Editorial

നേട്ടം കൊയ്ത് സ്പ്രിംക്ളർ; ശതകോടീശ്വരനായി രാജി തോമസ് ! അതെ, മലയാളിയായ രാജി തോമസ് ഉണ്ടാക്കിയ അമേരിക്കന്‍ കമ്പനി സ്പ്രിംക്ളര്‍ തന്നെ. ഡേറ്റാ കച്ചവടക്കാരെന്നും മലയാളികളുടെ ഡേറ്റാ കവര്‍ന്ന് കച്ചവടം നടത്താന്‍ വന്ന അമേരിക്കന്‍ കുത്തകയെന്നും മുദ്രകുത്തി കേരളത്തില്‍ നിന്നോടിച്ചുവിട്ട സ്പ്രിംക്ളര്‍ നേടിയ വിജയം മലയാളി അറിയണം – മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Saturday, June 26, 2021

കേരളീയര്‍ക്ക് ഏറെ പരിചയമുള്ള കമ്പനിയാണ് അമേരിക്കയിലെ സ്പ്രിംക്ളര്‍. മലയാളിയായ രാജി തോമസ് കെട്ടിപ്പടുത്ത സ്ഥാപനം. സ്പ്രിംക്ളര്‍ ഇതാ തങ്ങളുടെ ഓഹരികള്‍ ന്യുയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു.

അമേരിക്കയിലെ നിക്ഷേപകര്‍ സ്പ്രിംക്ളര്‍ ഓഹരികള്‍ക്ക് വന്‍ വരവേല്‍പ്പ് നല്‍കിയിരിക്കുകയാണ്. രണ്ടാം ദിവസം തന്നെ ഓഹരിവില 12 ശതമാനം ഉയര്‍ന്ന് 19.64 ഡോളറായിരിക്കുന്നു. ഏകദേശം 1458 ഇന്ത്യന്‍ രൂപ. ഇതോടെ രാജി തോമസിന്‍റെ ആസ്തി മൂല്യം 104 കോടി ഡോളറായിരിക്കുന്നു. ഏതാണ്ട് 7700 കോടി രൂപ.

ഇന്നത്തെ ‘മാതൃഭൂമി’ ദിനപത്രത്തിന്‍റെ ബിസിനസ് പേജില്‍ ബിസിനസ് വിഭാഗത്തിന്‍റെ ചുമതല നോക്കുന്ന ആര്‍. റോഷനാണ് സ്പ്രിംക്ളറിന്‍റെ വിജയഗാഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടു ദിവസം മുമ്പുതന്നെ ‘മാതൃഭൂമി’ സ്പ്രിംക്ളര്‍ അമേരിക്കന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ടാം ദിവസം തന്നെ സ്പ്രിംക്ളര്‍ സ്ഥാപകന്‍ ശതകോടീശ്വരനായ കാര്യവും ഉത്സാഹത്തോടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

അപ്പോള്‍ കഴിഞ്ഞ വര്‍ഷം സ്പ്രിംക്ളര്‍ എന്ന അമേരിക്കന്‍ സ്ഥാപനത്തെ നമ്മുടെ രാഷ്ട്രീയക്കാര്‍ ശരിക്കും പറഞ്ഞാല്‍, പ്രതിപക്ഷ കക്ഷികള്‍, ഡേറ്റാ കച്ചവടക്കാര്‍ എന്നു പറഞ്ഞ് പൊതു സമൂഹത്തിനു മുന്നില്‍ ചവിട്ടി തേച്ചതോ ? കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് അമേരിക്കയില്‍ കൊണ്ടുവില്‍ക്കുന്ന കമ്പനിയാണിതെന്നായിരുന്നു ആരോപണം.

200 കോടി രൂപയ്ക്കാണു കച്ചവടം ഉറപ്പിച്ചതെന്നു വരെ ചില പ്രതിപക്ഷ നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. ഇങ്ങനെ ഡേറ്റാ എവിടെ നിന്നെങ്കിലും കൈക്കലാക്കി അമേരിക്കയിലും മറ്റും വില്‍ക്കുന്ന കമ്പനിയുടെ ഓഹരികള്‍ അമേരിക്കന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വില്‍പനയ്ക്കു വെയ്ക്കാന്‍ അനുവാദം കിട്ടുമോ ?

അങ്ങനെയൊരു കമ്പനിയില്‍ വിശ്വാസം രേഖപ്പെടുത്തി നിക്ഷേപകര്‍ ഓഹരികളില്‍ നിക്ഷേപം നടത്തുമോ ? യഥാര്‍ഥത്തില്‍ എന്താണ് സ്പ്രിംക്ളര്‍ ? കേരളത്തിലെ പ്രതിപക്ഷം തെരഞ്ഞെടുപ്പിനു മുമ്പ് ഈ സ്ഥാപനത്തെ പറ്റി ഉന്നയിച്ച ആരോപണങ്ങളില്‍ എത്രകണ്ട് സത്യാവസ്ഥയുണ്ട് ? പ്രതിപക്ഷത്തിന് ഈ സ്ഥാപനത്തെക്കുറിച്ച് ഇന്ന് എന്തുപറയാനുണ്ട് ?

സ്പ്രിംക്ളര്‍ ഒരു സാസ് കമ്പനിയാണ്. സാസ് എന്നാല്‍ ‘സോഫ്റ്റ്‌വെയർ ആസ് എ സര്‍വീസ്’. ഗൂഗിള്‍ ഒരു സാസ് കമ്പനിയാണ്. ആഗോള ജനസംഖ്യയില്‍ ഒരു നല്ല വിഭാഗവും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഗൂഗിളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജിമെയില്‍ ഉപയോഗിക്കാത്ത മലയാളികള്‍ കേരളത്തില്‍ എത്ര പേരുണ്ടാവും ?

ജിമെയില്‍ സര്‍വീസ് സൗജന്യമാണ്. ഒരാള്‍ ജിമെയില്‍ അക്കൗണ്ടില്‍ കയറുമ്പോള്‍ത്തന്നെ ആ സ്ഥാപനവുമായി ഒരു കരാറില്‍ പ്രവേശിക്കുന്നുണ്ട്. ജിമെയിലിന്‍റെ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും ഇതിനാല്‍ അംഗീകരിക്കുന്നുവെന്നാണ് ആ കരാര്‍. ഇതിലെ വ്യവസ്ഥയനുസരിച്ച് ആ വ്യക്തിയെ സംബന്ധിച്ച വ്യക്തിപരമായ കാര്യങ്ങളൊക്കെയും ഗൂഗിളിന്‍റെ സ്വന്തമാവും.

വ്യക്തിപരമായ വിവരങ്ങള്‍, ചിത്രങ്ങള്‍, താമസിക്കുന്ന സ്ഥലം സംബന്ധിച്ച വിവരങ്ങള്‍, എങ്ങോട്ടെങ്കിലും യാത്രചെയ്യുന്നുണ്ടെങ്കില്‍ അതോടൊപ്പമുള്ള വിവരങ്ങള്‍ എന്നിങ്ങനെ എല്ലാമെല്ലാം. ഇതുതന്നെയാണ് ഒരാളെ സംബന്ധിച്ച ഡേറ്റാ എന്നു പറയുന്നത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ മുന്‍കൈ എടുത്താണ് സ്പ്രിംക്ളര്‍ സോഫ്റ്റ്‌വെയർ കേരളത്തില്‍ സര്‍ക്കാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. കോവിഡ് വ്യാപനം അപകടകരമായ തലത്തിലേയ്ക്ക് വ്യാപിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു ഇത്. സംസ്ഥാനത്തോട് ഇത്തരവാദിത്വമുള്ള ഏതൊരു ഉദ്യോഗസ്ഥനും ചിന്തിക്കുന്ന വഴി. ഇതിലേയ്ക്ക് പല വഴികളും ശിവശങ്കര്‍ ആലോചിച്ചു. അങ്ങനെയാണ് സ്പ്രിംക്ളറിലെത്തിയത്.

എന്താണ് സ്പ്രിംക്ളര്‍ കൊണ്ടുള്ള പ്രയോജനം ? കോവിഡ് എന്ന മാരക രോഗം എങ്ങനെ മനുഷ്യനെ ബാധിക്കുകയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു എന്നതു സംബന്ധിച്ച വിശദാംശങ്ങളാണ് സ്പ്രിംക്ളര്‍ ശേഖരിക്കുന്നത്.

രോഗലക്ഷണങ്ങള്‍ മുതല്‍ രോഗവ്യാപനം വരെ വിവിധ ഘട്ടങ്ങളിലെ വിശദാംശങ്ങള്‍ നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ച് ഇതു വിശകലനം ചെയ്ത് രോഗവ്യാപനം കൂടുന്നതനുസരിച്ച് സ്വീകരിക്കേണ്ട അധിക നടപടികള്‍ക്ക് കാലേകൂട്ടി ഒരുക്കം നടത്താനാവും.

അതീവ സൂക്ഷ്മതയോടെ കൃത്യമായ വിശകലനം നടത്താന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നു തന്നെയാണ് സ്പ്രിംക്ളര്‍. ആ നിലയ്ക്ക് ആഗോള തലത്തില്‍ത്തന്നെ ഈ സ്ഥാപനത്തിന് ഉയര്‍ന്ന അംഗീകാരം ലഭിച്ചിട്ടുമുണ്ട്. പ്രതിപക്ഷത്തിന്‍റെ ആരോപണത്തെ തുടര്‍ന്ന് ശിവശങ്കര്‍ പ്രതിക്കൂട്ടിലായി. സര്‍ക്കാര്‍ ഈ ഉദ്യമത്തില്‍നിന്നു പിന്‍മാറി.

കോവിഡ് പോലെയുള്ള വന്‍ ദുരന്തങ്ങള്‍ മാനവരാശിക്കെതിരെ ആഞ്ഞടിക്കുമ്പോള്‍ സമൂഹത്തിന്‍റെ രക്ഷയ്ക്ക് ഇത്തരം സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതായിരിക്കും. കോവിഡ് വ്യാപനത്തിന്‍റെ വളര്‍ച്ചാ നിരക്ക് മനസിലാക്കി ആറുമാസമോ ഒരു വര്‍ഷമോ കഴിഞ്ഞാല്‍ ഒരു സമൂഹത്തില്‍ എത്രമാത്രം തയ്യാറെടുപ്പുകള്‍ വേണ്ടിവരുമെന്നു കണക്കാക്കാന്‍ പ്രയാസമുണ്ടാവില്ലെന്നര്‍ഥം.

ഡല്‍ഹി പോലൊരു നഗരത്തില്‍ എത്ര ആശുപത്രി സജ്ജീകരണങ്ങള്‍ വേണ്ടിവരും, ഓക്സിജന്‍ എത്രമാത്രം കരുതണം, വെന്‍റിലേറ്റര്‍ സൗകര്യം എത്രമാത്രം വേണം, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി ആരോഗ്യ രംഗത്തെ മാനവശേഷി എത്രകണ്ടു വര്‍ദ്ധിപ്പിക്കണം എന്നിങ്ങനെ പലതരം നിരീക്ഷണങ്ങള്‍ നടത്താന്‍ ഇത്തരം സോഫ്റ്റ്‌വെയറുകള്‍ക്കാവും.

വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും വിവരം ശേഖരിച്ചും സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നു കിട്ടുന്ന വിവരങ്ങള്‍ ഉള്‍ക്കൊണ്ടുമൊക്കെയാണ് സ്പ്രിംക്ളര്‍ സങ്കീര്‍ണമായ വിശകലനങ്ങളിലേയ്ക്ക് കടക്കുന്നത്. കോവി‍ഡ് ബാധിച്ച് ഗുരുതരാവസ്ഥയിലേയ്ക്ക് കടക്കുന്ന ഒരാള്‍ക്ക് ഓക്സിജന്‍ ബെഡ്, അല്ലെങ്കില്‍ വെന്‍റിലേറ്റര്‍ എന്നിങ്ങനെ അടിയന്തിര സൗകര്യങ്ങള്‍ എവിടെകിട്ടുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നറിയാനാവും.

ഇങ്ങനെ സാമൂഹ്യ മാധ്യമങ്ങളില്‍ ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് രോഗവ്യാപനത്തിന്‍റെ രീതിയും വ്യാപ്തിയും മനസിലാക്കാനുമാവും. സദാസമയവും സാമൂഹ്യമാധ്യമങ്ങള്‍ പരതി എല്ലാ വിവരങ്ങളും ശേഖരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ചു വിശകലനം നടത്തുന്ന സ്പ്രിംക്ളര്‍ മാനവരാശിക്ക് വളരെയേറെ ഉപകരിക്കുന്ന ഒരു സോഫ്റ്റ്‌വെയർ തന്നെയാണെന്നതില്‍ സംശയമില്ല.

ഡല്‍ഹിയില്‍ ഓക്സിജന്‍ കിട്ടാതെ, വെന്‍റിലേറ്റര്‍ കിട്ടാതെ മനുഷ്യര്‍ കോവിഡ് പിടിച്ചു പിടഞ്ഞു മരിച്ചുകൊണ്ടിരുന്നപ്പോള്‍ വലിയ സഹായവുമായെത്തിയത് സ്പ്രിംക്ളറായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഒരു പോര്‍ട്ടല്‍ ഉണ്ടാക്കിയിരിക്കുന്നു.

കോവിഡിന്‍റെ മാരകമായ രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വരുന്ന സഹായാഭ്യര്‍ഥനകളെയും മറ്റും ക്രോഡീകരിച്ച് ഒരു ഏകീകൃത പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ഉപയോഗിക്കുന്നത് സ്പ്രിംക്ളറാണ്.

അതെ മലയാളിയായ രാജി തോമസ് ഉണ്ടാക്കിയ അമേരിക്കന്‍ കമ്പനി സ്പ്രിംക്ളര്‍ തന്നെ. ഡേറ്റാ കച്ചവടക്കാരെന്നും മലയാളികളുടെ ഡേറ്റാ കവര്‍ന്ന് കച്ചവടം നടത്താന്‍ വന്ന അമേരിക്കന്‍ കുത്തകയെന്നും മുദ്രകുത്തി കേരളത്തില്‍ നിന്നോടിച്ചുവിട്ട സ്പ്രിംക്ളര്‍ തന്നെ.

ഐടി രംഗത്തു ധാരാളം മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകമെമ്പാടും. സ്പ്രിംക്ളറിനു കേരളത്തില്‍ സംഭവിച്ചതെന്തെന്ന് ഈ വിദഗ്ദ്ധരിലാരെങ്കിലും ഒരു പഠനം നടത്തണം. സ്പ്രിംക്ളറിന്‍റെ പിന്നിലെ രാഷ്ട്രീയം നല്ലൊരു പാഠ്യവിഷയം തന്നെയാണ്.

-ചീഫ് എഡിറ്റര്‍ 

×