Advertisment

കേരള രാഷ്ട്രീയത്തില്‍ പുതിയൊരു രാഷ്ട്രീയ ശക്തികേന്ദ്രമായി ഉയരുകയാണ് തരൂര്‍; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആഘോഷിക്കാനും മുദ്രാവാക്യം വിളിച്ചുകൊണ്ടു നടക്കാനും പുതിയൊരു നേതാവിനെ കിട്ടിയിരിക്കുന്നു! മുസ്ലീം ലീഗ് നേതൃത്വവുമായി തരൂര്‍ ഇനി നടത്താന്‍ പോകുന്ന സുപ്രധാന കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്‌; വളരെ സംഭവബഹുലമാവുകയാണ് യു.ഡി.എഫ് രാഷ്ട്രീയം; പുതിയ കേന്ദ്രബിന്ദുവായി ശശി തരൂരും - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

മലബാര്‍ പര്യടനത്തിലാണ് ശശി തരൂര്‍. ജനങ്ങളെയും പ്രവര്‍ത്തകരെയും കണ്ട്, പ്രാദേശിക നേതാക്കളോടു സംസാരിച്ച്, സമുദായ നേതാക്കളുമായി സംവദിച്ച്, അവരോടൊപ്പം അത്താഴമുണ്ട്, ശശി തരൂര്‍ കേരള പര്യടനം തുടങ്ങിയിരിക്കുന്നു. കേരള രാഷ്ട്രീയത്തില്‍ പുതിയൊരു രാഷ്ട്രീയ ശക്തികേന്ദ്രമായി ഉയരുകയാണ് തരൂര്‍. അതിന്‍റെ തുടക്കം കുറിച്ച് ഒരശ്വമേധം.

മുതിര്‍ന്ന നേതാക്കളില്‍ പലരും വിലക്കാന്‍ നോക്കിയിട്ടും ഫലിച്ചില്ല. കോഴിക്കോട് ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിക്ക് കോണ്‍ഗ്രസ് നേതൃത്വം വിലക്കു കല്‍പ്പിച്ചെങ്കിലും പരിപാടി അതേ സ്ഥലത്ത് നേരത്തേ നിശ്ചയിച്ചിരുന്നതിലും ഗംഭീരമായി നടന്നു. തരൂര്‍ അതേ വേദിയില്‍ പ്രസംഗിച്ചു.

ജവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ എന്നൊരു സംഘടനയുടെ പേരില്‍ പരിപാടി സംഘടിപ്പിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ പങ്കെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആഘോഷിക്കാനും മുദ്രാവാക്യം വിളിച്ചുകൊണ്ടു നടക്കാനും പുതിയൊരു നേതാവിനെ കിട്ടിയിരിക്കുന്നു.


പരിപാടി മാറ്റി വയ്ക്കാന്‍ കര്‍ശനമായ നിര്‍ദേശമാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു കിട്ടിയത്. ഹൈക്കമാന്‍റിലെ പ്രധാന നേതാക്കളും സംസ്ഥാന നേതാക്കളുമൊക്കെയായിരുന്നു പിന്നില്‍. വിലക്കു ലംഘിച്ചു പരിപാടി നടത്തിയാല്‍ ജില്ലാ ഘടകം അപ്പാടേ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. ആര്‍ക്കും ഒരു കൂസലുമുണ്ടായില്ല. പ്രവര്‍ത്തകര്‍ക്കും ശശി തരൂരിനും. കോഴിക്കോട് എം.പി എം.കെ രാഘവന്‍ തരൂരിനൊപ്പം തന്നെ നിന്നു. യോഗത്തില്‍ പങ്കെടുക്കാനും തരൂരിന് സിന്ദാബാദ് വിളിക്കാനും പ്രവര്‍ത്തകര്‍ക്ക് വലിയ ഉത്സാഹം.


കോഴിക്കോട് അമലാപുരി സി.എം.ഐ പ്രൊവിന്‍ഷ്യാള്‍ ഹൗസില്‍ താമരശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയുമായി തരൂര്‍ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് തരൂരിന്‍റെ പ്രധാന കൂടിക്കാഴ്ച. അത് പാണക്കാട്ടാണ്. മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി. ഒപ്പം പി.കെ കുഞ്ഞാലിക്കുട്ടിയും ലീഗിന്‍റെ പ്രമുഖ നേതാക്കളുമുണ്ടാകും.

എന്താകും മുസ്ലിംലീഗുമായി ശശി തരൂര്‍ സംസാരിക്കുക ? രാഷ്ട്രീയക്കാര്‍ സംസാരിക്കുമ്പോള്‍ സ്വാഭാവികമായും വിഷയം രാഷ്ട്രീയം തന്നെയായിരിക്കും. അതെ, കേരള രാഷ്ട്രീയം തന്നെ. കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും കേരളത്തിലുണ്ടായിരിക്കെ, ഡല്‍ഹിയില്‍ നിന്നു കേരളത്തിലെത്തി പാണക്കാട്ട് സാദിഖലി തങ്ങളുമായി ശശി തരൂര്‍ രാഷട്രീയ ചര്‍ച്ച നടത്തണമെങ്കില്‍, അതിനു വലിയ രാഷ്ട്രീയ കാരണങ്ങളുണ്ടാകും, തീര്‍ച്ച.


രണ്ടു തവണ പരാജയം ഏറ്റുവാങ്ങിയ ഐക്യജനാധിപത്യ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ഇന്ത്യന്‍ യുണിയന്‍ മുസ്ലിംലീഗിന് പരിഭവങ്ങളും പരാതികളും ഏറെയുണ്ട്. പക്ഷെ കോണ്‍ഗ്രസ് നേതൃത്വം ഒന്നും കേള്‍ക്കുന്നില്ല.


കേട്ടെങ്കിലും ഒന്നും ചെയ്യുന്നില്ല. കെ.പി.സി.സി അധ്യക്ഷന്‍റെ ആര്‍.എസ്.എസ് അനുകൂല പരാമര്‍ശങ്ങള്‍ ലീഗിനെ വളരെ മുറിവേല്‍പ്പിച്ചതാണ്. എങ്കിലും ലീഗ് തണുത്തു. പക്ഷെ അധികാരത്തിന്‍റെ തണലില്ലാതെ ലീഗ് എത്രകാലം ഇങ്ങനെ പൊരിവെയിലത്ത് നില്‍ക്കും ? അതാണു ലീഗിന്‍റെ പ്രശ്നം. കോണ്‍ഗ്രസ് ഇപ്പോഴും ദുര്‍ബലമാണ്. ഇടയ്ക്ക് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി. ഈയിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മുന്നേറ്റം കുറിച്ചു. ഇത് കണ്ട് കാത്തിരിക്കാനാകുമോ ലീഗിന് ?

കോണ്‍ഗ്രസ് മാത്രമല്ല ദുര്‍ബലം. ഘടകകക്ഷികളും വലിയ ക്ഷീണത്തിലാണ്. ജോസഫ് ഗ്രൂപ്പ് കേരളാ കോണ്‍ഗ്രസ്, ആര്‍.എസ്.പി, സി.എം.പി എന്നീ കക്ഷികളൊന്നും മുന്നണി പ്രവര്‍ത്തനത്തില്‍ തൃപ്തരല്ല.

അപ്പോള്‍പ്പിന്നെ മുസ്ലിംലീഗിന് എന്തു ചെയ്യാനാകും ? മുന്നണിയുടെ കെട്ടുറപ്പിനു വേണ്ടി പണിയെടുക്കേണ്ടത് നേതൃപാര്‍ട്ടിയായ കോണ്‍ഗ്രസ് തന്നെയാണ്. പക്ഷെ കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ല. ലീഗിന് എന്തെങ്കിലും ചെയ്യാനാകുമോ ? കോണ്‍ഗ്രസില്‍ എന്തെങ്കിലും ചെയ്യാന്‍ ശശി തരൂരിനു കഴിയുമോ ?


അതെ. ലീഗും ആലോചിക്കുകയാകും. പുതിയ തന്ത്രങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുകയുമാകാം. അതില്‍ മുന്നോട്ടു പോകാനുള്ള പുതിയ വഴികളെക്കുറിച്ചും ആലോചനയുണ്ടാകാം. 2024 -ല്‍ ലോക്സഭാ തെരഞ്ഞെടുപ്പുവരും. പിന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പും തൊട്ടു പിന്നാലേ നിയമസഭാ തെരഞ്ഞെടുപ്പും.


ശശി തരൂര്‍ മനസില്‍ കാണുന്നതും ലീഗ് നേതൃത്വം മുന്നില്‍ കാണുന്നതും ഒരു കാര്യം തന്നെയാണോ എന്നതാണ് ഇന്നു രാഷ്ട്രീയ കേരളത്തിന്‍റെ സംശയം. തരൂരിന് കോണ്‍ഗ്രസില്‍ പിന്തുണ ഏറി വരികയാണ്. കോഴിക്കോട്ടും വയനാട്ടിലുമെല്ലാം എം.കെ രാഘവന്‍ ഒപ്പം തന്നെയുണ്ട്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ. ശബരീനാഥന്‍ തരൂരിനൊപ്പം തന്നെയുണ്ട്. കെ. മുരളീധരന്‍ തരൂരിനു പിന്തുണ പ്രഖ്യാപിച്ച് ഇറങ്ങിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് തരൂര്‍ മുസ്ലീംലീഗ് നേതൃത്വവുമായി പാണക്കാട്ട് ചര്‍ച്ച നടത്തുന്നത്. അത് വളരെ പ്രധാനം തന്നെയാണ്.

യു.ഡി.എഫ് രാഷ്ട്രീയം വളരെ സംഭവബഹുലമാവുകയാണ്. ശശി തരൂര്‍ തന്നെയാണ് പുതിയ കേന്ദ്രബിന്ദു. കോണ്‍ഗ്രസ് കാരും ശശി തരൂരിനെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. തരൂര്‍ അഴിച്ചുവിടുന്ന കുതിരയെ പിടിച്ചുകെട്ടാന്‍ ഇവിടെ കോണ്‍ഗ്രസില്‍ ആരുണ്ട് ?

Advertisment