Advertisment

ശശി തരൂരിനെ കെ.പി.സി.സിയും തള്ളിക്കളഞ്ഞിരിക്കുന്നു; ഏതു നീക്കത്തിലൂടെയാണെങ്കിലും തരൂരിനെ അധ്യക്ഷനാക്കരുതെന്നാണ്‌ ഹൈക്കമാന്‍റിനോടു ചേര്‍ന്നു നില്‍ക്കുന്ന നേതാക്കളുടെയൊക്കെയും തീരുമാനം; നല്ലൊരു ഗ്രന്ധകര്‍ത്താവായ തരൂര്‍ നരേന്ദ്ര മോദിയുടെ വിമര്‍ശകനും സംഘപരിവാറിനെതിരെ ഉറച്ച നിലപാടുകള്‍ ഉള്ള നേതാവുമാണ്; ഒരു വിശ്വപൗരന്‍ തന്നെയാണദ്ദേഹം! ഇതൊക്കെയാണ് ഹൈക്കമാന്‍റിനെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരെ അലട്ടുന്നതും; തരൂര്‍ അധ്യക്ഷനായാല്‍ തങ്ങളുടെ സ്ഥാനം എവിടെപ്പോകുമെന്നാണ് ചിലരുടെ ആശങ്ക-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ശശി തരൂരിനെ കെ.പി.സി.സിയും തള്ളിക്കളഞ്ഞിരിക്കുന്നു. സംസ്ഥാനാദ്ധ്യക്ഷന്‍ കെ. സുധാകരന്‍ തന്നെ മല്ലാകാര്‍ജുന്‍ ഖാര്‍ഗെയ്ക്കു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവര്‍ സ്ഥാനം രാജിവെച്ചിട്ടു വേണം ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ എന്ന ഹൈക്കമാന്‍റ് നിര്‍ദ്ദേശം മറികടന്നുകൊണ്ടാണ് കെ. സുധാകരന്‍റെ പ്രസ്താവന.

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണം നടത്തരുതെന്നു തന്നെയാണ് കോണ്‍ഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. പ്രചാരണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പദവികള്‍ രാജിവെച്ചിട്ടു വേണം അതിനിറങ്ങാന്‍ എന്നും പി.സി.സി അധ്യക്ഷന്മാര്‍ പ്രചാരണ യോഗം വിളിക്കരുതെന്നും സ്ഥാനാര്‍ഥികള്‍ക്ക് പി.സി.സി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കു സൗകര്യമൊരുക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ നിഷ്കര്‍ഷിക്കുന്നു.


ചൊവ്വാഴ്ച ഹൈദരാബാദില്‍ പ്രചാരണത്തിനെത്തിയ ശശി തരൂരിനെ തെലങ്കാന പി.സി.സിയും പൂര്‍ണമായും അവഗണിച്ചു. മുതിര്‍ന്ന നേതാക്കളെയാരെയും കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. മഹാരാഷ്ട്രയില്‍ രണ്ടു ദിവസം പ്രചാരണം നടത്തിയ ശേഷമാണ് തരൂര്‍ ഹൈദരാബാദിലെത്തിയത്.


ഏതു നീക്കത്തിലൂടെയാണെങ്കിലും ശശി തരൂരിനെ തെരഞ്ഞെടുക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നു തന്നെയാണ് ഹൈക്കമാന്‍റിനോടു ചേര്‍ന്നു നില്‍ക്കുന്ന നേതാക്കളുടെയൊക്കെയും തീരുമാനം. യഥാര്‍ഥത്തില്‍ ഇവര്‍ തന്നെയാണ് ഹൈക്കമാന്‍റിനു വേണ്ടി കരുക്കള്‍ നീക്കുന്നത്. സംസ്ഥാനങ്ങളിലൊന്നും തെരഞ്ഞെടുക്കപ്പെട്ട പി.സി.സി ഭാരവാഹികളില്ല എന്നത് ഇവര്‍ക്കു സൗകര്യമാവുകയും ചെയ്യുന്നു. ഹൈക്കമാന്‍റ് നാമനിര്‍ദേശം ചെയ്തു നിയമിച്ച പി.സി.സി ഭാരവാഹികള്‍ ഇവരുടെ ചൊല്‍പ്പടിക്കു നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല താനും.

publive-image

ശശി തരൂരിന്‍റെ ഗ്ലാമറും പ്രതിഛായയുമാണ് ഹൈക്കമാന്‍റിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നേതാക്കന്മാരില്‍ അസ്വസ്ഥതയുണ്ടാക്കുന്നത്. പ്രഗത്ഭനായ വാഗ്മിയെന്ന നിലയ്ക്കും ഐക്യരാഷ്ട്ര സംഘടനയില്‍ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്ന ആളെന്ന നിലയ്ക്കും ശശി തരൂരിന് അദ്ദേഹത്തിന്‍റേതായ വ്യക്തിത്വമുണ്ട്. നല്ലൊരു ഗ്രന്ധകര്‍ത്താവായ തരൂര്‍ നരേന്ദ്രമോദിയുടെ വിമര്‍ശകനും സംഘപരിവാറിനെതിരെ ഉറച്ച നിലപാടുകള്‍ ഉള്ള നേതാവുമാണ് എന്നതുകൊണ്ടും ഒരു വിശ്വപൗരന്‍ തന്നെയാണദ്ദേഹം.

ഇതൊക്കെയാണ് ഹൈക്കമാന്‍റിനെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്ക് മന:പ്രയാസമുണ്ടാക്കുന്നത്. ഇത്ര വലിയ നേതാവ് എ.ഐ.സി.സി പ്രസിഡന്‍റായാല്‍ തങ്ങളുടെയൊക്കെ സ്ഥാനം എവിടെപ്പോകുമെന്നും ചിലര്‍ക്കൊക്കെ ആശങ്കയുണ്ട്.


തങ്ങള്‍ ഒന്നിലും ഇടപെടാതെ മാറി നില്‍ക്കുന്നു എന്നൊരു പരിവേഷം സൃഷ്ടിക്കാനാണ് ഹൈക്കമാന്‍റ് ശ്രമിക്കുന്നത്. പക്ഷെ ഹൈക്കമാന്‍റിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ തരൂരിനെതിരെ വേണ്ട പണികള്‍ തുടങ്ങിക്കഴിഞ്ഞു.


ശശി തരൂര്‍ അഴിച്ചുവിട്ടേക്കാവുന്ന വ്യാപകമായ പ്രചാരണത്തെയാണ് ഇവര്‍ പേടിക്കുന്നത്. 80 കാരനായ ഖാര്‍ഗെയ്ക്ക് ഇത്തരം പ്രചാരണങ്ങള്‍ക്കൊന്നും കെല്‍പ്പില്ല. അതുകൊണ്ടുതന്നെ ഖാര്‍ഗെയുടെ വിദ്യാഭ്യാസ യോഗ്യതകളും കോണ്‍ഗ്രസിലെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന പാരമ്പര്യവും സംഘപരിവാറിനെതിരെ അദ്ദേഹം സ്വീകരിച്ചിട്ടുള്ള ധീരമായ നിലപാടുകളും സ്തുതി ഗീതങ്ങളാക്കി പ്രചാരണം തുടങ്ങിക്കഴിഞ്ഞു ഇവര്‍. ഇതൊന്നും ജനാധിപത്യപരമല്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍റെങ്കിലും ഓര്‍ക്കണം.

Advertisment