Advertisment

തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ ബിജെപി മുൾമുനയിൽ ! വാര്‍ത്താ ചാനലുകളിലും ദിനപത്രങ്ങളിലുമെല്ലാം ദിവസേന നീണ്ടുനിവരുന്ന വാര്‍ത്തകള്‍ ബിജെപി രാഷ്ട്രീയത്തെ ശ്വാസം മുട്ടിക്കുന്നു. ഗാന്ധിവധക്കാലത്ത് ജനസംഘം നേരിട്ട രാഷ്ട്രീയ സംഘർഷത്തിന് സമാനം ഇന്നത്തെ ബി ജെ പി ! സ്വർണക്കടത്തിൽ പറഞ്ഞ ആരോപണങ്ങൾ സുരേന്ദ്രനെ തിരിഞ്ഞുകൊത്തുന്നു. ഇതു കലികാലം തന്നെ ! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

സുനില്‍ നായിക്ക്, ധര്‍മ്മരാജന്‍ എന്നിങ്ങനെ ബിജെപി നേതാക്കളുടെയൊക്കെ പേരുകള്‍ കുറെ ആഴ്ചകളായി പത്രങ്ങളിലും വാര്‍ത്താ ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്.

അതിവേഗം ഓടിച്ചു പോകുന്ന ഒരു ആഡംബര കാറിന്‍റെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളും. പിന്നെ കൊടകര കുഴല്‍പ്പണ കേസിന്‍റെ പുതിയ പുതിയ വിവരങ്ങള്‍. ചൂടന്‍ വാര്‍ത്തകള്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയ പരാജയത്തിനു ശേഷം ബിജെപി സംസ്ഥാന നേതൃത്വത്തെ മുള്ളിന്മേല്‍ നിര്‍ത്തുകയാണ് കൊടകര കുഴല്‍പ്പണ കേസ്. പോലീസന്വേഷണം പിന്നെയും തുടരുകയാണ്.

ദിവസേന പുതിയ ചോദ്യം ചെയ്യലുകല്‍, തീയും പുകയും ഉയര്‍ത്തി അന്വേഷണ വിവരങ്ങള്‍, പണത്തിന്‍റെ ഉറവിടത്തെപ്പറ്റിയും വന്ന വഴികളെപ്പറ്റിയും പിന്നെയും കേരളീയര്‍ ഒരു അപസര്‍പ്പക തുടര്‍ക്കഥ പോലെ വായിച്ചും കണ്ടും ആസ്വദിക്കുകയാണ് കേസ് വിവരങ്ങള്‍.

കേരളത്തിലെ ബിജെപി ഇതുപോലെ കുരുക്കില്‍ പെട്ടിട്ടേയില്ല ഇതുവരെ. പണ്ട് മഹാത്മാഗാന്ധി വെടിയേറ്റു മരിച്ച ദിവസത്തെ മന:പ്രയാസവും ജനങ്ങളുടെയിടയിലുണ്ടായ വികാരപരമായ പ്രതികരണങ്ങളും ഉണ്ടാക്കിയതു പോലെയൊരു രാഷ്ട്രീയ സംഘര്‍ഷം വളരെ വലുതായിരുന്നുവെന്ന് പ്രുഖ ബിജെപി നേതാവായ ഒ രാജഗോപാല്‍ വളരെ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.

ഗാന്ധിവധം നടക്കുമ്പോള്‍ ഒ രാജഗോപാല്‍ പാലക്കാട്ടായിരുന്നു. ജനസംഘത്തിന്‍റെ സജീവ പ്രവര്‍ത്തകന്‍. നാഥൂറാം ഗോഡ്സെ ഗാന്ധിജിയെ വെടിവച്ചുകൊന്ന വാര്‍ത്ത അദ്ദേഹം വലിയ ഞെട്ടലോടെയാണ് കേട്ടത്.

കേരളമാകെ സ്തംഭിച്ച ദിവസം. ഇന്ത്യ മുഴുവന്‍ വിറങ്ങലിച്ചു നിന്ന സമയം. ഗാന്ധിജി ഇന്ത്യയുടെ എല്ലാമെല്ലാമായിരുന്നു. ജനസംഘം പ്രതിക്കൂട്ടിലായി.  ഹൈന്ദവ രാഷ്ട്രീയവും രാഷ്ട്രീയ പ്രവര്‍ത്തനവുമെല്ലാം മുള്‍മുനയിലായ ദിവസങ്ങള്‍. രാഷ്ട്രീയമായി വളരെയധികം സംഘര്‍ഷം അനുഭവിച്ച ദിവസങ്ങളായിരുന്നു അതെന്നും ഒ രാജഗോപാല്‍ അന്ന് ഓര്‍മ്മിച്ചു.

ഇപ്പോഴിതാ, ബിജെപി കേരളത്തില്‍ മുള്‍മുനയില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. വാര്‍ത്താ ചാനലുകളിലും ദിനപത്രങ്ങളിലുമെല്ലാം ദിവസേന നീണ്ടുനിവരുന്ന വാര്‍ത്തകള്‍ ബിജെപി രാഷ്ട്രീയത്തെ ശ്വാസം മുട്ടിക്കുകയാണ്. എല്ലാ കെട്ടുകളും പൊട്ടിച്ചെറിഞ്ഞ മാധ്യമങ്ങളുടെ തേരോട്ടം തന്നെ എപ്പോഴും എവിടെയും. പുറമെ പാര്‍ട്ടിക്കകത്ത് അതിരൂക്ഷമായ ഗ്രൂപ്പ് പോരാട്ടവും.

കുഴല്‍പ്പണ കേസന്വേഷണം പാര്‍ട്ടി പ്രസിഡന്‍റ് കെ സുരേന്ദ്രനു നേരേ നീങ്ങുകയാണെന്നു മാധ്യമങ്ങള്‍ കൊട്ടി ഘോഷിക്കുമ്പോള്‍ പാര്‍ട്ടിക്കകത്ത് എതിര്‍ ഗ്രൂപ്പ് നേതാക്കള്‍ സുരേന്ദ്രനെ കെട്ടിവരിയുന്നു. ഇതൊക്കെ പോലീസിന്‍റെ കെട്ടുകഥയെന്നു പറഞ്ഞു തള്ളാന്‍ സുരേന്ദ്രന്‍റെ ദുര്‍ബ്ബലമായ ശ്രമങ്ങളും.

കഴിഞ്ഞ വര്‍ഷം നയതന്ത്ര പാക്കേജിലെ സ്വര്‍ണക്കള്ളക്കടത്തു കേസ് പുറത്തുവന്നപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ ഒന്നിനു പുറകേ ഒന്നായി കേരളത്തിലേയ്ക്കെത്തി. മുഖ്യമന്ത്രിയുടെ ഓഫീസ്, കുടുംബാംഗങ്ങള്‍, ആത്യന്തികമായി മുഖ്യമന്ത്രി പിണറായി വിജയന്‍ - ഏജന്‍സികളുടെ പിന്നാലെ രാഷ്ട്രീയ യജമാനന്മാര്‍ ലക്ഷ്യം കുറിച്ചു.

കെ സുരേന്ദ്രന്‍റെ പത്രസമ്മേളനം ദിവസവും. ശിവശങ്കര്‍ പ്രതിയാകുമെന്നൊരു ദിവസം. പ്രതിയായി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസിലെ രവിന്ദ്രന്‍ പ്രതിയാകുമെന്ന് പിന്നൊരു ദിവസത്തെ പത്രസമ്മേളനത്തില്‍. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചത് ദിവസങ്ങളോളം വാര്‍ത്തയായി.

മറ്റൊരു ഉദ്യോഗസ്ഥന്‍ ദിനേശ് ഭാസ്കരനെ പിടിക്കുമെന്നു പിന്നെയും പത്രസമ്മേളനം. പക്ഷെ ഒന്നും സംഭവിച്ചില്ല. സിപിഎം നേതാവും മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയുമായിരുന്ന സി. ഭാസ്കരന്‍റെ മകനായ മേജര്‍ ദിനേശ് ഭാസ്കരനും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.

ഇപ്പോഴിതാ, ചരിത്രം ആവര്‍ത്തിക്കുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേരളത്തിലും ഇന്ത്യയിലും പുതുമയുള്ള കാര്യമല്ല. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ഉലയ്ക്കുന്ന ക്രിമിനല്‍ നടപടിയാണത്. കുഴല്‍പ്പണവും കള്ളപ്പണവും അതുപോലെ അധമമായ രോജ്യദ്രോഹക്കുറ്റം തന്നെ. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന ക്രിമിനല്‍ നടപടി. കലികാലം എന്നേ പറയേണ്ടൂ.

-ചീഫ് എഡിറ്റര്‍

editorial
Advertisment