നെഹ്റുവിന്‍റെ ജനാധിപത്യ ബോധത്തെയും മതേതര നിലപാടിനെയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല; അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ശില്‍പ്പിതന്നെയാണ് നെഹ്റു! നെഹ്റുവിന്‍റെ നേട്ടങ്ങള്‍ തമസ്കരിക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴാണ് സുധാകരന്റെ വിവാദ പ്രസ്താവന; നെഹ്റുവിനെതിരെയുള്ള ഒരു പരാമര്‍ശത്തിനോടും യോജിക്കാനാവില്ലെന്നായിരുന്നു സതീശന്‍റെ പ്രതികരണം, മുസ്ലിംലീഗും പ്രതിഷേധത്തിലാണ്; മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെങ്കിലും ലീഗ് ധര്‍മസങ്കടത്തിലാണെന്നു പറയേണ്ടതില്ല-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

പിന്നെയും സുധാകരനു നാക്കുപിഴ. ഇത്തവണ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ച് പറയുമ്പോള്‍. ജവഹര്‍ലാല്‍ നെഹ്റു വര്‍ഗീയ-ഫാസിസ്റ്റ് ശക്തികളോടു സന്ധിചെയ്തുവെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍റെ പ്രസ്താവന.

കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസില്‍ നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തുമ്പോഴാണ് നെഹ്റു വര്‍ഗീയ-ഫാസിസ്റ്റ് ശക്തികളുമായിപ്പോലും സന്ധിചെയ്തുവെന്ന വിവാദ പ്രസ്താവന സുധാകരന്‍ നടത്തിയത്.

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റു ഭാരതീയ ജനസംഘം സ്ഥാപകനേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയെയും മന്ത്രിസഭയിലെടുത്തുവെന്ന സുധാകരന്‍റെ പ്രസ്താവനയാണ് വിവാദമാത്. സുധാകരനെതിരെ പല കേന്ദ്രങ്ങളില്‍നിന്നും ആക്ഷേപമുയര്‍ന്നപ്പോള്‍ അദ്ദേഹം നിരുപാധികം ആ പ്രസ്താവന പിന്‍വലിക്കുകയും മാപ്പു പറയുകയും ചെയ്തു. ഗാന്ധിജിയുടെ ഘാതകരുമായി ഒരുകാലത്തും സന്ധിചെയ്യില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.


ശ്യാമപ്രസാദ് മുഖര്‍ജിയെ സ്വന്തം മന്ത്രിസഭയില്‍ അംഗമാക്കിയതുവഴി, നെഹ്റു വര്‍ഗീയ-ഫാസിസ്റ്റ് ശക്തികളുമായി സന്ധിചെയ്യുകയായിരുന്നുവെന്നാണ് സുധാകരന്‍ പ്രസംഗിച്ചത്. വിവാദമായപ്പോള്‍ നല്‍കിയ വിശദീകരണത്തിലൂടെ അദ്ദേഹം തെറ്റു തിരുത്തുകയും ചെയ്തു. എങ്കിലും ആര്‍.എസ്.എസിന് അനുകൂലമായി മുമ്പും പ്രസ്താവന നടത്തിയിട്ടുള്ള ആളെന്ന നിലയ്ക്ക് ഈ പ്രസംഗത്തിന്‍റെ പേരില്‍ കോലാഹലമുയരുകയായിരുന്നു.


ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജനാധിപത്യ ബോധത്തെയും മതേതര നിലപാടിനെയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നതാണു വസ്തുത. ഹൈന്ദവ വര്‍ഗീയതയ്ക്കെതിരെ എപ്പോഴും ഉറച്ച നിലപാടുതന്നെയാണ് നെഹ്റു സ്വീകരിച്ചിരുന്നത്. ദീര്‍ഘകാലം വിദേശാധിപത്യത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഒന്നുമില്ലായ്മയുടെ ഒരു രാജ്യമായിരുന്നു.

ദാരിദ്ര്യവും പട്ടിണിയുമായിരുന്നു രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം. ഇതു പരിഹരിക്കാന്‍ ഏറെ ക്രിയാത്മകമായ പരിപാടികളാണ് നെഹ്റു ആവിഷ്കരിച്ചത്. ഐ.ഐ.ടി, ഐ.ഐ.എം എന്നിങ്ങനെ വലിയ വിദ്യാഭ്യാസ കേന്ദ്രങ്ങളും ഡി.ആര്‍.ഡി.ഒ പോലെയുള്ള ഗവേഷണ കേന്ദ്രങ്ങളും നെഹ്റു സ്ഥാപിച്ചു. ഒക്കെയും ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍.


ഒരു വശത്ത് രാഷ്ട്രീയമായി വെറുപ്പും വിദ്വേഷവും ഇല്ലാത്ത, മതേതരചിന്തയെ അടിസ്ഥാനമാക്കിയുള്ള ശുദ്ധമായ ജനാധിപത്യരീതി അദ്ദേഹം വളര്‍ത്തിയെടുത്തു. മറുവശത്ത് വലിയ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് ഇന്ത്യയെ പുതിയ വളര്‍ച്ചയിലേയ്ക്കു നയിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ശില്‍പ്പിതന്നെയാണ് നെഹ്റു.


പക്ഷെ നെഹ്റുവിന്‍റെ നേട്ടങ്ങള്‍ തമസ്കരിക്കാനും അദ്ദേഹത്തിന്‍റെ പേര് ഇന്ത്യയുടെ ചരിത്രത്തില്‍ നിന്നുതന്നെ മായിച്ചുകളയാനും സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുധാകരന്‍ നെഹ്റുവിനെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത് എന്ന കാര്യം കാണണം. നെഹ്റുവിനെതിരെയുള്ള ഒരു പരാമര്‍ശത്തിനോടും യോജിക്കാനാവില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രതികരണം. മുസ്ലിംലീഗും പ്രതിഷേധത്തിലാണ്. വ്യാഴാഴ്ച ചേരുന്ന നേതൃയോഗം ഈ വിഷയം ചര്‍ച്ചചെയ്യുന്നുണ്ട്.

മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെങ്കിലും ലീഗ് ധര്‍മസങ്കടത്തിലാണെന്നു പറയേണ്ടതില്ല. പണ്ട് സിണ്ടിക്കേറ്റ് കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ആര്‍.എസ്.എസ് ശാഖകള്‍ക്കു സംരക്ഷണം നല്‍കാന്‍ പ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്നു സുധാകരന്‍ നേരത്തെ നടത്തിയ പ്രസ്താവന ലീഗ് നേതൃത്വത്തെ വളരെയധികം ക്ഷുഭിതരാക്കിയിരുന്നു.

ആര്‍.എസ്.എസുമായോ സംഘപരിവാറുമായോ എന്തെങ്കിലുമൊരു വിട്ടുവീഴ്ച ചെയ്യുന്നത്, അതാരായാലും, ലീഗിനു സഹിക്കില്ല. സുധാകരന്‍റെ പ്രസ്താവന, നാക്കുപിഴവാണെന്നു സമ്മതിച്ചാല്‍ പോലും, ലീഗ് നേതൃത്വത്തെ അതു നൊമ്പരപ്പെടുത്തുകതന്നെ ചെയ്യും.

Advertisment