അപകടം നമ്മോടൊപ്പം എപ്പോഴുമുണ്ട്. മരണത്തിലേക്കു നമ്മെ എത്തിക്കാന്‍ കഴിയുന്ന അപകടങ്ങള്‍. റോഡപകടമായാലും ട്രെയിനപകടമായാലും ബോട്ടപകടമായാലും ഒന്നുമറിയാത്ത സാധാരണക്കാരാണ് പെട്ടെന്നു മരണത്തിലേക്കു വഴുതി വീഴുന്നത്. പലതും ദാരുണമായ മരണങ്ങള്‍.
മലപ്പുറം ജില്ലയിലെ താനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോട്ടപകടത്തില്‍ മരണമടഞ്ഞത് 22 പേര്‍. ഒരു കുടുംബത്തിലെ തന്നെ 11 പേരും ഇതില്‍ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ അധികവും കുഞ്ഞു കുട്ടികള്‍. എട്ടു മാസം മാത്രം പ്രായമായ ഒരു കൈക്കുഞ്ഞും മുങ്ങി മരിച്ചവരില്‍ ഒരാള്‍.
ജീവനക്കാരുള്‍പ്പെടെ 22 പേര്‍ക്കു സഞ്ചരിക്കാനുള്ള അനുമതിയാണ് പോര്‍ട്ട് സര്‍വേയറുടെ റിപ്പോര്‍ട്ട് പ്രകാരം ബോട്ടിനു നല്‍കിയിരുന്നത്. എന്നാല്‍ അപകട സമയത്ത് 39 യാത്രക്കാരെങ്കിലും ബോട്ടിലുണ്ടായിരുന്നുവെന്നാണ് സുചന.
നിയമം അനുസരിക്കാതിരിക്കുക, നിയമപാലകരെ വെല്ലുവിളിക്കുക - മലയാളികളുടെ സ്ഥിരം സ്വഭാവമാണിത്. ഒരു പഴയ മീന്‍പിടിത്ത ബോട്ട് പണി ചെയ്ത് രൂപമാറ്റം വരുത്തി അറ്റ്ലാന്‍റിക് എന്ന ഉല്ലാസയാനമാക്കി തീര്‍ക്കുകയായിരുന്നു ബോട്ടുടമ നാസര്‍.
ഇങ്ങനെ രൂപമാറ്റം വരുത്തിയ ബോട്ടിന് വഴിയേ യാത്രാ ബോട്ടിനുള്ള അനുമതിയും കിട്ടി. പരിധിയില്‍ കവിഞ്ഞ് ആളെ കയറ്റുന്നതു പരിശോധിക്കാനോ നിയന്ത്രിക്കാനോ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതുകൊണ്ട് കാശുണ്ടാക്കാനുള്ള അവസരമായി കാണുകയായിരുന്നു നാസര്‍.
അയാള്‍ ഇഷ്ടം പോലെ ഉല്ലാസ സവാരി സംഘടിപ്പിച്ചു. എപ്പോഴും ബോട്ടില്‍ തിങ്ങി നിറഞ്ഞ് യാത്രക്കാര്‍. ടിക്കറ്റോ യാത്രാ രേഖകളോ ഇല്ലാത്തതിനാല്‍ എത്രയാളുകള്‍ യാത്രക്കാരായി കയറി എന്നതും അറിയാന്‍ കഴിയാത്ത സ്ഥിതി. ബോട്ടിനു തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സുണ്ടോ എന്നതൊക്കെ വലിയ ചോദ്യം.
കേരള സമൂഹത്തില്‍ പൊതുവേ കാണുന്ന അശ്രദ്ധയുടെയും സുരക്ഷിതത്വ ബോധമില്ലായ്മയുടെയും മറ്റൊരു മുഖമാണിത്. നമ്മുടെ റോഡുകളിലേയ്ക്കു നോക്കിയാല്‍ ഇതിന്‍റെ വ്യക്തമായ നേര്‍ചിത്രം ലഭിക്കും. മിക്ക വാഹനങ്ങളും അതി വേഗത്തിലാണോടുന്നത്. സ്വകാര്യ ബസുകളാവട്ടെ, മരണപ്പാച്ചിലിലാണ് എപ്പോഴും. കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ ഹൈക്കോടതി അടുത്തകാലത്ത് കര്‍ശനമായി ഇടപെട്ടിരുന്നു. ഇരുചക്ര വാഹനങ്ങളുടെ കാര്യം അതിലും ഭയങ്കരം. റോഡിന്‍റെ മുഴുവന്‍ അവകാശവും തങ്ങള്‍ക്കാണെന്ന മട്ടിലാണ് ചിലര്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നത്.
ഒരു വര്‍ഷം കേരളത്തില്‍ ഏകദേശം 4500 പേരാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. ഇതിലധികവും യുവാക്കളോ കൗമാരപ്രായക്കാരോ ആണ്. ഒരു നിമിഷത്തെ അശ്രദ്ധമതി, ഒരു ഇരുചക്ര വാഹനം അപകടത്തില്‍പെടാന്‍. മിക്ക അപകടങ്ങളും മരണത്തിനു കാരണമാകുന്നവയാണ്. വണ്ടി ഒടിക്കുമ്പോള്‍ എപ്പോഴും അതീവ ശ്രദ്ധപുലര്‍ത്താന്‍ നമ്മുടെ യുവാക്കള്‍ പഠിക്കേണ്ടിയിരിക്കുന്നു. നാം എത്ര ശ്രദ്ധിച്ചു വണ്ടിയോടിച്ചാലും മറ്റൊരാള്‍ അശ്രദ്ധമായി വാഹനമോടിച്ചാലും അപകടത്തില്‍പ്പെടുമെന്ന കാര്യം മറക്കരുത്.
വാഹനം ഓടിക്കുമ്പോള്‍ എപ്പോഴും പൂര്‍ണശ്രദ്ധ പതിപ്പിക്കണമെന്ന് കുട്ടികളെയും യുവാക്കളെയും പഠിപ്പിക്കണം. ഇത്തരം കാര്യങ്ങള്‍ സ്കൂള്‍ തലത്തില്‍ത്തന്നെ പഠിപ്പിക്കുകയാണു വേണ്ടത്. കുട്ടികളെ നീന്തലും പഠിപ്പിക്കണം. പഞ്ചായത്ത് തലത്തിലെങ്കിലും നീന്തല്‍ കുളങ്ങള്‍ ഉണ്ടാക്കാനും എല്ലാ കുട്ടികള്‍ക്കും പരിശീലനം ഉറപ്പാക്കാനും കഴിയണം.
മുന്‍കാലങ്ങളില്‍ നദിയും കായലുമൊക്കെ കടക്കാന്‍ കടത്തുവള്ളമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്നത്തെപ്പോലെ എല്ലായിടത്തും പാലങ്ങള്‍ ഇല്ലായിരുന്ന കാലമായിരുന്നു അത്. വലിയ വള്ളത്തില്‍ നിറയെ ആളുകളെയുമായി വള്ളം തുഴയാന്‍ ഒരു കടത്തുകാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വള്ളം അങ്ങോട്ടോ ഇങ്ങോട്ടോ ചരിഞ്ഞാല്‍ യാത്രക്കാര്‍ തന്നെ മാറിയും തിരിഞ്ഞും സമനില വീണ്ടെടുത്തുകൊള്ളും. അന്നൊക്കെ ആറ്റുതീരപ്രദേശങ്ങളിലെ കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോയിരുന്നത് ഇത്തരം കടത്തുവള്ളങ്ങളിലാണ്. കടത്തുവള്ളവും കടത്തുകാരനും ഓരോ ഗ്രാമത്തിന്‍റെയും ഭാഗമായിരുന്നു അക്കാലത്ത്. കുട്ടികള്‍ക്കൊക്കെ നീന്തലും അറിയാമായിരുന്നു.
കാലം മാറിയപ്പോള്‍ കടത്തുവള്ളത്തിനു പകരം ആറിന്‍റെ രണ്ടു കരകളെയും ബന്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് പാലങ്ങല്‍ ഉയര്‍ന്നു. കടത്തുവള്ളവും കടത്തുകാരനും പഴങ്കഥകളായി. അവധിക്കാലമായാല്‍ കുട്ടികള്‍ വെള്ളം കാണാനും ജലയാത്ര ആസ്വദിക്കാനും ഉല്ലാസ ബോട്ടുകളെ ആശ്രയിക്കുക പതിവായി.
സ്വാഭാവികമായും ഇപ്പോഴത്തെ തലമുറയ്ക്കു നീന്തല്‍ വശമില്ല. ബോട്ടപകടത്തില്‍ മരണ സംഖ്യ കൂടുന്നത് യാത്രക്കാര്‍ക്കു നീന്തല്‍ അറിയാത്തതിനാലാണ്.
ജലയാത്രയായാലും റോഡ് വഴിയുള്ള യാത്രയായാലും എല്ലാ തരത്തിലും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാര്‍ തന്നെയാണ് അതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടത്.