Advertisment

ഗവര്‍ണറുടെ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ കളമൊരുക്കി മുഖ്യമന്ത്രി; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി വീണ്ടും വാര്‍ത്താസമ്മേളനം നടത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ഇതിന് മുഖ്യമന്ത്രിയെ സഹായിച്ചത് ഗവര്‍ണര്‍ തന്നെ! കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലൂടെ മധ്യകേരളത്തിലെ ക്രിസ്ത്യന്‍ വോട്ട് വന്‍തോതില്‍ ഇടതുപക്ഷത്തേക്ക് തിരിഞ്ഞു; ഇപ്പോഴിതാ രാഷ്ട്രീയ കൗശലത്തോടെ മറ്റു ലക്ഷ്യങ്ങളുമായും പിണറായി നീങ്ങുന്നു; സുധാകരനും സതീശനും ഇതുകാണുന്നുണ്ടോ ?- മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

വര്‍ണര്‍ ആര്‍.എസ്.എസ് അനുഭാവിയോ ? ചോദിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് ആര്‍.എസ്.എസ് പിന്തുണയുണ്ടെന്ന് ഊറ്റം കൊള്ളുന്നതു ശരിയാണോ എന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് മുഖ്യമന്ത്രിയുടെ ചോദ്യം.

ഗവര്‍ണര്‍ക്കെതിരെ നിലപാടു കടുപ്പിച്ചു മുന്നോട്ടുതന്നെയെന്ന സൂചനയുമായി വീണ്ടും പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നീങ്ങുന്നത്. ഗവര്‍ണറുടെ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ കളമൊരുക്കുകയാണ് മുഖ്യമന്ത്രി.

ഗവര്‍ണറും സര്‍ക്കാരിനെ ഞെരുക്കാന്‍ തന്നെ തുനിഞ്ഞിറങ്ങിയിരിക്കുന്നു. നിയമസഭ പാസാക്കിയ ഏഴു ബില്ലുകളില്‍ അഞ്ചെണ്ണത്തില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. ലോകായുക്ത, സര്‍വകലാശാല, ബില്ലുകള്‍ ഒപ്പുവെയ്ക്കാതെ മാറ്റിവെയ്ക്കുകയും ചെയ്തിരിക്കുന്നു. ഈ ബില്ലുകള്‍ ഒപ്പുവെയ്ക്കാതെ, അതിന്‍റെ പേരില്‍ സര്‍ക്കാരിനെതിരെ അക്രമണത്തിന്‍റെ കുന്തമുന തിരിക്കാനാണ് ഗവര്‍ണറുടെ നീക്കം. സര്‍ക്കാരിന് ഒരു പരിഭ്രമവുമില്ലെന്ന ഭാവവുമായി മുഖ്യമന്ത്രിയും. ഭരണഘടനാ പ്രകാരം നിയമസഭ പാസാക്കുന്ന നിയമത്തിന് അംഗീകാരം നല്‍കുക എന്നതില്‍ കവിഞ്ഞ് ഗവര്‍ണര്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറയുന്നു.


എങ്കിലും ഗവര്‍ണറുടെ ആര്‍.എസ്.എസ് ബന്ധത്തിലൂന്നിയായിരുന്നു മുഖ്യമന്ത്രിയുടെ പത്രസമ്മേളനം മുഴുവന്‍ എന്നു തന്നെ പറയണം. 1986 മുതല്‍ തന്നെ ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് നേരത്തേ ഗവര്‍ണര്‍ പറഞ്ഞതിലാണ് മുഖ്യമന്ത്രി കയറി പിടിച്ചത്.


എന്നാല്‍ 1990 -ല്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിയായിരുന്ന വി.പി സിങ്ങ് ഗവണ്‍മെന്‍റിനെ താഴെയിറക്കിയത് ബി.ജെ.പിയും കോണ്‍ഗ്രസും ഒന്നുചേര്‍ന്നായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

മണ്ഡല്‍ വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് ആര്‍.എസ്.എസ് വി.പി സിങ്ങ് സര്‍ക്കാരിനെ അട്ടിമറിച്ചപ്പോള്‍ താന്‍ അംഗമായിരുന്ന സര്‍ക്കാരിനെ താഴെയിട്ട ആര്‍.എസ്.എസുമായി ചങ്ങാത്തത്തിലായിരുന്നുവെന്ന ഗവര്‍ണറുടെ പ്രസ്താവനയെ കണക്കിനു പരിഹസിക്കുകയും ചെയ്യുന്നു മുഖ്യമന്ത്രി.

ആര്‍.എസ്.എസ് വിഷയത്തില്‍ മുഖ്യമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്തിന് ? ഇതില്‍ അദ്ദേഹം വലിയ രാഷ്ട്രീയം കാണുന്നുണ്ടെന്നതു വ്യക്തം. ആര്‍.എസ്.എസ് നിലപാടുകളെ എപ്പോഴും എതിര്‍ത്തിട്ടുള്ള മാര്‍ക്സിസ്റ്റ് ചിന്തകന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്നു വിളിച്ച കാര്യവും ഹിന്ദുത്വ അജണ്ടയ്ക്കെതിരെ പോരാടി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവിന്ദ്രനെ ക്രിമിനല്‍ എന്നു വിളിച്ച കാര്യവും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കെതിരെ ആക്ഷേപം ചൊരിയുകയാണ് മുഖ്യമന്ത്രി.


രാഷ്ട്രീയത്തിലെ വഴിക്കണക്കുകള്‍ കൃത്യമായി കൂട്ടിത്തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതൊക്കെ പറഞ്ഞുവെയ്ക്കുന്നത്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ മനസ്സ് ഉന്നം വെയ്ക്കുന്നത് ന്യൂനപക്ഷ മുസ്ലിം സമുദായത്തെത്തന്നെ.


മൂന്നു വര്‍ഷം മുമ്പ് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നതു വധശ്രമമാണെന്ന് ഓര്‍മിച്ചെടുത്ത് ആരോപണങ്ങളുടെ പെരുപ്പം കൂട്ടാന്‍ ഗവര്‍ണര്‍ ബദ്ധപ്പെടുമ്പോള്‍ അന്നു നടന്ന പൗരത്വ ഭേദഗതി ബില്ലിനെതിരായ നീക്കങ്ങളിലേക്കു വിരല്‍ ചൂണ്ടി ഹിന്ദു വര്‍ഗീയതയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെ മുസ്ലിം വിരുദ്ധതയുടെയും പുതിയ മാനങ്ങള്‍ തപ്പിയെടുക്കുകയാണ് പിണറായി.

1986 മുതല്‍ താന്‍ ആര്‍.എസ്.എസുമായി അടുപ്പത്തിലാണെന്നുകൂടി ഗവര്‍ണര്‍ പറഞ്ഞത് പിണറായിയുടെ വാദങ്ങള്‍ക്കു മൂര്‍ച്ച നല്‍കുന്നതായി. ഈ സമയത്തുതന്നെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍കൂട്ടി പരിപാടിയൊന്നും നിശ്ചയിക്കാതെ തൃശൂരിലെത്തി അവിടെ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടില്‍ താമസിക്കുകയായിരുന്ന ആര്‍.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭഗവതിനെ സന്ദര്‍ശിച്ചു സംഭാഷണം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്‍റെയും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും ന്യൂനപക്ഷവിരുദ്ധ നീക്കങ്ങള്‍ ആയുധമാക്കാന്‍ പിണറായി വിജയനെ സഹായിച്ചത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലെ ക്രിസ്ത്യന്‍ വോട്ട് വന്‍തോതില്‍ ഇടതുപക്ഷത്തേക്കു തിരിഞ്ഞതാണ് പിണറായി സര്‍ക്കാരിന്‍റെ ഭരണത്തുടര്‍ച്ചയ്ക്കു കാരണമായത്. ഇതിന് ആക്കം കൂട്ടിയത് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നതും.


ഇപ്പോഴിതാ ഗവര്‍ണറുടെ നീക്കങ്ങളിലെയും നിലപാടുകളിലെയും മുസ്ലിം വിരുദ്ധതയും ആര്‍.എസ്.എസിനോട് അദ്ദേഹത്തിനുള്ള വിധേയത്വവും രാഷ്ട്രീയായുധമാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, കൗതുകകരമായ രാഷ്ട്രീയ കൗശലത്തോടെ.


ജനങ്ങളിലേക്കിറങ്ങുമെന്നു പറയുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിക്കാനും തയ്യാറാവുകയാണ് മുഖ്യമന്ത്രി. പോരിനിറങ്ങൂ, പോര്‍ക്കളത്തില്‍ കാണാം എന്ന ഭാവം തന്നെ പിണറായിക്ക്. സുധാകരനും സതീശനും ഇതുകാണുന്നുണ്ടോ ?

Advertisment