കൗമാര പ്രായത്തില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരു ക്ലാസ് മുറിയില്‍ ഒന്നിച്ചിരുത്തരുതെന്നാണ് അബ്ദുറഹ്മാന്‍ രണ്ടത്താണി ആവശ്യപ്പെടുന്നത്; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു പഠിച്ചതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല ! സ്ത്രീയും പുരുഷനും ഒന്നിച്ചു മുന്നേറണം, എങ്കിലേ സമൂഹം വളരൂ; അതിവേഗം മുന്നോട്ടു കുതിക്കുന്ന കേരള സമൂഹത്തിനുമേല്‍ പ്രാകൃത ചിന്തകള്‍ അടിച്ചേല്‍പ്പിക്കരുത്‌-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് അപകടമാണെന്ന് മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി. വിദ്യാഭ്യാസ രംഗത്ത് അടുത്ത കാലത്ത് പെണ്‍കുട്ടികള്‍ നേടിയിട്ടുള്ള നേട്ടങ്ങളൊന്നും ആണ്‍കുട്ടികളോടൊപ്പം ഇരുന്നു പഠിച്ചിട്ടല്ല എന്നും രണ്ടത്താണി പറഞ്ഞു.

കണ്ണൂരില്‍ യു.ഡി.എഫ് ജില്ലാ കളക്ടറേറ്റിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു സംസാരിച്ച രണ്ടത്താണി വിദ്യാഭ്യാസ രംഗത്ത് വിശ്വാസം സംരക്ഷിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ധാര്‍മികമായും വിശ്വാസപരമായുമുള്ള അന്തരീക്ഷം ഉണ്ടാക്കാതിരിക്കാനാണ് ഇത്തരം പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു.


മുന്‍ എം.എല്‍.എ കൂടിയായ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ വാക്കുകള്‍: "ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തിയാല്‍ വലിയ മാറ്റം ഉണ്ടാകുമത്രെ. എന്നിട്ടോ, പഠിപ്പിക്കുന്ന വിഷയം സ്വയംഭോഗവും സ്വവര്‍ഗരതിയും. ഇതു പഠിപ്പിച്ചു കൊടുത്താല്‍ എങ്ങനെയുണ്ടാകുമോ നാടിന്‍റെ സംസ്കാരം ?"


കേരളത്തില്‍ യു.ഡി.എഫ് ഭരിക്കുമ്പോഴൊക്കെ വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതല ഏറ്റ് ഭരണം നടത്തിയിട്ടുള്ള മുസ്ലിം ലീഗിന്‍റെ പ്രമുഖ നേതാക്കളിലൊരാളാണ് യു.ഡി.എഫ് സംഘടിപ്പിച്ച ഒരു പ്രതിഷേധ യോഗത്തില്‍ ഇങ്ങനെ പറഞ്ഞത്.

വിദ്യാഭ്യാസ രംഗത്ത് ഈ സര്‍ക്കാര്‍ ചില പരിഷ്കാരങ്ങള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. ലിംഗനീതി ഉറപ്പാക്കുക എന്നു തുടങ്ങി പല ലക്ഷ്യങ്ങളും ഈ പരിഷ്കാരങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നുണ്ട്. പണ്ടു മുതലേ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളെയും ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന പെണ്‍കുട്ടികളെയും പ്രവേശിപ്പിക്കാനും ആലോചനയുണ്ട്. ചില സ്വകാര്യ മാനേജ്മെന്‍റുകള്‍ സര്‍ക്കാര്‍ തീരുമാനമില്ലാതെ തന്നെ ഇത്തരം നടപടികളിലേക്കു കടന്നിട്ടുമുണ്ട്.

കൗമാര പ്രായത്തില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരു ക്ലാസ് മുറിയില്‍ ഒന്നിച്ചിരുത്തരുതെന്നാണ് രണ്ടത്താണി ആവശ്യപ്പെടുന്നത്. ഇന്നു കേരളത്തിലെ ഭൂരിപക്ഷം സ്വകാര്യ - പൊതു വിദ്യാലയങ്ങളിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നാണു പഠിക്കുന്നത്. അതുകൊണ്ട് ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല.

വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നിന്ന പ്രദേശമാണ് മുസ്ലിം ലീഗിനും മുസ്ലിം സമുദായത്തിനും സ്വാധീനമുള്ള മലപ്പുറം ഉള്‍പ്പെടുന്ന മലബാര്‍ പ്രദേശം. രാജഭരണകാലത്തുതന്നെ തിരുവിതാംകൂര്‍ - കൊച്ചി രാജ്യങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം വ്യാപകമായി. ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇതില്‍ വലിയ പങ്കു വഹിച്ചു. ആണ്‍ - പെണ്‍ വിവേചനമില്ലാതെ തന്നെയാണ് മിഷണറിമാര്‍ സ്കളുകള്‍ തുടങ്ങിയത്. ജാതിവ്യവസ്ഥ അതിന്‍റെ ഉഗ്രരൂപത്തില്‍ നിലനിന്നിരുന്ന അക്കാലത്ത് മിഷനറിമാര്‍ പിന്നോക്കക്കാരുള്‍പ്പെടെ എല്ലാ ജാതികള്‍ക്കും ആ വിദ്യാലയങ്ങള്‍ തുറന്നു കൊടുത്തു. ആ വിശാല മനസ്ഥിതിയാണ് കേരളത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത്.

മലബാറില്‍, പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍, വിദ്യാഭ്യാസരംഗത്ത് ഒരു വളര്‍ച്ച തുടങ്ങിയത് 1967 - കാലഘട്ടത്തിലാണ്. ഇ.എം.എസ് നമ്പൂതിരിപ്പാട് രണ്ടാമതും കേരള മുഖ്യമന്ത്രിയായ കാലം. മുസ്ലിം ലീഗ് മന്ത്രിസഭയില്‍ ചേര്‍ന്ന് ഭരണത്തില്‍ പങ്കാളികളായ കാലം. ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായ കാലം.

അക്കാലത്ത് മുസ്ലിങ്ങള്‍ക്ക് ഇംഗ്ലീഷ് പഠനം നിഷിദ്ധമായിരുന്നു. ഇംഗ്ലീഷുകാരുടെ ഭരണം മുസ്ലിങ്ങളോട് കാട്ടിയ ക്രൂരതകളും അതിക്രമങ്ങളും മൂലം ഇംഗ്ലീഷ് ഭാഷ ബഹിഷ്കരിക്കാന്‍ സമുദായ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇംഗ്ലീഷ് ഭാഷ ഹറാമാണെന്നും അതു സാത്താന്‍റെ ഭാഷയാണെന്നും നേതാക്കള്‍ സമുദായത്തെ പഠിപ്പിച്ചു.

വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ സി.എച്ച് ആദ്യം തന്നെ ഇംഗ്ലീഷ് ഭാഷ പഠിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് സമുദായത്തില്‍ വന്‍ പ്രചാരണം തുടങ്ങി.

കേരളത്തില്‍ ആയിരത്തിലേറെ സര്‍ക്കാര്‍ സ്കൂളുകളാണ് സി.എച്ചിന്‍റെ കാലത്ത് തുടങ്ങിയത്. ഇതിലധികവും മലപ്പുറം ജില്ലയിലായിരുന്നു. ഗള്‍ഫ് പ്രയാണത്തില്‍ മുമ്പില്‍ നിന്ന മുസ്ലിം സമുദായക്കാരില്‍ സമ്പന്നരായവര്‍ നാട്ടില്‍ സ്വകാര്യ സ്കൂളുകള്‍ തുടങ്ങി. മുസ്ലിം ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ററി സ്കള്‍ എന്ന പേരില്‍ എത്രയെത്ര പുതിയ സ്കൂളുകളാണ് മലപ്പുറം ജില്ലയില്‍ ഇന്നുള്ളത്.

കഴിഞ്ഞ 10 - 12 വര്‍ഷങ്ങളായി ഈ വിദ്യാഭ്യാസ മുന്നേറ്റത്തിന്‍റെ ഫലം മലപ്പുറത്തു കാണുന്നുണ്ട്. എസ്.എസ്.എല്‍.സിക്കായാലും പ്ലസ് ടുവിനായാലും പ്രവേശന പരീക്ഷകള്‍ക്കായാലും റാങ്കുകള്‍ വാരിക്കൂട്ടിയിരുന്ന തിരുവനന്തപുരം പോലെയുള്ള നഗരങ്ങള്‍ പിന്നിലായിരിക്കുന്നു. റാങ്കുകളധികവും ഇപ്പോള്‍ മലപ്പറത്താണ്. റാങ്ക് വാങ്ങുന്നവരിലധികവും പെണ്‍കുട്ടികളും !


അതെ. മുസ്ലിം സമുദായത്തിലും പെണ്‍കുട്ടികള്‍ പഠിച്ചു മുന്നേറുകയാണ് അബ്ദുറഹ്മാന്‍ രണ്ടത്താണി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു സ്കൂളില്‍ അല്ലെങ്കില്‍ കോളജില്‍ ഒന്നിച്ചു പഠിച്ചതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല.


സമൂഹത്തിലായാലും കുടുംബത്തിലായാലും സ്ത്രീയും പുരുഷനും ഒന്നിച്ചു മുന്നേറണം. എങ്കിലേ സമൂഹം വളരൂ. കുടുംബവും. പെണ്ണിനെ ഇരുമ്പുമറയ്ക്കു പിന്നില്‍ അടച്ചിടണമെന്ന രണ്ടത്താണിയുടെ ചിന്ത അപക്വവും അപരിഷ്കൃതവും അറു പഴഞ്ചനുമാണ്.

ലോകം അതിവേഗം പുരോഗമിക്കുകയാണ്. കാലവും. അതിനനുസരിച്ച് നമ്മുടെ നാടും മുന്നോട്ടു നീങ്ങണം. ആണും പെണ്ണും ഒന്നിച്ചു പഠിക്കട്ടെ. ഒന്നിച്ചു വളരട്ടെ. അതിവേഗം മുന്നോട്ടു കുതിക്കുന്ന കേരള സമൂഹത്തിനുമേല്‍ പ്രാകൃത ചിന്തകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. പൊതുവിദ്യഭ്യാസ രംഗത്തേക്കും പൊതു സമൂഹത്തിലേക്കും സ്വന്തം വിശ്വാസവും വിശ്വാസപ്രമാണങ്ങളും കൊണ്ടുവരാന്‍ ശ്രമിക്കരുത്. വിദ്യാഭ്യാസ രംഗം സ്വതന്ത്രമായി വളരട്ടെ.

Advertisment