ഒരു വശത്ത് വലിയ സമൃദ്ധി സ്വപ്നം കണ്ട ഭഗവല്‍ സിങ്ങും ലൈലയും, ഇവരെ പ്രലോഭിപ്പിക്കാനെത്തിയ മുഹമ്മദ് ഷാഫി വേറൊരുവശത്ത്, അല്പം പണം മോഹിച്ച് ഷാഫിയോടൊപ്പം ഇറങ്ങിത്തിരിച്ച റോസ്‌ലിനും പത്മവും മറുവശത്ത്; അതിക്രൂരമായ ഒരു ദുരന്ത നാടകം ഈ ആളുകളിലൂടെ രൂപമെടുക്കുകയായിരുന്നു ! വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാളെല്ലാം മുന്നില്‍ നില്‍ക്കുന്ന കേരളത്തിലാണ് പ്രാകൃതമായ ഇത്തരം ആഭിചാരക്രിയകള്‍ നടക്കുന്നതെന്നതാണ് അത്ഭുതം- മുഖപ്രസംഗത്തില്‍ ചീഫ് എ‍ഡിറ്റര്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കും നരബലി നടത്തുക. അതിലേയ്ക്ക് സ്ത്രീകളെ വശീകരിച്ചു കൊണ്ടുവരിക. അതിക്രൂരമായി പീഡിപ്പിച്ച് കഴുത്തറുത്ത് സ്ത്രീകളെ ബലിയര്‍പ്പിക്കുക. നടക്കുന്നത് കേരളത്തില്‍.

വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാളെല്ലാം മുന്നില്‍ നില്‍ക്കുന്ന കേരളത്തിലാണ് പ്രാകൃതമായ ഇത്തരം ആഭിചാരക്രിയകള്‍ നടക്കുന്നതെന്നതാണ് അത്ഭുതം.

പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്ന തട്ടിപ്പുകാരന് ആഭിചാരത്തിലും നരബലിയിലും വിശ്വസിപ്പിച്ച് രണ്ടു പേരെയെങ്കിലും തന്‍റെ വഴിക്കു കൊണ്ടുവരാനും അയാളുടെ ഉപദേശപ്രകാരം രണ്ടു പാവപ്പെട്ട സ്ത്രീകളെ കൊലപ്പെടുത്താനും കഴിഞ്ഞത് അത്യപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം.

വിദ്യാഭ്യാസ നേട്ടങ്ങളുടെയും ആരോഗ്യരംഗത്തെ വളര്‍ച്ചയുടെയെല്ലാം പിന്‍ബലത്തില്‍ കേരളം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 1960 - കളില്‍ തുടങ്ങിയ ഗള്‍ഫ് പണത്തിന്‍റെ വരവും കേരളത്തിന്‍റെ മുഖഛായ ഏറെ മാറ്റിയിട്ടുണ്ട്. പൊതുവെ അഭിവൃദ്ധിയുടെയും സമ്പന്നതയുടെയും തിളക്കമാര്‍ന്ന പച്ചപ്പാണ് കേരളമെമ്പാടും കാണാന്‍ കഴിയുക.

മലബാര്‍ പ്രദേശത്തെ മലപ്പുറം, തരൂര്‍, തൃശൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ട ചാവക്കാട്, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കുമ്പനാട്, കോഴഞ്ചേരി എന്നിങ്ങനെ വിവിധ കേന്ദ്രങ്ങള്‍ അറിയപ്പെടുന്ന ഗള്‍ഫ് പോക്കറ്റുകളാണ്. നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും മനോഹരമായ വീടുകളും കൂറ്റന്‍ കച്ചവട കേന്ദ്രങ്ങളുമെല്ലാം ഈ ഗള്‍ഫ് പോക്കറ്റുകളുടെ പ്രത്യേകതയുമത്രെ.

പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ എന്ന സ്ഥലത്താണ് കേരളത്തെ ഒരേസമയം ഞെട്ടിക്കുകയും നാണം കെടുത്തുകയും ചെയ്ത നരബലി നടന്നത്. ജില്ലയിലെ പ്രധാന ഗള്‍ഫ് പോക്കറ്റുകളായ കുമ്പനാട്, പുല്ലാട്, കോഴഞ്ചേരി, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളുടെ തൊട്ടടുത്തുള്ള ഇലന്തൂര്‍ പ്രദേശവും വളര്‍ച്ചയില്‍ ഒട്ടും പിന്നിലല്ല. നരബലി നടന്നത് ഇവിടെയാണെന്നതാണ് അത്ഭുതം.


കേരള സമൂഹത്തില്‍ പുറമെ കാണുന്ന സമൃദ്ധിയുടെയും ആഡംബരത്തിന്‍റെയും പിന്നാമ്പുറത്ത് ദാരിദ്ര്യത്തിന്‍റെയും ഇല്ലായ്മയുടെയും ഭാരം പേറുന്ന ജീവിതങ്ങളുമുണ്ടെന്ന കാര്യം ഇത്തരം സംഭവങ്ങളിലൂടെയാണ് പുറംലോകം അറിയുന്നത്.


തങ്ങളുടെ ചുറ്റും കാണുന്ന ആഡംബരത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭാവലയം ഇവരെ പ്രലോഭിപ്പിക്കുക സ്വാഭാവികം. സമൂഹത്തിന്‍റെ താഴേത്തട്ടില്‍ കഴിയുന്നവരും സ്വപ്നം കാണുന്നത് അത്യാഡംബരത്തില്‍ മുങ്ങിയ ജീവിതമാണ്.

ഇത്തരക്കാരെ പ്രലോഭിപ്പിക്കാന്‍ തുനിഞ്ഞിറങ്ങുന്ന വിരുതന്മാരും സമൂഹത്തിലുണ്ട്. ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവര്‍ ഐശ്വര്യം നിറഞ്ഞ ജീവിതം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പെരുമ്പാവൂര്‍ സ്വദേശി ഷാഫി എന്നയാള്‍ അവരുടെ മുന്നിലെത്തുന്നത്. ആ പ്രവേശമാവട്ടെ, ഒരു വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയും. ശ്രീദേവി എന്ന പേരില്‍ അക്കൗണ്ട് തുടങ്ങി ഐശ്വര്യപൂര്‍ണമായ ഭാവി ഉറപ്പുവരുത്താനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുക്കുന്ന സിദ്ധനായി അവതരിച്ച ഷാഫി തന്നെയാണ് ഈ നരബലിയുടെ സൂത്രധാരന്‍ എന്നു പോലീസ് പറയുന്നു.

നരബലിക്ക് ഇരയായത് രണ്ടു പാവപ്പെട്ട സ്ത്രികളും. എറണാകുളത്ത് കടവന്ത്രയില്‍ വാടകയ്ക്കു താമസിച്ചിരുന്ന തമിഴ്‌നാട് ധര്‍മപുരി സ്വദേശിനി പത്മ (52), അങ്കമാലിക്കടുത്ത് കാലടിയില്‍ വാടകയ്ക്കു താമസിച്ചിരുന്ന റോസ്‌ലിൻ (49) എന്നിവരെയാണ് മുഹമ്മദ് ഷാഫിയും ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും ചേര്‍ന്ന് ക്രൂരമായി കഴുത്തറുത്തു കൊലപ്പെടുത്തിയത്.

പത്മ, റോസ്‌ലിൻ എന്നീ രണ്ടു സ്ത്രീകളും തെരുവില്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നവരായിരുന്നു. ഷാഫി ലക്ഷ്യം വെച്ചതും ഇത്തരക്കാരെ. ഐശ്വര്യ പൂര്‍ണമായ ഭാവി ഉറപ്പാക്കാന്‍ സ്ത്രീകളെ ബലികൊടുക്കണമെന്നാണ് ഷാഫി എന്ന സിദ്ധന്‍ ഭഗവല്‍ സിങ്ങിനെയും ലൈലയെയും വിശ്വസിപ്പിച്ചത്. ബലി നല്‍കാന്‍ സ്ത്രീകളെ സംഘടിപ്പിക്കുന്ന ജോലി ഷാഫിതന്നെ ഏല്‍ക്കുകയായിരുന്നു.

അങ്ങനെ ഷാഫി അങ്കമാലിയില്‍ നിന്ന് റോസ്‌ലിനെ കുരുക്കിലാക്കി. സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പ്രലോഭിപ്പിച്ചായിരുന്നു വീഴ്ത്തിയത്. അവരെ ഇലന്തൂരില്‍ ഭഗവല്‍ സിങ്ങിന്‍റെ വീട്ടിലെത്തിച്ച് ബലി നല്‍കുകയായിരുന്നു. വിവസ്ത്രയാക്കി കട്ടിലില്‍ കെട്ടിയിട്ട് മൂന്നു പേരും കൂടി കഴുത്തറുത്തു കൊല്ലുകയായിരുന്നു. പിന്നാലെ പത്മത്തെയും വശീകരിച്ചു കൊണ്ടുവന്നു.


ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നവരും സമൂഹത്തില്‍ ഏറ്റവും താഴെ തട്ടിലുള്ളവര്‍ തന്നെ. അതി ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍. ഇങ്ങനെ അതി ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ ഇപ്പോഴും കേരളത്തിലുണ്ടെന്ന കാര്യം വളരെ വളര്‍ന്നു എന്നഭിമാനിക്കുന്ന കേരളീയര്‍ക്കു നാണക്കേടുണ്ടാക്കുന്ന കാര്യം തന്നെ.


ഒരു വശത്ത് വലിയ സമൃദ്ധി സ്വപ്നം കണ്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ്ങും ലൈലയും, ഇവരെ പ്രലോഭിപ്പിക്കാനെത്തിയ മുഹമ്മദ് ഷാഫി എന്ന സിദ്ധന്‍ വേറൊരുവശത്ത്. അല്പം പണം മോഹിച്ച് ഷാഫിയോടൊപ്പം ഇറങ്ങിത്തിരിച്ച റോസ്‌ലിനും പത്മവും മറുവശത്ത്. അതിക്രൂരമായ ഒരു ദുരന്ത നാടകം ഈ ആളുകളിലൂടെ രൂപമെടുക്കുകയായിരുന്നു.

ഫലമോ ? സ്വല്‍പം പണം മോഹിച്ച് ഷാഫിയോടൊപ്പം കൂടിയ രണ്ടു സ്ത്രീകളും ക്രൂരമായി കൊല്ലപ്പെട്ടു. സൂത്രധാരന്‍ മുഹമ്മദ് ഷാഫിയും അയാളുടെ ചതിയില്‍പെട്ട ഭഗവല്‍ സിങ്ങും ലൈലയും ഇനി അവസാനിക്കാത്ത പോലീസ് കസ്റ്റഡിയിലേയ്ക്കും നിയമനടപടികളിലേയ്ക്കും കടക്കുന്നു. അമിത സമ്പത്തു മോഹിച്ചതിന്‍റെ പ്രതിഫലം.

Advertisment