/sathyam/media/post_attachments/MyKh9EIumz45QmBHVS8T.jpg)
ഇടതു മുന്നണിയില്‍ നിന്ന് ആരെ പിടിക്കും കോണ്‍ഗ്രസ് ? കേരളാ കോണ്‍ഗ്രസിനെയോ ? അതോ സി.പി.ഐയെയോ ? അതോ വേറേ ഏതെങ്കിലും ഘടകകക്ഷികളെയോ ?
കോഴിക്കോട്ട് ചേര്‍ന്ന ചിന്തന്‍ ശിബിരത്തിനു ശേഷം രാഷ്ട്രീയ കേരളം കോണ്‍ഗ്രസിന്‍റെ അടുത്ത നീക്കം നോക്കി കാത്തിരിക്കുകയാണ്. തൃക്കാക്കരയില്‍ നേടിയ വലിയ വിജയത്തിനു ശേഷം കോണ്‍ഗ്രസിന്‍റെ പ്രായോഗിക നീക്കത്തിനു വേണ്ട തന്ത്രങ്ങള്‍ മെനയാന്‍ തന്നെയാണ് ചിന്തന്‍ ശിബിരം ചേര്‍ന്നത്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ മുന്നണി ശക്തിപ്പെടുത്തണം. അതിന് കൂടുതല്‍ കക്ഷികളെ കൊണ്ടുവരണം. ഇടതു പക്ഷത്ത് അസംതൃപ്തരായി കഴിയുന്ന കക്ഷികളെ വശീകരിക്കണം. ഇടതു മുന്നണി വിടാന്‍ തയ്യാറാവുന്നവരെ യു.ഡി.എഫിലേയ്ക്കാകര്‍ഷിക്കണം. അതിനു പരിപാടി തയ്യാറാക്കണം.
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെയാണു കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന തരത്തില്‍ ചര്‍ച്ചകളും പുരോഗമിച്ചു. കേരളാ കോണ്‍ഗ്രസ് തങ്ങളുടെ ലക്ഷ്യമേ അല്ലെന്നു ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞെങ്കിലും കേരളാ കോണ്‍ഗ്രസ് അല്ലെങ്കില്‍ പിന്നെ ആരെ നോട്ടമിടാന്‍ എന്ന മറു ചോദ്യം ഉയരുകയും ചെയ്യുന്നു.
കേരളാ കോണ്‍ഗ്രസ് എന്ന പേരുതന്നെ കോണ്‍ഗ്രസില്‍ ധാരാളം ചിന്തയും ചോദ്യവും ഉയര്‍ത്തുമെന്നതു മറ്റൊരു കാര്യം. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാന കാലത്താണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫ് വിട്ടത്. മുന്നണി കണ്‍വീനറായിരുന്ന ബെന്നി ബഹനാന്‍റെ ഒരു പ്രസ്താവനയായിരുന്നു കാരണം. ജോസഫ് ഗ്രൂപ്പുമായുള്ള അഭിപ്രായ വ്യത്യാസത്തിന്‍റെ പേരില്‍ മാണി വിഭാഗത്തെ തല്‍ക്കാലം മുന്നണിക്കു പുറത്തു നിര്‍ത്തുന്നുവെന്നായിരുന്നു ബെന്നി ബഹനാന്‍റെ പ്രസ്താവന.
ഇത് വലിയ ഉപകാരമായിട്ടാണ് മാണി വിഭാഗത്തിന്‍റെ നേതാക്കള്‍ കണ്ടത്. പ്രത്യേകിച്ച് ജോസ്. കെ. മാണി, റോഷി അഗസ്റ്റിന്‍, പ്രൊഫ. എന്‍. ജയരാജ് എന്നിങ്ങനെയുള്ള മുതിര്‍ന്ന നേതാക്കള്‍. കേരളത്തിന്‍റെ പതിവു രാഷ്ട്രീയ രീതിയനുസരിച്ച് ഇടതു ഭരണം കഴിഞ്ഞാല്‍ സ്വാഭാവികമായും യു.ഡി.എഫ് ഭരണമെന്നു കണക്കുകൂട്ടിയിരുന്നവരില്‍ ചിലര്‍ ജോസഫ് ഗ്രൂപ്പിലേയ്ക്കു ചേക്കേറുകയും ചെയ്തു. മാണി വിഭാഗം മുന്നണി വിടുന്നെങ്കില്‍ വിട്ടുകൊള്ളട്ടെ എന്ന അഭിപ്രായമായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രധാന നേതാക്കള്‍ക്കൊക്കെയും. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും.
പക്ഷെ എതിര്‍ പാളയത്തില്‍ സി.പി.എം മാണി വിഭാഗത്തിനു വേണ്ടി വല വീശി കാത്തിരിപ്പു തുടങ്ങിയിട്ടു മാസങ്ങള്‍ കഴിഞ്ഞിരുന്നു. ആരോരുമറിയാതെ. ഇതിലേയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടിടപെട്ടു. യു.ഡി.എഫ് വിട്ടിറങ്ങിയ ജോസ് കെ. മാണിയെയും കൂട്ടരെയും സ്വീകരിക്കാന്‍ അണിയറയില്‍ സൗകര്യങ്ങളൊരുക്കി സി.പി.എം നേതാവ് വി.എന്‍ വാസവന്‍ കോട്ടയത്തു കാത്തിരിക്കുന്നുണ്ടായിരുന്നു. കേരളാ കോണ്‍ഗ്രസിന്‍റെ പേരിനും പ്രൗഢിക്കും ചേരുന്ന തരത്തില്‍ തന്നെ സീറ്റുകള്‍ കൈവെള്ളയില്‍ വെച്ചുകൊടുത്തു സി.പി.എം.
99 സീറ്റുമായി പിണറായി ഭരണത്തുടര്‍ച്ച നേടി അധികാരമേറ്റപ്പോള്‍ മാണി വിഭാഗത്തിനും നേട്ടം. റോഷി അഗസ്റ്റിന്‍ ജലവിഭവ മന്ത്രി. പ്രൊഫ. ജയരാജ് ചീഫ് വിപ്പ്. പാലായില്‍ പരാജയപ്പെട്ട ജോസ് കെ. മാണിക്ക് വീണ്ടും രാജ്യസഭാംഗത്വം. ഇടതു മുന്നണിയിലെ അസംതൃപ്തിയുള്ള ഘടകകക്ഷിയായി മാണി വിഭാഗം കേരളാ കോണ്‍ഗ്രസിനെ എങ്ങനെ കണക്കാക്കും ?
അതിനി സി.പി.ഐയാണോ ? സി.പി.എമ്മിന്‍റെ വല്ല്യേട്ടന്‍ മനോഭാവത്തില്‍ കാനം രാജേന്ദ്രനും മറ്റും മടുപ്പുണ്ടായിട്ടുണ്ടെന്നു വേണമെങ്കില്‍ കണക്കുകൂട്ടാം. ആ നിലയ്ക്ക് കാനം രാജേന്ദ്രന്‍ ഇടയ്ക്കിടെ പ്രസ്താവനകളിറക്കാറുമുണ്ട്. എങ്കിലും സി.പി.ഐയുടെ ഭാഗത്തുനിന്ന് ആ വഴിക്കൊരു നീക്കവും ഇതുവരെ കണ്ടില്ല.
പിന്നെയാരെയാവാം കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത് ? ചെറിയ പാര്‍ട്ടിയിലേതിലെങ്കിലും കണ്ണു വെച്ചിട്ടു കാര്യമില്ല. പ്രത്യേകിച്ചാരെയെങ്കിലും ലക്ഷ്യം വെച്ചാണു ചിന്തന്‍ ശിബിരം നിര്‍ദേശം വെച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കളാരും പറയുന്നുമില്ല. അപ്പോള്‍പ്പിന്നെ ?
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നു പറഞ്ഞു വിട്ടതു ശരിയായില്ലെന്ന് വ്യക്തമായ ഭാഷയില്‍ത്തന്നെ പറഞ്ഞു വെയ്ക്കുകയായിരുന്നില്ലേ ചിന്തന്‍ ശിബിരം ചെയ്തത് ? ആ തീരുമാനത്തിനു ചുക്കാന്‍ പിടിച്ച അന്നത്തെ നേതാക്കന്മാരുടെ പിഴവുകളിലേയ്ക്കല്ലേ പുതിയ നേതൃത്വം വിരല്‍ ചൂണ്ടുന്നത് ? അവരെ പ്രതിക്കൂട്ടിലാക്കുന്നതിലേക്കല്ലേ ചിന്തന്‍ ശിബിരത്തിലെ ചര്‍ച്ചകള്‍ ചെന്നെത്തിയത് ?
പഴയ വീഴ്ചകള്‍ തിരുത്താന്‍ തന്നെയാണ് പുതിയ നേതൃത്വത്തിന്‍റെ നീക്കമെന്നതു വ്യക്തം. തെരഞ്ഞെടുപ്പിനു ശേഷം പുതിയ നേതൃത്വം വന്നു. തൃക്കാക്കരയില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇപ്പോഴിതാ ചിന്തന്‍ ശിബിരവും അവിടെ ഉയര്‍ന്ന ചിന്തകളും. നഷ്ടപ്പെട്ട പ്രതാപം തിരികെ പിടിക്കാനാവുമോ കോണ്‍ഗ്രസിന് ?
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us