യുഡിഎഫിൽ ഒന്നാമനായി പറവൂരിന്റെ വിഡി ! പൊന്‍കിരീടമല്ല, ഇത് മുള്‍ക്കിരീടം: ഇനി വേണ്ടത് കരുത്തുറ്റ ശബ്ദം, ഉറപ്പുള്ള നിലപാട്, വിശാലമായ കാഴ്ചപ്പാട്: ആള്‍ ശേഷിയില്ലാത്ത സതീശന്‍റെ പിന്നണികൂട്ടത്തിന് നേരിടേണ്ടത് സിപിഎമ്മിന്‍റെ മുന്‍നിര പോരാളികളെ: വെല്ലുവിളി കനത്തത്: ബാക്കി നിയമസഭയില്‍ കാണന്‍ കാത്തിരിക്കാം – ജേക്കബ് ജോര്‍ജിന്‍റെ മുഖപ്രസംഗം

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Saturday, May 22, 2021

ഇനി സതീശനാണ് നേതാവ്. പറവൂര്‍ നിയമസഭാംഗം വിഡി സതീശന്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃ കേന്ദ്രങ്ങള്‍ മാറുന്നതിന്‍റെ വ്യക്തമായ സൂചനകൂടിയാണ് സതീശനെ പ്രതിപക്ഷ നേതാവായി നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഹൈക്കമാന്‍റ് തീരുമാനം. കോണ്‍ഗ്രസ് നേതൃത്വത്തിലും ഉടനെ മാറ്റമുണ്ടാകും. സ്വാഭാവികമായും യുഡിഎഫ് നേതൃത്വത്തിലും.

തിങ്കളാഴ്ച നിയമസഭ സമ്മേളിക്കുമ്പോള്‍ പ്രതിപക്ഷ നിരയില്‍ ഒന്നാമനായിരിക്കും വിഡി സതീശന്‍. 21 അംഗ കോണ്‍ഗ്രസിന്‍റെയും 41 അംഗ പ്രതിപക്ഷത്തിന്‍റെയും നേതാവായി. ക്യാബിനറ്റ് പദവിയോടെ.

ഭരണപക്ഷത്ത് കണ്ണടച്ചു തുറക്കുമ്പോള്‍ പുതിയ നേതാക്കള്‍ ഉയരുന്നത് പതിവായിട്ടുണ്ടെന്ന കാര്യവും നാമോര്‍ക്കണം. ബി.എസ്.സി രണ്ടാം വര്‍ഷ ക്ലാസില്‍ പഠിക്കുന്ന 21 കാരി ആര്യാ രാജേന്ദ്രനാണ് ഇതുപോലൊരു സുപ്രഭാതത്തില്‍ തിരുവനന്തപുരം മേയറായത്.

വീണാ ജോര്‍ജും പ്രൊഫസര്‍ ആര്‍ ബിന്ദുവും കെഎന്‍ ബാലഗോപാലും എംബി രാജേഷുമൊക്കെ ഭരണ കര്‍ത്താക്കളായതും എന്തെളുപ്പത്തില്‍. പെട്ടെന്നെത്തിയ ഔദ്യോഗിക സ്ഥാനങ്ങള്‍ – കൊടിവെച്ച കാറ്, പോലീസ് അകമ്പടി, സ്ഥാനമാനങ്ങള്‍ എല്ലാം. ഒക്കെയും ജനാധിപത്യത്തിന്‍റെ പുറം മോടികള്‍. പ്രതിപക്ഷത്തും കിട്ടി ഒരു പുതിയ സന്തോഷം. രമേശ് ചെന്നിത്തലയ്ക്കു പകരം സതീശന് എന്നു മാത്രം.

പക്ഷെ ഇതു പൊന്‍കിരീടമല്ല, മുള്‍ക്കിരീടം തന്നെയാണെന്നു സതീശന് നന്നായറിയാം. അപ്പുറത്ത് 99 അംഗങ്ങളുടെ കരുത്തന്‍ നിരയാണ് നിയമസഭയില്‍ അണിനിരക്കുക. അധികവും യുവാക്കള്‍. എപ്പോഴും സിപിഎമ്മിന്‍റെ മുന്‍നിര പോരാളികള്‍. പുറമെ സിപിഐയും കേരള കോണ്‍ഗ്രസും പോലെ ഘടകകക്ഷികളും.

ലീഗും ഘടകകക്ഷികളുമൊക്കെ കൂടി പ്രതിപക്ഷത്ത് സതീശന്‍റെ പിന്നണികൂട്ടത്തിന് അത്രകണ്ട് ആള്‍ ശേഷിയില്ല. അതു പ്രശ്നമല്ല തന്നെ. പ്രതിപക്ഷത്തു വേണ്ടത് നേതാവിന്‍റെ കരുത്തുറ്റ ശബ്ദമാണ്. ഉറപ്പുള്ള നിലപാടാണ്. വിശാലമായ കാഴ്ചപ്പാടാണ്. എല്ലാവരെയും കൂടെ നിര്‍ത്താനുള്ള ശേഷിയാണ്.

ഇതൊക്കെ സതീശനു വേണ്ടുവോളമുണ്ട്. ഉറച്ച ശബ്ദം. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ആധികാരികമായി സംസാരിക്കാനുള്ള ശേഷി, ശത്രുപക്ഷത്തെ മുള്ളിന്മേല്‍ നിര്‍ത്താന്‍ പോരുന്ന തന്ത്രങ്ങള്‍ – എല്ലാറ്റിനുമുപരി വിശാലമായ കാഴ്ചപ്പാടും ഉറച്ച നിലപാടുകളും. ഹൈക്കമാന്‍റ് പ്രഖ്യാപനം വന്നപ്പോള്‍ തന്നെ മാധ്യമ പ്രവര്‍ത്തകരെ കണ്ട വിഡി സതീശന്‍ ഏറ്റവും പ്രാധാന്യത്തോടെ മുന്നുട്ടുവച്ച ഒരു കാര്യം തന്നെ പ്രധാനം.

“കേരളത്തില്‍ നിന്നു വര്‍ഗീയതയെ പൂര്‍ണമായും തുടച്ചുനീക്കുക എന്നതുതന്നെയായിരിക്കും തന്‍റെ പ്രധാന ലക്ഷ്യം. അതിലേയ്ക്ക് മുന്നണിയെയും കോണ്‍ഗ്രസിനെത്തന്നെയും സമഗ്രമായി ഒരുക്കണം. വിഭാഗീയതകളവിടെ വളരാന്‍ പാടില്ല” – ഉറച്ച ശബ്ദത്തില്‍ ഈ പ്രസ്താവന നടത്തിയ വിഡി സതീശന്‍ മുമ്പിലുള്ള വിശാലമായ പരിപാടികള്‍ക്ക് അടിത്തറയിടുകയായിരുന്നു. ഒരു നയപ്രഖ്യാപനം തന്നെ.

വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണിത്. രണ്ടു മുന്നണികള്‍ തുല്യ ശക്തികളായി ഏറ്റുമുട്ടിക്കൊണ്ടിരുന്ന രാഷ്ട്രീയ തട്ടകമായിരുന്നു കേരളം ഇതുവരെ. കൃത്യമായ ഇടവേളകളില്‍ അധികാരത്തില്‍ വരുന്ന യുഡിഎഫും എല്‍ഡിഎഫും. ഇതിനിടയില്‍ ഇടമുണ്ടാക്കി മുന്നോട്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ബിജെപി.

ആ സമവാക്യമാകെ തെറ്റിയിരിക്കുന്നു. പിണറായി വിജയന്‍ ഭരണത്തുടര്‍ച്ച വെട്ടിപ്പിടിച്ച് വീണ്ടും അധികാരത്തിലെത്തിയ സമയം. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരിക്കുന്ന കാലം. നിയമസഭയില്‍ പ്രതിപക്ഷത്തിന് 41 പേര്‍ മാത്രം. അവരുടെ നേതാവായി എന്തുചെയ്യാനാകും ?

തീര്‍ച്ചയായും വെല്ലുവിളി കനത്തതാണ്. പാളയത്തിലും പട ഒരുങ്ങുന്നുണ്ട്. സഭയില്‍ നേരേ മുന്നില്‍ നില്‍ക്കുന്നത് കരുത്തനായ പിണറായി വിജയന്‍. സതീശനും ബലവാന്‍ തന്നെ. ബാക്കി നിയമസഭയില്‍.

-ചീഫ് എഡിറ്റര്‍

×