Advertisment

പിണറായി നേടിയ ഭരണത്തുടര്‍ച്ചയ്ക്ക് പിന്നിലുള്ളത് കണ്ണൂരിലെ പേശീബലമോ തടിമിടുക്കോ അല്ല, ബൗദ്ധികമായ ഔന്നത്യവും നാടിന്‍റെ വളര്‍ച്ചയ്ക്ക് ഉചിതമായ തീരുമാനമെടുക്കാനുമുള്ള കഴിവും ! ദിനം തോറുമുള്ള പത്രസമ്മേളനങ്ങള്‍ പിണറായിയുടെ ശക്തി. കെ സുധാകരൻ ചെയ്യേണ്ടിയിരുന്നത് ഒരു വലിയ സ്ഥാനത്തെത്തുമ്പോള്‍ ആ സ്ഥാനത്തിന്‍റെ വലിപ്പത്തിനൊപ്പമോ, അതിലുമപ്പുറത്തേക്കോ വളരുകയാണ്. ബ്രണ്ണൻ കോളേജ് വിവാദം രാഷ്ട്രീയ കേരളത്തിനോ പിണറായിക്കോ സുധാകരനോ പോലും ഭൂഷണമല്ല ! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

പിണറായിയും സുധാകരനും തമ്മില്‍ നേര്‍ക്കുനേര്‍. പത്രങ്ങളിലെയും ടെലിവിഷന്‍ ചാനലുകളിലെയും ജനശ്രദ്ധ പിടിച്ചുപറ്റുന്ന തലക്കെട്ടാണിത്. കെപിസിസി അധ്യക്ഷനായ ശേഷം കെ സുധാകരന്‍ പിണറായിക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങള്‍, അവയ്ക്കെല്ലാം പിണറായി വിജയന്‍ ജൂണ്‍ 18 -ാം തീയതി വൈകിട്ട് തന്‍റെ പതിവു പത്ര സമ്മേളനത്തില്‍ നല്‍കിയ മറുപടി, പിറ്റേന്ന് കെ സുധാകരന്‍ എറണാകുളത്തെ കെപിസിസി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ പിണറായിക്കെതിരെ എണ്ണിപ്പറ‍ഞ്ഞു നടത്തിയ ആക്രമണം - ഇതൊക്കെയും തെറ്റായ രാഷ്ട്രീയ ശൈലിയെയും രീതിയെയുമാണ് എടുത്തുകാട്ടുന്നത്. ഇതൊന്നും കേരളത്തിലെ പൊതു രാഷ്ട്രീയത്തിനും രാഷ്ട്രീയ പാരമ്പര്യത്തിനും രാഷ്ട്രീയ സംസ്കാരത്തിനും ഒട്ടും ചേരുന്നതല്ല തന്നെ.

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കണ്ണൂര്‍ ജില്ലക്കാരാണ്. അവിടുത്തെ അക്രമണോത്സുക രാഷ്ട്രീയത്തില്‍ കുരുത്തു വളര്‍ന്നവരുമാണ്. കണ്ണൂര്‍ ജില്ല ചരിത്രപരമായി സിപിഎമ്മിന്‍റെ കോട്ടയാണ്. അവിടെ എക്കാലവും സിപിഎമ്മിനോടു പൊരുതിത്തന്നെയാണ് കോണ്‍ഗ്രസ് വളര്‍ന്നിട്ടുള്ളത്.

പ്രമുഖ കോണ്‍ഗ്രസ് നേതാവും 1991 - 96 കരുണാകരന്‍ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന എന്‍ രാമകൃഷ്ണന്‍റെ കാലത്തും രണ്ടു കക്ഷിയും തമ്മില്‍ ആക്രമണം പതിവായിരുന്നു. പിന്നീട് സുധാകരന്‍റെ വരവായി. സുധാകരനും എന് രാമകൃഷ്ണനും തമ്മിലായിരുന്നു ആദ്യം ഏറ്റുമുട്ടല്‍. ക്രമേണ ഡിസിസി സുധാകരന്‍റെ പൂര്‍ണ നിയന്ത്രണത്തിലായി. പ്രമുഖ കോണ്‍ഗ്രസ് നേതാവായ പി രാമകൃഷ്ണനുമായി സുധാകരന്‍ കടുത്ത ശത്രുതയിലായി. മമ്പറം ദിവാകരനെപ്പോലെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും സുധാകരന്‍റെ ശത്രുക്കള്‍ തന്നെ.

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ സുധാകരന്‍ അവിടെ പരീക്ഷയെഴുതാന്‍ വന്ന പിണറായി വിജയനെ ഒറ്റച്ചവിട്ടിനു താഴെയിട്ടതും 'അദ്ദേഹത്തിന്‍റെ കുട്ടിയും' വീണുകിടന്ന പിണറായി വിജയനെ വളഞ്ഞിട്ടു മര്‍ദ്ദിച്ചതും സുധാകരന്‍ തന്നെ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാവണം മുഖ്യമന്ത്രി പിണറായിയെ പ്രകോപിപ്പിച്ചത്. കണ്ണൂരിലെ തന്‍റെ പഴയ രാഷ്ട്രീയ പ്രവര്‍ത്തന രീതികള്‍ ഇപ്പോഴും സുധാകരനെ ഹരം പിടിപ്പിക്കുന്നതുതന്നെയാണെന്ന് അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്നു വ്യക്തമാകുന്നുണ്ട്.

പക്ഷെ ആ രാഷ്ട്രീയ സംസ്കാരം കണ്ണൂരുകാര്‍ക്ക് തന്നെ ഇന്ന് അത്രകണ്ട് ഇഷ്ടമല്ലെന്ന സത്യവും അവശേഷിക്കുന്നു. കളരിയും പയറ്റും സമൂഹ്യ ജീവിതത്തിന്‍റെ ഭാഗമായിരുന്ന ഒരു കാലഘട്ടം കണ്ണൂരിനുണ്ടായിട്ടുണ്ട്. അത് രാഷ്ട്രീയത്തിലും കടന്നുകൂടി.

സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടി കെട്ടിപ്പടുത്ത സിപിഎമ്മിനെ വെല്ലുവിളിക്കാന്‍ ഒരേ സമയം കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചു പോന്നു. ഇത് പല ഘട്ടങ്ങളിലും വലിയ രക്തച്ചൊരിച്ചിലിനു വഴിതെളിച്ചു. ആര്‍എസ്എസും കോണ്‍ഗ്രസിലെ തീവ്രവാദി സംഘങ്ങളും സിപിഎമ്മുമായി ഏറ്റുമുട്ടി.

എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യപകുതിയും കണ്ട രക്തച്ചൊരിച്ചില്‍ കേരളത്തിനും കേരള രാഷ്ട്രീയത്തിനും അപമാനകരമായി. പതിയെ പതിയെ ഈ അക്രമ രാഷ്ട്രീയത്തിന്‍റെ ശക്തി കുറഞ്ഞുവന്നു.

അതേസമയം രാഷ്ട്രീയത്തില്‍ പിണറായി വിജയന്‍ ഉയര്‍ന്നു വന്നു. 1996 -ല്‍ സംസ്ഥാന വിദ്യുച്ഛക്തി മന്ത്രിയായ പിണറായി വിജയന്‍ 1998 -ല്‍ സിപിഎം സെക്രട്ടറിയായതോടെ പിണറായിയുടെ രാഷ്ട്രീയ ജീവിതം വേറൊരു ദിശയിലെത്തി. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ശൈലിയും പെരുമാറ്റവും സംസാര രീതിയുമൊക്കെ മാറിക്കൊണ്ടിരുന്നു.

അഞ്ചുവര്‍ഷം മുമ്പ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ മുഖ്യമന്ത്രി ആദ്യ പത്ര സമ്മേളനം കഴിഞ്ഞ് പത്രപ്രവര്‍ത്തകരോടു സംസാരിക്കുമ്പോള്‍ പറഞ്ഞത് മേലില്‍ ഇത്തരം ബ്രീഫിങ്ങുകള്‍ പതിവായിരിക്കില്ലെന്നാണ്.

മുന്‍ കാലങ്ങളില്‍ എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനടുത്തുള്ള വലിയ ഹാളില്‍ മുഖ്യമന്ത്രിമാര്‍ പത്രപ്രവര്‍ത്തകരെ കണ്ടു സംസാരിക്കുക പതിവായിരുന്നു. തൊട്ടെതിര്‍ വശത്തുള്ള കാബിനറ്റ് ഹാളില്‍ മന്ത്രിസഭ യോഗം ചേര്‍ന്ന് ഔദ്യോഗിക തീരുമാനങ്ങളെടുത്ത ശേഷം ചേരുന്ന ഈ പത്രസമ്മേളനം പലപ്പോഴും സംഭവബഹുലമായിരുന്നു.

അച്ച്യുതമേനോന്‍, പികെ വാസുദേവന്‍ നായര്‍, ഇകെ നായനാര്‍, കെ കരുണാകരന്‍, എകെ ആന്‍റണി, വിഎസ് അച്ച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി എന്നിങ്ങനെ മുന്‍ മുഖ്യമന്ത്രിമാരൊക്കെയും നടത്തിയിരുന്ന ബുധനാഴ്ചകളിലെ ശ്രദ്ധേയമായ കാബിനറ്റ് ബ്രീഫിങ്ങുകള്‍ ഓരോ ആഴ്ചയിലെയും വലിയ രാഷ്ട്രീയ സംഭവങ്ങളായി.

ആ വലിയ പതിവാണ് പിണറായി വിജയന്‍ പെട്ടെന്നു വേണ്ടെന്നു വെച്ചത്. 2018 -ല്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളത്തെ പിടിച്ചുലച്ചപ്പോള്‍ പിണറായി വിജയന്‍ വൈകിട്ടു പത്ര സമ്മേളനം നടത്തി. അത് ദിവസേനയുള്ള സംഭവമായി. കേരളമങ്ങോളമിങ്ങോളം ദിവസവും വൈകിട്ട് ആറുമണിക്ക് ജനങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ തുറന്ന് പിണറായിയുടെ ശബ്ദം കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു. അതിലധികവും വീട്ടമ്മമാരും പ്രായം ചെന്നവരും. പിണറായിയുടെ വാക്കുകള്‍ ജനങ്ങള്‍ക്ക് ആശ്രയവും ആശ്വാസവുമായി. അത് പിന്നെപ്പിന്നെ പതിവായി. ദിനം തോറുമുള്ള പത്രസമ്മേളനങ്ങള്‍ കൊറോണക്കാലത്തേക്കു നീണ്ടു.

അഞ്ചുവര്‍ഷം മുമ്പു പിണറായി തന്നെ വേണ്ടെന്നുവെച്ച പ്രസ് ബ്രീഫിങ്ങ് ഇന്ന് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ശക്തിയായി മാറിയിരിക്കുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി സംവദിച്ചും അവരുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞും നൂതന മേഖലകള്‍ കണ്ടു മനസിലാക്കിയും പിണറായി വിജയന്‍ പുതിയ ഉയരങ്ങളിലേയ്ക്ക് കടക്കുകയായിരുന്നു. അതിന്‍റെയൊക്കെ ആകെത്തുകയാണ് 99 സീറ്റുമായി കൈവരിച്ച ഭരണത്തുടര്‍ച്ച.

അതിന്‍റെ തുടര്‍ച്ചയായി വന്ന നേതൃമാറ്റത്തിലൂടെ കെ സുധാകരന്‍ കെപിസിസി പ്രസിഡന്‍റാവുമ്പോള്‍ രണ്ടു കണ്ണൂര്‍ രാഷ്ട്രീയക്കാര്‍, രണ്ടുപേരും തലശേരി ബ്രണ്ണന്‍ കോളേജില്‍ പഠിച്ചവര്‍, മുഖത്തോടു മുഖം നോക്കിനില്‍ക്കുകയാണ്. ഒരു വലിയ സ്ഥാനത്തെത്തുമ്പോള്‍ ആ സ്ഥാനത്തിന്‍റെ വലിപ്പത്തിനൊപ്പമോ, അതിലുമപ്പുറത്തേക്കോ വളരുകയാണ് മികച്ച ഒരു നേതാവു ചെയ്യേണ്ടത്.

പിണറായി വിജയന്‍ അങ്ങനെ കേരള രാഷ്ട്രീയത്തില്‍ ഉയരങ്ങള്‍ താണ്ടി വളരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളുടെയും വര്‍ദ്ധിച്ച പിന്തുണയോടെയാണ് പിണറായി മുഖ്യമന്ത്രി പദത്തിലെത്തിയത്. തെര‍ഞ്ഞെടുപ്പിനു മുമ്പ് ചെത്തുകാരന്‍റെ മകന്‍ മുഖ്യമന്ത്രിയായി ഹെലികോപ്റ്ററില്‍ കറങ്ങി നടക്കുന്നുവെന്നാണ് സുധാകരന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്. കെപിസിസി അധ്യക്ഷനായശേഷം അദ്ദേഹം പലപ്പോഴും ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചത് കണ്ണൂരിലെ ബലാബല രാഷ്ട്രീയത്തെയും തലശേരി ബ്രണ്ണന്‍ കോളേജില്‍ പിണറായിയെ ഒറ്റച്ചവിട്ടിനു താഴെയിട്ട സംഭവത്തെയുമാണ്.

ശനിയാഴ്ചത്തെ പത്രത്തില്‍ ഇതൊക്കെ പ്രസിദ്ധീകരിക്കരുതെന്നു ലേഖകനോടു പറഞ്ഞിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയെങ്കിലും വ്യത്യാസം വളരെ പ്രകടമാണ്. കണ്ണൂര്‍ രാഷ്ട്രീയം, അതും കണ്ണൂരില്‍ത്തന്നെ കാലഹരണപ്പെട്ട രാഷ്ട്രീയം, ഈര്‍ജമാക്കാനാണ് കെ സുധാകരന്‍ ശ്രമിക്കുന്നതെന്നൊരു ധാരണ അദ്ദേഹം തന്നെ ഉണ്ടാക്കിയിരിക്കുന്നു.

ശരീരത്തിന്‍റെ പേശീബലമോ, എത്രപേരേ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്ന കണക്കോ അല്ല ഒരു രാഷ്ട്രീയ നേതാവിന്‍റെ മിടുക്കു തെളിയിക്കുന്നതെന്ന് കെ സുധാകരന്‍ ഓര്‍ക്കണം. പിണറായി നേടിയ ഭരണത്തുടര്‍ച്ചയ്ക്ക് പിന്നിലുള്ളത് അദ്ദേഹത്തിന്‍റെ പേശീബലമോ തടിമിടുക്കോ അല്ല, ബൗദ്ധികമായ ഔന്നത്യവും നാടിന്‍റെ വളര്‍ച്ചയ്ക്ക് ഉചിതമായ തീരുമാനമെടുക്കാനുമുള്ള കഴിവുമാണ്. എല്ലാ രാഷ്ട്രീയക്കാരും ഓര്‍മയില്‍ സൂക്ഷിക്കേണ്ട ഗുണപാഠം കൂടിയാണിത്.

-ചീഫ് എഡിറ്റര്‍ 

editorial
Advertisment