കെട്ടടങ്ങുമോ സുധാകരന്‍ ഉയര്‍ത്തിവിട്ട ആര്‍.എസ്.എസ് വാദം ? മുസ്ലിം ലീഗ് നേതൃത്വം തല്‍ക്കാലം ശബ്ദമടക്കിയെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പേരില്‍ അടക്കിപ്പിടിച്ച സംസാരവും ചിന്തകളും ഉയരുന്നു. കെ.പി.സി.സിക്കു പുതിയ അധ്യക്ഷന്‍ വേണമെന്നുവരെ അഭിപ്രായം ഉയരുന്നുണ്ട്. ശശി തരൂരിന്‍റെ പാണക്കാട്ടുയാത്രയ്ക്ക് ഈ വിവാദവുമായി എന്തു ബന്ധം ?
ആര്‍.എസ്.എസ് വിവാദം എങ്ങനെയും തണുപ്പിക്കാനാണ് ഹൈക്കമാന്‍റ് ശ്രമിക്കുന്നത്. കേന്ദ്ര നേതൃത്വം തന്നെ പ്രമുഖ മുസ്ലിം ലീഗ് നേതാക്കളെ നേരിട്ടു ഫോണില്‍ വിളിച്ചു സംസാരിച്ചു. ലീഗ് അധ്യക്ഷന്‍ സാദിഖ് അലി തങ്ങളോട് നേതാക്കള്‍ വിശദമായിത്തന്നെ സംസാരിച്ചുവെന്നാണു റിപ്പോര്‍ട്ട്.
എങ്കിലും വിഷയം ആര്‍.എസ്.എസ് ആണെന്നത് ലീഗ് നേതൃത്വത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളോട് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുപോലും സന്ധിചെയ്തുവെന്ന സുധാകരന്‍റെ പ്രസ്താവന ലീഗ് നേതൃത്വത്തെ ഏറെ ഞെട്ടിച്ചിരുന്നു. മുമ്പ് ആര്‍.എസ്.എസ് ശാഖകള്‍ക്കു സംരക്ഷണം കൊടുക്കാന്‍ താന്‍ ആളെ അയച്ചിരുന്നുവെന്ന പ്രസ്താവനയ്ക്കു പിന്നാലെയാണ് നെഹ്റുവിനെക്കുറിച്ചുള്ള പ്രസ്താവന വന്നതെന്നും ഓര്‍ക്കണം.
ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണും കെ.പി.സി.സി അധ്യക്ഷന്‍റെ പ്രസ്താവനയ്ക്കെതിരെ ശക്തമായി പ്രതികരിച്ചു. ഘടകകക്ഷി നേതാക്കളായ പി.ജെ. ജോസഫും സി.പി. ജോണും മിണ്ടാതിരിക്കുന്നത് അവര്‍ക്ക് ഇതേപ്പറ്റി പരാതിയൊന്നും ഇല്ലാത്തതുകൊണ്ടല്ല എന്നും ഓര്‍ക്കണം.
പുതിയ നേതൃത്വത്തിനു കീഴില്‍ കോണ്‍ഗ്രസ് സംഘടനാപരമായി ഒരു തിരിച്ചുവരവിന്‍റെ പാതയില്‍ എത്തിനില്‍ക്കുമ്പോഴാണ് കെ.പി.സി.സി അധ്യക്ഷന്‍റെ ഭാഗത്തുനിന്നുതന്നെ ഇങ്ങനെയുള്ള പ്രസ്താവനകള്‍ വരുന്നതും അത് വലിയ വിവാദമാകുന്നതും. വീഴ്ച കണ്ടയുടനെ തന്നെ അദ്ദേഹം പ്രസ്താവനകള്‍ പിന്‍വലിച്ചുവെങ്കിലും വിവാദത്തിന് കാര്യമായ ശമനം ഉണ്ടായിട്ടില്ല.
പുതിയ പ്രസിഡന്‍റിനെ നിയമിക്കണമെന്നുവരെ കോണ്‍ഗ്രസിനുള്ളില്‍ അടക്കിപ്പിടിച്ച ആവശ്യം ഉയരുന്നുണ്ട്. എ.ഐ.സി.സി അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ഥാനമേറ്റതോടെ കേരളത്തിലും കെ.പി.സി.സി നേതൃത്വത്തില്‍ മാറ്റമുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നു. പക്ഷെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് സുധാകരനെ നീക്കില്ലെന്നുതന്നെയാണ് പിന്നീട് ഹൈക്കമാന്‍റ് വ്യക്തമാക്കിയത്. പക്ഷെ ആര്‍.എസ്.എസ് വിവാദം സുധാകരനെ കുരുക്കിലാക്കുകയായിരുന്നു.
വിവാദമുയര്‍ന്ന ഉടനെ ലീഗ് നേതൃത്വം ശക്തമായ നിലപാടാണു സ്വീകരിച്ചത്. ഹൈക്കമാന്റ് കൂടി ഇടപെട്ടതോടെ ലീഗ് നേതൃത്വം നിലപാടു മയപ്പെടുത്തുകയായിരുന്നു. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഐക്യജനാധിപത്യമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയ്ക്ക് മുന്നണിയില്‍ ലീഗിന്‍റെ നിലപാടിനു വലിയ പ്രസക്തിയുണ്ട്.
മുന്നണിയുടെ കെട്ടുറപ്പു തന്നെ താറുമാറായിരിക്കുകയാണുതാനും. തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണ് മുന്നണിയെ വല്ലാതെ ഉലച്ചത്. സംഘടനയെന്ന നിലയ്ക്ക് ആര്‍.എസ്.പിയെ എങ്ങും കാണാനില്ലെന്ന സ്ഥിതിയാണ്. സി.എം.പിയാണ് അല്പമെങ്കിലും പ്രവര്‍ത്തിച്ച് സമൂഹത്തില്‍ സാന്നിദ്ധ്യമറിയിക്കുന്നത്. അതും പ്രധാനമായും അവരുടെ സഹകരണ സ്ഥാപനങ്ങളിലൂടെ. സി.എം.പി നേതാവ് സി.പി ജോണ്‍ തികഞ്ഞ നിരാശയിലാണെന്നതും വസ്തുത മാത്രം.
ഇതിനിടയ്ക്കാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മലപ്പുറത്തേക്കു തിരിക്കുന്നത്. പാണക്കാട്ടെത്തി ലീഗ് നേതൃത്വവുമായി സംസാരം നടത്തുന്നത്. എ.ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ട ശശി തരൂര്‍ അതില്‍പിന്നെ മിണ്ടാതിരിക്കുകയായിരുന്നു. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ തരൂരിനെ താരപ്രചാരകരുടെ ലിസ്റ്റില്‍ ചേര്‍ത്തുമില്ല.
തരൂരിന് അല്‍പ്പംപോലും ഇടം കൊടുക്കാതിരിക്കാന്‍ ഹൈക്കമാന്‍റ് എല്ലാ ജാഗ്രതയും പുലര്‍ത്തിക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം പാണക്കാട്ടേക്കു പോകുന്നതെന്നതു വളരെ പ്രധാനം തന്നെ. സുധാകരനുണ്ടാക്കിയ ആര്‍.എസ്.എസ് വിവാദം ശമിപ്പിക്കാനാണോ ശശി തരൂരിന്‍റെ യാത്ര ? അതോ ലീഗ് നേതൃത്വവുമായി തന്ത്രപ്രധാനമായ ചില ചര്‍ച്ചകള്‍ നടത്താനോ ?
സാധാരണ കോണ്‍ഗ്രസിന്‍റെ സംഘടനാ കാര്യങ്ങളില്‍പോലും ഇടപെടാത്ത നേതാവാണ് ശശി തരൂര്‍. വളരെ ശ്രദ്ധയെടെ തരൂര്‍ ഇടപെടുന്ന വേദി ലോക്സഭയാണ്. അവിടെ വളരെ ശക്തിയായിത്തന്നെ ഇടപെടുന്നുമുണ്ട് അദ്ദേഹം. വളരെ ദുര്‍ബലമായ കോണ്‍ഗ്രസ് ലോക്സഭാ കക്ഷിയില്‍ ഏറ്റവും ശക്തമായി രാഷ്ട്രീയം പറയുന്ന നേതാവാണ് ശശി തരൂര്‍. പക്ഷെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശശി തരൂരിനെ വേണ്ട. ഇക്കാര്യം തരൂരും മനസിലാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് തരൂരിന്‍റെ പാണക്കാട്ടുയാത്ര കാണേണ്ടത്. സാദിഖ് അലി തങ്ങള്‍ ലീഗ് അധ്യക്ഷനാത് അടുത്ത കാലത്താണ്. തരൂരാകട്ടെ, എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ടയാളും. ഇതുവരെ സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലോ മുന്നണി രാഷ്ട്രീയത്തിലോ ഇടപെട്ടിട്ടില്ലാത്ത ശശി തരൂര്‍ ഇപ്പോഴെന്തിന് പാണക്കാട്ടെത്തുന്നു ? ചോദ്യങ്ങള്‍ ഉയരുകയാണ്.