വി.ഡി. സതീശന്റെയും, കെ. സുധാകരന്റെയും നേതൃത്വം കോണ്‍ഗ്രസില്‍ ഉണ്ടാക്കിയ ഉത്സാഹം ചില്ലറയല്ല, തൃക്കാക്കരയിലെ ജയം കോണ്‍ഗ്രസിന് പകര്‍ന്നത് വലിയ ആത്മവിശ്വാസമാണ്; തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫ് നടത്തിയ മുന്നേറ്റം ശ്രദ്ധേയമാണ്; കേരള രാഷ്ട്രീയത്തിന്റെ ദിശ മാറുന്നുവെന്ന സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലം! ഈ മുന്നേറ്റം യു.ഡി.എഫിന് അനിവാര്യവുമാണ്; മുന്നണിയിലെ ഐക്യം ഊട്ടിയുറപ്പിക്കാനായിരിക്കണം ഇനി കോണ്‍ഗ്രസിന്റെ ശ്രമം; വലിയ പോരാട്ടം വരാനിരിക്കുന്നതേയുള്ളൂ-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി നടത്തിയ മുന്നേറ്റം ശ്രദ്ധേയമാണ്. കേരള രാഷ്ട്രീയത്തിന്‍റെ ദിശ മാറുന്നുവെന്നതിന്‍റെ സൂചന തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 29 വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 15 വാര്‍ഡുകളില്‍ വിജയം വരിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി മുന്നേറ്റം കുറിച്ചത്. 12 വാര്‍ഡില്‍ ഇടതു മുന്നണി വിജയിച്ചപ്പോള്‍ ബി.ജെ.പിക്കു കിട്ടിയത് രണ്ടു സീറ്റ് മാത്രം.

ഇടതു ജനാധിപത്യ മുന്നണി പ്രതിനിധീകരിച്ചിരുന്ന ഏഴ് വാര്‍ഡുകളും ബി.ജെ.പിയുടെ കൈയിലിരുന്ന രണ്ടു വാര്‍ഡുകളും ഇക്കുറി യു.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ യു.ഡി.എഫിന്‍റെ കൈയിലിരുന്ന രണ്ടു വാര്‍ഡുകള്‍ ഇടതു മുന്നണി കൈക്കലാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും ഇടതു ജനാധിപത്യ മുന്നണി വലിയ വിജയമാണു കൈവരിച്ചിരുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ ഇടതു മുന്നണി അന്നു തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ മുന്നേറ്റം കേരളത്തിന്‍റെ രാഷ്ട്രീയം ഇടതു ചേര്‍ന്നുതന്നെ നില്‍ക്കുന്നുവെന്ന വ്യക്തമായ സൂചനയും നല്‍കി.


പഞ്ചായത്ത് തലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പൊതുവെ വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും സൗഹൃദങ്ങളും പ്രധാന ഘടകങ്ങളാകുമ്പോള്‍ ജില്ലാ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്‍റെ പൊതു രാഷ്ട്രീയ ചേരിതിരിവു തന്നെയാണു കൂടുതല്‍ തെളിയുക.


2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതു വ്യക്തമാവുകയും ചെയ്തു. 99 സീറ്റ് നേടി ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണത്തുടര്‍ച്ച നേടി വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തു.

2010 -ല്‍ ഗ്രാമപഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും ഇടതുമുന്നണി വന്‍ വിജയം നേടിയപ്പോള്‍ മുന്‍സിപ്പാലിറ്റികളില്‍ ഐക്യജനാധിപത്യ മുന്നണിയാണു മുന്നേറിയത്. ആകെയുള്ള 86 മുന്‍സിപ്പാലിറ്റികളില്‍ 45 എണ്ണം ഐക്യജനാധിപത്യ മുന്നണിക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു.

രണ്ടു തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഐക്യജനാധിപത്യ മുന്നണി ഉപതെരഞ്ഞടുപ്പുകളില്‍ കൈവരിച്ച നേട്ടം കേരള രാഷ്ട്രീയത്തില്‍ വളരെ പ്രധാനം തന്നെയാണ്. രണ്ടു മുന്നണികളും ഏറെകുറെ തുല്യശക്തികളായി പരസ്പരം ഏറ്റുമുട്ടുന്ന പതിവാണ് കേരള രാഷ്ട്രീയത്തിന്‍റെ ഒരു വലിയ പ്രത്യേകത. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആ പതിവു തെറ്റി. ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടി.


പുതിയ നിയമസഭയില്‍ വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായതും കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്‍റായതും യു.ഡി.എഫ് ക്യാമ്പില്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ് സംഘടനയില്‍ ഉണ്ടാക്കിയ ഉത്സാഹം ചില്ലറയല്ല.


ഈ ഉത്സാഹത്തിമിര്‍പ്പിനിടയിലാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പു വന്നത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്‍റെ സ്ഥാനത്ത് അദ്ദേഹത്തിന്‍റെ ഭാര്യ ഉമാ തോമസിനെ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അധികം അധ്വാനിക്കേണ്ടിവന്നില്ല.

തൃക്കാക്കരയില്‍ ഉമാ തോമസ് റിക്കാര്‍ഡു വിജയമാണു നേടിയത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു മുന്നേറ്റം തന്നെയായിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് വി.ഡി സതീശന് ഇരിപ്പുറപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു തൃക്കാക്കര.

സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രതിപക്ഷത്തിനു കഴിയുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം തരംതാണതാണെന്നും മന്ത്രിമാര്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരുന്നില്ലെന്നും സി.പി.എം സംസ്ഥാന സമിതിതന്നെ ചര്‍ച്ചചെയ്ത് സര്‍ക്കാരിനെ അറിയിച്ചുവെന്നതും കേരള രാഷട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കി. ഇതെല്ലാം പ്രതിപക്ഷത്തെ ഏറെ സഹായിക്കുകയും ചെയ്തു. ഇന്നത്തെ സാഹചര്യത്തില്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനുതന്നെയും ഈ മുന്നേറ്റം വളരെ ആവശ്യമാണ്. 2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പു നേരിടാനും ഈ മുന്നേറ്റം യു.ഡി.എഫിനെ സഹായിക്കും.


2019 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 20 സീറ്റില്‍ 19 -ലും ഐക്യജനാധിപത്യ മുന്നണിയാണു വിജയിച്ചതെന്ന കാര്യം ഓര്‍ക്കുകയും വേണം. 2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ വിജയത്തോടെ ഭരണത്തുടര്‍ച്ച നേടുകയായിരുന്നു. രണ്ടു മുന്നണികളും ശക്തമായി നിലയുറപ്പിച്ചു പോരാടുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് ഇവിടെ അല്‍പംപോലും ഇടം കിട്ടുന്നില്ലെന്ന കാര്യവും ശ്രദ്ധിക്കണം.


സംഘടന ശക്തിപ്പെടുത്താനും മുന്നണിയിലെ ഐക്യം ഊട്ടിയുറപ്പിക്കാനുമാണ് കോണ്‍ഗ്രസ് ഇനി ശ്രദ്ധിക്കേണ്ടത്. ഇപ്പോള്‍ കഴിഞ്ഞത് ഒട്ടും നിര്‍ണായകമല്ലാത്ത ഉതപെരഞ്ഞെടുപ്പുകള്‍ മാത്രം. വന്‍ പോരാട്ടം ഇനി വരാനിരിക്കുന്നതേയുള്ളു.

Advertisment