ഉത്തരേന്ത്യ കീഴടക്കി രാജ്യം ഭരിക്കുന്ന ബി.ജെ.പി തെക്കോട്ടു നോക്കുകയാണ്. ആന്ധ്ര, തെലുഗുദേശം, തമിഴ്‌നാട്, കേരളം - ഇതുവരെ ബി.ജെ.പിയെ പിന്തുണച്ചിട്ടില്ലാത്ത ഈ സംസ്ഥാനങ്ങള്‍ കൈയിലൊതുക്കുകയാണ് ബി.ജെ.പിയുടെ പുതിയ ലക്ഷ്യം.
ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മാത്രമാണ് കാവിക്കൊടി പറക്കുന്നത്. തമിഴ്‌നാട്ടിലും ആന്ധ്രയിലുമെങ്ങും ബി.ജെ.പിക്ക് ഇതുവരെ പച്ചതൊടാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഹൈദരാബാദില്‍ ചേര്‍ന്നതു തന്നെ ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്. യോഗത്തില്‍ നടന്ന ചര്‍ച്ചകളും ആലോചനകളുമെല്ലാം ആ ലക്ഷ്യം മുന്‍ നിര്‍ത്തിത്തന്നെയായിരുന്നു.
'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന ലക്ഷ്യം പണ്ടേ പ്രഖ്യാപിച്ച ബി.ജെ.പി ആ ലക്ഷ്യം ഏറെക്കുറെ കൈവരിച്ചു കഴിഞ്ഞു. പലയിടത്തും ബി.ജെ.പി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി അധികാരമേറ്റു. പഞ്ചാബില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനെ തോല്‍പ്പിച്ചതുപോലെ ചില സംസ്ഥാനങ്ങളില്‍ മറ്റു കക്ഷികള്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി.
ദേശീയ തലത്തില്‍ കോണ്‍ഗ്രസായിരുന്നു ബി.ജെ.പിയ്‌ക്കെതിരെ ഉയര്‍ന്നു നിന്ന രാഷ്ട്രീയ ശക്തി. ആ ശക്തി ഇല്ലാതാക്കുകയായിരുന്നു 'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന ലക്ഷ്യം പ്രഖ്യാപിച്ചതുവഴി ബി.ജെ.പി മുന്നില്‍ കണ്ടത്. കോണ്‍ഗ്രസിന്‍റെ പതനം ഏറെക്കുറെ പൂര്‍ത്തിയായിരിക്കുന്നു. സംഘടന വളരെ ദുര്‍ബലം. നേതൃത്വവും ദുര്‍ബലം.
അഞ്ചു സംസ്ഥാനങ്ങളിലേയ്ക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കിട്ടിയത് കനത്ത തിരിച്ചടിയായിരുന്നു. നേതൃത്വത്തിന്‍റെ തെറ്റായ തീരുമാനങ്ങളും നടപടികളും കൊണ്ടു മാത്രം പഞ്ചാബില്‍ ഭരണം കൈവിട്ടു പോയി. ഉത്തര്‍പ്രദേശില്‍ ഒരു തിരിച്ചുവരവിനു നടത്തിയ എല്ലാ ശ്രമങ്ങളും പാളി.
കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തിയ ഐതിഹാസികമായ സമരം വിജയത്തിലെത്തിയ ശേഷമാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നതെന്നോര്‍ക്കണം. കേന്ദ്രം കൊണ്ടുവന്ന മൂന്നു കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം തുടങ്ങിയത്. പഞ്ചാബും ഹരിയാനയും കേന്ദ്രമാക്കി. യു.പിയിലേയ്ക്കും സമരം വ്യാപിച്ചു. സമീപ സംസ്ഥാനങ്ങളിലേയ്ക്കും. ഫലത്തില്‍ ഉത്തരേന്ത്യയിലാകെ കര്‍ഷകരുടെ പിന്തുണ പിടിച്ചു പറ്റിയ സമരമായിരുന്നു അത്. സമരത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയും ചെയ്തു.
ഇന്നും ഉത്തരേന്ത്യ തന്നെയാണ് ബി.ജെ.പിക്ക് അസ്ഥിവാരമിടുന്നത്. 'കൗ ബെല്‍റ്റ്' എന്നും 'ഹിന്ദി ബെല്‍റ്റ്' എന്നും അറിയപ്പെടുന്ന വിശാലമായ പ്രദേശം. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഇവിടെയാണ് - ഉത്തര്‍പ്രദേശ്. യു.പിയില്‍ ആകെ ലോക്സഭാ സീറ്റ് 80.
യു.പി പിടിച്ചാല്‍ ഡല്‍ഹിയിലേയ്ക്കുള്ള വഴി എളുപ്പമായെന്നര്‍ത്ഥം. ഇവിടെ ബി.ജെ.പി ഭരണത്തുടര്‍ച്ച നേടിയിരിക്കുന്നു. ഏറെ പിടിച്ചിട്ടും സമാജ് വാദി പാര്‍ട്ടിക്ക് ബി.ജെ.പിയുടെ വെല്ലുവിളി നേരിടാനായില്ല. കോണ്‍ഗ്രസിനു നേതൃത്വം കൊടുത്ത പ്രിയങ്കാ ഗാന്ധിക്ക് ഒട്ടും ശോഭിക്കാനായില്ല.
ഉത്തരേന്ത്യയില്‍ ബി.ജെ.പി പിടിമുറുക്കി കഴിഞ്ഞുവെന്നര്‍ത്ഥം. ഇനി തെക്കേ ഇന്ത്യ പിടിക്കണം. അതിനുള്ള വഴികളെക്കുറിച്ച് ആലോചിക്കാനാണ് ദേശീയ എക്സിക്യൂട്ടീവ് യോഗം ഹൈദരാബാദില്‍ കൂടിയത്.
ഉത്തരേന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ച തീവ്ര ഹിന്ദുത്വ വാദം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടപ്പില്ലെന്നു ബി.ജെ.പി നേതൃത്വത്തിനറിയാം. ഓരോ സംസ്ഥാനത്തെയും ജനങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള പരിപാടികള്‍ ആവിഷ്കരിക്കുകയാണ് ലക്ഷ്യം. ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിനെ വിശേഷിപ്പിച്ചത് ഭാഗ്യ നഗര്‍ എന്നാണ്. ചരിത്രപരമായി ഏറെ പേരുള്ള ചാര്‍മിനാറിനു തൊട്ടടുത്തുള്ള ഭാഗ്യലക്ഷ്മി ക്ഷേത്രത്തിന്‍റെ പേരിലാണ് ഭാഗ്യ നഗര്‍ എന്ന സ്ഥലപ്പേര് ഉണ്ടാകുന്നത്. ക്ഷേത്രത്തിന്‍റെ പേരില്‍ ഇവിടെ വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്നു.
ഓരോ സംസ്ഥാനത്തിനും യോജിച്ച നയപരിപാടി രൂപീകരിക്കാനാണ് ഹൈദരാബാദ് സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒരു മൃദു ഹിന്ദുത്വ നിലപാട് പ്രയോജനം ചെയ്യുമെന്നു പാര്‍ട്ടി നേതൃത്വം കരുതുന്നു. തമിഴ്‌നാട്ടിൽ 1967 ല്‍ ഭരണമേറ്റ ദ്രാവിഡ മുന്നേറ്റത്തെയാണ് ഹിന്ദുത്വചിന്തകൊണ്ട് ബി.ജെ.പിക്കു നേരിടേണ്ടി വരിക. കേരളത്തില്‍ ഒരുപോലെ ശക്തരായി നില്‍ക്കുന്ന എല്‍.ഡി.എഫ്, യു.ഡി.എഫ് എന്നീ രണ്ടു മുന്നണികളെയും.
കേരളത്തില്‍ ബി.ജെ.പി നേരിടുന്ന ഏറ്റവും വലിയ പ്രതിബന്ധം നൂനപക്ഷ സമുദായങ്ങളുടെ കെട്ടുറപ്പും അവയുടെ രാഷ്ട്രീയ ബന്ധങ്ങളുമാണ്. ക്രിസ്ത്യന്‍ സമുദായത്തെ സ്വാധീനിച്ച് മുസ്ലിങ്ങള്‍ക്കെതിരെ തിരിച്ചു വിടാനുള്ള ഒരു ശ്രമം കുറേ നാളായി നടക്കുന്നുമുണ്ട്. "ക്രിസംഘി" എന്നൊരു പ്രയോഗം തന്നെ രൂപമെടുത്തിരിക്കുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം ബി.ജെ.പി ഇനിയും മനസിലാക്കിയിട്ടില്ലാത്ത കാര്യം ഇവിടുത്തെ ഹിന്ദു സമുദായങ്ങളുടെ രാഷ്ട്രീയം തന്നെയാണ്. കേരളത്തിലെ പൊതു ഹിന്ദു മനസിനെ സ്വാധീനിച്ചു ഹൈന്ദവ രാഷ്ട്രീയത്തിലേയ്ക്കു കൊണ്ടുപോകാന്‍ ബി.ജെ.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവിടുത്തെ ഹിന്ദു സമുദായങ്ങള്‍ക്ക് ഇന്നും ബി.ജെ.പിയും തീവ്ര ഹൈന്ദവ നിലപാടും തികച്ചും അന്യം തന്നെ. കര്‍ണാടക ഒഴികെ മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി ഇതിനു സമാനമാണെന്നും ഓര്‍ക്കണം.