്തനംതിട്ട ജില്ലയിലെ ആകെയുള്ള അഞ്ചു സീറ്റും കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്താണ്. ദീര്‍ഘകാലം ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ കോട്ട കാത്തിരുന്ന പീലിപ്പോസ് തോമസ് ഇപ്പോള്‍ സി.പി.എം ഇരവിപേരൂര്‍ ഏരിയാ കമ്മറ്റിയംഗമായി പ്രവര്‍ത്തിക്കുന്നു.
കോണ്‍ഗ്രസ് നേതാവായിരുന്ന ടി.കെ ഹംസയെയും കേരളാ കോണ്‍ഗ്രസ് നേതാവായിരുന്ന ലോനപ്പന്‍ നമ്പാടനെയും സി.പി.എം മുമ്പ് പാര്‍ട്ടിയിലേയ്ക്കു സ്വീകരിച്ചിട്ടുണ്ട്. മുസ്ലിം ലീഗില്‍ നിന്ന് കെ.ടി ജലീലിനെയും ഉള്‍ക്കൊണ്ടു. ഇത്തവണ ഐ.എന്‍.എല്ലിനു മന്ത്രിസ്ഥാനം നല്‍കുകയും ചെയ്തു. മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളും ഇപ്പോള്‍ ചുവന്നിരിക്കുന്നു.
തൃക്കാക്കര പിടിച്ചെടുത്താല്‍ നിയമസഭയില്‍ ഇടതുപക്ഷത്തിന്‍റെ അംഗബലം നൂറു തികയും. ഇതു വലിയൊരു ലക്ഷ്യമാണ്. എറണാകുളത്തിന്‍റെ ഹൃദയമെന്നു വിശേഷിപ്പിക്കാവുന്ന തൃക്കാക്കര പിടിച്ചെടുത്താല്‍ അത് ജില്ലയില്‍ സി.പി.എം സ്വാധീനം ഉറപ്പിക്കുന്നതിന്‍റെ വലിയ തുടക്കവുമാവും. കെ.വി. തോമസിന്‍റെ പ്രസക്തി പരീക്ഷിക്കപ്പെടുകയും ചെയ്യും.