Advertisment

പി.എം.എ സലാം ഒരിക്കല്‍കൂടി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി; എം.കെ മുനീര്‍ ഈ സ്ഥാനത്തിനു വേണ്ടി ഏറെ പ്രയത്നിച്ചെങ്കിലും പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ അദ്ദേഹത്തിനു വേണ്ടവിധം തുണയായില്ല; കുഞ്ഞാലിക്കുട്ടിയോട് എതിര്‍പ്പുള്ള വിഭാഗത്തിന്റെ പിന്തുണയും മുനീറിന് കാര്യമായി കിട്ടിയില്ല ! പാര്‍ട്ടി നേതൃത്വത്തില്‍ ഭൂരിപക്ഷവും കു‍ഞ്ഞാലിക്കുട്ടിയോടൊപ്പം തന്നെയെന്നു വ്യക്തമാക്കുകയാണ് ഈ തെരഞ്ഞെടുപ്പ്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

മുസ്ലിം ലീഗ് നേതൃത്വം പി.കെ കുഞ്ഞാലിക്കുട്ടിയുടെ കൈയില്‍ത്തന്നെ. മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാം തുടരും. ശനിയാഴ്ച കോഴിക്കോട്ടെ ലീഗ് ഹൗസില്‍ ചേര്‍ന്ന പുതിയ സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് തീരുമാനമെടുത്തത്. മുതിര്‍ന്ന നേതാവ് ഡോ. എം.കെ മുനീര്‍ ശക്തനായ പ്രതിയോഗിയായി അവസാന നിമിഷം വരെയും മുന്നിലുണ്ടായിരുന്നുവെങ്കിലും ജില്ലാ കമ്മറ്റികളുടെ പൊതുവായ പിന്തുണ സലാമിനു തന്നെയായിരുന്നു.

പി.കെ കുഞ്ഞാലിക്കുട്ടിയോടു ചേര്‍ന്നു നില്‍ക്കുന്ന നേതാവാണ് പി.എം.എ സലാം. മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കഴിഞ്ഞ നിയമസഭയില്‍ മത്സരിക്കാന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയായി പി.എം.എ സലാം നിയമിക്കപ്പെടുകയായിരുന്നു. സലാമിനെ അനുകൂലിക്കുന്നവര്‍ വാദിച്ചത് ഒരു മുഴുവന്‍ കാലാവധി അദ്ദേഹത്തിനു നല്‍കണമെന്നാണ്. അതുപോലെതന്നെ സംഭവിച്ചു. അഡ്വ. പി.എം.എ സലാം ഒരിക്കല്‍കൂടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി.


എം.കെ മുനീര്‍ ഈ സ്ഥാനത്തിനു വേണ്ടി ഏറെ പ്രയത്നിച്ചെങ്കിലും പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ അദ്ദേഹത്തിനു വേണ്ടവിധം തുണയായില്ലെന്നതാണു സത്യം. കുഞ്ഞാലിക്കുട്ടിയോട് എതിര്‍പ്പുള്ള ഒരു വിഭാഗം ലീഗില്‍ത്തന്നെയുണ്ടെങ്കിലും മുനീറിന് ആ വിഭാഗത്തിന്‍റെ കാര്യമായ പിന്തുണ നേടാന്‍ കഴിഞ്ഞില്ല.


1991 -ല്‍ എം.എല്‍.എ ആയി എം.കെ മുനീര്‍ നിയമസഭയിലെത്തുമ്പോഴേയ്ക്ക് പി.കെ കുഞ്ഞാലിക്കുട്ടി ലീഗില്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത ആധിപത്യം നേടിക്കഴിഞ്ഞിരുന്നു. കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി രാഷ്ട്രീയത്തിലിറങ്ങിയ എം.കെ മുനീറിന്‍റെ താരപദവി കൂട്ടിയത് പിതാവ് സി.എച്ച് മുഹമ്മദ് കോയയുടെ മകന്‍ എന്ന നിലയില്‍ കിട്ടിയ ഗ്ലാമര്‍ തന്നെയാണ്.

യു.ഡി.എഫ് കെട്ടിപ്പടുക്കുന്നതില്‍ സി.എച്ച് ആയിരുന്നു കെ. കരുണാകരന്‍റെ അടുത്ത കൂട്ടാളി. 1957 മുതല്‍ മുസ്ലിം ലീഗിനോട് കടുത്ത തൊട്ടുകൂടായ്മ കാണിച്ചിരുന്ന കോണ്‍ഗ്രസ് ആ നിലപാടു പൂര്‍ണമായി മാറ്റിയത് കരുണാകരന്‍ 1967 -ല്‍ ഒമ്പതംഗ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായതോടെയാണ്. പുതിയൊരു മുന്നണി കെട്ടിപ്പടുക്കാന്‍ ലീഗ് തന്നെയാകും അടുത്ത പിന്തുണയെന്ന് കരുണാകരന്‍ മുന്‍കൂട്ടി കണ്ടു.

ഇ.എം.എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസം ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന സി.എച്ചിനെ കഠിനമായ പരിശ്രമത്തിലൂടെ സ്വാധീനിക്കുകയായിരുന്നു കരുണാകരന്‍. കരുണാകരനുമായും കോണ്‍ഗ്രസുമായുമുള്ള ബന്ധങ്ങളിലൂടെ ഭരണത്തില്‍ പിടിമുറുക്കിയ സി.എച്ച് എഴുപതുകളില്‍ ആഭ്യന്തര മന്ത്രിയും അവസാനം മുഖ്യമന്ത്രിയുമാകുന്നത് കേരള രാഷ്ട്രീയം കണ്ടുനിന്നു. എഴുപതുകളില്‍ ശക്തിപ്രാപിച്ച യു.ഡി.എഫിനു പിന്നിലെ അടിസ്ഥാന ശക്തി കരുണാകരന്‍ - സി.എച്ച് കൂട്ടുകെട്ടായിരുന്നു. കോണ്‍ഗ്രസിനോടൊപ്പം മുന്നണിയില്‍ രണ്ടാമത്തെ വലിയ കക്ഷിയായി ലീഗ് നിലയുറപ്പിച്ചു.

1991 -ല്‍ കെ. കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ മുസ്ലിം ലീഗിനെ ഒപ്പം ചേര്‍ത്തു നിര്‍ത്തി. പി.കെ കുഞ്ഞാലിക്കുട്ടി ലീഗിന്‍റെ കരുത്തനായ നേതാവ്. മറുവശത്ത് കേരളാ കോണ്‍ഗ്രസിന്‍റെ വിവിധ വിഭാഗങ്ങളെയും കരുണാകരന്‍ ഒപ്പം കൂട്ടി. 1995 -ല്‍ കരുണാകരന്‍ രാജിവെച്ചു പുറത്തുപോകേണ്ടി വന്നപ്പോള്‍ മുന്നണി നേതൃത്വം ഉമ്മന്‍ ചാണ്ടിയുടെ ചുമലിലായി. അവിടെയും കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടിയോടൊത്തു നിന്നു. കൂടെ കെ.എം മാണിയും.

യുവനേതാവായി ഉയര്‍ന്നു വന്ന ഡോ. എം.കെ മുനീറിനു മുന്നില്‍ വലിയൊരു ശക്തി കേന്ദ്രമായി പി.കെ കു‍‍ഞ്ഞാലിക്കുട്ടി നിലയുറപ്പിച്ചു നിന്നു. ലീഗിന്‍റെ സംഘടനാ പ്രവര്‍ത്തനം മുഴുവന്‍ കുഞ്ഞാലിക്കുട്ടിയുടെ നിയന്ത്രണത്തിലായി. പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട്ട് ശിഹാബ് തങ്ങളും അദ്ദേഹത്തിനു ശേഷം പാണക്കാട്ട് ഹൈദരാലി ശിഹാബ് തങ്ങളും എപ്പോഴും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ചു. യുവ നേതാക്കളായ കെ.എം ഷാജി, സി. മമ്മൂട്ടി തുടങ്ങിയവരെയൊക്കെ കൂട്ടി സമ്മര്‍ദം ചെലുത്തിയിട്ടും എം.കെ മുനീറിന് കുഞ്ഞാലിക്കുട്ടിയുടെ അധീശത്തിനെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല.

2017 -ല്‍ ഇ. അഹമ്മദിന്‍റെ നിര്യാണത്തോടെ ഒഴിവുവന്ന ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ പി.കെ കു‍‍ഞ്ഞാലിക്കുട്ടി സ്വയം മുന്നിട്ടിങ്ങിയത് പാര്‍ട്ടിയില്‍ വലിയ ചലനം സൃഷ്ടിച്ചു. 2019 -ല്‍ വീണ്ടും ലോക്സഭാ തെരഞ്ഞെടുപ്പ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍ അടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസിന്‍റേതുതന്നെ എന്ന് പൊതുവായ കണക്കുകൂട്ടല്‍. കുഞ്ഞാലിക്കുട്ടി വീണ്ടും ലോക്സഭയിലേയ്ക്ക്. പക്ഷെ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു.

2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലോക്സഭ വിട്ട് കുഞ്ഞാലിക്കുട്ടി നിയമസഭയിലേയ്ക്കു മത്സരിക്കാനിറങ്ങിയപ്പോള്‍ പാര്‍ട്ടിയില്‍ അതിനെതിരെ ശബ്ദമുയര്‍ന്നു. ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്ഥാനാര്‍ത്ഥിയായതോടെ കുഞ്ഞാലിക്കുട്ടി തന്നെ ഇടപെട്ട് തനിക്കു വിശ്വാസമുള്ള പി.എം.എ സലാമിനെ ജനറല്‍ സെക്രട്ടറിയാക്കി. ഇപ്പോള്‍ പുതിയ സംസ്ഥാന കൗണ്‍സില്‍ യോഗം ഒരിക്കല്‍കൂടി പി.എം.എ സലാമിനെ ജനറല്‍ സെക്രട്ടറിയാക്കിയിരിക്കുന്നു.


പാര്‍ട്ടി നേതൃത്വത്തില്‍ ഭൂരിപക്ഷവും കു‍ഞ്ഞാലിക്കുട്ടിയോടൊപ്പം തന്നെയെന്നു വ്യക്തമാക്കുകയാണ് ഈ തെരഞ്ഞെടുപ്പ്. പാര്‍ട്ടി അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിക്കൊപ്പം തന്നെ.


കൃത്യമായ ഇടവേളകളില്‍ തെരഞ്ഞെടുപ്പു നടത്തുന്ന മുസ്ലിം ലീഗിന്‍റെ രീതി കോണ്‍ഗ്രസിനും ഒരു വലിയ പാഠമാണ്. സംഘടനാ തെരഞ്ഞെടുപ്പ് കൃത്യമായി നടക്കുന്നതു കൊണ്ടുതന്നെയാണ് മുസ്ലിം ലീഗ് കരുത്തോടെ നിലനില്‍ക്കുന്നതെന്ന കാര്യം കോണ്‍ഗ്രസുകാര്‍ കണ്ടുപഠിക്കേണ്ടതു തന്നെ.

Advertisment