തരൂരിന് പാണക്കാട്ടു നല്‍കിയ സ്വീകരണവും സര്‍വകലാശാലാ ബില്ലില്‍ എടുത്ത നിലപാടു മാറ്റിച്ചതും ലീഗ് കോൺഗ്രസിന് നൽകുന്ന മുന്നറിയിപ്പാണ്. ആ തക്കം നോക്കിയാണ് എംവി ഗോവിന്ദൻ ലീഗിനെ പുകഴ്ത്തുന്നത്. എന്നുകരുതി ലീഗ് ഇടതുമുന്നണിയിലേക്ക് പോകുമെന്ന് ആരും കരുതേണ്ട. യു.ഡി.എഫില്‍ അങ്ങേയറ്റം സംതൃപ്തരാണ് ലീഗ്. പക്ഷെ കോണ്‍ഗ്രസ് നന്നാവാന്‍ അവർ സമ്മര്‍ദം ചെലുത്തിതുടങ്ങിയിരിക്കുന്നു. അനുസരിക്കുകയല്ലാതെ കോണ്‍ഗ്രസിനു വേറെ വഴികളില്ല- മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്

New Update

publive-image

Advertisment

"ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്" - സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ഈ വാക്കുകള്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ വിവാദം ഉയര്‍ത്തിയിരിക്കുന്നു. ഒപ്പം ഒട്ടേറെ സംശയങ്ങളും.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനോടുള്ള നിലപാടില്‍ സി.പി.എമ്മിനു മനംമാറ്റം ഉണ്ടോയോ എന്നതാണ് കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുന്ന ചോദ്യം. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണു ലീഗ് എന്ന പ്രസ്താവനയ്ക്ക് അര്‍ത്ഥങ്ങളേറെയുണ്ട്.

ഏറ്റവും പ്രധാനം അതു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്ററുടേതാണെന്നതു തന്നെ. പ്രസ്താവന വന്ന സമയവും രാഷ്ട്രീയമായി വളരെ പ്രധാനം.

കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ ആര്‍.എസ്.എസിനെപ്പറ്റി പല തവണ നടത്തിയ പരാമര്‍ശങ്ങള്‍ മുസ്ലിം ലീഗിനെ കുറച്ചൊന്നുമല്ല നോവിച്ചത്. രാജ്യസഭയില്‍ പൗരത്വ നിയമത്തെക്കുറിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ബി.ജെ.പി അംഗം കൊണ്ടുവന്ന സ്വകാര്യ ബില്ലിനെ എതിര്‍ക്കാന്‍ 31 -അംഗ കോണ്‍ഗ്രസ് സംഘത്തിലെ ഒരാള്‍പോലും തുടക്കത്തിൽ സഭയിൽ ഉണ്ടായിരുന്നില്ല എന്നതും ലീഗിനു പ്രശ്നമായി.


ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവന്ന ബില്ലിനെ കോണ്‍ഗ്രസ് വീറോടെ എതിര്‍ത്തതും ലീഗിനു സഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു.


ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ ഘോരഘോരം പ്രസംഗിച്ച ശേഷം ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗത്തില്‍ ലീഗ് എതിര്‍പ്പുമായി രംഗത്തുവന്നു.

സി.പി.എം ഇടതുപക്ഷക്കാരെ ചാന്‍സലര്‍മാരാക്കുമെന്നതു കൊണ്ടാണ് ബില്ലിനെ എതിര്‍ക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വാദം. മറിച്ച് ഗവര്‍ണര്‍ സംഘപരിവാര്‍ അനുയായികളെ വൈസ് ചാന്‍സലര്‍മാരാക്കിയാലോ എന്ന് ലീഗ് നേതാക്കള്‍ തിരിച്ചു ചോദിച്ചു. സ്വാഭാവികമായും ചോദ്യത്തിനു മറുപടി ഉണ്ടായതുമില്ല.

ലീഗിന്‍റെ സമ്മര്‍ദം മൂലമാണ് യൂണിവേഴ്സിറ്റി ബില്ലിന്മേല്‍ കോണ്‍ഗ്രസ് നിലപാടു മാറ്റിയതെന്നു വ്യക്തം. ഗവര്‍ണറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാന ഗവണ്‍മെന്‍റിനെതിരായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചു പോന്നിരുന്നത്.

പ്രത്യക്ഷമായി ഇതുവരെ ലീഗ് ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആര്‍.എസ്.എസ് ബന്ധങ്ങളും തൃശൂരിലെത്തി ഗവര്‍ണര്‍ ആര്‍.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭഗവതിനെ കണ്ടു സംസാരിച്ചതുമെല്ലാം ലീഗ് ഇത്രയും കാലം സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയുമായിരുന്നു.

ആര്‍.എസ്.എസുമായി തനിക്കുള്ള ബന്ധം എത്രയോ കാലമായി നിലനില്‍ക്കുന്നതാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്.


യു.ഡി.എഫിനുള്ളില്‍ ഒരു ശക്തികേന്ദ്രമായി മാറുകയാണ് മുസ്ലിം ലീഗ്. നിര്‍ണായകമായൊരു ബില്ലില്‍ കോണ്‍ഗ്രസ് നിയമസഭയില്‍ സ്വീകരിച്ച ഒരു നിലപാട് നേരേ തിരിച്ചുവെയ്ക്കാന്‍ ലീഗിന്‍റെ സമ്മര്‍ദത്തിനു കഴിഞ്ഞിരിക്കുന്നു. അത് സ്വാഭാവികമായും സി.പി.എമ്മിന് സന്തോഷകരമായ കാര്യമാണ്. ഉചിതമായ വാക്കുകളില്‍ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അതു രേഖപ്പെത്തുകയും ചെയ്തു.


ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണു മുസ്ലിം ലീഗ് എന്ന ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവന ലീഗിനു കിട്ടാവുന്ന ഒരു വലിയ സര്‍ട്ടിഫിക്കറ്റ് തന്നെയാണ്. സി.പി.എം നേതാവിന്‍റെ നാവിന്‍ തുമ്പില്‍ നിന്നു വന്ന ഈ വാക്കുകള്‍ യു.ഡി.എഫ് രാഷ്ട്രീയത്തില്‍ത്തന്നെ ചലനങ്ങളുണ്ടാക്കി.

ലീഗിനെ അടര്‍ത്തിയെടുക്കാന്‍ സി.പി.എം വല വീശുകയാണോ എന്നു മുന്നണിയില്‍ സന്ദേഹമുയര്‍ന്നു. കേരള രാഷ്ട്രീയത്തില്‍ത്തന്നെ ഈ വിഷയം ചര്‍ച്ചാവിഷയമാവുകയും ചെയ്തു.

അതിനു മതിയായ കാരണവുമുണ്ട്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ് വളരെ ദുര്‍ബലാവസ്ഥയിലാണ്. യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ലീഗ്. രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങിയ മുന്നണി. മുന്നണി ശക്തമായിരിക്കേണ്ടത് ലീഗിന്‍റെയും ആവശ്യമാണ്. അതിന് കോണ്‍ഗ്രസ് ആലസ്യം വിട്ട് ഉണരണം.


ശശി തരൂരിന് പാണക്കാട്ടു നല്‍കിയ സ്വീകരണം കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതൃത്വത്തിനു നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. ഇപ്പോഴിതാ, സര്‍വകലാശാലാ ബില്ലിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസിനെക്കൊണ്ടു നിലപാടു മാറ്റിക്കാന്‍ ലീഗിനു കഴിഞ്ഞിരിക്കുന്നു. അതില്‍ സി.പി.എം സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നു.


ലീഗ് തികഞ്ഞ ജനാധിപത്യ പാര്‍ട്ടി തന്നെയാണെന്ന സര്‍ട്ടിഫിക്കറ്റും നല്‍കിയിരിക്കുന്നു. ഇതൊക്കെയും കോണ്‍ഗ്രസ് നേതൃത്വത്തിനു പഠിക്കാനുള്ള പാഠങ്ങളാണ്.

എന്നു കരുതി മുസ്ലിം ലീഗ് യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലേക്കു ചേക്കേറുമെന്നു പറയുന്നവര്‍ക്കു തെറ്റി. 1969 -ല്‍ കെ. കരുണാകരന്‍ മുന്‍കൈയെടുത്തു കെട്ടിപ്പടുത്ത മുന്നണിയുടെ തുടര്‍ച്ചയാണ് ഇന്നത്തെ യു.ഡി.എഫ്. അന്നു മുതല്‍ ലീഗ് യു.ഡി.എഫില്‍ കോണ്‍ഗ്രസിനോടൊപ്പമാണ്.

കെ. കരുണാകരന്‍ ലീഗിന്‍റെയും കേരളാ കോണ്‍ഗ്രസിന്‍റെയും നേതാക്കളെ എപ്പോഴും ചേര്‍ത്തു പിടിച്ചു. കൂടെ നിര്‍ത്തി. കരുണാകരനെ വീഴ്ത്തി എ.കെ ആന്‍റണി മുഖ്യമന്ത്രിയായപ്പോള്‍ യു.ഡി.എഫ് നേതൃത്വം ഉമ്മന്‍ ചാണ്ടിയുടെ കൈയിലായി. ഉമ്മന്‍ ചാണ്ടിയുടെ രണ്ടു വശങ്ങളിലായി കെ.എം. മാണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നു നിന്നു.

മുസ്ലിം ലീഗ് യു.ഡി.എഫില്‍ അങ്ങേയറ്റം സംതൃപ്തിയോടെയാണു കഴിയുന്നത്. പക്ഷെ കോണ്‍ഗ്രസിന്‍റെ ദൗര്‍ബല്യം ലീഗിനെ പ്രയാസത്തിലാക്കുന്നു. കോണ്‍ഗ്രസ് നന്നാവാന്‍ മുസ്ലിം ലീഗ് സമ്മര്‍ദം ചെലുത്തിതുടങ്ങിയിരിക്കുന്നു. അനുസരിക്കുകയല്ലാതെ കോണ്‍ഗ്രസിനു വേറെ വഴികളില്ല.

Advertisment