/sathyam/media/post_attachments/A5i0SJBl31Vm5RdWq2M8.jpg)
നിധീഷ് കുമാറിന്‍റെ രാജി ദേശീയ രാഷ്ട്രീയത്തെ ഇളക്കി മറിക്കുമോ ? ബി.ജെ.പിയുടെ മുന്നേറ്റത്തെ തടയുമോ ? നാഥനില്ലാതെ കഴിഞ്ഞിരുന്ന പ്രതിപക്ഷ നിരയ്ക്കു പുതിയൊരു നേതാവ് ഉദയം ചെയ്യുകയാണോ ?
ബി.ജെ.പിയുമായി സഖ്യം കൂടി ബീഹാര്‍ ഭരിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി നിധീഷ് കുമാറിന്‍റെ രാജി കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയെയും സഖ്യത്തെയും ആകെ ഞെട്ടിച്ചിരിക്കുന്നു. ഇതുവരെ ബി.ജെ.പി കോണ്‍ഗ്രസിനോടും മറ്റും കളിച്ചിരുന്ന കളി ഇക്കുറി നിധീഷ് കുമാര്‍ ബി.ജെ.പിക്കു നേരേ തന്നെ പ്രയോഗിച്ചിരിക്കുകയാണ്.
ഇനിയിപ്പോള്‍ നിധീഷ് കുമാര്‍ പുതിയ കളത്തില്‍. ഇതുവരെ ബി.ജെ.പിയുടെ പിന്തുണയോടെ ബീഹാര്‍ ഭരിച്ചിരുന്ന മുഖ്യമന്ത്രി നിധീഷ് കുമാര്‍ രാജിവെച്ച് വീണ്ടും മുഖ്യമന്ത്രിയാവാനൊരുങ്ങുകയാണ്. പുതിയ സഖ്യവും പിന്തുണയും രാഷ്ട്രീയ ജനതാ ദള്‍ (ആര്‍.ജെ.ഡി) വക. കൂട്ടിന് കോണ്‍ഗ്രസും ഇടതുപക്ഷവും.
2020 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തേജസ്വി യാദവ് നയിച്ച ആര്‍.ജെ.ഡിയും സഖ്യവും വലിയ മുന്നേറ്റം നടത്തിയതാണെങ്കിലും നേരിയ ഭൂരിപക്ഷവുമായി ബി.ജെ.പി-ജെ.ഡി.യു സഖ്യം ഭരണത്തിലെത്തുകയായിരുന്നു. മുന്‍ തെരഞ്ഞെടുപ്പില്‍ 73 -സീറ്റ് നേടിയിരുന്ന ജെ.ഡി.യു 43 സീറ്റിലേക്കൊതുങ്ങിയിരിക്കുന്നതും കാണണം.
243 അംഗ നിയമസഭയില്‍ 79 അംഗങ്ങളുമായി ആര്‍.ജെ.ഡി തന്നെയാണു മുന്നില്‍. കോണ്‍ഗ്രസിന് 19 -ഉം ഇടതുപക്ഷത്തിന് 17 -ഉം സീറ്റുണ്ട്. കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍ക്കൊള്ളുന്ന മഹാവികാസ് അഗാഡി എന്ന മഹാ സഖ്യത്തിന് നിധീഷ് കുമാറിന്‍റെ കൂട്ടുകെട്ടുമായി അധികാരത്തിലേറുക വളരെ എളുപ്പം. 160 പേരുടെ പിന്തുണ അവകാശപ്പെട്ടുകൊണ്ടാണ് നിധീഷ് കുമാര്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കിയിരിക്കുന്നത്.
നിധീഷ് കുമാറിന്‍റെ വരവ് പ്രതിപക്ഷ നേതൃനിരയ്ക്കു നല്‍കുന്ന ഊര്‍ജം ചില്ലറയല്ല. 2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദേശീയ കക്ഷികളൊക്കെ തയ്യാറെടുപ്പു തുടങ്ങിയ നേരത്താണ് നിധീഷ് കുമാറിന്‍റെ വലിയ ചാട്ടം എന്നതു ശ്രദ്ധേയമാണ്.
മൂന്നാം തവണയും കേന്ദ്ര ഭരണം പ്രതീക്ഷിക്കുന്ന ബി.ജെ.പി സഖ്യത്തിനു കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് നിധീഷ് കുമാറിന്‍റെ നീക്കം. ദേശീയ ബദലിനു നേതൃത്വം നല്‍കാന്‍ കെല്‍പ്പുണ്ടെന്നു കരുതുന്ന കോണ്‍ഗ്രസ് എക്കാലത്തെയും കടുത്ത ദൗര്‍ബല്യത്തിലാണെന്നതും ശ്രദ്ധേയം. കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വം വളരെ ദുര്‍ബലമാണ്. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും പാര്‍ട്ടി ദുര്‍ബലം തന്നെ !
വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ നില്‍ക്കുന്ന പ്രാദേശിക കക്ഷികളെ ഒന്നിച്ചണിനിരത്താന്‍ ശേഷിയുള്ള ഒരു നേതാവാണ് ഇന്ന് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക് ആവശ്യം. പ്രതിപക്ഷ കക്ഷികള്‍ക്കൊക്കെയും വിശ്വാസമര്‍പ്പിക്കാന്‍ ശേഷിയുള്ള കരുത്തനായൊരു നേതാവിന്‍റെ സ്ഥാനം നിധീഷ് കുമാറിന് ആര്‍ജിക്കാനാവുമോ എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ചോദ്യം.
ബീഹാര്‍ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും കളികളേറെ കളിച്ചിട്ടുള്ള നേതാവാണ് നിധീഷ് കുമാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ കരുത്തനായ ലാലു പ്രസാദ് യാദവിനെയും മകന്‍ തേജസ്വി യാദവിനെയും ഒതുക്കിക്കെട്ടിയാണ് നിധീഷ് കുമാര്‍ ബീഹാറിന്‍റെ ഭരണം പിടിച്ചെടുത്തത്. അതേ നിധീഷ് കുമാര്‍ ഇന്ന് കളം മാറ്റി ചവിട്ടുകയാണ്. രാജി വെച്ച നിധീഷ് കുമാര്‍ ലാലു പ്രസാദ് യാദവിന്‍റെ ഭാര്യ റാബ്രി ദേവിയുടെ വസതിയിലേയ്ക്കാണ് പുതിയ ചര്‍ച്ചകള്‍ക്കായി പോയത്. ബീഹാര്‍ രാഷ്ട്രീയം ഒരു വട്ടം പൂര്‍ണമായി കറങ്ങി തിരിഞ്ഞിരിക്കുന്നു.
ഇനിയിപ്പോള്‍ ? പഴയ ശത്രുക്കളൊക്കെ നിധീഷിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ഇടതുപക്ഷവുമെല്ലാം. നിധീഷിന്‍റെ ലക്ഷ്യം എന്തായിരിക്കും ? പ്രധാനമന്ത്രി പദമോ ?
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us