വിഴിഞ്ഞം സമരം കൂടുതല്‍ അപകടകരമാവുകയാണ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മ്മാണത്തിനെതിരെ ലാറ്റിന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന മത്സ്യത്തൊഴിലാളി സമരം കൂടുതല്‍ സംഘര്‍ഷത്തിലേക്കു നീങ്ങുന്നു. ഒപ്പം മറ്റ് സാമുദായിക ശക്തികള്‍ സമരത്തിനെതിരെ ശക്തിയോടെ രംഗത്തിറങ്ങുകയും ചെയ്യുന്നു. അപകടകരമായ സ്ഥിതിവിശേഷമാണ് വിഴിഞ്ഞത്ത്. ഏതു സമയത്തും ഒരു പൊട്ടിത്തെറി ഉണ്ടായേക്കാവുന്ന തരത്തില്‍ സ്ഫോടനാത്മകമാണു കാര്യങ്ങള്‍.
തീരശോഷണം സംബന്ധിച്ചു പഠനം നടത്താന്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നാണ് മത്സ്യത്തൊഴിലാളി സമരത്തിനു നേതൃത്വം നല്‍കുന്ന സഭാ നേതൃത്വത്തിന്‍റെ ആവശ്യം. ഇക്കാര്യം ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ സര്‍ക്കാരും ഉറച്ചു നില്‍ക്കുന്നു. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കേരള ഹൈക്കോടതിയും മുന്നോട്ടുവെച്ചിട്ടുള്ളത്.
ഇതിനിടയിലാണ് മറ്റു ചില ശക്തികളും സമരരംഗത്തെത്തിയിരിക്കുന്നത്. ഇതിനു പിന്നില്‍ ബി.ജെ.പിയുണ്ട്. ബി.ജെ.പിയുണ്ടെങ്കില്‍ ഒപ്പം വര്‍ഗീയ ശക്തികളും കാണുമെന്നുറപ്പ്. സ്ഥലവാസികളും സമരരംഗത്തുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടയരുതെന്നാണ് തദ്ദേശവാസികളുടെ ആവശ്യം. ലാറ്റിന്‍ സമുദായത്തില്‍പ്പെട്ട ചിലരും സമരസമിതിക്കെതിരെ രംഗത്തുണ്ട്. തീരദേശങ്ങളില്‍ത്തന്നെ മുസ്ലിം സമുദായത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളും തുറമുഖ വിരുദ്ധ സമരത്തിനെതിരാണ്.
സമരസമിതി നേതാക്കളുമായി സര്‍ക്കാര്‍ പലവട്ടം ചര്‍ച്ച നടത്തിയിട്ടും ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സമരക്കാര്‍ തയ്യാറായിട്ടില്ല. സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യനിരക്കില്‍ മണ്ണെണ്ണ അനുവദിക്കുക എന്ന ആവശ്യം സംസ്ഥാന സര്‍ക്കാരിന് അംഗീകരിക്കാന്‍ വയ്യാത്ത വിഷയമാണ്. മണ്ണെണ്ണ വിതരണം കേന്ദ്ര സര്‍ക്കാരിന്‍റെ കൈയിലാണെന്നതുതന്നെ കാരണം.
ഏഴാമത്തെ വിഷയം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുക എന്നതാണ്. സംസ്ഥാന സര്‍ക്കാരിന് യോജിക്കാനാവാത്ത വിഷയമാണിത്. സര്‍ക്കാരിനെന്നല്ല, പൊതു സമൂഹത്തിനും യോജിക്കാനാവുന്ന കാര്യമല്ല ഇത്. കേരളത്തിനു വലിയ പ്രതീക്ഷ നല്‍കുന്ന ഒരു വന്‍ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തുറമുഖമാകും ഇത്. വലിയ കണ്ടെയ്നറുകള്‍ വഹിക്കുന്ന മദര്‍ ഷിപ്പുകള്‍ക്കു വന്നടുക്കാന്‍ കഴിയുന്ന വലിയ തുറമുഖമാകും ഇത്. അടുത്ത മാര്‍ച്ചില്‍ തുറമുഖത്ത് ആദ്യ കപ്പല്‍ അടുപ്പിക്കാനാണ് തുറമുഖ നിര്‍മ്മാതാക്കളായ അദാനി ഗ്രൂപ്പ് പരിപാടിയിടുന്നത്. മാസങ്ങളായി നടക്കുന്ന സമരം ഈ കണക്കുകൂട്ടലെല്ലാം തെറ്റിച്ചിരിക്കുന്നു.
പണി തീരുമ്പോള്‍ ലോകത്തിലെ തന്നെ പ്രധാനപ്പെട്ടൊരു തുറമുഖമായി മാറും വിഴിഞ്ഞം തുറമുഖം. അത് വിഴിഞ്ഞം പ്രദേശത്തിന്‍റെ മുഖഛായതന്നെ മാറ്റും. കേരളത്തിന്‍റെ വളര്‍ച്ചയില്‍ വിഴിഞ്ഞം തുറമുഖം വലിയൊരു നാഴികക്കല്ലാവുകയും ചെയ്യും.
ഈ സാധ്യതകള്‍ക്കു നേരെയാണ് ലാറ്റിന്‍ സഭയുടെ തിരുവനന്തപുരം അതിരൂപതാ നേതൃത്വം പുറം തിരിഞ്ഞു നില്‍ക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് തുറമുഖ നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചതും അദാനി ഗ്രൂപ്പിനെ അതിനായി തെരഞ്ഞെടുത്തതും. അന്ന് ലാറ്റിന്‍ സഭയുടെ തിരുവനന്തപുരം അതിരൂപതാധ്യക്ഷനായിരുന്ന ആര്‍ച്ച് ബിഷപ്പ് സൂസെ പാക്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി പലവട്ടം സംഭാഷണം നടത്തിയിരുന്നു. ലാറ്റിന്‍ അതിരൂപതയുടെ പൂര്‍ണ സമ്മതത്തോടും ആശിര്‍വാദത്തോടും കൂടിയാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയതും കരാര്‍ ഒപ്പവെച്ചതും.
ഇന്നിപ്പോള്‍ സമരം അക്രമത്തിന്‍റെ വഴിയിലേയ്ക്കു കടന്നിരിക്കുന്നു. ഹൈക്കോടതിയുടെ കര്‍ശനമായ നിര്‍ദ്ദേശം അവഗണിച്ചു കഴിഞ്ഞ ദിവസം സംഘര്‍ഷം വലിയ ഏറ്റുമുട്ടലിലേക്കു തിരിഞ്ഞു. പോലീസ് സ്റ്റേഷനു നേരെയും പോലീസുകാര്‍ക്കു നേരെയും രൂക്ഷമായ അക്രമണമുണ്ടായി. പോലീസും ശക്തമായി സമരക്കാരെ നേരിട്ടു. പലതവണ ലാത്തിച്ചാര്‍ജ് നടത്തി. ഒരു യുദ്ധരംഗത്തെ പ്രതീതി ജനിപ്പിക്കുന്ന തരത്തിലായിരുന്നു ഏറ്റുമുട്ടല്‍.
വിഴിഞ്ഞം സമരത്തില്‍ പുറത്തുനിന്നുമുള്ള ശക്തികളും പങ്കെടുക്കുന്നതായി സംസാരമുണ്ട്. സമരത്തിനെതിരെ മറ്റൊരു വിഭാഗവും പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിരിക്കുന്നു. ഇതിലും സമുദായ ശക്തികള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വിഴിഞ്ഞം പ്രദേശം നേരിടുന്ന വലിയ പ്രശ്നം ഇതുതന്നെ. എവിടെയാണെങ്കിലും ഒരു ശക്തിക്കെതിരെ ബദല്‍ ശക്തി ഉയരുക സ്വാഭാവികം.
വിഴിഞ്ഞത്ത് സ്ഫോടനാത്മകമായ സ്ഥിതിവിശേഷം നിലനില്‍ക്കുന്നു. ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരഗ്നിപര്‍വതം പോലെയാണ് ഇന്നു വിഴിഞ്ഞം. ക്രിസ്ത്യന്‍ ബിഷപ്പുമാരും പുരോഹിതന്മാരുമാണ് സമരത്തിനു നേതൃത്വം കൊടുക്കുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്.
ക്രിസ്ത്യന്‍ സമുദായ നേതാക്കളാണ് ഒരു സംഘര്‍ഷ ഭൂമിയില്‍ സമാധാനമുണ്ടാക്കാന്‍ ശ്രമിക്കേണ്ടത്. വിഴിഞ്ഞത്ത് സമാധാനമുണ്ടാക്കേണ്ടത് അവിടെ സ്വൈര്യജീവിതം ഉറപ്പാക്കാന്‍ അത്യാവശ്യമാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് ഇവിടുത്തെ താമസക്കാരില്‍ അധികവും. വിഴിഞ്ഞത്ത് സമാധാനമുണ്ടാക്കാന്‍ ലാറ്റിന്‍ തിരുവനന്തപുരം രൂപതാ നേതൃത്വത്തിന് വലിയ പങ്കും ഉത്തരവാദിത്തവുമുണ്ട്. കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ അനുവദിക്കരുത്.