അരി കട്ടുതിന്ന് തുടങ്ങിയ ആന അങ്ങനെ 'അരിക്കൊമ്പനാ'യി; ചിന്നക്കനാലിലെ വനപ്രദേശങ്ങളുടെ അതിരുകള്‍ക്കപ്പുറത്ത് മനുഷ്യവാസ പ്രദേശങ്ങളിലേയ്ക്കു കടന്നുചെന്നതാണ് അരിക്കൊമ്പന്‍ ചെയ്ത കുറ്റം ! വലിയൊരു വെല്ലുവിളിയാണ് വനപാലകര്‍ ഏറ്റെടുത്തു വിജയത്തിലെത്തിച്ചത്; പുതിയ സ്ഥലത്ത് സ്വസ്ഥമായി ജീവിക്കാന്‍ അരിക്കൊമ്പനു കഴിയുമോ ? അരിക്കൊമ്പന്‍ മുട്ടുമടക്കുമ്പോള്‍-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

അരിക്കൊമ്പന്‍ അവസാനം മുട്ടുമടക്കി. ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും കുറെ കാലമായി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന കാടിന്‍റെ പുത്രന് മനുഷ്യനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു. പിറന്നു വീണ കാട്ടിലെ മണ്ണില്‍ കാലുകള്‍ ഊന്നി അവസാന നിമിഷം വരെയും പൊരുതി നിന്നശേഷമാണ് ആ വീരന്‍ പരാജയം സമ്മതിച്ചത്. മയക്കുവെടിയുടെയും വനപാലകരുടെയും കുങ്കി ആനകളുടെയും അവയുടെ പാപ്പാന്മാരുടെയും സംഘടിത നീക്കങ്ങള്‍ക്കു മുന്നില്‍ അരിക്കൊമ്പന് അധിക നേരം പിടിച്ചുനില്‍ക്കാനായില്ല.

ചിന്നക്കനാലിലെ വനപ്രദേശങ്ങളുടെ അതിരുകള്‍ക്കപ്പുറത്ത് മനുഷ്യവാസ പ്രദേശങ്ങളിലേയ്ക്കു കടന്നുചെന്നതാണ് അരിക്കൊമ്പന്‍ ചെയ്ത കുറ്റം. മനുഷ്യരുടെയിടയിലേയ്ക്കു കടന്നു ചെല്ലുക മാത്രമല്ല, അവിടെ ചില്ലറ മോഷണമൊക്കെ നടത്തുകയും ചെയ്തു. അരി കട്ടുതിന്നാനായിരുന്നു ഏറെ ഇഷ്ടം. അതുകൊണ്ടുതന്നെ ഗ്രാമത്തിലെ റേഷന്‍ കടകളും പലചരക്ക് കടകളും ലക്ഷ്യം വെച്ചു. രാത്രി കടകള്‍ കുത്തി തുറന്ന് ചാക്കില്‍ നിന്ന് അരി വാരി തിന്നും. അങ്ങനെ അരിക്കൊമ്പന്‍ എന്ന പേരുവീണു.

മനുഷ്യവാസ പ്രദേശങ്ങളും വനവും തമ്മില്‍ വലിയ വേര്‍തിരിവുകളില്ലാത്ത ധാരാളം പ്രദേശങ്ങളുണ്ട് കേരളത്തില്‍. അതിലൊന്നാണ് ചിന്നക്കനാല്‍. മനുഷ്യര്‍ അട്ടത്തുതന്നെ കഴിയുന്നുണ്ടെന്ന് കാട്ടിലെ ആനകള്‍ക്കു നന്നായറിയാം. മനുഷ്യ സാമീപ്യം പ്രശ്നമാക്കാതെ ആനകള്‍ അവരുടെ സ്വന്തം കാട്ടില്‍ സ്വൈര്യവിഹാരം നടത്തും.

കാട്ടില്‍ കൂട്ടമായി സഞ്ചരിക്കാന്‍ ആനകള്‍ വഴികളുണ്ടാക്കിയിട്ടുണ്ട്. കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കിയും വീടുവെച്ചും മനുഷ്യര്‍ കാട് നാടാക്കുമ്പോള്‍ വാസസ്ഥലവും വഴികളും നഷ്ടമാകുന്ന ആനകള്‍ അസ്വസ്ഥരാകും. വനങ്ങളോടു ചേര്‍ന്നു കഴിയുന്ന ഗ്രാമീണരും ആനകളും തമ്മില്‍ ഏറ്റുമുട്ടാന്‍ തുടങ്ങുന്നത് ഈ പശ്ചാത്തലത്തിലാണ്. കടുവാ, പന്നി, കരടി തുടങ്ങിയ വന്യ മൃഗങ്ങളും മനുഷ്യവാസ പ്രദേശങ്ങളിലേയ്ക്ക് കടന്നു കയറുക പതിവായിരിക്കുന്നു. പന്നി, കുരങ്ങ് തുടങ്ങിയ വന്യ മൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതും പതിവു വാര്‍ത്തയാണ്.


പകല്‍ സമയത്ത് കൂട്ടത്തോടൊപ്പം നടക്കുകയായിരുന്നു അരിക്കൊമ്പന്‍റെ പതിവ്. പിടിയാനകളും കുട്ടിയാനകളുമൊക്കെയുള്ള കൂട്ടത്തിന്‍റെ നേതാവായി വിലസും. രാത്രിയില്‍ അരി മോഷ്ടിക്കാന്‍ ഒറ്റയ്ക്കിറങ്ങും. വഴിയില്‍ കാണുന്ന മനുഷ്യരെ അക്രമിക്കാനും അരിക്കൊമ്പന്‍ മടിക്കില്ല. ചിന്നക്കനാലിലെ സാധാരണക്കാരായ ഗ്രാമീണരുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു അരിക്കൊമ്പന്‍.


രാത്രി അവരുടെ വീടുകള്‍ അവന്‍ തകര്‍ക്കും. അടുക്കള വാതിലുകള്‍ പൊളിക്കും. പാത്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന അരി മോഷ്ടിക്കും. റേഷന്‍ കടകള്‍ കുത്തിത്തുറക്കും. പല ദിവസങ്ങളും ഭീതിയുടേതാകും. എങ്കിലും ഗ്രാമീണര്‍ക്ക് അവനെ ഇഷ്ടമായിരുന്നു. തലയെടുപ്പോടെ ആരെയും വകവെക്കാതെ സ്വന്തം കാട്ടില്‍ സ്വന്തം ഇഷ്ടപ്രകാരം വിഹരിച്ചിരുന്ന അരിക്കൊമ്പനെ ഡോ. അരുണ്‍ സഖറിയയും കൂട്ടരും മയക്കുവെടി വെച്ച് കീഴ്‌പ്പെടുത്തി ലോറിയില്‍ കയറ്റി നാടുകടത്തിയപ്പോള്‍ ഗ്രാമീണര്‍ വിതുമ്പി. പലര്‍ക്കും വീട്ടിലൊരംഗം എന്നന്നേക്കുമായി വിട്ടുപോയതുപോലെ.

വലിയൊരു വെല്ലുവിളിയാണ് വനപാലകര്‍ ഏറ്റെടുത്തു വിജയത്തിലെത്തിച്ചത്. മണിക്കൂറുകളോളം നീണ്ടുനിന്ന അധ്വാനം വേണ്ടിവന്നു അരിക്കൊമ്പനെ കീഴ്‌പ്പെടുത്താന്‍ അരിക്കൊമ്പന്‍ എന്ന ആനയുടെ ഒടുങ്ങാത്ത കരുത്തിനോടു മാത്രമല്ല, പെട്ടെന്നു പെയ്ത കനത്ത മഴയോടും പ്രതികൂല കാലാവസ്ഥയോടും പൊരുതിയാണ് ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനെ കീഴ്‌പ്പെടുത്തിയത്.

ഇനി പെരിയാര്‍ വന്യമൃഗ സങ്കേതമായിരിക്കും അരിക്കൊമ്പനു താവളം. ഉള്‍വനമാണിവിടെ. ജനവാസ പ്രദേശത്തുനിന്ന് 25 കിലോമീറ്ററോളം അകലെ. അതുകൊണ്ടുതന്നെ അരിക്കൊമ്പന്‍ രാത്രി നാട്ടുകാരുടെ വീടുകളില്‍ അരി കട്ടുതിന്നാന്‍ ഇറങ്ങില്ലെന്നു കരുതാം. എങ്കിലും ഒരു വലിയ ചോദ്യം ഉയരുന്നു. പുതിയ സ്ഥലത്ത് സ്വസ്ഥമായി ജീവിക്കാന്‍ അരിക്കൊമ്പനു കഴിയുമോ ? അവിടെ നേരത്തേയുള്ള ആനക്കൂട്ടങ്ങള്‍ ഈ അപരിചിതനെ എങ്ങനെ സ്വീകരിക്കും ?

ഏറെ ബുദ്ധിയും വിവേകവുമുള്ള വന്യമൃഗമാണ് അരിക്കൊമ്പനെന്നോര്‍ക്കുക.

Advertisment