മെസിയുടെയും നെയ്മറിന്‍റെയും മറ്റും കൂറ്റന്‍ കട്ടൗട്ടുകള്‍ ഗ്രാമങ്ങളി‍ല്‍ ആരാധകര്‍ ആഘോഷത്തോടെ ഉയര്‍ത്തുന്നതും അതു വാര്‍ത്താ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുന്നതും കേരളം കണ്ടതാണ്; അഞ്ചു നേരം പ്രാര്‍ത്ഥിക്കേണ്ട വിശ്വാസി ഫുട്ബോളിലെ താരരാജാക്കന്മാരുടെ പിന്നാലെ പോയാല്‍ പ്രാര്‍ത്ഥന മുടങ്ങില്ലേ എന്നാണ് മതനേതാക്കളുടെ പരിഭ്രാന്തി! മതം വേറെ, കളി വേറെ എന്ന അടിസ്ഥാന ചിന്തയാണ് മത നേതാക്കള്‍ക്കുണ്ടാകേണ്ടത്; ഡോ. മുനീര്‍ പറയുന്നതുപോലെ ജനങ്ങള്‍ എല്ലാം മറന്ന് ഫുട്ബോള്‍ കാണട്ടെ-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ഫുട്ബോള്‍ ലഹരിയായി മാറരുതെന്ന് സമസ്ത നേതൃത്വം. മതവും വിശ്വാസവുമാണു പ്രധാനമെന്നും ഫുട്ബോള്‍ ലഹരി അതിനപ്പുറത്തേക്കു പോകരുതെന്നും ഓര്‍മിപ്പിച്ചുകൊണ്ട് സമസ്ത കേരള  ജമാ അത് ഉല്‍ ഖുത്ബ കമ്മിറ്റി മോസ്കുകളില്‍ വെള്ളിയാഴ്ചത്തെ നമസ്കാരത്തോടനുബന്ധിച്ചു നടത്തുന്ന പ്രസംഗത്തില്‍ പറയാന്‍ തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു. മോസ്കുകളില്‍ പ്രസംഗം നടത്തുന്ന ഖത്തീബുമാരുടെ സംഘടനയാണ് ഖുത്ബാ കമ്മിറ്റി. ഇസ്ലാമിന് നിഷിദ്ധമല്ല ഫുട്ബോള്‍ എങ്കിലും മതപരമായ ചില നിയന്ത്രണങ്ങള്‍ ഫുട്ബോള്‍ കളിക്കും ബാധകമാണെന്ന് കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു.


ഫുട്ബോളിനോടുള്ള ഇഷ്ടവും താല്‍പര്യവും ഒരു ലഹരിയായി മാറരുതെന്നാണ് ഈ കുറിപ്പിന്‍റെ സാരം. ലോകത്തെ മുഴുവന്‍ ഒരു കാല്‍പ്പന്തിന്‍റെ മാസ്മരികമായ ചുറ്റുവട്ടത്തേക്ക് ആകര്‍ഷിക്കുന്ന അത്ഭുതമാണു ലോക ഫുട്ബോള്‍ മത്സരം. ലോകമെങ്ങും ഫുട്ബോള്‍ ആവേശം ആകാശം മുട്ടെ ഉയരുമ്പോള്‍ മുസ്ലിം സമുദായത്തിലെ ഒരു പ്രബല വിഭാഗം ഇത്തരത്തില്‍ വിശ്വാസികള്‍ക്കു വിലക്കോ നിയന്ത്രണമോ കല്‍പ്പിക്കുന്നതു ശരിയോ ?


തങ്ങളുടെ വിശ്വാസികളെ ലക്ഷ്യംവെച്ചു മാത്രമാണ് ആ കുറിപ്പെന്നും അമിതമായ ഫുട്ബോള്‍ പ്രേമവും അതുണ്ടാക്കുന്ന ലഹരിയും ശരിയല്ലെന്നു സൂചിപ്പിക്കുക മാത്രമാണു ചെയ്തതെന്നും സമസ്ത നേതാക്കള്‍ വിശദീകരിക്കുന്നു. പൊതു സമൂഹത്തിനു വേണ്ടിയല്ല ആ നിര്‍ദ്ദേശമെന്നും വിശ്വാസികളുടെ അറിവിലേക്കു നല്‍കിയ ഒരു സന്ദേശം മാത്രമാണതെന്നും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

ഇതിന് വ്യക്തമായ മറുപടി നല്‍കിയത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സെക്രട്ടറി ഡോ. എം.കെ മുനീര്‍ ആണ്. ഫുട്ബോള്‍ ജനങ്ങളെ വളരെ ആകര്‍ഷിക്കുന്ന ഒരു കളിയാണെന്നും ഫുട്ബോള്‍ കണ്ട് ആസ്വദിക്കുന്നതിന് ജാതി മത വ്യത്യാസമോ പ്രായവ്യത്യാസമോ ഒന്നുമില്ലെന്നുമാണ് ഡോ. മുനീര്‍ പറഞ്ഞത്.

കേരളത്തില്‍ ഫുട്ബോള്‍ ഒരു വലിയ ആവേശമായുട്ടുള്ളത് മലബാര്‍ പ്രദേശത്താണ്. പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന്‍റെ കേന്ദ്രങ്ങളില്‍. സാധാരണ ഫുട്ബോള്‍ മത്സരങ്ങളും സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങളുമെല്ലാം ഇവിടെ വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു. ഇവിടൊക്കെ ഫുട്ബോള്‍ സീസണ്‍ വലിയ ആഘോഷങ്ങളുടെ കാലമാണ്.


ഇത്തവണത്തെ ലോക കപ്പ് ഖത്തറിലായത് മലയാളികളെ ഒന്നടങ്കം ഏറെ ആഹ്ളാദഭരിതരാക്കുന്നു. ധാരാളം മലയാളികള്‍, പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ ജോലി ചെയ്യുന്ന രാജ്യമാണു ഖത്തര്‍. തൊട്ടടുത്തുള്ള ഗള്‍ഫ് നാടുകളിലും ധാരാളം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ലോകകപ്പിന്‍റെ ഈ സാമീപ്യവും മലയാളികള്‍ക്കു വലിയ സന്തോഷം നല്‍കുന്നുണ്ട്.


ലോക ഫുട്ബോളില്‍ മുന്‍നിരക്കാരായ ബ്രസീല്‍, അര്‍ജന്‍റീന, പോര്‍ച്ചുഗല്‍, ജര്‍മ്മനി, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുമായും മലയാളികളായ ഫുട്ബോള്‍ പ്രേമികള്‍ വലിയ ഇഷ്ടത്തിലാണ്. ഫുട്ബോള്‍ താരങ്ങളായ നെയ്മറും ലയണല്‍ മെസിയും റൊണാള്‍ഡോയുമെല്ലാം ഫുട്ബോള്‍ പ്രേമികള്‍ക്ക് താരരാജാക്കന്മാര്‍ തന്നെ.

മതനേതാക്കളെ വിഷമിപ്പിക്കുന്നതും ഇതാവണം. മെസിയുടെയും നെയ്മറിന്‍റെയും മറ്റും കൂറ്റന്‍ കട്ടൗട്ടുകള്‍ ഗ്രാമങ്ങളി‍ല്‍ ആരാധകര്‍ ആഘോഷത്തോടെ ഉയര്‍ത്തുന്നതും അതു വാര്‍ത്താ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുന്നതും കേരളം കണ്ടതാണ്. അഞ്ചു നേരം പ്രാര്‍ത്ഥിക്കേണ്ട വിശ്വാസി ഫുട്ബോളിലെ താരരാജാക്കന്മാരുടെ പിന്നാലെ പോയാല്‍ പ്രാര്‍ത്ഥന മുടങ്ങില്ലേ എന്നാണ് മതനേതാക്കളുടെ പരിഭ്രാന്തി.

മതം വേറെ, കളി വേറെ എന്ന അടിസ്ഥാന ചിന്തയാണ് മതനേതാക്കള്‍ക്കുണ്ടാകേണ്ടത്. ഡോ. മുനീര്‍ പറയുന്നതുപോലെ ജനങ്ങള്‍ എല്ലാം മറന്ന് ഫുട്ബോള്‍ കാണട്ടെ. ഒരു ഉത്സവം പോലെ ഫുട്ബോള്‍ കൊണ്ടാടട്ടെ. അത് അവരുടെ അവകാശമാണ്. ഫുട്ബോള്‍ ആരാധകരെ വെറുതേ വിടുക. മതം വേറെ. കളി വേറെ.

Advertisment