ഇത് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ. പിണറായി വിജയന്‍റെ സ്വന്തം മന്ത്രിസഭ. രാഷ്ട്രീയത്തിലും സ്വന്തം ഔദ്യോഗിക മേഖലകളിലും മുകവു തെളിയിച്ചവരുടെ മന്ത്രിസഭ. യുവത്വത്തിന്‍റെ തിളക്കവും ഊര്‍ജ്ജസ്വലതയുമുള്ള മന്ത്രിസഭ.
അതെ. ഇത് രണ്ടാം പിണറായി മന്ത്രിസഭ. അടുത്ത അഞ്ചു വര്‍ഷത്തെ കേരളത്തിന്‍റെ വളര്‍ച്ചയും പുരോഗതിയും നിര്‍ണയിക്കുന്ന പിണറായിയുടെ സ്വന്തം ഭരണ സമിതി. ഇവരെയോരോരുത്തരെയും പിണറായി വിജയന്‍ നേരിട്ടു തെരഞ്ഞെടുത്തതാണ്.
സമൂഹത്തിലെ പല സമവായങ്ങളും പരിഗണിച്ച്, പാര്‍ട്ടിയിലെ പ്രവൃത്തി പരിചയവും നിലപാടിലെ ഉറപ്പും കര്‍ശനമായി പരിശോധിച്ച് പ്രാദേശിക പരിഗണനകളും പ്രത്യേകതകളും കണക്കിലെടുത്ത് തെരഞ്ഞെടുക്കപ്പെട്ട 11 പേര്‍.
സിപിഎമ്മില്‍ നിന്നു നിയമസഭയിലെത്തിയ 67 സിപിഎം എംഎല്‍എമാരില്‍ മന്ത്രിമാരാകാന്‍ നിയോഗം കിട്ടിയത് 11 പേര്‍ക്ക്. തലപ്പത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ 12 പേരും ഘടകക്ഷികളില്‍ നിന്നു വരുന്ന ഒമ്പതു പേരും കൂടി ചേര്‍ന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന് 21 പേരുടെ കരുത്ത്.
ഈ സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ വളരെയേറെ പ്രതീക്ഷിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ എന്തുകൊണ്ടും ശ്രദ്ധിക്കപ്പെട്ട ഒരു ഭരണമാണ് കാഴ്ചവച്ചത്. രണ്ടു പ്രളയ ദുരന്തങ്ങളും നിപ്പാ വൈറസും ഇപ്പോള്‍ കോവിഡ് മഹാമാരിയും തുടര്‍ച്ചയായി കേരളത്തെ തകര്‍ത്തുകൊണ്ടിരുന്നപ്പോള്‍ ശക്തനായ ഒരു ഭരണ കര്‍ത്താവെന്ന നിലയ്ക്ക് തല ഉയര്‍ത്തി നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
വെല്ലുവിളി ഏതു വന്നാലും നെഞ്ചു വിരിച്ചു നേരിടുന്ന പ്രകൃതമാണ് പിണറായി വിജയനുള്ളത്. കേരള ഭരണത്തെക്കുറിച്ച് സ്വന്തമായൊരു കഴ്ചപ്പാടുള്ള നേതാവ്.
സംസ്ഥാനത്തിന്‍റെ വളര്‍ച്ച എങ്ങനെയായിരിക്കണമെന്നതിനെ പറ്റി വ്യക്തമായ ഒരു രൂപരേഖയുമുണ്ട് അദ്ദേഹത്തിന്‍റെ മനസില്‍. അതൊക്കെ ചിട്ടയോടെ നടപ്പിലാക്കാനുള്ള മനക്കരുത്തുമുണ്ട് സ്വന്തമായി.
കാര്യങ്ങളുടെ നടത്തിപ്പില്‍ കൃത്യതയും പൂര്‍ണതയുമുണ്ടാകണമെന്ന നിര്‍ബന്ധ ബുദ്ധിയുമുണ്ട് പിണറായിക്ക്.
അഞ്ചു വര്‍ഷത്തെ സംസ്ഥാന ഭരണത്തില്‍നിന്ന് പിണറായി പഠിച്ചെടുത്ത പാഠങ്ങള്‍ എത്രയെത്രയായിരിക്കും ! അല്ലെങ്കിലും പുതിയ കാര്യങ്ങള്‍ പഠിക്കാനും പ്രയോഗിക്കാനും ഏറെ ശേഷിയുള്ള നേതവാണ് അദ്ദേഹം.
അതിനു വേണ്ടി ആരെയും കാണും. എത്ര നേരം വേണമെങ്കിലും ശ്രദ്ധയോടെ കേട്ടിരിക്കും. പറയുന്ന ആളിന്‍റെ മുഖത്തേയ്ക്ക് അതീവ ജാഗ്രതയോടെ നോക്കിയിരിക്കും. ഒരു വാക്കും വിട്ടുപോകാതെ എല്ലാം പിടിച്ചെടുക്കും.
പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള അപാരമായ കഴിവാണ് പിണറായി വിജയനെ ഈ രണ്ടാമൂഴത്തിലേക്കെത്തിച്ചത്. അതത്ര ചില്ലറ കാര്യമേയല്ല. അതിനു പിന്നില്‍ നെടുനാളത്തെ അദ്ധ്വാനമുണ്ട്. ശരീരമേറ്റുവാങ്ങിയ കടുത്ത പീഢനങ്ങളുടെ ചോരയിലും കണ്ണീരിലും മുങ്ങിയ കഥകളുണ്ട്. പാര്‍ട്ടിയിലും പുറത്തും നേരിട്ട അവഗണനകളുടെയും നിന്ദകളുടെയും നോവിക്കുന്ന ഏടുകളുണ്ട്.
സമൂഹത്തില്‍ നിന്ന് അടിച്ചേല്‍പ്പിക്കപ്പെട്ട ആക്ഷേപങ്ങളുടെയും പരിഹാസങ്ങളുടെയും ഇരുള്‍ മൂടിയ അധ്യായങ്ങളേറെയുണ്ട്. ഇതൊക്കെ പിണറായിക്കു പുതിയ കരുത്തു നല്‍കിയിരിക്കുന്നു. ഊതിക്കാച്ചിയ പൊന്നുപോലെ തിളങ്ങുകയാണ് രണ്ടാമൂഴത്തിലേയ്ക്ക് കാല്‍ കുത്തുന്ന പിണറായി.
എല്ലാ ആശംസകളും. പിണറായിക്കും അദ്ദേഹത്തിന്‍റെ സംഘത്തിനും കേരള നാടിനും
-ചീഫ് എഡിറ്റര്‍