Advertisment

ലോകമെങ്ങും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരെ ലക്ഷ്യമാക്കിത്തന്നെയാണ് ബി.ബി.സി ഗുജറാത്ത് കലാപത്തെപ്പറ്റി ഡോക്യുമെന്ററി അവതരിപ്പിച്ചത്‌; നരേന്ദ്ര മോദി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ലോകരാജ്യങ്ങളുടെ മുന്നില്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്നേക്കാവുന്ന പ്രതിഛായാ നഷ്ടം തന്നെയാണ് ! നിസഹായതയോടെ നോക്കി നില്‍ക്കുകയാണ് ബി.ജെ.പി നേതൃത്വം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ഒമ്പതു സംസ്ഥാനങ്ങളിലേയ്ക്ക് ഉപതെരഞ്ഞെടുപ്പു വരുന്ന നേരം. ജി-20 അദ്ധ്യക്ഷനെന്ന നിലയ്ക്ക് ലോകമെങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി പേരും പെരുമയും നേടിയ സമയം. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം 2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടി പ്രചാരണം തുടങ്ങാനുള്ള സമയം അടുത്തിരിക്കുന്ന ഘട്ടം. ബി.ബി.സി എന്ന ലോകപ്രശസ്ത വാര്‍ത്താമാധ്യമം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുകയാണ്. 2002 -ലെ ഗുജറാത്ത് കലാപത്തെപ്പറ്റി വളരെ ആഴത്തില്‍ പഠിച്ച് ബി.ബി.സിയുടെ മുതിര്‍ന്ന ലേഖകര്‍ തയ്യാറാക്കിയ രണ്ട് എപ്പിസോഡ് വരുന്ന പരിപാടി കുറ്റക്കാരനാക്കുന്നത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ തന്നെ.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പരോക്ഷമായാണെങ്കിലും ബി.ബി.സിയുടെ പരിപാടിയെ കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയെ അങ്ങനെ ആക്ഷേപിക്കുന്നതില്‍ ആര്‍ത്ഥമില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. ലോകത്തെവിടെയായാലും പീഡനങ്ങള്‍ നടന്നാല്‍ അത് അപലപനീയമാണെന്നു തന്നെയാണ് ബ്രിട്ടന്‍റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം പറഞ്ഞത് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍. അതൊന്നും ബി.ബി.സിക്ക് ബാധകമല്ല.


ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ത്തന്നെയാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷന്‍ (ബി.ബി.സി) എന്ന മാധ്യമസ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷ് രാജ്യത്തിന്‍റെ സ്വന്തം സ്ഥാപനം. പക്ഷേ അങ്ങേയറ്റം പൂര്‍ണമായ എഡിറ്റോറിയല്‍ സ്വാതന്ത്ര്യമാണ് ബി.ബി.സിക്കുള്ളത്. ആ സ്വാതന്ത്ര്യം ഉപയോഗിച്ചുതന്നെയാണ് ബി.ബി.സി ഈ ഡോക്യുമെന്‍ററി തയ്യാറാക്കിയിരിക്കുന്നത്.


ജനുവരി 17 -ാം തീയതി വൈകിട്ടാണ് ബി.ബി.സി ചാനല്‍ 2 -ല്‍ ഈ ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം പ്രസിദ്ധീകരിച്ചത്. രണ്ടാം ഭാഗം 24 -ാം തീയതി ചൊവ്വാഴ്ച വൈകിട്ടാണ്. "ഇന്ത്യ: ദ മോഡി ക്വസ്റ്റ്യന്‍" എന്നാണ് പരിപാടിയുടെ പേര്.

ബി.ബി.സി ചാനല്‍ -2 ബ്രിട്ടനില്‍ മാത്രമേ ലഭിക്കൂ. ബ്രിട്ടനിലുള്ളവര്‍ക്കു മാത്രമേ ആ പരിപാടി കാണാന്‍ കഴിഞ്ഞുള്ളു എന്നര്‍ത്ഥം. ലോകം മുഴുവന്‍ ലഭ്യമാകുന്ന ബി.ബി.സി വേള്‍ഡ് ന്യൂസ് എന്ന ചാനലില്‍ പരിപാടി സംപ്രേഷണം ചെയ്തിട്ടില്ല. ലോകത്ത് ഇന്ത്യ ഉള്‍പ്പെടെ ഇംഗ്ലീഷ് ഭാഷ പ്രചാരത്തിലുള്ള രാജ്യങ്ങളിലൊക്കെയും ബി.ബി.സി വേള്‍ഡ് ലഭ്യമാണ്.

ചാനല്‍ - 2 ല്‍ വിവാദ ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് ഗുജറാത്തില്‍ 2002 -ല്‍ നടന്ന വംശഹത്യയെപ്പറ്റി ബി.ബി.സി വളരെയേറെ പഠനം നടത്തി തയ്യാറാക്കിയ ഒരു ഡോക്യുമെന്‍ററി പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. 'ബി.ബി.സി ഇംപാക്ട്' എന്നു പേരുള്ള ആ പരിപാടിയുടെ അവതാരകന്‍ വിവരിച്ചത് ഗുജറാത്ത് കലാപത്തിന്‍റെ ഉള്ളറകള്‍ തുറന്നു കാട്ടുന്ന പരിപാടിയാണെിതെന്നാണ്. ആ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ആ കലാപം എങ്ങനെ ബാധിച്ചുവെന്നു 21 വര്‍ഷത്തിനു ശേഷം പരിശോധിക്കുകയാണ് ഈ ഡോക്യുമെന്‍ററി എന്നും അവതാരകന്‍ വിശദീകരിച്ചു.


ലോകമെങ്ങും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരെ ലക്ഷ്യമാക്കിത്തന്നെയാണ് ബി.ബി.സി ഗുജറാത്ത് കലാപത്തെപ്പറ്റി ഇങ്ങനെ വിശദമായി പഠിച്ച് ഒരു ടെലിവിഷന്‍ പരിപാടി തയ്യാറാക്കുന്നതും അവതരിപ്പിക്കുന്നതും എന്നു വ്യക്തം.


ഗുജറാത്ത് കലാപം നടന്നയുടനെ ബ്രിട്ടന്‍റെ വിദേശകാര്യവകുപ്പ് അതേപ്പറ്റി വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഉന്നതോദ്യോഗസ്ഥരുടെ വലിയൊരു സംഘത്തെയാണ് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ഇതിനുവേണ്ടി നിയോഗിച്ചത്. 514 പേജുള്ള ആ റിപ്പോര്‍ട്ട് 2012 -ല്‍ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തു. പക്ഷെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതുവരെ ആ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.

എങ്കിലും ബി.ബി.സിയുടെ ഈ പരിപാടി പ്രധാനമായും സര്‍ക്കാരിന്‍റെ പക്കലുള്ള റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളും ഉദ്ധരിക്കുന്ന രേഖകളും എടുത്തു പറഞ്ഞു തന്നെ. ബ്രിട്ടീഷ് ഗവണ്‍മെന്‍റിനു തലവേദനയാകുന്നതും ഇതുതന്നെയാണ്. പക്ഷെ ബി.ബി.സിക്കെതിരെ നീങ്ങാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനാവില്ല എന്നതാണു വസ്തുത. ഇന്ത്യയില്‍ ഈ വിവരം എത്തിയപ്പോള്‍ത്തന്നെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായ നിരോധനം പ്രഖ്യാപിക്കുകയാണുണ്ടായത്. വീഡിയോ പ്രചരിക്കുന്നതില്‍ നിന്ന് യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളെ സര്‍ക്കാര്‍ വിലക്കുകയും ചെയ്തു.

എങ്കിലും വിലക്കു ലംഘിച്ച് വീഡിയോ എല്ലായിടത്തും പ്രചരിപ്പിക്കാന്‍ തന്നെയാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ തയ്യാറായിരിക്കുന്നത്. കേരളത്തില്‍ ഇതിനകം തന്നെ തിരുവനന്തപുരം ലോ കോളേജിലും കണ്ണൂര്‍ സര്‍വകലാശാലയിലും മറ്റും വീഡിയോ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. ഹൈദ്രാബാദ് സര്‍വകലാശാലയിലും ഡല്‍ഹി ജെ.എന്‍.യുവിലും പ്രദര്‍ശനം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായി. കേരളത്തില്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമെല്ലാം വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ വീറോടെ മുന്നോട്ടു വന്നുകഴിഞ്ഞു.

പക്ഷേ നരേന്ദ്ര മോദി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ലോകരാജ്യങ്ങളുടെ മുന്നില്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്നേക്കാവുന്ന പ്രതിഛായാ നഷ്ടം തന്നെയാണ്. ഗുജറാത്തില്‍ 21 വര്‍ഷം മുമ്പു നടന്ന അതിഹീനമായ നരഹത്യ ബി.ബി.സി തന്നെ വീണ്ടും വിഷയമാക്കുകയും അതിന്‍റെ കേന്ദ്രബിന്ദുവായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യുമ്പോള്‍ നിസഹായതയോടെ നോക്കി നില്‍ക്കുകയാണ് ബി.ജെ.പി നേതൃത്വം.

കാരണം ബി.ബി.സിയുടെ വിശ്വാസ്യതയെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. അവിടുത്തെ സര്‍ക്കാരിനുപോലും ആ സ്ഥാപനത്തിനുമേല്‍ ഒരു നിയന്ത്രണവുമില്ല. അങ്ങനെയൊരു നിയന്ത്രണത്തിന് ബി.ബി.സി നേതൃത്വം നിന്നുകൊടുക്കുകയുമില്ല.

അതാണ് ബി.ബി.സി. ഇന്ത്യാക്കാരും അതു കാണട്ടെ എന്നു കരുതുന്നതല്ലേ ബുദ്ധിയും വിവേകവും ?

Advertisment