ഇതു വി.ഡി. സതീശന്‍റെ വിജയം. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഐക്യ ജനാധിപത്യ മുന്നണിയെ മുഴുവന്‍ നയിച്ച് തൃക്കാക്കര പിടിച്ചടക്കിയ വി.ഡി. സതീശന്‍ കേരള രാഷ്ട്രീയത്തില്‍ ആധികാരികമായ മുന്നേറ്റം നേടിയിരിക്കുകയാണ്. സതീശന്‍റെ സ്വന്തം രാഷ്ട്രീയം നിര്‍ണായകമായ വഴിത്തിരിവില്‍. അതെ കെ. കരുണാകരന്‍ സഞ്ചരിച്ച വഴിയിലെത്തി നില്‍ക്കുന്നു വി.ഡി. സതീശന്. 1967 -ല്‍ വെറും എട്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ നേതാവായി കേരള നിയമസഭയിലെത്തിയ കെ. കരുണാകരന്‍റെ വഴി. സപ്തകക്ഷി മുന്നണി നേതാവെന്ന നിലയ്ക്ക് സാക്ഷാല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായപ്പോള്‍ വെറും ഒമ്പത് അംഗങ്ങളിലേക്കൊതുങ്ങിയ പ്രതിപക്ഷത്തെ ഭരണപക്ഷമായി വളര്‍ത്തിയ കരുണാകരന്‍റെ വഴി.
ഇത് വി.ഡി. സതീശന്‍റെ മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചില്ലറയല്ല. 1969 ആയപ്പോഴേയ്ക്ക് കെ. കരുണാകരന്‍ ഒരു മുന്നണി കെട്ടിപ്പടുത്തുകഴിഞ്ഞിരുന്നു. ഇടതുപക്ഷത്തായിരുന്ന സി.പി.ഐയെ കരുണാകരന്‍ വശത്താക്കി. എം.എന്‍. ഗോവിന്ദന്‍ നായര്‍ തന്നെ ഇ.എം.എസിനെതിരെ കരുക്കള്‍ നീക്കി. തന്ത്രങ്ങളും കുതന്ത്രങ്ങളും കരുണാകരന്‍ പ്രയോഗിച്ചു. ഐക്യജനാധിപത്യ മുന്നണിക്കു രൂപം നല്‍കി കെ. കരുണാകരന്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അദ്ധ്യായമെഴുതിച്ചേര്‍ക്കുകയായിരുന്നു.
അതേ ദൗത്യമാണ് ഇന്നു വി.ഡി. സതീശന്. 99 -ല്‍ നിന്ന് നൂറുതികയ്ക്കാനുള്ള ഇടതു ശ്രമമാണ് വി.ഡി. സതീശന്‍ തടുത്തത്. നൂറു തികയ്ക്കാന്‍ വെമ്പിയ മുഖ്യമന്ത്രി പിണറായി വിജയനെ 99 -ല്‍ തളച്ചിടാന്‍ സതീശനു കഴിഞ്ഞിരിക്കുന്നു. ഭരണത്തുടര്‍ച്ചയുടെയും 99 -ന്‍റെ തന്നെയും ശക്തിയും തിളക്കവും സതീശന്‍റെ മുമ്പില്‍ നിഷ്പ്രഭമാവുകയായിരുന്നു. പിണറായിയോടു നേരിട്ട് ഏറ്റുമുട്ടി വി.ഡി. സതീശന്‍ നേടിയ ആ വിജയത്തിനു തിളക്കമേറെ.
തൃക്കാക്കരയില്‍ സി.പി.എം ജില്ലാ നേതൃത്വം തന്നെയാണ് കണക്കുകൂട്ടലൊക്കെ നടത്തി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതും തന്ത്രങ്ങള്‍ മെനഞ്ഞതും. കോണ്‍ഗ്രസിന്‍റെ ഉമാ തോമസിനെതിരെ എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. ജോ ജോസഫിനെ കണ്ടെത്തിയതിനു പിന്നില്‍ വലിയ കണക്കുകൂട്ടലുകളുണ്ടായിരുന്നു.
എറണാകുളത്തെ പുതിയ സമുദായ സമവാക്യങ്ങളുണ്ടായിരുന്നു. ജയിക്കാന്‍ തന്നെയായിരുന്നു ഇടതു മുന്നണിയുടെ പുറപ്പാട്. കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ.വി. തോമസിനെ അടര്‍ത്തിയെടുത്തും കെ-റെയിലിന്‍റെ കല്ലിടല്‍ നിര്‍ത്തിവെച്ചും തൃക്കാക്കരയില്‍ പ്രചാരണം ശക്തിപ്പെടുത്തി മുന്നേറി ഇടതുപക്ഷം.
സി.പി.എമ്മിന്‍റെ എക്കാലത്തെയും ശക്തി അതിന്‍റെ ബലവത്തായ സംഘടനാശേഷിതന്നെയാണ്. നഗരമണ്ഡലമായ തൃക്കാക്കരയുടെ മുക്കിലും മൂലയിലും ചെന്ന് സി.പി.എം നേതാക്കള്‍ - മന്ത്രിമാരും എം.എല്‍.എമാരും പ്രവര്‍ത്തകരും കിണഞ്ഞു പരിശ്രമിച്ചു. എങ്കിലും ഇടതു സ്ഥാനാര്‍ത്ഥിക്ക് ജയിക്കാനായില്ല. ഉമാ തോമസ് വന്‍ വിജയം നേടി. തൃക്കാക്കരയില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനം ഉറപ്പിച്ചു.
കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റ് മാത്രമാണു തൃക്കാക്കരയെന്നു പറയാം. പക്ഷെ ഈ വിജയത്തിന്‍റെ തിളക്കം ഒന്നു വേറേതന്നെയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അങ്ങേയറ്റം ദുര്‍ബലമായിരിക്കുന്ന സമയം. കെ.വി. തോമസിനെപ്പോലെ പലരും പാര്‍ട്ടി വിട്ടുകൊണ്ടിരുന്ന സമയം. പിണറായി നേടിയ ഭരണത്തുടര്‍ച്ചയില്‍ പ്രതിപക്ഷത്തേക്കു പിന്നെയും ചുരുങ്ങിപ്പോയ സമയം. ഇവിടെയാണ് ഒരൊറ്റ വിജയത്തിലൂടെ കോണ്‍ഗ്രസ് വലിയ തിരിച്ചുവരവു നടത്തിയിരിക്കുന്നത്.
ഇതിന്‍റെ നേട്ടം സതീശനു തന്നെയെന്നു പറയാന്‍ കാരണങ്ങളേറെ. കോണ്‍ഗ്രസിനെയും ഘടകകക്ഷികളെയുമെല്ലാം ഒന്നിച്ചു നിര്‍ത്തുന്നതില്‍ സതീശന്‍ വിജയിച്ചു. സി.പി. ജോണിനെപോലെ പ്രതിപക്ഷത്തെ പ്രഗത്ഭരായ നേതാക്കളെക്കൊണ്ട് സൂഷ്മമായ പ്രവര്‍ത്തനങ്ങള്‍ നടത്തിച്ചെടുക്കുന്നതിലും സതീശന്‍ വിജയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ടു നടത്തിയ യുദ്ധത്തില്‍ വിജയശ്രീലാളിതനായി വി.ഡി. സതീശന്‍ പടക്കളത്തില്‍ നില്‍ക്കുകയാണ്.
തൃക്കാക്കര കൈവിട്ടുപോയിരുന്നുവെങ്കില്‍ സതീശനെതിരെ കോണ്‍ഗ്രസില്‍ പടമുറുകുമായിരുന്നു. സതീശനെ അംഗീകരിക്കാനാവാത്ത പല പ്രമുഖ നേതാക്കളും വിഭാഗങ്ങളും കോണ്‍ഗ്രസിലുണ്ട്. അവരൊക്കെ കൂടി സതീശനെ വളഞ്ഞിട്ടാക്രമിക്കുമായിരുന്നു. കോണ്‍ഗ്രസ് കുറേകൂടി ശിഥിലമാവുകയായിരുന്നു. ഘടകകക്ഷികള്‍ ചിതറിപ്പോകുമായിരുന്നു. എന്തിന് മുസ്ലിം ലീഗില്‍ പോലും പുതിയ ചിന്തകള്‍ ഉയരുമായിരുന്നു.
ഇവിടെയാണ് പി.ടി തോമസിന്‍റെ ഭാര്യ ഉമാ തോമസ് വന്‍ വിജയത്തിലൂടെ തൃക്കാക്കര തിരികെ പിടിച്ചതും കോണ്‍ഗ്രസിനു പുതു ജീവന്‍ നല്‍കിയതും. ഇവിടെ കരുത്തനായ നേതാവായി വി.ഡി. സതീശന്‍ ഉയരുകയാണ്.
കോണ്‍ഗ്രസിനും മുന്നണിക്കും കരുത്തുറ്റ നേതൃത്വം നല്‍കാന്‍. പ്രതിപക്ഷത്തിന്‍റെ ഉറച്ച ശബ്ദം ഉയര്‍ത്താന്‍. ഇനി സതീശനെ തടയാന്‍ കോണ്‍ഗ്രസിലാരുമുണ്ടാവില്ല. ആ വെല്ലുവിളി ഏറ്റെടുക്കാനുള്ള കരുത്താണ് സതീശന്‍ കാട്ടേണ്ടത്.