ഹിഗ്വിറ്റ. മലയാളികള്‍ക്ക് ഹിഗ്വിറ്റ എന്നാല്‍ ഒരു ചെറുകഥയാണ്. പ്രസിദ്ധ കഥാകാരന്‍ എന്‍.എസ് മാധവന്‍റെ അതിപ്രഗത്ഭമായ കഥ. ഏറെ വായിക്കപ്പെട്ട കഥ. ഏറെ വിമര്‍ശിക്കപ്പെടുകയും നിരൂപണം ചെയ്യപ്പെടുകയും ചെയ്ത കഥ.
ഹിഗ്വിറ്റ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നു. അതേ പേരില്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞ ഒരു സിനിമയാണു വിഷയം. പ്രശസ്ത നടന്‍ സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്ന ചലച്ചിത്രം. സംവിധായകന്‍ ഹേമന്ത് നായര്‍.
ഹിഗ്വിറ്റ എന്ന പേരില്‍ സിനിമയിറങ്ങുന്നതായി എന്‍.എസ്. മാധവന്‍ അറിഞ്ഞത് അതിന്‍റെ പ്രൊമോ ഫിലിം കണ്ടിട്ടാണ്. അതദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. "തന്‍റെ പ്രിയപ്പെട്ട കഥയുടെ മേല്‍ തനിക്ക് ഒരവകാശവുമില്ലെന്നാണോ" ? മനസില്‍ നിറഞ്ഞ വേദനയോടെ മാധവന്‍റെ ചോദ്യം.
അതെ. എന്‍.എസ്. മാധവന്‍ എന്ന കഥാകൃത്തിന്‍റെ ഏറെ പ്രശസ്തമായ കഥയാണ് ഹിഗ്വിറ്റ. ലോക ഫുട്ബോള്‍ ചരിത്രത്തിലെ പ്രശസ്തനും പ്രഗത്ഭനുമായ ഗോള്‍ കീപ്പറാണ് ജോസ് റെനെ ഹിഗ്വിറ്റ.
1990 -ലെ ലോകകപ്പ് ഫുട്ബോളിലാണ് ഗിഗ്വിറ്റ ഫുട്ബോള്‍ ചരിത്രത്തില്‍ തന്‍റെ പേര് എഴുതി ചേര്‍ത്തത്. ഗോള്‍വലയം സമര്‍ത്ഥമായി കാക്കുന്നതില്‍ കാണിച്ച പ്രാഗത്ഭ്യം മാത്രമായിരുന്നില്ല ഹിഗ്വിറ്റയെ ഫുട്ബോളിന്‍റെ ചരിത്രത്തിലെ ഇതിഹാസമാക്കിയത്. ഗോള്‍ വലയത്തിനപ്പുറത്തേക്കു കടന്ന് സ്വന്തം ടീമിലെ കളിക്കാരോടൊപ്പം പന്തടിക്കാന്‍ എന്നും ഉത്സാഹം കാട്ടുന്ന അപൂര്‍വ ഗോളിയായിരുന്നു ഹിഗ്വിറ്റ.
ഫുട്ബോള്‍ എന്ന ആവേശം ഒരു ഭ്രാന്തായി, ലഹരിയായി തലയ്ക്കുപിടിച്ച ഗോള്‍കീപ്പര്‍ ഹിഗ്വിറ്റ കോര്‍ട്ടിലെങ്ങും നിറഞ്ഞു നിന്നു. തരംകിട്ടിയപ്പോഴൊക്കെ ഹിഗ്വിറ്റ മുന്‍ നിരയിലേയ്ക്കു ചാട്ടുളിപോലെ കടന്നുചെന്ന് ശത്രുപക്ഷത്തിന്‍റെ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി പന്തുതട്ടുന്ന വീരന്‍ എന്ന പേരുനേടി. ഫ്രീ കിക്ക് എടുക്കാനും ഹിഗ്വിറ്റ എപ്പോഴും തയ്യാര്‍. വേണ്ടിവന്നാല്‍ പെനാല്‍റ്റി കിക്കും.
കൊളംബിയക്കാരന്‍ ഹിഗ്വിറ്റയുടെ സ്വഭാവ വിശേഷങ്ങളിലേയ്ക്കു വിരല്‍ ചൂണ്ടി എന്‍.എസ്. മാധവന്‍ എഴുതിയ കഥയാണ് ധ്യാന്‍ ശ്രീനിവാസന്‍ - ഹേമന്ത് നായര്‍ സംഘം സിനിമയാക്കിയിരിക്കുന്നത്. 'ഹിഗ്വിറ്റ' എന്ന പേരിന് പകര്‍പ്പവകാശമൊന്നുമില്ല. ഒരു കഥാകൃത്തെന്ന നിലയ്ക്ക് തനിക്ക് ആ പേരിന്മേല്‍ എന്തെങ്കിലും അവകാശമുണ്ടെന്നും ഐന്‍.എസ്. മാധവന്‍ അവകാശപ്പെടുന്നില്ല.
അത്തരം യാതൊരു അവകാശവാദവും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നുമില്ല. പക്ഷെ ഹിഗ്വിറ്റ കേരളത്തില്‍ ഏറെ പ്രശസ്തമായ ഒരു ചെറുകഥയാണ്. മലയാളികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനായ എന്‍.എസ്. മാധവന്‍റെ കഥയാണ്. ധാരാളം മലയാളികളെ പിടിച്ചിരുത്തിയ ചെറുകഥ.
എന്‍.എസ്. മാധവന്‍ ചൂണ്ടിക്കാട്ടുന്നു. എലിപ്പത്തായമെന്നോ സ്വയംവരമെന്നോ ഉള്ള പേരില്‍ തങ്ങള്‍ എഴുത്തുകാരാരും കഥയോ നോവലോ എഴുതാനും പോകുന്നില്ല. അത് അടൂര്‍ ഗോപാലകൃഷ്ണന്‍റെ പ്രശസ്തമായ സിനിമകളാണെന്നതുതന്നെ കാരണം. "ഒരു ഭാഷയിലെയും ഒരെഴുത്തുകാരനും എന്‍റത്രയും ക്ഷമിച്ചിരിക്കുകയില്ല", എന്‍.എസ്. മാധവന്‍റെ നോവിപ്പിക്കുന്ന വാക്കുകള്‍.
അതെ. ഒരു കഥാകൃത്തിന്‍റെ കടുത്ത വേദനയാണത്. ഹിഗ്വിറ്റ എന്ന പേര് എന്‍.എസ്. മാധവന്‍റേതാണ്. അദ്ദേഹത്തിന്‍റെ സ്വന്തം പേര്. ആ പേരില്‍ അദ്ദേഹത്തിന്‍റെ അനുമതിയില്ലാതെ ഒരു സിനിമ നിര്‍മിക്കുന്നത് തികച്ചും തെറ്റായ കാര്യം തന്നെയാണ്. ഇംഗ്ലീഷില്‍ പ്ലേഗിയരിസം എന്ന വാക്കാണ് ഇതിനെ വിശേഷിപ്പിക്കാന്‍ ഏറ്റവും യോജിച്ച പ്രയോഗം. സാഹിത്യ ചോരണം എന്നു മലയാളത്തില്‍ ഇതിന് അര്‍ത്ഥം നല്‍കാം.
അതെ. ഒരു തരത്തില്‍ മോഷണം തന്നെയാണിത്. പട്ടാപ്പകല്‍ നടക്കുന്ന മോഷണം. സാംസ്കാരികമായി ഒട്ടും ശരിയല്ലാത്ത നടപടി.