കോവിഡ് പ്രതിസന്ധി സാമ്പത്തിക മേഖലയെ തകര്‍ത്തുകൊണ്ടിരുന്നപ്പോഴായിരുന്നു ബോറിസ് ജോണ്‍സണ്‍ യുകെ പ്രധാനമന്ത്രിയായത്; ധനകാര്യമന്ത്രിയായി നിയോഗിക്കപ്പെട്ട റിഷി സുനക് കോവിഡ് തകര്‍ത്ത ബിസിനസ് സംരംഭങ്ങളെ കരകയറ്റാന്‍ ഏറെ അധ്വാനിച്ചു; ചുരുങ്ങിയ കാലംകൊണ്ട് പ്രഗത്ഭനായ ധനകാര്യ മന്ത്രി എന്ന പേരും സ്വന്തമാക്കി; ലോകത്തിലെ തന്നെ ഫൈനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ പയറ്റിത്തെളിഞ്ഞയാളാണ്‌ റിഷി! പ്രധാനമന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹത്തിന്‌ ബ്രിട്ടനെ പുതിയ ദിശയിലേയ്ക്കു നയിക്കാനാകുമോ?- മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നതായിരുന്നു ഒരു കാലത്ത് ബ്രിട്ടന്‍റെ പെരുമ. ഇന്നിപ്പോള്‍ പഴയ പെരുമയൊന്നും ബ്രിട്ടന് അവകാശപ്പെടാനില്ല. എങ്കിലും ഇന്നിപ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് അതി സമ്പന്നനായൊരു പ്രധാനമന്ത്രിയെ കിട്ടിയിരിക്കുന്നു - റിഷി സുനക്. 42 വയസ് മാത്രം പ്രായമുള്ള സാമ്പത്തിക വിദഗ്ദ്ധന്‍.

റിഷി സുനകിനും ഭാര്യ അക്ഷതാ മൂര്‍ത്തിക്കും കൂടി ഏഴുലക്ഷം കോടിയിലേറെ രൂപയുടെ സമ്പാദ്യമുണ്ടെന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇന്ത്യാക്കാരിയാണ് അക്ഷതാ മൂര്‍ത്തി. ലോകത്തിലെ തന്നെ വലിയ ഐ.ടി സ്ഥാപനങ്ങളിലൊന്നായ ഇന്‍ഫോസിസിന്‍റെ സ്ഥാപകന്‍ എന്‍. ആര്‍. നാരായണ മൂര്‍ത്തിയുടെ മകള്‍. ഇന്‍ഫോസിസിന്‍റെ ഓഹരികളില്‍ വളരെ ചെറിയ ഒരു ഭാഗമേ അക്ഷതയ്ക്കുള്ളു. അതുതന്നെ ശതകോടികള്‍ വരും.


സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ എം.ബി.എയ്ക്കു പഠിക്കുമ്പോഴാണ് റിഷിയും അക്ഷതയും പരിചയത്തിലായത്. പഠനം കഴിഞ്ഞ് റിഷി ഗോള്‍ഡ് മാന്‍ സാക്സ് എന്ന സ്ഥാപനത്തില്‍ ജോലിക്കു കയറി. വലിയ ധനാഠ്യരുടെ സമ്പാദ്യം ഫലപ്രദമായി നിക്ഷേപിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന മേഖല. അതി സമ്പന്നരുടെ സമ്പാദ്യം കൊണ്ടുള്ള വലിയ കളി. അതില്‍ റിഷി സുനക് വിജയിച്ചു. സ്വന്തം കീശയിലും കാശു നിറഞ്ഞു. റിഷിയും അതി സമ്പന്നനായി.


പണ്ടുകാലത്തെ പൗഢിയും പ്രതാപവുമൊന്നും ഇന്നു ബ്രിട്ടനില്ല. പഴയ ഇംഗ്ലീഷ് സംസ്കാരത്തിനും വലിയ പൈതൃകത്തിനും അവകാശികളാണെങ്കിലും ബ്രിട്ടനിലെ വര്‍ത്തമാനകാലം കടന്നുപോകുന്നത് കനത്ത പ്രതിസന്ധിയിലൂടെയാണ്. സാമ്പത്തിക മേഖല വലിയ പ്രതിസന്ധിയില്‍. ബ്രിട്ടനിലെ സാധാരണക്കാരായ ജനങ്ങളൊക്കെ വളരെ പ്രയാസത്തിലാണ്. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി ലിസ്സ് ട്രസ്സിനു കഴിഞ്ഞില്ല. പ്രധാനമന്ത്രിക്കസേരയില്‍ കയറി ഒരു മാസമായപ്പോഴേയ്ക്ക് മുമ്പിലുയര്‍ന്ന വലിയ വെല്ലുവിളികളെ നേരിടാനാകാതെ ലിസ്സ് ട്രസ്സ് രാജിവച്ചൊഴിഞ്ഞു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പിന്നെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു കണ്ടത് റിഷി സുനകിനെത്തന്നെ. നേരത്തെ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ധനകാര്യമന്ത്രിയായിരുന്നു റിഷി. കോവിഡ് എന്ന മഹാമാരിയുടെ ഭീകരത സാമ്പത്തിക മേഖലയെ മുഴുവന്‍ തകര്‍ത്തുകൊണ്ടിരുന്നപ്പോഴായിരുന്നു ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായത്. ധനകാര്യമന്ത്രിയായി നിയോഗിക്കപ്പെട്ട റിഷി സുനക് കോവിഡ് തകര്‍ത്ത ബിസിനസ് സംരംഭങ്ങളെയും വ്യവസായങ്ങളെയും കരകയറ്റാന്‍ ഏറെ അധ്വാനിച്ചു. അതിനു ഫലവുമുണ്ടായി. ചുരുങ്ങിയ കാലംകൊണ്ട് പ്രഗത്ഭനായ ധനകാര്യ മന്ത്രി എന്ന പേരും റിഷി സ്വന്തമാക്കി.


ഇന്നിപ്പോള്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ബ്രിട്ടീഷുകാര്‍ പരസ്പരം ചോദിക്കുന്നത് ഇത്ര ധനാഠ്യനായ പ്രധാനമന്ത്രിക്കു തങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനാകുമോ എന്നാണ്. അനിയന്ത്രിതമായ രീതിയില്‍ നാണ്യപ്പെരുപ്പം വളരുന്നുമുണ്ട്. ഗുരുതരമായ പ്രശ്നങ്ങളൊന്നും ഫലവത്തായി കൈകാര്യം ചെയ്യാന്‍ റിഷി സുനകിന്‍റെ മുന്‍ഗാമി ലിസ്സ് ട്രസ്സിനും കഴിഞ്ഞില്ല. അനിവാര്യമായ പരാജയവും രാജിയുമായിരുന്നു ഫലം.


പക്ഷെ പുതിയ പ്രധാനമന്ത്രി റിഷി സുനക് സാമ്പത്തിക രംഗത്തു പ്രവര്‍ത്തിച്ചു പരിചയം നേടിയ പ്രഗത്ഭനാണ്. ബ്രിട്ടനിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഫൈനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ പയറ്റിത്തെളിഞ്ഞവന്‍. അതും ഇത്ര ചെറു പ്രായത്തില്‍. എട്ടു വര്‍ഷമേ ആയിട്ടുള്ളു റിഷി രാഷ്ട്രീയത്തിലിറങ്ങിയിട്ട്. ചുരുങ്ങിയ കാലം കൊണ്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തലപ്പത്തെത്തെയിരിക്കുന്നു അദ്ദേഹം.

പ്രധാനമന്ത്രിയെന്ന നിലയ്ക്ക് പലതരം പ്രശ്നങ്ങള്‍ നേരിടുന്ന ബ്രിട്ടനെ പുതിയ ദിശയിലേയ്ക്കു നയിക്കാനാകുമോ എന്നതു തന്നെയാണ് ബ്രിട്ടീഷുകാരുടെ മുന്നിലെ ചോദ്യം. കാശ് കൈയിലുള്ളവനാണ് റിഷി സുനക്. കാശുണ്ടാക്കാന്‍ അറിയാവുന്നവന്‍. ബ്രിട്ടന് ഇന്നു വേണ്ടത് സാമ്പത്തിക രംഗത്തെ വളര്‍ച്ചയാണ്. റിഷി സുനകിന് അതു കഴിയുക തന്നെ ചെയ്യും.

Advertisment