ഇനി ഗുജറാത്ത് തെരഞ്ഞെടുപ്പ്. ബിജെപി തീവ്രഹിന്ദുത്വവാദത്തിന്‍റെ പ്രായോഗികതയ്ക്കു ആദ്യം വേദിയാക്കിയ സംസ്ഥാനമായ ഗുജറാത്ത്. ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണു തെരഞ്ഞെടുപ്പ്. എന്താവും കോണ്‍ഗ്രസിന്‍റെ പരിപാടി ? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ശക്തിയായ വെല്ലുവിളി ഉയര്‍ത്തിയ കോണ്‍ഗ്രസിന് ഇത്തവണ ഭരണം പിടിച്ചെടുക്കാന്‍ കഴിയുമോ ? എന്താകും പുതിയ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തന്ത്രങ്ങള്‍ ?
കൊട്ടിഘോഷിച്ചുതന്നെയാണ് ഖാര്‍ഗെയെ ഹൈക്കമാന്‍റിന്‍റെ പിന്തുണയോടെ പ്രസിഡന്‍റ് പദവിയിലേയ്ക്കുയര്‍ത്തിയത്. നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് ഒരാള്‍ പ്രസിഡന്‍റാവണമെന്ന് രാഹുല്‍ ഗാന്ധി തന്നെയാണു ശഠിച്ചതും. ശശി തരൂരിനെ പിന്തള്ളി ഖാര്‍ഗെ പാര്‍ട്ടി അധ്യക്ഷന്‍റെ കസേരയിലിരുന്നത് സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും അവരോടൊപ്പം നില്‍ക്കുന്ന നേതൃവലയത്തിന്‍റെയും സര്‍വാത്മ പിന്തുണയോടെ. ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്‍റെ ദിവസങ്ങളും അറിയിച്ചു. ഇനി ഗുജറാത്തിനായി തുറന്ന പോരാട്ടം.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പും വളരെ പ്രാധാന്യം തന്നെയാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസ് ഇപ്പോഴും ശക്തമാണെന്നതു തന്നെ കാരണം. പക്ഷെ ഇവിടെയും കോണ്‍ഗ്രസ് സംഘടന തീരെ ദുര്‍ബലം തന്നെയാണ്. സംസ്ഥാനത്തുടനളം കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്. സംഘടനയ്ക്കു യൂണിറ്റുകളുണ്ട്.
ഇതിനിടയ്ക്ക് പട്ടേല്‍ സമുദായ നേതാവായി ഹര്‍ദിക് പട്ടേല്‍ ബി.ജെ.പിയെ വിറപ്പിച്ചുകൊണ്ടു രംഗത്തെത്തിയത്. ഗുജറാത്തിലെ ശക്തമായൊരു സമുദായമാണ് പട്ടേല്‍ സമുദായം. ഇതില്‍നിന്നുയര്‍ന്നു വന്ന യുവ നേതാവെന്ന നിലയ്ക്ക് ഹര്‍ദിക് പട്ടേലിന് വലിയ അംഗീകാരം കിട്ടിയതു പെട്ടെന്നായിരുന്നു. ബി.ജെ.പി ഭരണത്തെ ശക്തമായി എതിര്‍ക്കുന്ന നേതാവെന്ന നിലയില്‍ ഗുജറാത്ത് രാഷ്ട്രീയത്തിലേയ്ക്കു ഹര്‍ദിക് പട്ടേല്‍ വന്നത് ഒരു കൊടുങ്കാറ്റുപോലെ. താമസിയാതെ ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
പക്ഷെ കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും ഹര്‍ദിക് പട്ടേലിനെ അംഗീകരിക്കാനായില്ല. അടുത്ത കാലത്ത് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്കു പോയി. കോണ്‍ഗ്രസിന് സമര്‍ത്ഥനായ ഒരു യുവനേതാവും പട്ടേല്‍ സമുദായത്തിന്‍റെ അനിവാര്യമായ പിന്തുണയും ഒറ്റയടിക്കു നഷ്ടമായി. രണ്ടും ബി.ജെ.പിക്കു നേട്ടവുമായി.
കോണ്‍ഗ്രസിനും ബി.ജെ.പിക്കും കനത്ത വെല്ലുവിളി ഉയര്‍ത്തി ആം ആത്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്റിവാള്‍ കളത്തിലിറങ്ങിക്കഴിഞ്ഞു. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വവാദത്തെ നേര്‍ക്കു നേര്‍ നിന്നെതിര്‍ക്കാന്‍ അതിതീവ്ര ഹിന്ദുത്വ വാദവുമായാണ് കെജ്റിവാളിന്‍റെ വരവ്. ഇന്ത്യന്‍ കറന്‍സി നോട്ടിന്മേല്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ മഹാലക്ഷ്മിയുടെയും ഗണേശന്‍റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്യണമെന്ന ആവശ്യമുന്നയിച്ച് കെജ്റിവാള്‍ ഗുജറാത്തില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. രാജ്യത്ത് സമ്പത്തും ഐശ്വര്യവും ഉണ്ടാവണമെങ്കില്‍ ദൈവങ്ങളുടെ ചിത്രം കറന്‍സി നോട്ടില്‍ ആലേഖനം ചെയ്യണമെന്ന കെജ്റിവാളിന്‍റെ ആവേശം സംഘപരിവാറിനെപ്പോലും ഞെട്ടിച്ചിരിക്കുന്നു.
ഏക വ്യക്തിനിയമം നടപ്പാക്കുന്നതു സംബന്ധിച്ച് ബി.ജെ.പിയുടെ നയം വെറും കാപട്യമാണെന്നും കെജ്റിവാള്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ നരേന്ദ്ര മോദിക്കു വാചകക്കസര്‍ത്ത് നടത്താനല്ലാതെ ഒന്നും ചെയ്യാനായിട്ടില്ലെന്നാണ് അദ്ദേഹം ആക്ഷേപിക്കുന്നത്. അതിതീവ്ര ഹിന്ദുത്വ നിലപാടുകള്‍ ഉറക്കെ പറഞ്ഞുതന്നെ കെജ്റിവാള്‍ പ്രചാരണ പര്യടനത്തിനു തുടക്കം കുറിച്ചു കഴിഞ്ഞു. ഗുജറാത്ത് ഭരണം തന്നെയാണ് കെജ്റിവാളിന്‍റെ ലക്ഷ്യം. പിന്നാലേ ഡല്‍ഹി ഭരണവും.
കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞാണ് ആം ആത്മി പാര്‍ട്ടി ഡല്‍ഹി ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പഞ്ചാബും ആം ആത്മി പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ കൈയില്‍ നിന്നു പിടിച്ചെടുത്തു. ഇവിടെയൊക്കെ കെജ്റിവാള്‍ പരീക്ഷിച്ചത് സുതാര്യമായ ഭരണവും ഭരണ മികവുമാണ്. ഡല്‍ഹിയില്‍ വിദ്യാഭ്യാസ രംഗം ആകെ പരിഷ്കരിച്ചു കെജ്റിവാള്‍. വെള്ളം, വൈദ്യുതി തുടങ്ങിയ ജനങ്ങളുടെ ആവശ്യങ്ങളില്‍ ഡല്‍ഹി സര്‍ക്കാര്‍ ശ്രദ്ധവെച്ചു. ജനങ്ങള്‍ക്ക് വലിയ സൗജന്യങ്ങള്‍ നല്‍കി. സ്ത്രീകള്‍ക്ക് കരുതലും സംരക്ഷണവും ഉറപ്പാക്കി. ജനങ്ങള്‍ കെജ്റിവാളിനൊപ്പം നിന്നു.
പഞ്ചാബിലും കെജ്റിവാള്‍ നല്ല ഭരണം വാഗ്ദാനം ചെയ്തു. മണ്ടത്തരങ്ങള്‍ മാത്രം കാണിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസിനെ കൈവിട്ട് ജനങ്ങള്‍ കെജ്റിവാളിനു പിന്നില്‍ അണി നിരന്നു. പഞ്ചാബിലും കോണ്‍ഗ്രസിനെ തോല്‍പിച്ച് ആം ആത്മി പാര്‍ട്ടി അധികാരം പിടിച്ചു.
ഇനിയിതാ ഗുജറാത്ത്. 2001 മുതല്‍ 2014 വരെ നരേന്ദ്രമോദി ഭരിച്ചു വിജയിച്ച സംസ്ഥാനം. 2014 മുതല്‍ ഡല്‍ഹി ഭരിക്കുന്ന നരേന്ദ്ര മോദി അതീവ ശ്രദ്ധയോടെ കാക്കുന്ന സ്വന്തം സംസ്ഥാനം. ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരെ വെല്ലുവിളി ഉയര്‍ത്തിവരികയാണ് അരവിന്ദ് കെജ്റിവാള്‍. തീവ്ര ഹിന്ദുത്വ വാദത്തിന്‍റെ പരീക്ഷണ ശാലയില്‍ അതിതീവ്ര ഹിന്ദുത്വ സിദ്ധാന്തങ്ങളും തന്ത്രങ്ങളുമായി.
ഇവിടെ കോണ്‍ഗ്രസിന് എന്തു ചെയ്യാനാവും ? തന്ത്രങ്ങളും പ്രചാരണപരിപാടികളുമൊക്കെ നിശ്ചയിക്കുന്നത് പുതിയ പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്. സഹായിക്കാന്‍ കെ.സി വേണുഗോപാലുമുണ്ട്. എന്താവും കോണ്‍ഗ്രസിന്‍റെ പരിപാടി ? ഖാര്‍ഗെ ഇനിയും ഗുജറാത്തിനെപ്പറ്റി ഒന്നും ഉരിയാടിയിട്ടില്ല. ശേഷം കാണാം, ഗുജറാത്തില്‍.