എം.ബി രാജേഷ് മന്ത്രിയാകുന്നതോടെ പ്രഗത്ഭനായ ഒരു യുവ നേതാവ് മന്ത്രിയാകുന്നു എന്നതു വളരെ പ്രധാനം തന്നെ; ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നു മാറി നില്‍ക്കേണ്ടി വരുമെങ്കിലും ഷംസീറിന് വ്യക്തിപരമായി വലിയൊരു നേട്ടം തന്നെയാണ് കൈയിലെത്തുന്ന സ്പീക്കര്‍ സ്ഥാനം; മന്ത്രിസഭയില്‍ ആകെയുണ്ടാകുന്ന മാറ്റം എം.ബി രാജേഷിന്‍റെ വരവു മാത്രം! മന്ത്രിമാരുടെ പ്രകടനം മോശമാണെന്ന് അഭിപ്രായം പറഞ്ഞത് പാര്‍ട്ടി സ്റ്റേറ്റ് കമ്മിറ്റി തന്നെയാണ്, തീരെ ചെറിയൊരു മാറ്റം കൊണ്ട് കാര്യങ്ങളെല്ലാം ശരിയാകുമോ ?- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

.എന്‍. ഷംസീര്‍ ഇനി കേരള നിയമസഭാ സ്പീക്കര്‍. സ്പീക്കര്‍ എം.ബി. രാജേഷ് മന്ത്രിസഭയിലേയ്ക്ക്. പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ രാജിവയ്ക്കുന്നതിനേ തുടര്‍ന്നുണ്ടാവുന്ന ഒഴിവിലാണ് സ്പീക്കര്‍ സ്ഥാനം രാജിവെച്ച് രാജേഷ് മന്ത്രിയാവുന്നത്. സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവച്ചതു മൂലമുണ്ടായ ഒഴിവ് നികത്തുന്നുമില്ല.

Advertisment

ഒരു വര്‍ഷം പിന്നിട്ട രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ വരുത്തുന്നത് അത്യാവശ്യത്തിനുവേണ്ടി മാത്രമുള്ള മാറ്റം. മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റങ്ങളുണ്ടാകുമോയെന്ന് അറിവായിട്ടില്ല. ആ തീരുമാനം സി.പി.എം സെക്രട്ടറിയറ്റ് മുഖ്യമന്ത്രിക്കു വിട്ടിരിക്കുകയാണ്.

അല്ലെങ്കിലും മന്ത്രിസഭാ രൂപീകരണവും വകുപ്പു വിഭജനവും മുഖ്യമന്ത്രിയുടെ അവകാശം തന്നെയാണ്. അതില്‍ പാര്‍ട്ടി സാധാരണ ഇടപെടാറില്ല. ഭരണകക്ഷി ഏതു പാര്‍ട്ടിയായാലും മുഖ്യമന്ത്രി ഏതു പാര്‍ട്ടിക്കാരനായാലും.

മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമോ എന്നതാണ് ഇനിയത്തെ ചോദ്യം. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പ്രകടനത്തെക്കുറിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിതന്നെ വളരെ വിമര്‍ശനബുദ്ധിയോടെ ചര്‍ച്ച ചെയ്തിരുന്നു. ചില മന്ത്രിമാരെക്കുറിച്ച് രൂക്ഷമായ വിമര്‍ശനങ്ങളുമുണ്ടായി. ഒന്നാം പിണറായി മന്ത്രിസഭയെ അപേക്ഷിച്ച് രണ്ടാം പിണറായി മന്ത്രിസഭ പിടിപ്പുകെട്ട മന്ത്രിസഭയാണെന്നു തന്നെയായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ മൊത്തത്തിലുള്ള വിലയിരുത്തല്‍.

പാര്‍ട്ടി സെക്രട്ടറിയായ എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഒഴിയുന്ന സാഹചര്യം കാരണമാക്കി മന്ത്രിസഭയില്‍ പൊതുവായ ഒരു അഴിച്ചുപണി നടത്തി സര്‍ക്കാരിന്‍റെ പ്രതിഛായ മെച്ചപ്പെടുത്തുമെന്നായിരുന്നു പൊതുവെ കരുതപ്പെട്ടിരുന്നത്. ശൈലജ ടിച്ചര്‍ ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയിലെ ചിലരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭയുടെ മാറ്റു കൂട്ടാനുള്ള സാധ്യതയും പലരും കണ്ടിരുന്നു. പക്ഷെ അങ്ങനെയൊരു വഴിയെക്കുറിച്ചു പാര്‍ട്ടി ചിന്തിച്ചിട്ടേയില്ലെന്നാണ് ഇന്നത്തെ തീരുമാനം നല്‍കുന്ന സൂചന. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ക്കു പകരം സ്പീക്കര്‍ എം.ബി. രാജേഷ് മന്ത്രിയാകുന്നു, പകരം എ.എന്‍ ഷംസീര്‍ സ്പീക്കറാകുന്നു എന്നിങ്ങനെ രണ്ടു മാറ്റങ്ങളില്‍ ഒതുങ്ങുകയായിരുന്നു പാര്‍ട്ടി സെക്രട്ടറിയറ്റ് യോഗം.

എം.ബി രാജേഷ് മന്ത്രിയാകുന്നതോടെ പ്രഗത്ഭനായ ഒരു യുവ നേതാവ് മന്ത്രിയാകുന്നു എന്നതു വളരെ പ്രധാനം തന്നെ. അത്രകണ്ടു രാഷ്ട്രീയം പ്രയോഗിക്കാനും പറയാനും സാധ്യതയില്ലാത്ത സ്പീക്കര്‍ പദവി ഒഴിഞ്ഞിട്ടു മന്ത്രിയാകുന്നത് രാജേഷിനെ സംബന്ധിച്ച് പുതിയൊരു വഴിത്തിരിവു തന്നെ.

കേരള രാഷ്ട്രീയത്തിലെ തന്നെ ഏറെ ഊര്‍ജസ്വലനായ യുവ നേതാവാണ് എ.എന്‍ ഷംസീര്‍. അദ്ദേഹത്തിന്‍റെ തന്നെ തലമുറക്കാരനായ മുഹമ്മദ് റിയാസ് ഈ മന്ത്രിസഭയില്‍ അംഗമാണെങ്കിലും ഷംസീര്‍ നിയമസഭാംഗം മാത്രമായി കഴിയുകയായിരുന്നു ഇതുവരെ. ഇപ്പോള്‍ കേരള നിസമസഭാ സ്പീക്കര്‍ എന്ന വലിയ പദവി അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു. സ്പീക്കര്‍ സഭയുടെ അധ്യക്ഷനാണ്. സഭാ നടപടികള്‍ നിയന്ത്രിക്കേണ്ടയാള്‍. ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നു മാറി നില്‍ക്കേണ്ടി വരുമെങ്കിലും ഷംസീറിന് വ്യക്തിപരമായി വലിയൊരു നേട്ടം തന്നെയാണ് കൈയിലെത്തുന്ന സ്പീക്കര്‍ സ്ഥാനം. അദ്ദേഹത്തിന്‍റെയും സ്വന്തം രാഷ്ട്രീയത്തില്‍ ഒരു വലിയ വഴിത്തിരിവുതന്നെയാണ് ഈ സ്ഥാനലബ്ധി.

മന്ത്രിസഭയില്‍ ആകെയുണ്ടാകുന്ന മാറ്റം എം.ബി രാജേഷിന്‍റെ വരവു മാത്രം. മന്ത്രിസഭയില്‍ എന്തെങ്കിലും വകുപ്പു മാറ്റം ഉണ്ടാകുമോ എന്നറിവായിട്ടുമില്ല. മന്ത്രിമാരുടെ പ്രകടനം മോശമാണെന്ന് അഭിപ്രായം പറഞ്ഞത് പാര്‍ട്ടി സ്റ്റേറ്റ് കമ്മിറ്റി തന്നെയാണ്. തീരെ ചെറിയൊരു മാറ്റം കൊണ്ട് കാര്യങ്ങളെല്ലാം ശരിയാകുമോ ? തിരിച്ചുപിടിക്കാനാകുമോ ?

Advertisment