രണ്ടു വര്‍ഷമായി സര്‍ക്കാരിനെതിരെയോ മുഖ്യമന്ത്രിക്കെതിരെയോ കാര്യമായി ഒന്നും പറയാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നില്ല; പക്ഷെ എ.ഐ ക്യാമറ വിവാദം പ്രതിപക്ഷത്തിന് പുതിയ ഊര്‍ജം നല്‍കിയിരിക്കുന്നു ! എ.ഐ ക്യാമറകള്‍ക്കു പിന്നിലെ അഴിമതി ഉന്നയിച്ച് സതീശനും ചെന്നിത്തലയും മുന്നേറുകയാണ്; ഇതുവരെ പരസ്പരം മത്സരിച്ചായിരുന്നുവെങ്കില്‍ ഇനി ഒന്നിച്ചു നിലയുറപ്പിച്ചുതന്നെയാകും മുന്നേറ്റം; ഗവണ്‍മെന്‍റ് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായി-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

എ.ഐ ക്യാമറകള്‍ക്കു പിന്നിലെ അഴിമതി ഉന്നയിച്ച് വി.ഡി സതീശനും രമേശ് ചെന്നിത്തലയും മുന്നേറുകയാണ്. ഇതുവരെ പരസ്പരം മത്സരിച്ചായിരുന്നുവെങ്കില്‍ ഇനി ഒന്നിച്ചു നിലയുറപ്പിച്ചുതന്നെയാകും മുന്നേറ്റം. തങ്ങള്‍ പരസ്പരം ആലോചിച്ചാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് രമേശ് ചെന്നിത്തല തന്നെ പറഞ്ഞിരിക്കുന്നു. ഇനി പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും അദ്ദേഹത്തിന്‍റെ ഉറപ്പ്.

ലൈഫ് പദ്ധതിയിലെ 20,073 വീടുകള്‍ വീടില്ലാത്തവര്‍ക്കു വിതരണം ചെയ്തുകൊണ്ട് സര്‍ക്കാരിന്‍റെ നൂറുദിനാഘോഷ പരിപാടികള്‍ വലിയ ആഘോഷമാക്കാന്‍ മന്ത്രിസഭ തയ്യാറെടുക്കുമ്പോഴാണ് പ്രതിപക്ഷം അഴിമതിയാരോപണങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രിയിലേയ്ക്കും അദ്ദേഹത്തിന്‍റെ ബന്ധുക്കളിലേയ്ക്കും വിരല്‍ ചൂണ്ടിയാണ് പ്രതിപക്ഷ നീക്കം.

ഒന്നാം പിണറായി സര്‍ക്കാരിനെതിരെ അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആഞ്ഞടിച്ചത് അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചാണ്. സ്പ്രിംഗ്ളര്‍ അഴിമതിയാരോപണമായിരുന്നു അതില്‍ പ്രധാനം. മലയാളിയായ ഒരു ഐ.ടി വിദഗ്ദ്ധന്‍ അമേരിക്കയിലുണ്ടാക്കിയ സ്ഥാപനമാണ് സ്പ്രിംഗ്ളര്‍. കോവിഡ‍് ബാധയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച വിവരം ശേഖരിച്ച് ഡേറ്റാ അനാലിസിസ് നടത്തി ശാസ്ത്രീയമായ പഠനങ്ങള്‍ക്കുപയോഗിക്കുക എന്നതായിരുന്നു സ്പ്രിംഗ്ളര്‍ മുന്നോട്ടുവെച്ച ആശയം.

കേരളീയരുടെ ഡേറ്റാ മുഴുവന്‍ വിദേശത്തേക്കു കടത്താനുള്ള വഴിയാണ് ഈ കരാര്‍ എന്ന രമേശ് ചെന്നിത്തലയുടെ ആരോപണം സംസ്ഥാനത്ത് ആഞ്ഞു വീശി. ആഴക്കടല്‍ മത്സ്യബന്ധനത്തിന്‍റെ പേരില്‍ എത്തിയ ഒരാള്‍ ഉയര്‍ത്തിയ ആരോപണവും വളരെ ശക്തമായി. കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ നീണ്ടു ഈ വിഷയത്തിന്‍റെ പ്രത്യാഘാതങ്ങള്‍. ആരോപണങ്ങളുമായി രമേശ് ചെന്നിത്തല വളരെ ദൂരം മുന്നോട്ടു പോവുകയും ചെയ്തു.


കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് രമേശ് ചെന്നിത്തല ഉയര്‍ത്തിയ അഴിമതിയാരോപണങ്ങളൊക്കെയും തീകത്തി പടരുകതന്നെ ചെയ്തു. പക്ഷെ അതൊന്നും പിണറായി സര്‍ക്കാരിനെ ബാധിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയനെയും. കോവിഡ് മഹാമാരിക്കാലത്ത് മുഖ്യമന്ത്രി നേതൃത്വം നല്‍കി നടപ്പാക്കിയ നടപടികളൊക്കെയും ജനങ്ങള്‍ക്ക് ആശ്വാസവും സുരക്ഷിതത്വബോധവും പകര്‍ന്നു നല്‍കി. നേതൃത്വം നല്‍കി ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ ഉറച്ചു നിന്നു.


2018 -ലെ പ്രളയ ദുരന്തവും കേരളക്കരയെ വലിയ ദുരിതത്തിലാഴ്ത്തി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം ഒഴുകിയെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വലിയ സംഭാവനകളെത്തി. ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷനും ഭക്ഷ്യകിറ്റുമായി സര്‍ക്കാര്‍ തുണയായി.

പ്രളയ സമയത്തും കോവിഡ് വ്യാധിക്കാലത്തും സര്‍ക്കാര്‍ ജനങ്ങളോടൊപ്പം തന്നെ നിന്നു. എല്ലാറ്റിനും നേതൃത്വം കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും. രാഷ്ട്രീയത്തില്‍ മാത്രമല്ല, കേരള സമൂഹത്തില്‍ പൊതുവെയും പിണറായി വിജയന്‍ ഒരു വലിയ നേതാവായി ഉയര്‍ന്നു നിന്നു.

സ്പ്രിംഗ്ളര്‍ മുതല്‍ പലതരം ആരോപണങ്ങളുന്നയിച്ച് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയിട്ടും രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. പിണറായി വിജയന്‍റെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കു മുന്നില്‍ യുഡിഎഫിനു പിടിച്ചു നില്‍ക്കാനായില്ല എന്നു പറയുന്നതാകും എളുപ്പം.

രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ രമേശ് ചെന്നിത്തല വീണ്ടും അഴിമതിയാരോപണങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നു.

എ.ഐ ക്യാമറകള്‍ക്കു പിന്നിലെ അഴിമതിയിലായിരുന്നു തുടക്കം. അതുപിന്നെ കെ-ഫോണിലേക്കു നീണ്ടു. ആരോപണങ്ങള്‍ സ്വന്തം നിലയ്ക്കുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍നിരയിലെത്തി. സതീശനും രമേശും രണ്ടു വഴിക്ക് അക്രമണം നടത്തുന്നതിനെ മുഖ്യമന്ത്രി തന്നെ പരിഹസിക്കുകയും ചെയ്തു.

ഏറ്റവുമൊടുവില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലനും പത്രസമ്മേളനത്തില്‍ രണ്ടു വഴിക്കു നീങ്ങുന്ന രമേശ് ചെന്നിത്തലയെയും വി.ഡി സതീശനെയും ആക്ഷേപിച്ചപ്പോള്‍ ചെന്നിത്തല ഉടന്‍ മറുപടിയുമായെത്തി. തങ്ങള്‍ രണ്ടുപേരും പരസ്പരം കൂടിയാലോചിച്ചുതന്നെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പാര്‍ട്ടി ഐക്യത്തോടുതന്നെയാണു മുന്നോട്ടു നീങ്ങുന്നതെന്നും രമേശ് വിശദീകരിക്കുകയും ചെയ്തു.

രണ്ടു വര്‍ഷമായി സര്‍ക്കാരിനെതിരെയോ മുഖ്യമന്ത്രിക്കെതിരെയോ കാര്യമായി ഒന്നും പറയാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നില്ല. പക്ഷെ എ.ഐ ക്യാമറ വിവാദം പ്രതിപക്ഷത്തിന് പുതിയ ഊര്‍ജം നല്‍കിയിരിക്കുന്നു. ക്യാമറയ്ക്കു പിന്നില്‍ എന്തോ കുഴപ്പമുണ്ടെന്ന സംശയം സമൂഹത്തിലുണ്ടാക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിരിക്കുന്നു. ഗവണ്‍മെന്‍റ് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായി.

Advertisment