/sathyam/media/post_attachments/KRd3N3Io3YC35ONOQTT1.jpg)
സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്ന ഏറ്റുമുട്ടലിലേയ്ക്കു തന്നെ നീങ്ങുകയാണു ഗവര്‍ണര്‍. കണ്ണൂര്‍ സര്‍വകലാശാലയുടെ മലയാളം വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി പ്രിയാ വര്‍ഗീസിനെ നിയമിക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചിരിക്കുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള സംഘര്‍ഷം പുതിയ രാഷ്ട്രീയ മാനങ്ങള്‍ ഉള്‍ക്കൊണ്ടു വളരുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യയായ പ്രിയാ വര്‍ഗിസ് തൃശൂര്‍ കേരള വര്‍മ കോളജില്‍ മലയാളം അധ്യാപികയാണ്. കണ്ണൂര്‍ സര്‍വകലാശാലാ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനത്തിന് പ്രിയാ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കാന്‍ ഇക്കഴിഞ്ഞ ജൂണ്‍ 27 -ന് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു. ഇതടക്കം ഈ നിയമനം സംബന്ധിച്ച് സര്‍വകലാശാല സ്വീകരിച്ച എല്ലാ നടപടികളും മരവിപ്പിക്കാനാണ് ഗവര്‍ണര്‍ ഉത്തരവിട്ടിരിക്കുന്നത്.
പ്രിയാ വര്‍ഗീസിന്‍റെ നിയമനത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി കാമ്പെയിന്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി. ഭരണത്തിലുള്ളവരുടെ ബന്ധുനിയമനമെന്ന നിലയ്ക്കാണ് പ്രിയാ വര്‍ഗീസിനെതിരായ പരാതി. താന്‍ സര്‍വകലാശാലയുടെ ചാന്‍സലറായിരിക്കുന്നിടത്തോളം കാലം നിയമനത്തില്‍ സ്വജനപക്ഷപാതം അനുവദിക്കില്ലെന്ന വാദവുമായി ഗവര്‍ണര്‍ രോഷാകുലനായി നില്‍ക്കുന്നു.
അധ്യാപന പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവയ്ക്കു പുറമേ അഭിമുഖത്തില്‍ നടത്തിയ പ്രകടനവും കൂടി കണക്കിലെടുത്താണ് റാങ്ക് ലിസ്റ്റില്‍ പ്രിയാ വര്‍ഗീസ് ഒന്നാം റാങ്കിലെത്തിയത്. സര്‍വകലാശാലയുടെ നടപടികള്‍ മരവിപ്പിച്ച ഗവര്‍ണറുടെ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറയുന്നു. നിയമനം സംബന്ധിച്ച് വിശദീകരണം തേടാതെ മരവിപ്പിക്കല്‍ നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്കു കഴിയില്ലെന്നതാണ് സര്‍വകലാശാലയുടെ വാദം.
സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ ഒഴിവാക്കാന്‍ നിയമ നിര്‍മാണത്തിനു സര്‍ക്കാര്‍ തയ്യാറായിക്കൊണ്ടിരിക്കുമ്പോഴാണ് ഗവര്‍ണറും സര്‍വകലാശാലയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഗവര്‍ണറുടെ ശത്രുപക്ഷത്ത് സംസ്ഥാന സര്‍ക്കാര്‍ തന്നെ.
ഗവര്‍ണറുമായി വളരെ സൗഹൃദത്തില്‍ പോകാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, ഇതുവരെ ശ്രമിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിനോട് എതിര്‍ത്തു തന്നെ നില്‍ക്കണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം ഗവര്‍ണറുടെ മേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിട്ടും, അദ്ദേഹം അതിന് എപ്പോഴും തയ്യാറായിരുന്നില്ല.
ഇപ്പോഴിതാ അതേ ഗവര്‍ണര്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ ഒരു നിയമനത്തിന്‍റെ പേരില്‍ അപ്രതീക്ഷിതമായൊരു പോര്‍മുഖം തുറന്നിരിക്കുന്നു. ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ ഒഴിവാക്കിക്കൊണ്ട് നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ത്തന്നെയാണ് ഇതെന്ന കാര്യം ശ്രദ്ധേയം.
ഇങ്ങനെ കേരള നിയമസഭ നിയമം പാസാക്കിയാലും താന്‍ ഒപ്പുവച്ചാലല്ലേ അതു നിയമമായി പ്രാബല്യത്തില്‍ വരൂ എന്ന് ഗവര്‍ണര്‍ ചോദിക്കുന്നുമുണ്ട്. നിയമ നിര്‍മാണത്തില്‍ അന്തിമ വാക്ക് തന്‍റേതു തന്നെയെന്നു പറഞ്ഞു വെയ്ക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
നിയമസഭ ജന പ്രതിനിധികളുടെ സഭയാണ്. നിയമം നിര്‍മിക്കാനും നിലവിലുള്ള നിയമം ഭേദഗതി ചെയ്യാനുമെല്ലാം അധികാരമുള്ളത് നിയമസഭയ്ക്കാണ്. അതിന് ജനങ്ങള്‍ പൂര്‍ണമായ അധികാരം നിയമസഭയ്ക്കു നല്‍കിയിരിക്കുന്നു. നിയമസഭ ഭൂരിപക്ഷ തീരുമാന പ്രകാരം ഒരു നിയമം പാസാക്കിക്കഴിഞ്ഞാല്‍ ഗവര്‍ണര്‍ അതില്‍ ഒപ്പു വയ്ക്കുകയാണു പതിവ്. ഭരണഘടനാപരമായി ഗവര്‍ണറുടെ കടമയാണത്. നിയമമുണ്ടാക്കാനുള്ള അവകാശമോ അധികാരമോ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധിയായ സംസ്ഥാന ഗവര്‍ണര്‍ക്കില്ലതന്നെ.
ആ അവകാശവും അധികാരവും ഭരണഘടനാ പ്രകാരം നിയമസഭയ്ക്കാണ്. തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭാംഗങ്ങള്‍ക്കു തന്നെയാണ്. അതു നിയമസഭയുടെ മാത്രം അവകാശമാണ്.
നിയമസഭ ഒരു നിയമം പാസാക്കിയാല്‍ ഗവര്‍ണര്‍ക്ക് അതില്‍ ഒപ്പ് വയ്ക്കാതിരിക്കാനാവുമോ ?
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ ഒട്ടും ഭൂഷണമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us