തൃക്കാക്കര വിജയത്തോടെ കോണ്‍ഗ്രസിനു കിട്ടിയ പുത്തനുണര്‍വ് പ്രകടിപ്പിക്കാനുള്ള ഒരവസരമായി മാറ്റുകയാണ് യൂത്ത് കോണ്‍ഗ്രസ്; രാഷ്ട്രീയമായി അതു ശരിതന്നെയാണു താനും; ഓരോ മുന്നണി അധികാരത്തിലെത്തുമ്പോഴും അതിനു പിന്നില്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ നടത്തിയ സമരങ്ങളാണു വലിയ പങ്കു വഹിച്ചതെന്ന കാര്യവും ഓര്‍ക്കണം! എന്നുകരുതി സമരങ്ങള്‍ കാടന്‍ രീതിയിലാകാമോ ? സമരങ്ങളെ നേരിടുന്ന പോലീസ് നടപടികളും ജനങ്ങളെ ബുദ്ധിമുട്ടിക്കാനും വഴിയില്‍ തടയാനും തുടങ്ങിയാലോ ?- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

(വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം)
Advertisment

മരോത്സുകരാണ് കേരളീയര്‍. എന്തിനും ഏതിനും സമരത്തിനിറങ്ങാന്‍ എപ്പോഴും തയ്യാറായവര്‍. തീപാറുന്ന സമരങ്ങളിലൂടെ വളര്‍ന്ന സംഘടനകള്‍ ഏറെയുള്ള നാടുകൂടിയാണിത്. അനേകരെ കുരുതികൊടുത്ത പുന്നപ്ര-വയലാര്‍ സമരം മുതല്‍ ലോകത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ കാരണമായ വിമോചന സമരം വരെ കേരളം കണ്ട സമരങ്ങള്‍ എത്രയെത്ര.

മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി സമരമാണ് ഇന്നു കേരളത്തിലങ്ങോളമിങ്ങോളം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളിലൊക്കെ പ്രകടനക്കാര്‍ കരിങ്കൊടിയും കറുത്ത മാസ്കും കറുത്ത സാരിയുമൊക്കെയായെത്തും. അതു തടയാന്‍ വന്‍ സന്നാഹത്തോടെ പോലീസും. മുഖ്യമന്ത്രിക്കു സുരക്ഷിതനായി സഞ്ചരിക്കാന്‍ പോലീസ് സാധാരണ ജനങ്ങളെ തടയും. വാഹനങ്ങള്‍ വഴി തിരിച്ചു വിടും. സമരക്കാര്‍ക്കെതിരെ ജലപീരങ്കിയും കണ്ണീര്‍ വാതകവുമെല്ലാം പ്രയോഗിക്കും. ചിലപ്പോള്‍ ലാത്തി ചാര്‍ജും.

കറുപ്പ് എവിടെക്കണ്ടാലും വിലക്കുന്ന നിലയിലേയ്ക്കെത്തി പോലീസ്. കറുത്ത മാസ്ക് ധരിച്ചു വരുന്ന മാധ്യമപ്രവര്‍ത്തകരെയും തടയാന്‍ തുടങ്ങി. സമരം കേരളമെങ്ങും പടര്‍ന്നു.

ഏറ്റവുമൊടുവില്‍ സമരം വിമാനത്തിനുള്ളിലേയ്ക്കും കടന്നെത്തി. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ 12,000 രൂപയുടെ ടിക്കറ്റെടുത്ത് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇന്‍ഡിഗോ വിമാനത്തില്‍ കയറി കൂടിയത്. വിമാനം തിരുവനന്തപുരത്തിറങ്ങിയ സമയത്ത് രണ്ടു പേര്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു മുദ്രാവാക്യം മുഴക്കി. മൂന്നാമന്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. യാത്രക്കാരനായിരുന്ന ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രകടനക്കാരെ ആഞ്ഞു തള്ളി. ഇരുവരും താഴെ വീണു. സുരക്ഷാ ജീവനക്കാര്‍ മൂന്നു പേരെയും കീഴ്‌പ്പെടുത്തി വലിയതുറ പോലീസില്‍ ഏല്‍പ്പിച്ചു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസ്.

publive-image

(തിരുവനന്തപുരത്തെ കെ.പി.സി.സി ഓഫീസിനു നേരെ ഡി.വൈ.എഫ്.ഐ നടത്തിയ അതിക്രമം)

വൈകുന്നേരം തന്നെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ ആക്രമണം നടത്തി. തിരുവനന്തപുരത്തെ കെ.പി.സി.സി ഓഫീസിനു നേരെയും ആക്രമണമുണ്ടായി. പിറ്റേന്ന് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിലേയ്ക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി. അതിക്രമിച്ചു കടന്നവര്‍ മൂന്നു പേര്‍. ഇവരില്‍ ഒരാളെ കന്‍റോണ്‍മെന്‍റ് ഹൗസിലെ ജീവനക്കാര്‍ തടഞ്ഞുവച്ചു. തടഞ്ഞുവച്ചയാളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായി പിന്നത്തെ സമരം. ഓരോ സമരത്തിനും ഓരോ കാരണമുണ്ടെന്നുമോര്‍ക്കണം.

മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് യു.എ.ഇ സ്ഥാനപതിയുടെ വീട്ടില്‍ നിന്നു ബിരിയാണി കൊടുത്തയയ്ക്കുമായിരുന്നുവെന്നും ബിരിയാണി ചെമ്പിനു വലിയ ഭാരമുണ്ടായിരുന്നുവെന്നും അതില്‍ ലോഹം പോലെയെന്തോ വെച്ചിരുന്നുവെന്ന് തന്‍റെ കോമണ്‍ സെന്‍സ് പറഞ്ഞിരുന്നുവെന്നും കോടതിക്കു കൊടുത്ത രഹസ്യ മൊഴിയില്‍ പറഞ്ഞുവെന്നാണ് സ്വപ്ന മാധ്യമപ്രവര്‍ത്തകരോടു പറ‍ഞ്ഞത്.

വാര്‍ത്ത തീപടരും പോലെ പടര്‍ന്നതിനേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും സമരത്തിനിറങ്ങുകയായിരുന്നു. മുഖ്യമന്ത്രിയ്ക്കെതിരെ കരിങ്കൊടി കാട്ടുക എന്നതായിരുന്നു സമരമാര്‍ഗം.

സ്വര്‍ണക്കടത്ത് കേരളത്തില്‍ പതിവാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയില്‍പെട്ടാല്‍ എല്ലാം പോയി. അങ്ങേയറ്റം തരംതാണ ഹീനമായ കുറ്റം തന്നെയാണ് സ്വര്‍ണക്കടത്ത്.

കേരളത്തെ ഞെട്ടിച്ച നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതിയാണ് സ്വപ്നാ സുരേഷ്. പിടിയിലായ സമയത്ത് കസ്റ്റംസ് സ്വപ്നയുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്‍റെ ഓഫീസിനോ സ്വര്‍ണക്കടത്തിലൊന്നും പങ്കില്ലെന്ന് സ്വപ്ന അന്നത്തെ രഹസ്യമൊഴിയില്‍ പറഞ്ഞതായാണ് അന്നു വന്ന റിപ്പോര്‍ട്ടുകള്‍. അന്നത്തെ രഹസ്യമൊഴിയും ഇപ്പോഴത്തെ രഹസ്യമൊഴിയും പരിശോധിച്ചാല്‍ മാത്രമേ യാഥാര്‍ത്ഥ്യം മനസിലാകൂ.

തൃക്കാക്കര വിജയത്തോടെ കോണ്‍ഗ്രസിനു കിട്ടിയ പുത്തനുണര്‍വ് പ്രകടിപ്പിക്കാനുള്ള ഒരവസരമായി മാറ്റുകയാണ് യൂത്ത് കോണ്‍ഗ്രസ്. രാഷ്ട്രീയമായി അതു ശരിതന്നെയാണു താനും. ഓരോ മുന്നണി അധികാരത്തിലെത്തുമ്പോഴും അതിനു പിന്നില്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ നടത്തിയ സമരങ്ങളാണു വലിയ പങ്കു വഹിച്ചതെന്ന കാര്യവും ഓര്‍ക്കണം.

എന്നുകരുതി സമരങ്ങള്‍ കാടന്‍ രീതിയിലാകാമോ ? ജനങ്ങളെ കഷ്ടപ്പെടുത്തുന്ന രീതിയിലാകാമോ ? സമരങ്ങളെ നേരിടുന്ന പോലീസ് നടപടികളും ജനങ്ങളെ ബുദ്ധിമുട്ടിക്കാനും വഴിയില്‍ തടയാനും തുടങ്ങിയാലോ ? ജനാധിപത്യ ഭരണ രീതിയില്‍ പ്രതിഷേധ പ്രകടനത്തിനു വലിയ പങ്കുണ്ട്. അതു ജനാധിപത്യ രീതിയിലായിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണം. അതു തടയുന്ന പോലീസിനും കര്‍ശനമായ നിയന്ത്രണം വേണം.

ജനാധിപത്യ ഭരണം വിജയിക്കണമെങ്കില്‍ ഇതു രണ്ടും ആവശ്യമാണ്.

Advertisment