രാഷ്ട്രീയത്തില്‍ ആര്‍.എസ്.എസ് ഇടപെടാറില്ല. എന്നാല്‍ ഇന്ത്യന്‍ രാഷട്രീയത്തില്‍ നിര്‍ണായക ശക്തിയാണ് ആര്‍.എസ്.എസ് എന്ന കാര്യത്തില്‍ സംശയം വേണ്ട താനും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ പിന്നിലെ ശക്തി സ്രോതസ് ആര്‍.എസ്.എസ് തന്നെ.
കേരള രാഷ്ട്രീയത്തിന്‍റെ ഏതെങ്കിലും തലത്തില്‍ ആര്‍.എസ്.എസ് ഇടപെടുന്നുണ്ടോ ? പ്രത്യക്ഷത്തില്‍ അങ്ങനെയൊരു ഇടപെടല്‍ ഇല്ല. പക്ഷെ ബി.ജെ.പിയുടെ ഗതി നിയന്ത്രിക്കാന്‍ ആര്‍.എസ്.എസ് ഇടപെടുന്നുണ്ടെന്നതിനു സൂചനകള്‍ ഏറെ.
അതിനു കാരണവുമുണ്ട്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണെങ്കിലും ബി.ജെ.പിക്ക് കേരള രാഷ്ട്രീയത്തില്‍ ഉറപ്പിലൊരു കാലു കുത്താനായിട്ടില്ല ഇതുവരെ. കേരള രാഷ്ട്രീയം യു.ഡി.എഫ്, എല്‍.ഡി.എഫ് എന്നീ രണ്ടു മുന്നണികള്‍ ഏറെക്കുറെ തുല്യമായി പങ്കിട്ടെടുത്തിരിക്കുന്നതാണു കാരണം. ഈ രണ്ടു മുന്നണികള്‍ക്കുമിടയില്‍ കൂടി വേണം ബി.ജെ.പിക്ക് ഇവിടെ കാലുകുത്തി വളര്‍ച്ച നേടാന്‍. അതിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഒന്നിടവിട്ടുള്ള ഇടവേളകളില്‍ രണ്ടു മുന്നണികളും മാറി മാറി ഭരണം പങ്കിട്ടെടുക്കുന്ന പതിവായിരുന്നു കേരളത്തിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ തവണ ഇടതു മുന്നണി ആ പതിവു തെറ്റിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ 99 സീറ്റുമായി ഭരണ തുടര്‍ച്ച നേടിയപ്പോള്‍.
കോണ്‍ഗ്രസ് തുടര്‍ച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്തായി. ബി.ജെ.പിക്കാവട്ടെ, ആകെ കൈയിലുണ്ടായിരുന്ന നേമം സീറ്റ് നഷ്ടമാവുകയും ചെയ്തു.
ഈ രണ്ടു മുന്നണികളില്‍ ഒന്നു ക്ഷയിച്ചാല്‍ മാത്രമേ കേരള രാഷ്ട്രീയത്തില്‍ ഒരു ശൂന്യത ഉണ്ടാകൂ. ആ ശൂന്യതയില്‍ മാത്രമേ ബി.ജെ.പിക്കു വളരാനാകൂ. ദേശീയ തലത്തില്‍ ബി.ജെ.പി പ്രധാന ശത്രുവായി കണ്ടിരുന്നത് കോണ്‍ഗ്രസിനെയായിരുന്നു. 'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്നതു തന്നെയായിരുന്നു ബി.ജെ.പിയുടെ പൊതു മുദ്രാവാക്യം.
കേരളത്തില്‍ ഇപ്പോള്‍ സംഘപരിവാര്‍ ഉന്നം വയ്ക്കുന്നതു സി.പി.എമ്മിനെയല്ലേ എന്നു സംശയിക്കാന്‍ സൂചനകളേറെ. നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടാം പ്രതിയായ സ്വപ്നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ ഭാര്യ, മകള്‍ എന്നിവര്‍ക്കും ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ പുറത്തുവിട്ടിട്ടുള്ള ആരോപണങ്ങള്‍ തന്നെ ഉദാഹരണം.
കേസില്‍ പ്രതിയായി ഇ.ഡിയും കസ്റ്റംസും തുടര്‍ച്ചയായി ചോദ്യം ചെയ്ത സമയത്തും പറയാതിരുന്ന കാര്യങ്ങളാണ് സ്വപ്ന ഇപ്പോള്‍ പുറത്തുവിടുന്നതെന്നു കാണണം. ജയില്‍ മോചിതയായ ശേഷം സ്വപ്ന ജോലി ചെയ്യുന്നത് എച്ച്.ആര്‍.ഡി.എസ് എന്ന സ്ഥാപനത്തില്‍. സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ആര്‍.എസ്.എസ് ഉടമസ്ഥതയില്‍.
സ്വപ്നയുടെ ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ. പിണറായിയെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും മുഖ്യമന്ത്രിയുടെ ചുറ്റുമുള്ള ഉദ്യോഗസ്ഥരെത്തന്നെയും ലക്ഷ്യം വെച്ച് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് സ്വപ്ന.
ഇതില്‍ ആര്‍.എസ്.എസിന് എന്തെങ്കിലും പങ്കുണ്ടോ ? കേരള രാഷ്ട്രീയത്തില്‍ ഇടപെട്ട് സി.പി.എമ്മിനെതിരെ ആക്രമണത്തിന്‍റെ കുന്തമുന തിരിക്കുകയാണോ ആര്‍.എസ്.എസ് ? രാഷ്ട്രീയത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ബി.ജെ.പിയെ വരുതിയില്‍ നിര്‍ത്തി രാഷ്ട്രിയം കളിക്കാനാണ് ആര്‍.എസ്.എസ് തുനിയുന്നതെങ്കില്‍ അതിനുള്ള കാരണം എന്താവാം ?
പ്രധാന കാരണം കേരളത്തില്‍ ബി.ജെ.പി നേരിടുന്ന പരാജയം തന്നെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈയിലിരുന്ന നേമം സീറ്റും നഷ്ടപ്പെട്ടു. തൃക്കാക്കരയില്‍ സംസ്ഥാന നേതാവു മത്സരിച്ചിട്ടും കെട്ടിവെച്ച കാശുപോയി. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്‍റെ പരാജയത്തിലേയ്ക്കാണ് ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്.
സ്വപ്നാ സുരേഷ് ഒരു തവണ മാധ്യമങ്ങളെ കണ്ടു നടത്തിയ വെളിപ്പെടുത്തല്‍ തന്നെ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. വര്‍ദ്ധിതാവേശത്തോടെ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസുമായി തെരുവു യുദ്ധത്തിലേര്‍പ്പെട്ടു. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്കു തിരക്കഥയെഴുതിയത് ആര്‍.എസ്.എസ് ആണെങ്കില്‍ എത്ര കൃത്യമായി കുന്തമുനകള്‍ തയ്യാറാക്കിയിരിക്കുന്നുവെന്നു കാണുക.
ആര്‍.എസ്.എസ് ആണു നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതെങ്കില്‍ എന്തിന് സി.പി.എമ്മിനെതിരെ തിരിയുന്നു എന്ന ചോദ്യം ബാക്കി. 'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന മുദ്രാവാക്യം വിളിക്കുന്ന ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തോടൊപ്പമല്ലേ ആര്‍.എസ്.എസ് നില്‍ക്കേണ്ടത് ?
മതിയായ കാരണങ്ങളുണ്ട് നിരത്താന്‍. സി.പി.എം ഭരണകാലത്ത് സമൂഹത്തില്‍ ഒരു മുസ്ലിം വിരുദ്ധ ചിന്തയ്ക്കു സാധ്യത ഉയരുന്നില്ലെന്നതു തന്നെ പ്രധാന കാരണം. സുന്നി വിഭാഗങ്ങള്‍ രണ്ടും, ജെഫ്രി തങ്ങള്‍ വിഭാഗവും കാന്തപുരം വിഭാഗവും, മുഖ്യമന്ത്രി പിണറായി വിജയനുമായി രമ്യതയിലാണ്. എന്നാല്‍ സര്‍ക്കാരില്‍ കടുത്ത മുസ്ലിം പ്രീണന നയം അങ്ങനെയങ്ങ് ആരോപിക്കാനും കഴിയില്ല.
യു.ഡി.എഫ് ഭരണത്തില്‍ വന്നാല്‍ മുസ്ലിം ലീഗ് രണ്ടാമത്തെ വലിയ കക്ഷിയായി ഭരണത്തില്‍ പങ്കാളിയാകും. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണം തുടങ്ങിയപ്പോള്‍ മുസ്ലിം ലീഗ് ഉയര്‍ത്തിയ അഞ്ചാം മന്ത്രി വാദം ഓര്‍ക്കേണ്ടതു തന്നെ. യു.ഡി.എഫ് രാഷ്ട്രീയത്തെ വളരെയധികം പിടിച്ചു കുലുക്കി ഈ ആവശ്യം. അഞ്ചാം മന്ത്രി വേണമെന്ന വാദം മുസ്ലിം ലീഗിന്‍റെ സമ്മര്‍ദ രാഷ്ട്രീയമാണെന്നു പ്രചരിപ്പിക്കാന്‍ സംഘപരിവാറിനു കഴിഞ്ഞു. യു.ഡി.എഫ് ഭരണകാലത്താണ് മുസ്ലിം പ്രീണനം കൂടുതലെന്നു പ്രചരിപ്പിക്കാന്‍ കഴിയുക എന്നും ആര്‍.എസ്.എസ് കേരള ഘടകത്തിലെ ഒരു പ്രധാന വിഭാഗം കണക്കുകൂട്ടുന്നു.
എന്തായാലും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ കാര്യമായ നേട്ടമുണ്ടാക്കാനാകുമെന്ന് ബി.ജെ.പിയോ അതിനു പിന്നിലെ ശക്തിയായ ആര്‍.എസ്.എസ്സോ കരുതുന്നില്ല. അങ്ങനെയെങ്കില്‍ സി.പി.എമ്മിനെ തോല്‍പ്പിക്കാനുള്ള വഴി തേടുക, യു.ഡി.എഫ് ഭരണത്തില്‍ വരട്ടെ എന്നു കരുതുക എന്ന വഴിയിലേയ്ക്കാകും ആര്‍.എസ്.എസ് നീങ്ങുക.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു കെട്ടിവെച്ച പണം പോലും നഷ്ടപ്പെട്ട കാര്യം പാര്‍ട്ടി നേതൃത്വത്തെ കുറച്ചൊന്നുമല്ല അലട്ടുന്നത്. പാര്‍ട്ടി വോട്ടും ഏറെ ചോര്‍ന്നിരിക്കുന്നു. ചോര്‍ന്ന വോട്ടുകള്‍ ചെന്നത് കോണ്‍ഗ്രസിന്‍റെ പെട്ടിയില്‍.
ആര്‍.എസ്.എസ് കേരളത്തില്‍ പുതിയ രാഷ്ട്രീയ പാത വെട്ടിയൊരുക്കുകയാണോ ?