40 സൈനികരുടെ ജീവന്‍ അപഹരിച്ച പുല്‍വാമയിലെ ഭീകരാക്രമണത്തെക്കുറിച്ച് സത്യപാല്‍ മാലിക്ക് പറഞ്ഞത് ശരിയാണെന്ന് മുന്‍ കരസേന മേധാവി ശങ്കര്‍ റോയ് ചൗധരിയും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു ! ഇനിയും കേന്ദ്രത്തിനും പ്രധാനമന്ത്രിക്കും മൗനം തുടരാനാകുമോ ? രാജ്യരക്ഷയെക്കുറിച്ചും രാജ്യസ്നേഹത്തെക്കുറിച്ചും എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ ഇതുപോലൊരു വീഴ്ചയുടെ കാര്യത്തില്‍ മൗനം തുടരുന്നതു ശരിയോ ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

2019 ഫെബ്രുവരി 14 -ാം തീയതിയായിരുന്നു രാജ്യത്തെ നടുക്കിയ ആ ഭീകരാക്രമണം നടന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്കു പോവുകയായിരുന്ന ഒരു വലിയ സംഘം സിആര്‍പിഎഫ്‌ ഭടന്മാരുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് അത്യുഗ്ര ശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു വാഹനം ഇടിച്ചായിരുന്നു സ്ഫോടനം. 40 ഭടന്മാര്‍ കൊല്ലപ്പെട്ടു.

വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെയായിരുന്നു സിആര്‍പിഎഫ്‌ ഭടന്മാരെ പാക്കിസ്ഥാനോടു ചേര്‍ന്നുള്ള റോഡിലൂടെ കൊണ്ടുപോയതെന്ന് ഇപ്പോഴിതാ അന്നത്തെ ജമ്മു - കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരിക്കുന്നു. ഭടന്മാരെ കൊണ്ടുപോകാന്‍ അഞ്ചു വാഹനങ്ങള്‍ സിആര്‍പിഎഫ്‌ നേതൃത്വം കേന്ദ്ര സര്‍ക്കാരിനോടു ചോദിച്ചിരുന്നുവെന്നും ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങ് ആ ആവശ്യം നിരാകരിച്ചുവെന്നും സത്യപാല്‍ മാലിക് വെളിപ്പെടുത്തി.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ 'ദി വയര്‍' എന്ന സാമൂഹ്യ മാധ്യമത്തിനു വേണ്ടി നടത്തിയ അഭമുഖ സംഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു സത്യപാല്‍ മാലിക്. പുല്‍വാമാ സംഭവത്തിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ്, ദേശരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് മുന്‍ ഗവര്‍ണര്‍. കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ മിണ്ടാതിരിക്കാനാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് മാലിക് പറയുന്നു.

2500 ഭടന്മാര്‍ 78 വാഹനങ്ങളിലായാണ് നാഷണല്‍ ഹൈവേ വഴി വരിവരിയായി നീങ്ങിയത്. വെളുപ്പിന് 3.30 -ന് യാത്ര തുടങ്ങി. സന്ധ്യയ്ക്കു മുമ്പേ ലക്ഷ്യസ്ഥാനത്തെത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷെ ഉച്ചതിരിഞ്ഞ് മൂന്നേകാല്‍ മണിയോടെ ഒരിടവഴിയില്‍ നിന്ന് അതിവേഗം ഓടിച്ചുവന്ന വാഹനം ഭടന്മാര്‍ സഞ്ചരിച്ചിരുന്ന ഒരു വാഹനത്തിന്മേല്‍ ഇടിക്കുയായിരുന്നു. ഭീകര ശബ്ദത്തോടെയുള്ള സ്ഫോടനത്തില്‍ 40 ഭടന്മാര്‍ കൊല്ലപ്പെട്ടു. വാഹനം ഓടിച്ചിരുന്ന തീവ്രവാദിയും തല്‍ക്ഷണം കൊല്ലപ്പെട്ടു.


2019 -ലെ പൊതുതെരഞ്ഞെടുപ്പു നടക്കാന്‍ രണ്ടു മാസം മാത്രമുള്ളപ്പോഴാണ് പുല്‍വാമാ സംഭവം നടന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനു തിരിച്ചടി നല്‍കി.


പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഭീകരപ്രവര്‍ത്തകരുടെ താവളത്തിനു നേരെയാണ് വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ കനത്ത ആക്രമണം നടത്തിയത്. പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടി. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി. കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി. അക്രമണം തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി ആസുത്രണം ചെയ്തതാണെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇപ്പോള്‍ അന്നത്തെ ജമ്മു - കാശ്മീര്‍ ഗവര്‍ണര്‍ തന്നെ ഇത് ഉറപ്പിച്ചു പറയുന്നു. അക്കാര്യം ശരിതന്നെയാണെന്ന് മുന്‍ കരസേനാ മേധാവി ശങ്കര്‍ റോയ് ചൗധരി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

പുല്‍വാമയിലെ കൂട്ടക്കുരുതിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനുതന്നെയാണെന്ന് 'ടെലിഗ്രാഫ്' പത്രത്തോടു സംസാരിച്ച ജനറല്‍ ചൗധരി പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഉപദേശം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന് ഈ ദുരന്തത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകാനാവില്ലെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

രാജ്യരക്ഷയെത്തന്നെ ബാധിക്കുന്ന സുരക്ഷാ ഭീഷണി ഉണ്ടാവുകയും സിആര്‍പിയിലെ 40 യുവ ഭടന്മാര്‍ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തിട്ടും കേന്ദ്ര സര്‍ക്കാരോ ഭരണാധികാരികളോ അതിനനുസരിച്ചുള്ള പ്രതികരണമല്ല നടത്തിയതെന്ന കാര്യം വ്യക്തം. ശത്രുരാജ്യമായ പാക്കിസ്ഥാന്‍റെ അതിര്‍ത്തിയിലേയ്ക്ക് 2500 -ലേറെ ഭടന്മാരെ മാറ്റുമ്പോള്‍ അത് ഏറ്റവും സുരക്ഷിതമായ മാര്‍ഗം വഴിയായിരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം തോന്നേണ്ടതില്ല. അഞ്ചു വിമാനങ്ങള്‍ ഈ യാത്രയ്ക്ക് അനുവദിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ദുരന്തം ഉണ്ടാകുമായിരുന്നില്ല.


2019 -ലെ തെരഞ്ഞെടുപ്പു ലക്ഷ്യം വെച്ചുകൊണ്ട് ബിജെപി ആസുത്രണം ചെയ്ത സംഭവമായിരുന്നുവോ പുല്‍വാമ എന്ന ചോദ്യമാണ് അന്നത്തെ ജമ്മു - കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് കരണ്‍ ഥാപ്പറുമായി നടത്തിയ അഭിമുഖത്തില്‍ ഉയര്‍ത്തിയത്.


ഭാരതീയ ക്രാന്തി ദള്‍, ലോക് ദള്‍, കോണ്‍ഗ്രസ്, ജനതാ ദള്‍ എന്നിങ്ങനെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച സത്യപാല്‍ മാലിക് 2004 -ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 1989 -ല്‍ വി.പി സിങ്ങ് മന്ത്രിസഭയില്‍ മന്ത്രിയുമായി. 2017 മുതല്‍ 2022 വരെ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറുമായി. ഒക്കെയും ബിജെപി കേന്ദ്രം ഭരിക്കുമ്പോള്‍. കേന്ദ്ര സര്‍ക്കാരിന്‍റെ പല നടപടികളെയും വിമര്‍ശിക്കാന്‍ തയ്യാറായെങ്കിലും സത്യപാല്‍ മാലിക്കിനെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടുമില്ല.

വെറുതെ അതുമിതുമൊക്കെ പറഞ്ഞു നടക്കുന്ന ആളാണ് സത്യപാല്‍ മാലിക് എന്ന് ആക്ഷേപിച്ച് മിണ്ടാതിരിക്കാനാണ് ബിജെപി നേതൃത്വത്തിന്‍റെ ശ്രമം. സത്യപാല്‍ മാലിക് പറഞ്ഞതു ശരിയാണെന്ന് മുന്‍ കരസേനാ മേധാവി ശങ്കര്‍ റോയ് ചൗധരിതന്നെ സാക്ഷ്യപ്പെടുത്തുമ്പോഴും കേന്ദ്രത്തിനും പ്രധാനമന്ത്രിക്കും മൗനം തുടരാനാകുമോ ? രാജ്യരക്ഷയെക്കുറിച്ചും രാജ്യസ്നേഹത്തെക്കുറിച്ചും എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ ഇതുപോലൊരു വീഴ്ചയുടെ കാര്യത്തില്‍ മൗനം തുടരുന്നതു ശരിയോ ?

Advertisment