തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലുണ്ടാക്കിയ ചലനം ചെറുതല്ല; പാര്‍ട്ടിയിലെ കുടുംബാധിപത്യത്തിനും നേതൃത്വത്തിന്‍റെ പ്രവര്‍ത്തന രീതിക്കുമെതിരെ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇന്ത്യയൊട്ടാകെയുണ്ടെന്നതിന്‍റെ തെളിവുതന്നെയാണ് തരൂരിനു കിട്ടിയ പിന്തുണ; തരൂര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വന്തം പ്രസക്തി തെളിയിച്ചു! ഇനി അദ്ദേഹത്തെ കോണ്‍ഗ്രസിനുള്ളില്‍ മൂലയ്ക്കിരുത്താന്‍ ആര്‍ക്കുമാകില്ല; കോണ്‍ഗ്രസില്‍ പുതിയൊരു ശക്തികേന്ദ്രമാവുകയാണോ തരൂര്‍ ?-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ശശി തരൂര്‍ ഇനിയെന്തു ചെയ്യും ? കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശശി തരൂരിനു മുന്നില്‍ തെളിയുന്ന വഴികളേതൊക്കെ ? കോണ്‍ഗ്രസില്‍ പുതിയൊരു ശക്തികേന്ദ്രമാവുകയാണോ ഡോ. ശശി തരൂര്‍ ?

ആകെ പോള്‍ ചെയ്ത 9385 വോട്ടില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 7897 വോട്ടു നേടി വിജയിച്ചു. 1072 വോട്ടു നേടിയ ഡോ. ശശി തരൂര്‍ വ്യക്തമായി തന്‍റെ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലുണ്ടാക്കിയ ചലനം ചെറുതല്ല. പാര്‍ട്ടിയിലെ കുടുംബാധിപത്യത്തിനും നേതൃത്വത്തിന്‍റെ പ്രവര്‍ത്തന രീതിക്കുമെതിരെ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇന്ത്യയൊട്ടാകെയുണ്ടെന്നതിന്‍റെ തെളിവുതന്നെയാണ് ശശി തരൂരിനു കിട്ടിയ പിന്തുണ. കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ തരൂരിനു കിട്ടുന്ന ജനപിന്തുണ വേറെ. അതിലുമപ്പുറമാണ് ഇന്ത്യയൊട്ടാകെ പൊതുജനങ്ങളുടെയിടയില്‍ ശശി തരൂര്‍ നേടിയെടുത്ത അംഗീകാരവും സ്വീകാര്യതയും.


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇപ്പോഴും നെഹ്റു കുടുംബത്തിന്‍റെ കൈകള്‍ക്കുള്ളില്‍ത്തന്നെയാണെന്നും ഈ തെരഞ്ഞെടുപ്പു വിളിച്ചു പറയുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്കു കിട്ടിയ മഹാഭൂരിപക്ഷം തെളിയിക്കുന്നത് ഇക്കാര്യമാണ്.


സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രത്യക്ഷമായി നിഷ്പക്ഷത പാലിച്ച് പ്രചാരണത്തില്‍ നിന്നു ദൂരെ മാറി നിന്നുവെങ്കിലും ഹൈക്കമാന്‍റും അതിനെ ചുറ്റിനില്‍ക്കുന്ന നേതാക്കളും ഖാര്‍ഗേയ്ക്കു വേണ്ടി ഏറെ പണിപ്പെട്ടു. ഖാര്‍ഗെ തന്നെയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന കാര്യം അവര്‍ വോട്ടര്‍മാരെ കൃത്യമായിത്തന്നെ അറിയിക്കുകയും ചെയ്തു. ഇനി മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ്.

publive-image

നെഹ്റു കുടുംബത്തിനു പുറത്തു നിന്ന് ഒരു നേതാവ് പാര്‍ട്ടി പ്രസിഡന്‍റാവുകയാണ്. സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും ഒരു തരത്തിലുള്ള ഏറ്റുമുട്ടലിനും ഖാര്‍ഗെ ഒരുങ്ങുകയില്ലെന്നുറപ്പാണ്. പക്ഷെ ഇന്നത്തെ രാഷ്ട്രീയം ഉന്നയിക്കുന്ന ചോദ്യം ഇതല്ല. രാജ്യത്തെ പ്രതിപക്ഷ കക്ഷികളെയെല്ലാം കൂട്ടുപിടിച്ച് ഒരു പ്രതിപക്ഷനിര കെട്ടി ഉയര്‍ത്താന്‍ ഖാര്‍ഗേയ്ക്കു കഴിയുമോ എന്നതുതന്നെയാണു ചോദ്യം.


യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് അതിനു ശക്തിയുണ്ട്. പക്ഷെ അതിന്‍റെ പ്രശ്നം നേതാക്കളില്ല എന്നതാണ്.


സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ആം ആത്മി പാര്‍ട്ടി എന്നിങ്ങനെയുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസില്ലാത്ത പ്രതിപക്ഷ നിരയേപ്പറ്റി ആലോചിക്കുന്ന ഘട്ടമാണിത്. ഖാര്‍ഗെ വിചാരിച്ചാല്‍ എത്ര പ്രതിപക്ഷ നേതാക്കള്‍ വരും ? ഒന്നും രണ്ടും യു.പി.എയുടെ പാരമ്പര്യം തിരിച്ചു കൊണ്ടുവരാന്‍ ഖാര്‍ഗേയ്ക്ക് എത്രകണ്ടു കഴിയും ?

1072 വോട്ടു നേടി തിളക്കമാര്‍ന്ന നേട്ടം കൈയിലൊതുക്കിയിരിക്കുകയാണ് ശശി തരൂര്‍. 2000 -ാമാണ്ടില്‍ സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്ര പ്രസാദേയ്ക്ക് നൂറു വോട്ടു തികയ്ക്കാനായില്ലെന്ന കാര്യം ഓര്‍ക്കണം. നെഹ്റു കുടുംബത്തിനും ഹൈക്കമാന്‍റിനുമെതിരെ നില്‍ക്കുന്ന 1072 പേര്‍ കോണ്‍ഗ്രസിലുണ്ടെന്ന് ശശി തരൂര്‍ തെളിയിച്ചിരിക്കുകയാണ്.

ഇതുവരെ നേതൃത്വത്തോട് ഇടഞ്ഞു നിന്നിരുന്ന ഗ്രൂപ്പ് - 23 നേതാക്കളും ഒടുവില്‍ ഹൈക്കമാന്‍റിനോടു ചേരുകയായിരുന്നു. എങ്കിലും അവരുടെയും മുന്നിലെത്തിയിരിക്കുന്നു ശശി തരൂര്‍. ജനപിന്തുണ തെല്ലുമില്ലാത്ത നേതാക്കളായിരുന്നു ഇവരെന്നാണ് ഹൈക്കമാന്‍റ് പ്രതിനിധികളൊക്കെയും പ്രചരിപ്പിച്ചിരുന്നത്. പക്ഷെ അവരിലൊരാളായിരുന്ന ശശി തരൂര്‍ ഇതാ ഇന്ത്യയൊട്ടാകെ തനിക്കു ജനപിന്തുണയുണ്ടെന്നു തെളിയിച്ചിരിക്കുന്നു. അതാണ് ഇനി തരൂരിന്‍റെ ശക്തിയും ബലവും.


ശശി തരൂരിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വന്തം പ്രസക്തി തെളിയിക്കാനായിരിക്കുന്നു. കോണ്‍ഗ്രസിനുള്ളില്‍ നിന്നുകൊണ്ട് അങ്ങനെയൊരു പ്രസക്തി നേടുക എളുപ്പമല്ല.


നേതൃത്വത്തെ വെല്ലുവിളിച്ചായാലും മത്സരിക്കുക എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനുള്ള മനസാണ് തരൂരിനെ ഈ നിലയിലെത്തിച്ചത്.

ഇനിയിപ്പോള്‍ ശശി തരൂരിനെ കോണ്‍ഗ്രസിനുള്ളില്‍ മൂലയ്ക്കിരുത്താന്‍ ആര്‍ക്കും കഴിയില്ല. അങ്ങനെയൊരു ചിന്ത നേതൃത്വത്തിനുണ്ടാവില്ല എങ്കിലും നേതൃത്വത്തിനു ചുറ്റും നില്‍ക്കുന്ന ഉപഗ്രഹങ്ങള്‍ക്ക് തരൂര്‍ അത്ര പ്രിയങ്കരനല്ല തന്നെ. ഈ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയൊട്ടാകെ വളര്‍ന്ന ശശി തരൂരിനെ ഉള്‍ക്കൊള്ളാതിരിക്കാന്‍ ആര്‍ക്കും ആവുകയുമില്ല എന്നതാണു വസ്തുത.

അതുകൊണ്ടുതന്നെ ശശി തരൂര്‍ കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കും. തരൂരിനെ എങ്ങനെ ഉപയോഗിക്കണമെന്ന കാര്യം ഹൈക്കമാന്‍റിനു തീരുമാനിക്കാം.

Advertisment