Advertisment

ദീര്‍ഘകാലം എം.പി.യും കേന്ദ്രമന്ത്രിയുമായി പ്രവര്‍ത്തിച്ചിട്ടുള്ള കെ.വി. തോമസിന് ഡല്‍ഹി സ്വന്തം തട്ടകം തന്നെയാണ്‌; കെ.വി. തോമസിലൂടെ പുതിയ നേട്ടമുണ്ടാക്കാനാകുമെന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതീക്ഷ; പിണറായിക്ക് മറ്റു പല കണക്കുകൂട്ടലുകള്‍ കൂടി കാണുമെന്നും വ്യക്തം ! കെ.വി. തോമസിനെക്കൊണ്ട് ഇടതു മുന്നണിക്ക് എന്തു പ്രയോജനമുണ്ടാകും ? കാത്തിരുന്നു കാണാം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

തോമസ് മാഷിനെക്കൊണ്ട് ഇടതു മുന്നണിക്ക് എന്തു പ്രയോജനം ? കോണ്‍ഗ്രസ് വിട്ട് ഇടതു ചേരിയിലെത്തിയ പ്രൊഫ. കെ.വി തോമസ് ഇനി ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധി. ക്യാബിനറ്റ് പദവിയോടെയുള്ള നിയമനത്തിന് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിക്കായി കാത്തുകെട്ടിക്കിടക്കുന്ന സംസ്ഥാന പദ്ധതികള്‍ക്ക് വേഗം അനുമതി വാങ്ങുക എന്നതായിരിക്കും കെ.വി. തോമസിന്‍റെ പ്രധാന ചുമതല. സംസ്ഥാന സര്‍ക്കാരിന്‍റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി മുന്‍ നയതന്ത്ര പ്രതിനിധി വേണു രാജാമണിയെ നേരത്തെ നിയമിച്ചിരുന്നു. റെസിഡന്‍റ് കമ്മീഷണറായി ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനുമുണ്ട്.

കെ.വി. തോമസിന്‍റെ നിയമനത്തില്‍ പ്രധാനം അതിനു പിന്നിലെ രാഷ്ട്രീയം തന്നെ. കോണ്‍ഗ്രസുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധത്തിന് അര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കെ. കരുണാകരനുമായുള്ള അടുപ്പത്തിലായിരുന്നു തുടക്കം. എറണാകുളം ജില്ലയില്‍ കരുണാകരന്‍റെ സ്വന്തം ആളായി മാറി കെ.വി. തോമസ്. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്‍റ്, ലോക്സഭാംഗം, കേന്ദ്രമന്ത്രി, എം.എല്‍.എ, സംസ്ഥാന മന്ത്രി എന്നിങ്ങനെയുള്ള വിവിധ നിലകളില്‍ ശോഭിച്ച് ഉന്നതനായി വളര്‍ന്നു. ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ അടുപ്പക്കാരില്‍ ഒരാളുമായി.


2019 -ല്‍ എറണാകുളം ലോക്സഭാ സീറ്റ് കിട്ടാതിരുന്നതാണ് തോമസിനു പ്രശ്നമായത്. ഹൈക്കമാന്‍റും അദ്ദേഹത്തോട് അകല്‍ച്ച കാണിച്ചു. രാഹുല്‍ ഗാന്ധിയെ കാണാന്‍ ശ്രമിച്ചാലും നടക്കാത്ത സ്ഥിതിയായി. എറണാകുളത്തും പാര്‍ട്ടിയില്‍ അദ്ദേഹം ഒറ്റപ്പെട്ടു.


അപ്പോഴാണ് കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ വിവിധ സെമിനാറുകളില്‍ ഒന്നിലേക്ക് സി.പി.എം നേതൃത്വം കെ.വി. തോമസിനെ ക്ഷണിച്ചത്. പക്ഷെ സ്വന്തം പാര്‍ട്ടി അനുമതി നല്‍കിയില്ല. ക്ഷണം സ്വീകരിച്ച കെ.വി. തോമസ് കണ്ണൂരിലെത്തിയതും കോടിയേരി ബാലകൃഷ്ണന്‍ ചുവന്ന പൂച്ചെണ്ടു നല്‍കി സ്വീകരിച്ചതും കോണ്‍ഗ്രസ് നേതൃത്വം മുഴുവന്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞതും അതിന്‍റെ ഫലമായി അദ്ദേഹം ഇടതു ചേര്‍ന്നു നടക്കാന്‍ തുടങ്ങിയതുമൊക്കെ കഴിഞ്ഞ ആറേഴു മാസത്തെ രാഷ്ട്രീയ മാറ്റങ്ങള്‍. ഏറ്റവുമൊടുവില്‍ ഇതാ, ഡല്‍ഹിയില്‍ അദ്ദേഹത്തിന് ക്യാബിനറ്റ് പദവിയോടെ പ്രത്യേക പ്രതിനിധിയായി നിയമനവും.

ദീര്‍ഘകാലം എം.പി.യും കേന്ദ്രമന്ത്രിയും നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കെ ഒരു തവണ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനുമായി ഇരുന്നിട്ടുള്ള കെ.വി. തോമസിന് ഡല്‍ഹി സ്വന്തം തട്ടകം തന്നെയാണ്. പ്രധാനമന്ത്രിയുമായും മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായുമെല്ലാം നല്ല ബന്ധം സൂക്ഷിച്ചിട്ടുള്ള തോമസിനെ പരമാവധി ഉപയോഗിക്കുക എന്നതു തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലക്ഷ്യമെന്നതു വ്യക്തം.

പിണറായി വിജയനായതുകൊണ്ട് മനസില്‍ അതിനുമപ്പുറത്തെ കണക്കുകൂട്ടലുകള്‍ കാണുമെന്ന കാര്യത്തില്‍ സംശയമില്ല തന്നെ. 2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനം തന്നെയാണ്. ക്രിസ്ത്യന്‍ സമുദായ നേതാക്കളുമായി കെ.വി. തോമസിനുള്ള ബന്ധം പിണറായി വിജയന്‍ കണക്കിലെടുത്തിട്ടുണ്ടാവണം.


മുമ്പ് കോണ്‍ഗ്രസ് വിട്ട കെ.പി. അനില്‍ കുമാര്‍, ശോഭനാ ജോര്‍ജ് എന്നിവര്‍ക്കൊക്കെ നല്ല സ്ഥാനങ്ങളാണ് സി.പി.എം നല്‍കിയത്. കോണ്‍ഗ്രസില്‍ പ്രമുഖനായ ചെറിയാന്‍ ഫിലിപ്പിനും വലിയ സ്ഥാനങ്ങള്‍ നല്‍കി. കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം സര്‍ക്കാരിന്‍റെ പ്രധാന വിഷനുകളുടെ ചുമതല എന്നിങ്ങനെ. പക്ഷേ രാഷ്ട്രീയ സ്ഥാനം വേണമെന്ന ആവശ്യത്തിന്മേല്‍ പിണങ്ങി ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്കു മടങ്ങുകയായിരുന്നു.


കെ.വി. തോമസിനു ഡല്‍ഹിയില്‍ നിയമനം നല്‍കിയതിനെ പരിഹസിച്ചു തള്ളാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. ആര്‍.എസ്.എസുമായി പാലമിടാനാണ് തോമസിന്‍റെ നിയമനം കൊണ്ടു പിണറായി ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആക്ഷേപിക്കുന്നു.

കെ.വി. തോമസിലൂടെ പുതിയ നേട്ടമുണ്ടാക്കാനാകുമെന്ന് പിണറായി വിജയന്‍റെ മനക്കണക്ക്. ദീര്‍ഘകാലം ഡല്‍ഹിയില്‍ ഉന്നതസ്ഥാനങ്ങളിലിരുന്ന് തോമസ് നേടിയ ബന്ധങ്ങളും പരിചയവും സംസ്ഥാന സര്‍ക്കാരിനു സഹായകരമാകുമെന്നതാണ് ആ കണക്കില്‍ പ്രധാനം. കേരള സമൂഹത്തില്‍ കെ.വി. തോമസിന്‍റെ സ്വാധീനം കിട്ടുമെങ്കില്‍ അതും വലിയ പ്രയോജനം. ഇപ്പോഴും കൊച്ചിയില്‍ വളരെ സജീവമായി നില്‍ക്കുന്ന കെ.വി. തോമസിന് ഡല്‍ഹിയിലെ പുതിയ ലാവണം രാഷ്ട്രീയമായി ഒരു മുതല്‍ക്കൂട്ടാകും. അതുകൊണ്ട് കെ.വി. തോമസ് എന്തു നേടും എന്നും നോക്കാം.

അതിനുമപ്പുറം കെ.വി. തോമസിനെക്കൊണ്ട് ഇടതു മുന്നണിക്ക് എന്തു പ്രയോജനമുണ്ടാകും എന്ന ചോദ്യവും ഉയരുന്നുണ്ട്. കാത്തിരുന്നു കാണാം.

Advertisment