Advertisment

അഭിമന്യുവിന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങളിലൂടെ കേരളത്തെ ഏറെ ഞെട്ടിച്ചു പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തികള്‍; ഒടുവില്‍ ഹര്‍ത്താലില്‍ നടത്തിയ അക്രമങ്ങളും സംഘടനയെ ഒറ്റപ്പെടുത്തി! ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കാനാകാത്തതും പോപ്പുലര്‍ ഫ്രണ്ടിന് തിരിച്ചടിയായി; ന്യൂനപക്ഷ വര്‍ഗീയതയാണ് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമിടുന്നതെന്ന ഇഎംഎസിന്റെ പ്രസ്താവന ഇപ്പോഴും പ്രസക്തം തന്നെ! ഒരിക്കലും തിരിച്ചുവരാത്ത സിമിയുടെ അനുഭവം തന്നെ പോപ്പുലര്‍ ഫ്രണ്ടിനും- മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

പ്രതീക്ഷിച്ചതുപോലെ കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന മുസ്ലിം സംഘടനയെ നിരോധിച്ചു. തീവ്രവാദം, ആഗോള ഭീകരപ്രവര്‍ത്തക സംഘടനകളുമായുള്ള ബന്ധം എന്നിങ്ങനെ നിയമവിരുദ്ധ, ദേശവിരുദ്ധ കുറ്റങ്ങള്‍ ആരോപിച്ചുകൊണ്ടാണ് സംഘടനയെ നിരോധിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം.

സംഘടനയുടെ നിരോധനത്തെ നിയമപരമായി ചോദ്യം ചെയ്യാമെങ്കിലും ഇനി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) എന്ന സംഘടനയ്ക്ക് ഇന്ത്യയില്‍ വീണ്ടും പ്രവര്‍ത്തിക്കാനാകുമെന്നു കരുതുക വയ്യ. 1977 ല്‍ രൂപംകൊണ്ട സിമി (സ്റ്റുഡന്‍റ്സ് ഇസ്ലാമിക് മൂവ്മെന്‍റ് ഓഫ് ഇന്ത്യ) 2001 - ല്‍ നിരോധിക്കപ്പെട്ട കാര്യം ഉദാഹരണം. സിമിയിലെ പ്രവര്‍ത്തകര്‍ പല വഴിക്കു തിരി‍ഞ്ഞു.


പ്രകടമായ തീവ്രവാദ നിലപാടുമായി ഇന്ത്യയില്‍ രൂപംകൊണ്ട ഈ സംഘടന കേരളത്തില്‍ വളരെ വേഗം വേരുപിടിച്ചു വളര്‍ന്നു. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യം 'സിമി'യുടെ പേരില്‍ മലബാറിലെ ചുവരുകളില്‍ പ്രത്യക്ഷപ്പെട്ടു. ഹൈന്ദവ സംഘടനകള്‍ പ്രതികരിച്ചത് എതിര്‍ മുദ്രാവാക്യവുമായാണ്: "ഇസ്ലാമിന്‍റെ അന്ത്യം ഇന്ത്യയില്‍".


സിമി ഒരിക്കലും തിരികെ വന്നില്ല. പ്രവര്‍ത്തകര്‍ വിവിധ സംഘടനകളിലേക്കു വഴിമാറി. ചിലര്‍ വിവിധ രാഷ്ട്രീയ കക്ഷികളിലും ചേര്‍ന്നു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വളരെ ആത്മാര്‍ത്ഥതയോടെയാണ് സംഘടനാ പ്രവര്‍ത്തനം നടത്തിയതും സംഘടന വളര്‍ത്തിയതും. അതിനുവേണ്ടി പല വഴികളും അവര്‍ കണ്ടെത്തി. പണം പിരിക്കാനും ആളെ റിക്രൂട്ട് ചെയ്യാനും അവരെ പരിശീലിപ്പിക്കാനും വലിയ ശ്രദ്ധ ചെലുത്തി. ഇതിനിടയ്ക്ക് ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തിന്‍റെ പ്രത്യേകതകളും വെല്ലുവിളികളും അവര്‍ മനസിലാക്കിയതുമില്ല.

അതില്‍ ഏറ്റവും വലിയ വെല്ലുവിളി കേന്ദ്രസര്‍ക്കാരിന്‍റേതു തന്നെയാണ്. ആര്‍.എസ്.എസിന്‍റെ പൂര്‍ണ പിന്തുണയോടെ അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാരിന്‍റെ പ്രധാന നിലപാടുതന്നെ മുസ്ലിം വിരുദ്ധതയാണ്. ബി.ജെ.പി - ആര്‍.എസ്.എസ് കൂട്ടുകെട്ടിനെയും അതിന്‍റെ സര്‍ക്കാരിനെയും വെല്ലുവിളിച്ച് ഇസ്ലാമിക തീവ്രവാദ സംഘടന പ്രവര്‍ത്തിപ്പിക്കാന്‍ സാഹസം കാണിച്ചിടത്തുതന്നെ പോപ്പുലര്‍ ഫ്രണ്ടിന്‍റെ പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ക്കു തെറ്റു പറ്റി.


കേരളത്തില്‍ ആര്‍.എസ്.എസിനു നേരേ പോരിനിറങ്ങാന്‍ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ട് തീരുമാനിച്ചത്. ആലപ്പുഴയിലും പാലക്കാടും സംഘടന നടത്തിയ കൊലപാതകങ്ങള്‍ ഉദാഹരണം. ആര്‍.എസ്.എസ് നടത്തിയ കൊലപാതകത്തിനു പകരമായി നടത്തിയതായിരുന്നു ഈ കൊലപാതകങ്ങളെങ്കിലും അതിന്‍റെ പ്രത്യേകതകള്‍ കേരള സമൂഹത്തെ ഞെട്ടിക്കുക തന്നെ ചെയ്തു.


publive-image

എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവവും കേരളത്തെ ഞെട്ടിച്ചു. അതിലും ഭീകരമായിരുന്നു മതനിന്ദയുടെ പേരില്‍ തൊടുപുഴ ന്യൂമാന്‍സ് കോളജിലെ മലയാളം പ്രൊഫസര്‍ ടി.ജെ. ജോസഫിന്‍റെ കൈ വെട്ടിമാറ്റിയ സംഭവം. 2010 ജൂലൈ നാലിനു നടന്ന ഈ സംഭവം കേരളത്തിലെ മന:സാക്ഷിയെ ഏറെ ഞെട്ടിച്ചു.

ഏറ്റവും ഒടുവില്‍ കഴിഞ്ഞ ആഴ്ച നടന്ന ഹര്‍ത്താല്‍. രാജ്യവ്യാപകമായി ദേശീയാന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ചേര്‍ന്നു പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമണമുണ്ടായി.

publive-image

കെ.എസ്.ആര്‍.ടി.സിക്കു തന്നെ അഞ്ചു കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി മാനേജ്മെന്‍റ് ഹൈക്കോടതിയെ ധരിപ്പിക്കാനൊരുങ്ങുന്നു. നിരവധി ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരെയും അക്രമണമുണ്ടായി.


ഹര്‍ത്താല്‍ കേരള സമൂഹത്തിനു നേരെയുള്ള അക്രമണമായി മാറുകയായിരുന്നു. സമൂഹത്തില്‍ പിന്നെയും പോപ്പുലര്‍ ഫ്രണ്ട് ഒറ്റപ്പെടാനും ഇതു കാരണമായി.


കേന്ദ്ര സര്‍ക്കാരിന്‍റെ വര്‍ഗീയ നലപാടുകള്‍ക്കും വിഭാഗീയ ചിന്താഗതിക്കും മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ക്കുമെതിരെ എപ്പോഴും നിലകൊള്ളുന്ന കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് അകന്നു പോയി. കേരള രാഷ്ട്രീയത്തിനും ഇവിടുത്തെ രാഷ്ട്രീയ കക്ഷികള്‍ക്കും തൊട്ടുകൂടാ സംഘടന തന്നെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ.

മുസ്ലിം സമുദായത്തിലും ശരിയായ പിന്തുണ ആര്‍ജിക്കാന്‍ ഇതുവരെ പോപ്പുലര്‍ ഫ്രണ്ടിനു കഴിഞ്ഞിട്ടില്ല. മുസ്ലിം സമുദായത്തിന്‍റെ യഥാര്‍ഥ സംഘടനയായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് തന്നെ നിലകൊള്ളുന്നു. പ്രകടമായ ജനാധിപത്യ - മതേതര നിലപാടുകളും ഐക്യ ജനാധിപത്യ മുന്നണിയുമായുള്ള അഭേദ്യമായ ബന്ധവും മുസ്ലിം ലീഗിനെ കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ വിശ്വാസ്യത നല്‍കുന്നു.

1992 -ല്‍ ബാബ്റി മസ്ജിദിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് മുസ്ലിം ലീഗ് നേതൃത്വം വലിയ വെല്ലുവിളി നേരിട്ടതാണ്. പാര്‍ട്ടി ദേശീയാധ്യക്ഷനായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടാണ് അന്ന് ലീഗ് നേതൃത്വത്തിനു വെല്ലുവിളിയായത്. ബാബ്റിമസ്ജിദ് പൊളിക്കാന്‍ തീവ്ര ഹിന്ദു വികാരങ്ങള്‍ക്കു പരോക്ഷമായ സഹായം നല്‍കിയ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. എന്നാല്‍ അന്ന് സംസ്ഥാനാദ്ധ്യക്ഷനായിരുന്ന പാണക്കാട്ടു ശിഹാബ് തങ്ങള്‍ അതിനോടു യോജിച്ചില്ല.


തങ്ങളുടെ പക്വതയും സമചിത്തതയുമാണ് അന്നു മുസ്ലിം ലീഗിനെ നയിച്ചത്. രാജ്യത്തെ പൊതുസമൂഹവുമായി ഇഴുകി ചേര്‍ന്ന് പൊതു രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു മാത്രമേ ന്യൂനപക്ഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാവൂ എന്നു തന്നെയാണ് അന്നും ഇന്നും മുസ്ലിം ലീഗിന്‍റെ നയം. മുസ്ലിം സമുദായത്തില്‍ പരക്കെ അംഗീകരിക്കപ്പെടുന്നതും ഈ നിലപാടുതന്നെയാണ്.


publive-image

ന്യൂനപക്ഷ വര്‍ഗീയതയാണ് ഭൂരിപക്ഷ വര്‍ഗീയതയ്ക്കു വളമിടുന്നതെന്ന് 1984 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇ.എം.എസ് നമ്പൂതിരിപ്പാട് പ്രസ്താവിച്ചത് ഇപ്പോഴും പ്രസക്തമാണ്. ആ തെര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ. ചാള്‍സ് ഒന്നാം സ്ഥാനത്തും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ. നീലലോഹിതദാസന്‍ നാടാര്‍ രണ്ടാം സ്ഥാനത്തുമെത്തിയെങ്കിലും ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥി കേരളവര്‍മ്മരാജാ തിളക്കമാര്‍ന്ന മൂന്നാം സ്ഥാനം നേടിയതാണ് ഇ.എം.എസിനെ ആശങ്കപ്പെടുത്തിയത്. കേരളവര്‍മ്മരാജയ്ക്ക് അന്നു കിട്ടിയത് 1,10,500 വോട്ട്. നേമം നിയമസഭാ മണ്ഡല പരിധിയില്‍ അദ്ദേഹം രണ്ടാം സ്ഥാനത്തെത്തി.

അന്ന് അഖിലേന്ത്യാ ലീഗ് ഇടതുപക്ഷ മുന്നണിയിലായിരുന്നു. കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. നാടാര്‍ ഘടകം കേരള രാഷ്ട്രീയത്തില്‍ പ്രയോഗിക്കുകയായിരുന്നു കരുണാകരന്‍. എ. ചാള്‍സ് നാടാര്‍ സമുദായാംഗമാണ്.

1982 ഡിസംബര്‍ 28 -ാം തീയതി നടന്ന നബിദിനാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ മാത്രം സംഘര്‍ഷമുണ്ടാവുകയും അതു നിയന്ത്രിക്കാന്‍ പോലീസ് വെടിവെയ്പ്പു നടത്തുകയും ചെയ്തിരുന്നു. വെടിവെയ്പ്പില്‍ പ്രതിഷേധിച്ച് മുസ്ലിം സംഘടനകള്‍ 30 -ാം തീയതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്തെങ്ങും സമാധാനപരമായിരുന്നുവെങ്കിലും തിരുവനന്തപുരത്ത് വലിയ അക്രമണവും തീവെയ്പ്പും പൊട്ടിപ്പുറപ്പെട്ടു. ചാലക്കമ്പോളം കത്തിയെരിഞ്ഞു.

അക്രമം നടക്കുമ്പോള്‍ പോലീസ് നോക്കിനില്‍ക്കുകയായിരുന്നു. അന്ന് ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയ ഉപമുഖ്യമന്ത്രിയായിരുന്നു, ലീഗിനെ സന്തോഷിപ്പിച്ചു നിര്‍ത്താന്‍ മുഖ്യമന്ത്രി കരുണാകരന്‍ പോലീസിനെ നിയന്ത്രിക്കുകയായിരുന്നുവെന്ന് അന്നേ ആരോപണമുയര്‍ന്നു. ഒരു വര്‍ഷം കഴിഞ്ഞായിരുന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സുരക്ഷാ ഭടന്മാര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. പിന്നീടു നടന്ന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഹിന്ദു മുന്നണിയുടെ മുന്നേറ്റവും.

ഹിന്ദു മുന്നണിയുടെ വളര്‍ച്ച കണ്ട് മനം നൊന്താണ് ന്യൂനപക്ഷ വര്‍ഗീയത ആപത്താണെന്നും അതു ഭുരിപക്ഷ വര്‍ഗീയതയ്ക്കു കളമൊരുക്കുമെന്നും ഇ.എം.എസ് പ്രസ്താവിച്ചത്. ഇന്നു പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുമ്പോള്‍ കേരളത്തിന്‍റെ പൊതു സമൂഹം നിശബ്ദമായി നോക്കി നില്‍ക്കുകയാണ്. സമൂഹത്തില്‍ അത്രകണ്ട് ഒറ്റപ്പെട്ടിരിക്കുന്നു പോപ്പുലര്‍ ഫ്രണ്ട്.

Advertisment