Advertisment

സൂറത്തിലെ കോടതി രാഹുല്‍ ഗാന്ധിക്ക് അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കിയെങ്കിലും ലോക്സഭാ സെക്രട്ടേറിയറ്റ് അങ്ങനെയൊരു ഔദാര്യം കാണിക്കാന്‍ മെനക്കെട്ടില്ല; ലോക്സഭാ സെക്രട്ടേറിയറ്റ് കാണിച്ചത് അനാവശ്യമായ തിടുക്കമല്ലേ ? ഇതു രാഷ്ട്രീയമായി ഒട്ടും ശരിയല്ല-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ കോടതി വിധി വന്ന് 24 മണിക്കൂര്‍ തികയും മുമ്പുതന്നെ ലോക്സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയോഗ്യനാക്കി. വയനാട്ടില്‍ നിന്നുള്ള ലോക്സഭാംഗമായ രാഹുല്‍ ഗാന്ധിയെ അംഗമല്ലാതാക്കാന്‍ ലോക്സഭാ സെക്രട്ടേറിയറ്റ് കാട്ടിയത് അസാധാരണ തിടുക്കം. സൂറത്തിലെ കോടതി പോലും രാഹുല്‍ ഗാന്ധിക്ക് അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കിയെങ്കിലും ലോക്സഭാ സെക്രട്ടേറിയറ്റ് അങ്ങനെയൊരു ഔദാര്യം കാണിക്കാന്‍ മെനക്കെട്ടില്ല.

എന്താണ് ബി.ജെ.പിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇത്രയ്ക്കു പേടി ? ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 33 കേസുകളാണ് രാഹുല്‍ ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൂറത്ത് കോടതിയിലെ വിധി വന്നപ്പോള്‍ത്തന്നെ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ നിന്നു തന്നെ പുറത്താക്കിയിരിക്കുന്നു. എന്തൊരു തിടുക്കം !


രാഹുല്‍ ഗാന്ധി നേടിയ ജനപ്രീതി ബി.ജെ.പി നേതൃത്വത്തിന്‍റെ ഉറക്കം കെടുത്തുന്നുവെന്നര്‍ത്ഥം. ഭാരത് ജോഡോയാത്ര രാഹുല്‍ ഗാന്ധിക്കു നല്‍കിയ പുതിയ പ്രതിഛായ ബി.ജെ.പി നേതാക്കള്‍ക്കു തീരെ പിടിച്ചിട്ടില്ല. തൊട്ടു പിന്നാലേ, കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ബി.ജെ.പിയ്ക്കെതിരെ സംയുക്ത പ്രതിപക്ഷ ചേരി രൂപീകരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. 2024 -ല്‍ വീണ്ടും ഡല്‍ഹി പിടിച്ചക്കാന്‍ കാത്തിരിക്കുന്ന ബി.ജെ.പിയ്ക്ക് ഇതൊന്നും ദഹിക്കുന്നില്ല.


നിയമം നിയമത്തിന്‍റെ വഴിക്കു പോകട്ടെ എന്നാണ് ഡല്‍ഹിയില്‍ ബി.ജെ.പി വക്താക്കള്‍ പറയുന്നത്. 2019 -ലെ പൊതു തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയ്ക്ക് കര്‍ണാടകയിലെ കോളാറില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് കോടതിയിലെത്തിയത്. നീരവ് മോദി, ലളിത് മോദി തുടങ്ങി ഇന്ത്യയില്‍ വന്‍ കവര്‍ച്ച നടത്തിയവരുടെയെല്ലാം പേര് മോദി എന്നാണെന്നു രാഹുല്‍ ഗാന്ധി പ്രസംഗിച്ചു. അതൊരു രാഷ്ട്രീയ പ്രസംഗമായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണ പ്രസംഗമായിരുന്നു.

മോദി സമുദായത്തിനെയാകെ അപമാനിക്കുന്നതായിരുന്നു ആ പ്രസംഗമെന്നു കുറ്റപ്പെടുത്തി ബി.ജെ.പി നേതാവ് പൂര്‍ണേഷ് മോദി കൊടുത്ത പരാതിയിലാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്കു ശിക്ഷ വിധിച്ചത്. അത് നിയമത്തിന്‍റെ വഴിയാണ്. അതിനു പരിഹാരം കാണാന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ നിയമത്തിന്‍റെ തന്നെ മറ്റു വഴികളുമുണ്ട്. പക്ഷെ ലോക്സഭാ സെക്രട്ടേറിയറ്റ് കാണിച്ചത് അനാവശ്യമായ തിടുക്കമല്ലേ ? ഒരു കേസിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് ഒഴിവാക്കാമെന്നല്ലേ ലോക്സഭാ സെക്രട്ടേറിയറ്റ് കണക്കാക്കിയത് ?


ഇതു രാഷ്ട്രീയമായി ഒട്ടും ശരിയല്ല തന്നെ. രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കാന്‍ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അദ്ദേഹത്തിന്‍റെ ഏതെങ്കിലുമൊരഭിപ്രായം ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അവര്‍ക്കു കോടതിയെ സമീപിച്ച് പരിഹാരം തേടാവുന്നതുമാണ്. പക്ഷേ അതിന്‍റെ പേരില്‍ ലോക്സഭ എടുത്തുചാടി രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് ഉടനെ പുറത്തു ചാടിക്കാന്‍ തുനിഞ്ഞാല്‍ അതു നല്ല രാഷ്ട്രീയമല്ലെന്നു പറയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല.


ഇന്ത്യന്‍ ജനാധിപത്യത്തിന് അതിന്‍റേതായൊരു സുവര്‍ണ ചരിത്രമുണ്ട്. അതിന് അതിന്‍റേതായ സൗന്ദര്യവുമുണ്ട്. എതിരഭിപ്രായത്തോടു കാട്ടുന്ന സഹിഷ്ണുത തന്നെയാണ് ആ സൗന്ദര്യത്തിന്‍റെ അടിസ്ഥാന ഘടകം. പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാക്കളെയും ബഹുമാനിക്കാന്‍ ഭരണപക്ഷം പഠിക്കുകയാണു വേണ്ടത്.

Advertisment