Advertisment

ഇ.ഡി പിടി മുറുക്കുമ്പോള്‍ കോണ്‍ഗ്രസിന് എന്തു ചെയ്യാനാവും ? ദേശീയ തലത്തില്‍ തീരെ ദുര്‍ബലമാണു കോണ്‍ഗ്രസ്; പാര്‍ട്ടി നേതൃത്വം സോണിയാ ഗാന്ധിയുടെയും മക്കളായ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കൈകള്‍ക്കുള്ളില്‍ത്തന്നെ. ഹെറാള്‍ഡ് കേസില്‍ പെടുത്തി സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വരിഞ്ഞു മുറുക്കുകതന്നെയാണ് ഇ.ഡിയുടെ ലക്ഷ്യം! അതില്‍ അവര്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡി കോണ്‍ഗ്രസിനു മേല്‍ പിടിമുറുക്കുകയാണ്. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ദിവസങ്ങളോളം ചോദ്യം ചെയ്ത ഇ.ഡി ഉദ്യോഗസ്ഥര്‍ പാര്‍ട്ടി രാജ്യസഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെയെയും ചോദ്യം ചെയ്തിരിക്കുന്നു. പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന സമയമായിട്ടും ഇ.ഡി അയവൊന്നും കാട്ടിയില്ല.

കോണ്‍ഗ്രസിനു മേല്‍ ഇ.ഡി പിടി മുറുക്കുമ്പോള്‍ കോണ്‍ഗ്രസിന് എന്തു ചെയ്യാനാവും ? ദേശീയ തലത്തില്‍ തീരെ ദുര്‍ബലമാണു കോണ്‍ഗ്രസ്. പാര്‍ട്ടി നേതൃത്വം സോണിയാ ഗാന്ധിയുടെയും മക്കളായ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കൈകള്‍ക്കുള്ളില്‍ത്തന്നെ. ഹെറാള്‍ഡ് കേസില്‍ പെടുത്തി സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വരിഞ്ഞു മുറുക്കുകതന്നെയാണ് ഇ.ഡിയുടെ ലക്ഷ്യം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു.

കോണ്‍ഗ്രസില്ലാത്ത ഭാരതം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ടു നീങ്ങുന്ന ബി.ജെ.പിക്ക് കൈയില്‍ കിട്ടിയ വലിയൊരു ആയുധം തന്നെയാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്.

വെള്ളിയാഴ്ച കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വിലക്കയറ്റത്തിനെതിരെ ഡല്‍ഹിയില്‍ വലിയ പ്രകടനമാണു നടന്നത്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രധാന മന്ത്രിയുടെ വസതിക്കു മുന്നിലേയ്ക്കായിരുന്നു പ്രകടനം. വലിയ ജന മുന്നേറ്റത്തെ തടയാന്‍ വന്‍ പോലീസ് സന്നാഹം ഏറെ പണിപ്പെട്ടു. ബി.ജെ.പിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് കോണ്‍ഗ്രസ് നടുറോഡിലേയ്ക്കിറങ്ങിയിരിക്കുന്നുവെന്നര്‍ത്ഥം.

പക്ഷേ ഇതുപോലെയുള്ള പ്രക്ഷോഭങ്ങള്‍ കൊണ്ട് ബി.ജെ.പിയെ ഫലപ്രദമായി നേരിടാന്‍ കോണ്‍ഗ്രസിന് എത്രകണ്ടു കഴിയും ? ഗുലാം നബി ആസാദ്, ശശി തരൂര്‍ എന്നിങ്ങനെ കോണ്‍ഗ്രസിന്‍റെ തലപ്പത്തുള്ള ഈ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോഴും പാര്‍ട്ടി ദേശീയ നേതൃത്വത്തിനോടു മുഖം തിരിച്ചു നില്‍ക്കുകയാണെന്ന കാര്യം ഓര്‍ക്കണം.

ദേശീയ തലത്തില്‍ ഒരു പ്രതിപക്ഷ നേതൃനിരയ്ക്കു നേതൃത്വം കൊടുക്കാന്‍ ഇപ്പോഴും ശേഷിയുള്ള പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. രാജസ്ഥാന്‍, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിങ്ങനെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വളരെ സജീവം തന്നെ. പഞ്ചാബില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ സ്വസ്ഥമായി ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസിനെ ആം ആദ്മി പാര്‍ട്ടിയാണു തോല്‍പ്പിച്ച് ഭരണം പിടിച്ചെടുത്തത്. അതാവട്ടെ, ദേശീയ നേതൃത്വത്തിന്‍റെ പിടിപ്പുകേടു കൊണ്ടു മാത്രവും.

പക്ഷേ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഘടകങ്ങളെ ഏകോപിപ്പിച്ചു നിര്‍ത്താനുള്ള ശേഷി അതതു സംസ്ഥാനങ്ങളില്‍ ഇല്ല എന്നതാണു ദേശീയ നേതൃത്വത്തെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. കേരളത്തില്‍ പോലും പാര്‍ട്ടി വളരെ ദുര്‍ബലമായിത്തന്നെ തുടരുന്നു. രണ്ടാമതും ഭരണം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു മുന്നണിയെയും നേരിടാന്‍ വിവിധ സമര മുഖങ്ങള്‍ തുറക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നുണ്ടെങ്കിലും സംഘടനാപരമായി ശക്തിയും ഓജസും നേടാന്‍ ഇനിയും പാര്‍ട്ടിക്കായിട്ടില്ല. ഒരു മുന്നണിയെന്ന നിലയ്ക്ക് ഐക്യജനാധിപത്യ മുന്നണിക്കും വേണ്ടത്ര കെട്ടുറപ്പോ കരുത്തോ കൈവന്നിട്ടുമില്ല.

ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികളുടെ ഒരു ഐക്യനിര കെട്ടിപ്പടുത്താല്‍ മാത്രമേ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഫലപ്രദമായൊരു മുന്നേറ്റം നടത്താനാവൂ. പക്ഷേ കോണ്‍ഗ്രസിനെ ഒരു നേതൃപാര്‍ട്ടിയായി അംഗീകരിക്കാന്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, അരവിന്ദ് കെജ്‌രിവാളിന്‍റെ ആംആദ്മി പാര്‍ട്ടി എന്നിങ്ങനെ ചില കക്ഷികള്‍ക്ക് ഒരു താല്‍പര്യവുമില്ല. ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്ല പ്രകടനം കാഴ്ചവെച്ച സമാജ് വാദി പാര്‍ട്ടിയുമായി പോലും ഒരു കൂട്ടുകെട്ടുണ്ടാക്കാന്‍ കോണ്‍ഗ്രസിനും കഴിഞ്ഞില്ല.

കോണ്‍ഗ്രസിന് വിവിധ സംസ്ഥാനങ്ങളില്‍ അവശേഷിക്കുന്ന സ്വാധീനം കൂടി കൊഴിച്ചുകളയുക എന്നതു തന്നെയാണ് ഇ.ഡിയുടെ നാഷണല്‍ ഹെറാള്‍ഡ് കേസിലൂടെ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.

മുന്‍ ബി.ജെ.പി നേതാവും അഭിഭാഷകനും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി 2012 -ല്‍ ഡല്‍ഹി മെട്രോപ്പോലിത്തന്‍ മജിസ്ട്രേറ്റ് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനു പ്രതിസന്ധിയായിരിക്കുന്നത്. നഷ്ടത്തിലായ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തെ രക്ഷിക്കാന്‍ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് (എ.ജെ.എല്‍) എന്ന സ്ഥാപനം കോണ്‍ഗ്രസിന്‍റെ പക്കല്‍ നിന്ന് 90.25 കോടി രൂപാ പലിശയില്ലാ വായ്പയായി സ്വീകരിച്ചുവെന്നും ഈ വായ്പ തിരിച്ചടയ്ക്കാഞ്ഞതിനേ തുടര്‍ന്ന് 2010 നവംബറില്‍ രൂപീകരിച്ച യങ്ങ് ഇന്ത്യന്‍ എന്ന കമ്പനി എ.ജെ.എല്ലിന്‍റെ എല്ലാ ഓഹരികളും വാങ്ങിയെന്നും ഇത് വലിയ സാമ്പത്തിക തിരിമറിയാണെന്നുമായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ കേസ്.

1937 നവംബര്‍ 20 നു ജവര്‍ലാല്‍ നെഹ്റു രൂപം നല്‍കിയ സ്ഥാപനമാണ് അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ്. ഏതാണ്ട് 5000 വരുന്ന സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു ഈ കമ്പനിയിലെ ഓഹരിയുടമകള്‍. അഞ്ചുലക്ഷം രൂപയായിരുന്നു കമ്പനിയുടെ ആദ്യ മൂലധനം. ജവഹര്‍ലാല്‍ നെഹ്റുവിനെ കൂടാതെ കമ്പനിയുടെ സ്ഥാപകരില്‍ പുരുഷോത്തം ദാസ് ടാന്‍ഡന്‍, ആചാര്യ നരേന്ദ്ര ദേവ്, കൈലാഷ് നാഥ് കാട്ജു, ഗോവിന്ദ വല്ലഭ് പന്ത് തുടങ്ങിയ പ്രമുഖരും ഉള്‍പ്പെടുന്നു.

കമ്പനിക്ക് ഇന്നുള്ള ആസ്തികളുടെ മൊത്തം മൂല്യം 5000 കോടി രൂപ വരുമെന്നാണു കണക്ക്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കു സ്വാധീനമുള്ള യങ്ങ് ഇന്ത്യന്‍ എന്ന സ്ഥാപനം കുറുക്കുവഴിയിലൂടെ ഈ സ്ഥാപനം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് ഇ.ഡി ചുമത്തുന്ന കുറ്റം.

2012 -ല്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ കേസ് ഇന്ന് ഇ.ഡിയുടെ കൈയില്‍ കോണ്‍ഗ്രസിനെത്തന്നെ വിഴുങ്ങാനുള്ള രാഷ്ട്രീയ ഉപകരണമായി വളര്‍ന്നിരിക്കുന്നു. 2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പി പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നുവെന്നു സാരം.

Advertisment