Advertisment

ജോസഫ് മാഷിന്റെ കൈ വെട്ടിയ സംഭവവും, പ്രതികള്‍ കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങി ക്യാമറകള്‍ക്കു മുന്നില്‍ ഒന്നും സംഭവിക്കാത്തതുപോലെ പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങളും കേരളത്തെയാകെ ഞെട്ടിച്ചിരുന്നു; മതതീവ്രവാദ സംഘടനകള്‍ കേരളത്തില്‍ വളര്‍ന്നുകൊണ്ടേയിരുന്നു; അക്രമണങ്ങളിലൂടെ അവര്‍ സാന്നിധ്യമറിയിച്ചു ! മത തീവ്രവാദവും മതരാഷ്ട്രവാദവുംആപത്തു തന്നെ; അതു ഭൂരിപക്ഷ മതവിഭാഗത്തിന്‍റേതായാലും ന്യൂനപക്ഷ വിഭാഗത്തിന്‍റേതായാലും; ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയത്തിനാവണം സ്ഥാനം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

തതീവ്രവാദവും മതരാഷ്ട്രവാദവും ആപത്തു തന്നെയാണ്. അതു ഭൂരിപക്ഷ മതവിഭാഗത്തിന്‍റേതായാലും ന്യൂനപക്ഷ വിഭാഗത്തിന്‍റേതായാലും.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയ്ക്കു നേരേ കേന്ദ്ര ഏജന്‍സികള്‍ തുടങ്ങിവച്ച റെയ്ഡും അന്വേഷണവും അറസ്റ്റും ആ സംഘടനയുടെ നിരോധനം വരെ നീളുമെന്നാണു സൂചന. വിദേശ തീവ്രവാദി സംഘടനകളുമായുള്ള ബന്ധം മുതല്‍ യുവാക്കളെ തീവ്രവാദത്തിലേയ്ക്കു വശീകരിക്കുന്നു എന്നതുവരെ വിവിധങ്ങളായ ആരോപണങ്ങളാണ് അന്വേഷണത്തിനു നേതൃത്വം വഹിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കോടതിയില്‍ പറഞ്ഞിരിക്കുന്നത്. പുറമേ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അക്രമണത്തിനും കൊലപാതകത്തിനും നേതൃത്വം നല്‍കുന്നുവെന്നും എന്‍.ഐ.എ കുറ്റപ്പെടുത്തുന്നു.


2010 ജൂലൈ 4 ന് തൊടുപുഴ ന്യൂമാന്‍സ് കോളജിലെ മലയാളം പ്രൊഫസര്‍ ടി.ജെ ജോസഫിന്‍റെ കൈ വെട്ടിമാറ്റിയ സംഭവം തന്നെ ഉദാഹരണം. എട്ടോളം അക്രമികള്‍ പ്രൊഫ. ജോസഫിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു. ദൈവനിന്ദ ആരോപിച്ചായിരുന്നു അക്രമണം. എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തു. പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ പ്രവര്‍ത്തകരും നേതാക്കളുമായിരുന്നു.


തൊടുപുഴ ന്യൂമാന്‍സ് കോളജ് മാനേജ്മെന്‍റും അതിനു നേതൃത്വം നല്‍കുന്ന കത്തോലിക്കാ സഭയും ഈ അക്രമണത്തിനു നേരേ തണുത്ത പ്രതികരണമാണു നടത്തിയത്. ചില വിഷയങ്ങളോട് സമുദായവും മതവുമൊക്കെ സ്വീകരിക്കുന്ന നിലപാടുകള്‍ ഏറെക്കുറെ ഒരുപോലെ തന്നെയെന്നു ബോധ്യമാക്കുന്നു ഈ സംഭവം.

ജോസഫ് മാഷിന്‍റെ കൈ വെട്ടിയ സംഭവം കേരള സമൂഹത്തെയാകെ ഞെട്ടിച്ചു. കൈവെട്ടു കേസിലെ പ്രതികള്‍ എന്‍.ഐ.എ കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങി ക്യാമറകള്‍ക്കു മുന്നില്‍ ഒന്നും സംഭവിക്കാത്തതുപോലെ പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തെ ഞെട്ടിച്ചു. മത തീവ്രവാദ സംഘടനകള്‍ എന്നിട്ടും കേരളത്തില്‍ വളര്‍ന്നുകൊണ്ടേയിരുന്നു. അക്രമണങ്ങളിലൂടെയും എണ്ണം പറഞ്ഞ കൊലപാതകങ്ങളിലൂടെയും അവര്‍ പിന്നെയും പിന്നെയും സാന്നിദ്ധ്യമറിയിച്ചു.


കേരളത്തിലെ ഏറ്റവും പ്രബല ന്യൂനപക്ഷ സമുദായമായ മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കാലാകാലങ്ങളില്‍ മത തീവ്രവാദത്തിനെതിരെ കര്‍ശനമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.


1992 ഡിസംബറില്‍ ബാബ്റി മസ്ജിദ് തകര്‍ത്തതിന്‍റെ പേരില്‍ സംസ്ഥാനത്ത് സംഘര്‍ഷമൊന്നുമുണ്ടാവാതെ നോക്കിയത് സമുദായത്തില്‍ മുസ്ലിം ലീഗിന്‍റെ ഇടപെടലും അതിനു നേതൃത്വം കൊടുത്ത അന്നത്തെ അധ്യക്ഷന്‍ പാണക്കാട്ടു ശിഹാബ് തങ്ങളുടെ തികവാര്‍ന്ന സമചിത്തതയുമാണ്.

ബാബ്റി മസ്ജിദിനു നേരേ നടന്ന സംഘപരിവാര്‍ അക്രമണത്തിനു ശേഷമാണ് മുസ്ലിം സമുദായത്തില്‍ തീവ്രവാദം പൊട്ടിമുളച്ചത്. കൊല്ലം ജില്ലയിലെ അന്‍വാര്‍ശേരിയില്‍ അബ്ദുള്‍ നാസര്‍ മഹ്ദനി ആര്‍.എസ്.എസ് എന്ന പേരിന്‍റെ മാതൃകയില്‍ ഇസ്ലാമിക് സര്‍വീസ് സൊസൈറ്റി (ഐ.എസ്.എസ്) രൂപീകരിച്ചതും കോഴിക്കോടു കേന്ദ്രമായി എന്‍.ഡി.എഫ് രൂപമെടുത്തതും ഈ കാലയളവിലാണ്. എന്‍.ഡി.എഫ് എന്നാല്‍ നാഷണല്‍ ഡിഫന്‍സ് ഫ്രണ്ട്. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്നും പറയാം.


വിവിധ കേസുകളില്‍ പ്രതികളായി മഹ്ദനി ദീര്‍ഘകാലം തടവില്‍ കഴിഞ്ഞ ശേഷം ഇപ്പോള്‍ ബാംഗ്ളൂരില്‍ താമസിക്കുന്നു. പക്ഷെ ബാംഗ്ളൂര്‍ നഗരം വിട്ടു പോകാന്‍ അനുമതിയില്ല. കൊല്ലത്ത് ഒരു അക്രമണത്തില്‍ അദ്ദേഹത്തിന്‍റെ ഒരു കാല്‍ അറ്റുപോയി. തീരെ അവശതയിലാണിപ്പോള്‍.


തൊണ്ണൂറുകളില്‍ മുസ്ലിം ലീഗിലെ യുവ നേതൃത്വം മലബാര്‍ പ്രദേശങ്ങളിലൊക്കെയും തീവ്രവാദത്തിനെതിരെ ശക്തമായ പ്രചരണം നടത്തി. പല കേന്ദ്രങ്ങളിലും യുവാക്കള്‍ പ്രകടനങ്ങളും പൊതു യോഗങ്ങളും സംഘടിപ്പിച്ചു. എം.കെ മുനീര്‍, കെ.എം ഷാജി എന്നിങ്ങനെ അന്നു മുസ്ലിം ലീഗിന്‍റെ തലപ്പത്തുണ്ടായിരുന്ന പ്രമുഖ യുവ നേതാക്കളാണ് ഈ പ്രചരണ പരിപാടിക്കു തുടക്കം കുറിച്ചത്.

ഇന്നും മുസ്ലിം സമുദായത്തില്‍ മുസ്ലിം ലീഗിനെ വെല്ലുവിളിക്കാന്‍ തക്ക വണ്ണം തീവ്രവാദ സംഘടനകളൊന്നും വളര്‍ന്നിട്ടില്ല.

ഐക്യ ജനാധിപത്യ മുന്നണിയില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ കക്ഷിയാണ് മുസ്ലിം ലീഗ്. ഒന്നിടവിട്ടുള്ള ഇടവേളകളില്‍ യു.ഡി.എഫ് ഭരണത്തിലെത്തിയപ്പോള്‍ മികച്ച വകുപ്പുകള്‍ കൈകാര്യം ചെയ്ത് ഭരണത്തില്‍ നല്ല പങ്കാളിത്തം ഉറപ്പുവരുത്താനും ലീഗിനു കഴിഞ്ഞു. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണത്തുടര്‍ച്ച നേടിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്രമാണ് യു.ഡി.എഫിനു ഭരണം നഷ്ടപ്പെട്ടത്.

മത തീവ്രവാദത്തെ പരാജയപ്പെടുത്തേണ്ടത് ജനാധിപത്യ രീതികളും രാഷ്ട്രീയ പാര്‍ട്ടികളുമാണ്. മലബാര്‍ മേഖലകളില്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും മുസ്ലിം ലീഗിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ ഈ തീവ്രവാദ കക്ഷികള്‍ക്കൊന്നും കഴിഞ്ഞിട്ടില്ലെന്ന കാര്യം പ്രത്യേകം ഓര്‍ക്കണം.

അതെ. ഏതു വിധത്തിലുമുള്ള മത തീവ്രവാദവും ആപത്തു തന്നെ. ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയത്തിനാവണം സ്ഥാനം.

Advertisment