സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ തൃക്കാക്കരയില്‍ ട്വന്‍റി - 20 എന്തു രാഷ്ട്രീയമാണു കളിക്കാന്‍ പോകുന്നത് ? സ്വന്തം കരുത്തിലൂടെ ഏതെങ്കിലുമൊരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക, അതുവഴി മറ്റേ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുക - ഇതാണോ ട്വന്‍റി - 20 യുടെ പരിപാടി ? ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ ട്വന്‍റി - 20 പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുകയാണോ-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ തൃക്കാക്കരയില്‍ ട്വന്‍റി - 20 എന്തു രാഷ്ട്രീയമാണു കളിക്കാന്‍ പോകുന്നത് ? സ്വന്തം കരുത്തിലൂടെ ഏതെങ്കിലുമൊരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക, അതുവഴി മറ്റേ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുക - ഇതാണോ ട്വന്‍റി - 20 യുടെ പരിപാടി ? ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ ട്വന്‍റി - 20 പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുകയാണോ ?

ഉപതെരഞ്ഞെടുപ്പല്ലേ, ചിലരോടൊക്കെ കണക്കു ചോദിച്ചുകളയാമെന്നു തന്നെയാവണം ട്വന്‍റി - 20 യുടെ മനസിലിരുപ്പ്. ഇതില്‍ ആദ്യ ലക്ഷ്യം കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജന്‍ തന്നെയാണ്. തങ്ങളോടു ചെയ്തിട്ടുള്ള പാപങ്ങള്‍ക്കൊക്കെ ശ്രീനിജന്‍ മാപ്പു ചോദിക്കണമെന്നായിരുന്നു സാബു ജേക്കബിന്‍റെ ആദ്യ ആവശ്യം. കുന്നംകുളത്തിന്‍റെ മാപ്പ് ആരുടെയെങ്കിലും കൈയിലുണ്ടോ എന്നു ചോദിച്ചായിരുന്നു ശ്രീനിജന്‍റെ പ്രതികരണം. സി.പി.എം നേതൃത്വത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് ശ്രീനിജന്‍ സ്വന്തം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാനും പി.ടി തോമസും മറ്റുമാണ് ആദ്യഘട്ടത്തില്‍ ട്വന്‍റി - 20 യ്ക്കെതിരെ രംഗത്തു വന്നത്. സാബുവിന്‍റെ വ്യവസായ സ്ഥാപനമായ കിഴക്കമ്പലത്തെ കിറ്റക്സ് കോണ്‍ഗ്രസിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ഇതൊരു രാഷ്ട്രീയ മുന്നേറ്റമായി വളര്‍ന്നു. കോണ്‍ഗ്രസിനെ വെല്ലുവിളിച്ചുകൊണ്ടുതന്നെയായിരുന്നു ആ വളര്‍ച്ച.

പല രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കേരളത്തില്‍ത്തന്നെയാണ് ഒരു വ്യവസായ സ്ഥാപനത്തിന്‍റെ തണലില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാവുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പയറ്റാനിറങ്ങിയ ട്വന്‍റി - 20 എറണാകുളം ജില്ലയില്‍ നാലു പഞ്ചായത്തുകളാണു പിടിച്ചെടുത്തത്. പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ആരെയും ജയിപ്പിക്കാനും തോല്‍പ്പിക്കാനും ആയതുമില്ല.

എറണാകുളം ജില്ലയിലെ കിഴക്കമ്പലം എന്ന ഗ്രാമത്തില്‍ എം.സി ജേക്കബ് എന്ന സംരംഭകന്‍ അറുപതുകളില്‍ തുടങ്ങിയ വ്യവസായ സ്ഥാപനമാണ് കിറ്റക്സ്. കുട്ടികളുടെ വസ്ത്രങ്ങളുണ്ടാക്കി കയറ്റുമതി ചെയ്യുന്ന ലോകത്തെ വന്‍ സ്ഥാപനങ്ങളിലൊന്നാണ് കിറ്റക്സ്. അന്നാ അലുമിനിയം കമ്പനി ഉള്‍പ്പെടെ എം.സി ജേക്കബിന്‍റെ കാലത്തുതന്നെ പല സ്ഥാപനങ്ങളും തുടങ്ങുകയും എല്ലാം കൂടി കിറ്റക്സ് ഗ്രൂപ്പിന്‍റെ കുടക്കീഴിലാക്കുകയും ചെയ്തു.

കഴിഞ്ഞ ജൂലൈയിലാണ് കിറ്റക്സ് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സാബു ജേക്കബ് സര്‍ക്കാരിനെതിരെ തിരിഞ്ഞത്. വിവിധ ഉദ്യോഗസ്ഥര്‍ കിറ്റക്സ് ഓഫീസില്‍ റെയ്ഡ് നടത്തി പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. 3500 കോടി രൂപാ ചെലവില്‍ കേരളത്തില്‍ സ്ഥാപിക്കാനുദ്ദേശിച്ച ടെക്സ്റ്റൈല്‍ പാര്‍ക്ക് തെലുങ്കാനയിലേയ്ക്കു മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ സാബു ജേക്കബും കിറ്റക്സ് ഗ്രൂപ്പും രാഷ്ട്രീയ വിവാദങ്ങളുടെ കേന്ത്രമായി മാറി.

അപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ കിറ്റക്സിനെതിരായ ആക്രമണം നിര്‍ത്തിയില്ല. സ്ഥാപനം ഉണ്ടാക്കുന്ന മലിനീകരണത്തെക്കുറിച്ച് തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് തന്നെ നിയമസഭയില്‍ പ്രസംഗിച്ചു.

പി.ടി തോമസിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന തൃക്കാക്കര സീറ്റില്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഉമാ തോമസ് തന്നെ മത്സരിക്കുമ്പോള്‍ ട്വന്‍റി - 20 രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്റിവാള്‍ കിഴക്കമ്പലത്തെത്തി സാബു ജേക്കബുമായി സംസാരിക്കുകയും ഇരു നേതാക്കളും ചേര്‍ന്ന് 'ജന ക്ഷേമ സഖ്യം' എന്ന പേരില്‍ മുന്നണിയുമുണ്ടാക്കി.

രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ തുടങ്ങിയെങ്കിലും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെയാണ് രണ്ടു കക്ഷികളുടെയും പരീക്ഷണം. പഞ്ചാബില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചു ഭരണം കൈയടക്കിയ ആം ആദ്മി പാര്‍ട്ടിയുടെ മുന്നില്‍ ലക്ഷ്യങ്ങള്‍ പലതാണ് - ഗോവ മുതല്‍ കേരളം വരെ നീളുന്ന സംസ്ഥാനങ്ങള്‍ തന്നെ. അതിനു നല്ലൊരു കൂട്ടുകെട്ടായി ട്വന്‍റി - 20 യെ കേജ്റിവാള്‍ കാണുന്നുമുണ്ട്.

എങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ മുന്നണി നിലപാടു പ്രഖ്യാപിക്കും. സ്വന്തം സ്ഥാനാര്‍ത്ഥിയില്ലെങ്കിലും ഏതെങ്കിലുമൊരു സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനുള്ള തന്ത്രങ്ങളാവും പുതിയ സഖ്യം സ്വീകരിക്കുക. അതില്‍ നിര്‍ണായക പങ്കു വഹിക്കുക ട്വന്‍റി - 20 തന്നെയാവും. കേരളത്തില്‍ ചിലരോട് രാഷ്ട്രീയമായി കണക്കു ചോദിക്കാനുള്ളത് ട്വന്‍റി - 20 ക്കാണ്. ട്വന്‍റി - 20 യുടെ കണക്കുകളും തന്ത്രങ്ങളും അവരെ തുണയ്ക്കുമോ ?

Advertisment