Advertisment

തരൂരിനെതിരെ സതീശന്‍ വാളെടുത്തിരിക്കുന്നു; തരൂര്‍ കാണിക്കുന്നത് വിഭാഗീയതയും സമാന്തര പ്രവര്‍ത്തനവുമാണെന്നാണ് ആരോപണം; തരൂരിന്‍റെ മലബാര്‍ പര്യടനം പ്രതീക്ഷിച്ചതിലും വലിയ വിജയമായെന്ന് ഇതിലൂടെ തന്നെ വ്യക്തം! തരൂരിനു കിട്ടുന്ന വലിയ സ്വീകരണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ സ്വസ്ഥത കെടുത്തുന്നു; വിവിധ സമുദായങ്ങളും അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നു; പ്രവര്‍ത്തകര്‍ക്കും ആവേശം; പക്ഷെ ഇങ്ങനെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു നേതാവിനെ തങ്ങള്‍ക്കു വേണ്ട എന്നതാണ് നേതാക്കളുടെ നിലപാട്- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ശശി തരൂരിനെതിരെ വാളെടുത്തിരിക്കുന്നു വി.ഡി സതീശന്‍. ശശി തരൂര്‍ കാണിക്കുന്നത് വിഭാഗീയതയും സമാന്തര പ്രവര്‍ത്തനവുമാണെന്നാണ് വി.ഡി സതീശന്‍റെ ആരോപണം. ഈ നേതൃത്വം അധികാരസ്ഥാനത്തിരിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിഭാഗീയ-സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു സതീശന്‍.

ചൊവ്വാഴ്ച ശശി തരൂരിന്‍റെ പാണക്കാട്ടു സന്ദര്‍ശനത്തെ തുടര്‍ന്നാണ് വി.ഡി സതീശന്‍ പത്രസമ്മേളനം നടത്തി തരൂരിനെതിരെ ആഞ്ഞടിച്ചത്. തരൂരിന്‍റെ നീക്കങ്ങള്‍ക്കു വലിയ പ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങളെയും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും സതീശന്‍റെ കുറ്റപ്പെടുത്തല്‍.


ഇതുകേട്ട് ശശി തരൂരിന് ഒരു കൂസലുമില്ല. വിഭാഗീയതയും സമാന്തര പാര്‍ട്ടി പ്രവര്‍ത്തനവുമൊന്നും നടത്തിയിട്ടില്ലെന്ന് തരൂരിന്‍റെ വാക്കുകള്‍. ഗ്രൂപ്പ് പ്രവര്‍ത്തനം തന്‍റെ വഴിയല്ലെന്നും ശശി തരൂര്‍ ഉറപ്പിച്ചു പറയുന്നു.


തരൂരിന്‍റെ മലബാര്‍ പര്യടനം പ്രതീക്ഷിച്ചതിലും വലിയ വിജയമായെന്നുതന്നെയാണ് സതീശന്‍റെ രൂക്ഷമായ പ്രതികരണം ചൂണ്ടിക്കാട്ടുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ചൊവ്വാഴ്ച ഒന്നും പറഞ്ഞതുമില്ല. പാണക്കാട്ട് ലീഗ് നേതാക്കളെ കണ്ടു സംസാരിച്ച തരൂരിന് മലപ്പുറത്ത് വേറെയും പരിപാടികളുണ്ടായിരുന്നു. ലീഗ് നേതാവും എം.എല്‍.എയുമായ നജീബ് കാന്തപുരത്തിന്‍റെ ഒരു സ്ഥാപനം ഉല്‍ഘാടനം ചെയ്ത തരൂര്‍ മലപ്പുറം ഡി.സി.സി ഓഫീസ് സന്ദര്‍ശിക്കുകയും ചെയ്തു. ഡി.സി.സി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് നല്‍കിയത്.

എവിടെ ചെന്നാലും തരൂരിനു കിട്ടുന്ന വലിയ സ്വീകരണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ സ്വസ്ഥത കെടുത്തുന്നുണ്ട്. വിവിധ സമുദായങ്ങളും അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നു. കഴിഞ്ഞ ദിവസം താമരശേരിയില്‍ കത്തോലിക്കാ സഭാ നേതൃത്വവുമായി അദ്ദേഹം സംസാരിച്ചു. പെരുന്നയില്‍ എന്‍.എസ്.എസിന്‍റെ ഒരു ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരിക്കുന്നു. എല്ലായിടത്തും ഒരു വലിയ നേതാവിനു കിട്ടുന്ന സ്വീകരണമാണ് തരൂരിനു കിട്ടുന്നത്. തരൂരിനു ചുറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടുന്നത് അങ്ങേയറ്റത്തെ ആവേശത്തോടെ.

പക്ഷെ ഇങ്ങനെ പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന, ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു നേതാവിനെ തങ്ങള്‍ക്കു വേണ്ട എന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ഹൈക്കമാന്‍റിനും നിലപാട് ഇതുതന്നെ. രാഹുല്‍ ഗാന്ധിയെക്കാള്‍ മികച്ച ഒരു നേതാവിനെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിനടുത്തെങ്ങും അടുപ്പിക്കാന്‍ ഡല്‍ഹിയിലെ നേതാക്കളാരും തയ്യാറല്ല. രാഹുല്‍ ഗാന്ധിയുടെ ചുറ്റുമുള്ള നേതാക്കള്‍ ശശി തരൂരിനെ ഒതുക്കികെട്ടാനുള്ള പുറപ്പാടിലാണ്.

എ.ഐ.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശശി തരൂരിനെ തോല്‍പ്പിക്കാന്‍ നടത്തിയ ശ്രമം തന്നെ ഉദാഹരണം. തരൂരിനെതിരെ കൊണ്ടുപിടിച്ച പ്രചാരണമാണു നടത്തിയത്. പരമാവധി വോട്ടു കുറയ്ക്കാന്‍ തന്നെയായിരുന്നു ശ്രമം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടു പരാജയപ്പെട്ടെങ്കിലും തരൂരിന്‍റെ പരാജയത്തിനു വലിയ തിളക്കമായിരുന്നു.

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരകനായി തരൂരിനെ നിയോഗിക്കാനും ഹൈക്കമാന്‍റ് തയ്യാറായില്ല. പ്രസിഡന്‍റ് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പോടെ ഏറെ പ്രസിദ്ധി നേടിയ തരൂരിനെയാണ് ഹൈക്കമാന്‍റ് അവഗണിക്കുന്നതെന്നു കാണണം.


കോണ്‍ഗ്രസിന്‍റെ പരാജയമല്ല, ശശി തരൂരിനെ പരമാവധി അകലെ മാറ്റിനിര്‍ത്തുന്നതിലാണ് ‍ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു താല്‍പ്പര്യമെന്നു വ്യക്തം.


ഈ അവഗണന കണ്ടറിഞ്ഞുതന്നെയാണ് തരൂര്‍ മലബാര്‍ പര്യടനത്തിനിറങ്ങിയത്. ഇവിടെ വന്നപ്പോള്‍ തുറന്ന ശത്രുതയായി. തരൂരിന്‍റെ പരിപാടി സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് കോഴിക്കോടു ജില്ലാ കമ്മിറ്റിക്ക് നേതൃത്വം വിലക്കു പ്രഖ്യാപിച്ചു. ഇപ്പോഴിതാ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വക ശക്തമായ താക്കീതും. ഹൈക്കമാന്‍റിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെയാണു പിന്നില്‍.

കോണ്‍ഗ്രസിന്‍റെ ഇതുവരെയുള്ള ചരിത്രം കടുത്ത ഗ്രൂപ്പ് വൈരത്തിന്‍റെയും പടലപ്പിണക്കത്തിന്‍റെയും ഏറ്റുമുട്ടലിന്‍റെയുമൊക്കെ ചരിത്രമാണ്. മുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനും തമ്മിലുള്ള പോരാട്ടം എന്തുമാത്രം കണ്ടിട്ടുണ്ട് കേരളം ? സ്പീക്കറായിരിക്കെ, വി.എം സുധീരന്‍, നിയമസഭയില്‍ മുഖ്യമന്ത്രി കെ. കരുണാകരനെ ദിവസേനയെന്നവണ്ണം നിര്‍ത്തിപ്പൊരിക്കുന്നതും രാഷ്ട്രീയ കേരളം കണ്ടിട്ടുണ്ട്. എ.കെ ആന്‍റണിയും കരുണാകരനും തമ്മില്‍ നടന്ന യുദ്ധം എത്ര രൂക്ഷമായിരുന്നു.

കരുണാകരന്‍റെ തട്ടകത്തില്‍ത്തന്നെ രൂപമെടുത്ത തിരുത്തല്‍വാദി പ്രസ്ഥാനം, ജി. കാര്‍ത്തികേയന്‍, എം.എ ഷാനവാസ്, ശമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തില്‍ കരുണാകരനെതിരെ നടത്തിയ വന്‍ മുന്നേറ്റം, ഒടുവില്‍ ആന്‍റണി പക്ഷം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ തിരുത്തല്‍വാദികളെ കൂട്ടുപിടിച്ച് കെ. കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നു വലിച്ചു താഴെയിട്ടതും ‍ഡല്‍ഹിയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ പറന്നെത്തിയ എ.കെ ആന്‍റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതും വരെ എത്തിനില്‍ക്കുന്ന കഥകള്‍...

2011 -ല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ അവസാനഘട്ടത്തില്‍ സ്വൈര്യം കെടുത്തിയത് അന്നത്തെ കെ.പി.സി.സി നേതൃത്വമായിരുന്നുവെന്നതും കേരളം മറന്നിട്ടില്ല. നേതൃത്വം കൊടുത്തത് കെ.പി.സി.സി അധ്യഷന്‍ വി.എം സുധീരന്‍. അഴിമതിയുടെ കൂത്തരങ്ങായ ഭരണം മാറിയിരിക്കുന്നുവെന്നാണ് അന്നു പറഞ്ഞത്. 2016 -ലായിരുന്നു അത്.

ഈ നേതൃത്വം പാര്‍ട്ടിയുടെ തലപ്പത്തിരിക്കുമ്പോള്‍ വിഭാഗീയതയും സമാന്തര പാര്‍ട്ടി പ്രവ‍ര്‍ത്തനവും അനുവദിക്കില്ലെന്നാണ് തിങ്കളാഴ്ച കാലത്ത് പ്രതിപക്ഷ നേതാവ് വി.ഡിസതീശന്‍ പറഞ്ഞത്. അതെ. ചൊവ്വാഴ്ച. 2022 നവംബര്‍ 22 -ാം തീയതി.

Advertisment