ചുമക്കുള്ള മരുന്നു കഴിച്ച് ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുരുന്നു കുട്ടികള്‍ മരണമടഞ്ഞു. മരുന്നുണ്ടാക്കി ഗാംബിയയിലേയ്ക്കു കയറ്റി അയച്ചത് ഇന്ത്യന്‍ കമ്പനി. ഈ സ്ഥാപനത്തെക്കുറിച്ചും അതു നിര്‍മ്മിച്ച മരുന്നുകളെക്കുറിച്ചും ലോകാരോഗ്യ സംഘടന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും വിവിധ ലോക രാജ്യങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.
ഹരിയാനയിലെ മെയ്‌ഡൻ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനമാണ് കഫ് സിറപ്പുണ്ടാക്കി ആഫ്രിക്കയുടെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള ഗാംബിയ എന്ന ചെറിയ രാജ്യത്തേക്കയച്ചത്. ചുമയ്ക്കും പനിയ്ക്കും ജലദോഷത്തിനുമൊക്കെയായി നാലുതരം സിറപ്പുകളാണ് സ്ഥാപനം ഈ ആഫ്രിക്കന്‍ രാജ്യത്തേയ്ക്കു കയറ്റി അയച്ചത്. മരുന്നു കഴിച്ച കുട്ടികള്‍ ഒന്നൊന്നായി മരണപ്പെടുകയായിരുന്നു.
കുരുന്നുകള്‍ മരിക്കുന്നതു പൊതുജന ശ്രദ്ധയില്‍ വന്നപ്പോള്‍ ഗാംബിയന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പെട്ടെന്നു തന്നെ, മരണത്തിനു കാരണം ചുമ മരുന്നാണെന്നു കണ്ടുപിടിച്ചു. ഘാന, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കയച്ച സാമ്പിളുകള്‍ പരിശോധിച്ച ആധുനിക ലബോറട്ടറികള്‍ മരണത്തിനു കാരണമായത് ഈ മരുന്നിലടങ്ങിയിട്ടുള്ള വിഷാംശമാണെന്നു സ്ഥിരീകരിച്ചു.
എത്ലീന്‍ ഗ്ലൈക്കോല്‍, ഡൈ എത്ലീന്‍ ഗ്ലൈക്കോള്‍ എന്നിങ്ങനെ രണ്ടു രാസവസ്തുക്കളാണ് മരണം വിതച്ചതെന്ന് പരിശോധനയില്‍ തെളിഞ്ഞു. രണ്ടും ഹരിയാന സ്ഥാപനം കയറ്റി അയച്ച നാലു കഫ് സിറപ്പുകളിലും അടങ്ങിയിരുന്നു.
വിഷാംശം കലര്‍ന്ന ഈ രാസവസ്തുക്കള്‍ ഉള്ളില്‍ ചെന്നാല്‍ അതു കിഡ്‌നിയെ ബാധിക്കും. ഗാംബിയയില്‍ മരിച്ച കുട്ടികള്‍ക്കൊക്കെയും കിഡ്‌നിക്കു തകരാറുണ്ടായതായി കണ്ടെത്തി. കിഡ്‌നിക്കുണ്ടാവുന്ന തകരാര്‍ മരണത്തില്‍ കലാശിക്കുന്നതാണു കണ്ടത്. മൂന്നു മാസം കൊണ്ടു മരിച്ചത് 66 കുഞ്ഞുങ്ങള്‍ !
ലോകമെങ്ങും മരുന്നുല്‍പ്പാദനം കടുത്ത നിയന്ത്രണത്തിനു വിധേയമാണ്. ഇതില്‍ ഏറ്റവും പ്രമുഖം അമേരിക്കയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയമങ്ങളാണ്. ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ) എന്നാണ് ഈ നിയന്ത്രണ ഏജന്‍സിയുടെ പേര്. അമേരിക്കയിലെ എല്ലാത്തരം ആഹാര വിതരണത്തെയും മരുന്ന് നിര്‍മ്മാണ വിതരണ മേഖലയെയും നിയന്ത്രിക്കുന്നത് എഫ്.ഡി.എ ആണ്. നിയന്ത്രണങ്ങള്‍ അങ്ങേയറ്റം കര്‍ക്കശവും.
ഏതെങ്കിലുമൊരു മരുന്നിന് എഫ്.ഡി.എ അംഗീകാരം കിട്ടി എന്നു പറഞ്ഞാല്‍ അത് ലോകത്തിലെ ഏത് രാജ്യത്തും വിലയും നിലയുമുള്ള അംഗീകാരമെന്നര്‍ത്ഥം. എങ്കിലും എഫ്.ഡി.എ അംഗീകാരമുണ്ടെന്നു കരുതി മറ്റു രാജ്യങ്ങള്‍ ആ മരുന്നുകള്‍ തങ്ങളുടെ രാജ്യത്തു വിതരണം ചെയ്യണമെന്നില്ല. ആഫ്രിക്കന്‍ രാജ്യങ്ങളിലൊക്കെയും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഈ മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് (ഡി.സി.ജി.ഐ) മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഗുണമേന്മ പരിശോധിച്ച് ഉല്‍പാദനവും വിതരണവും നിയന്ത്രിക്കുന്നത്. ഓരോ സംസ്ഥാനത്തും ഡ്രഗ്സ് കണ്‍ട്രോളറുമുണ്ട്. എല്ലാം വിപുലമായ അധികാരങ്ങളോടെ തന്നെ.
ഹരിയാനയിലെ ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതിയോടെയാണ് മരണം വിതച്ച മരുന്നുകള്‍ ഗാംബിയയിലേയ്ക്കയച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍. കുഞ്ഞുങ്ങള്‍ മരിച്ചു വീണു തുടങ്ങിയപ്പോള്‍ തന്നെ ലോകാരോഗ്യ സംഘടന രംഗത്തെത്തി. അന്വേഷണത്തിനും സുഷ്മമായ പരിശോധനയ്ക്കുമെല്ലാം ലോകാരോഗ്യ സംഘടന തന്നെയാണു നേതൃത്വം നല്‍കിയത്. ഇനി ഇന്ത്യയുടെ ഡി.സി.ജി.ഐ ഉത്തരം പറയേണ്ടത് ലോകാരോഗ്യ സംഘടനയോട്.
അമ്പതുകളിലും അറുപതുകളുടെ ആദ്യ വര്‍ഷങ്ങളിലും ലോകമെങ്ങും പ്രചാരം നേടിയിരുന്ന 'താലിഡോമൈഡ്' എന്ന മരുന്ന് വിതച്ച ദുരന്തം മരുന്നിന്‍റെയും അലോപ്പതി ചികിത്സയുടെയും ചരിത്രത്തില്‍ വലിയൊരു ഏടുതന്നെയാണ്. ഗര്‍ഭിണികളിലെ ഛര്‍ദിക്കും മനം പുരട്ടലിനും പ്രതിവിധിയായാണ് ഈ മരുന്ന് പ്രചാരം നേടിയത്.
ഗര്‍ഭിണികള്‍ വ്യാപകമായി ഈ മരുന്നു കഴിക്കാന്‍ തുടങ്ങി. പക്ഷെ മരുന്ന് ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുകയും കുട്ടിക്കു അംഗവൈകല്യമുണ്ടാവുകയും ചെയ്തു. കുട്ടികളില്‍ വ്യാപകമായി അംഗവൈകല്യം ഉണ്ടാവുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ഇതു സംബന്ധിച്ച അന്വേഷണവും ഗവേഷണവും തുടങ്ങിയത്. ദുരന്തം വിതച്ചത് താലിഡോമൈഡ് എന്ന മരുന്നാണെന്നു പെട്ടെന്നു കണ്ടുപിടിക്കുകയും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.
1950 -കളുടെ ആദ്യം സിബ എന്ന സ്വിസ്സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് താലിഡോമൈഡ് പുറത്തിറക്കിയത്. വിശദമായ പരിശോധനയ്ക്കു ശേഷമാണ് താലിഡോമൈഡ് വിപണിയിലെത്തിച്ചതെങ്കിലും അതിസൂഷ്മമായ വിഷാംശങ്ങള്‍ കണ്ടുപിടിക്കാന്‍ ശേഷിയുള്ള ആധുനിക രീതികളൊന്നും അന്നുണ്ടായിരുന്നില്ല. ഒരു ഗര്‍ഭിണി കഴിക്കുന്ന മരുന്നോ ആഹാരമോ ഗര്‍ഭപാത്രത്തില്‍ കഴിയുന്ന ഭ്രൂണത്തെ ബാധിക്കുമെന്നു പോലും അന്ന് അറിവുണ്ടായിരുന്നില്ല.
കുഞ്ഞുങ്ങളിലെ അംഗവൈകല്യത്തിനു കാരണം തേടിയ പഠനത്തിലും ഗവേഷണത്തിലും ഏര്‍പ്പെട്ട ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്മാരുമാണ് ദുരന്തത്തിനു കാരണം താലിഡോമൈഡ് ആണെന്നു കണ്ടത്. 1961 -ല്‍ സ്വിസ് കമ്പനി താലിഡോമൈഡ് വിപണിയില്‍ നിന്നു പിന്‍വലിച്ചു. ബ്രിട്ടണിലും മരുന്നു നിരോധിക്കപ്പെട്ടു. ബ്രിട്ടണ്‍ ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങളിലെല്ലാം കൂടി താലിഡോമൈഡ് മൂലം അംഗവൈകല്യം സംഭവിച്ച കുട്ടികളുടെ എണ്ണം 10,000 കവിഞ്ഞു എന്നാണ് കണക്ക്. ഇതില്‍ പകുതിയോളം കുട്ടികള്‍ ബാല്യത്തില്‍ തന്നെ മരിച്ചു പോവുകയും ചെയ്തു.
താലിഡോമൈഡ് ദുരന്തം തന്നെയാണ് ലോകമെങ്ങും മരുന്നു നിര്‍മ്മാണത്തിനും വിതരണത്തിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാരണം. ഇന്ത്യയിലും നിയന്ത്രണങ്ങള്‍ കര്‍ശനം തന്നെ. എങ്കിലും ഹരിയാനാ സംസ്ഥാനത്തെ മെയ്‌ഡൻ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനം ഉല്പാദിപ്പിച്ച ചുമമരുന്നു കഴിച്ച് അങ്ങ് ആഫ്രിക്കയില്‍ ഗാംബിയ എന്ന ചെറിയ രാജ്യത്ത് 66 കുരുന്നുകള്‍ മരണപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ അത്ഭുതപ്പെടുത്തുന്നു. ഈ മരുന്നുകള്‍ ഇന്ത്യയില്‍ വിറ്റിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. എല്ലാറ്റിലുമുണ്ട് ദുരൂഹത.