Editorial

ജാര്‍ഖണ്ടിലെ വന്‍കിട ഖനി ഉടമകളുടെ കച്ചവട താല്‍പര്യങ്ങള്‍ക്കെതിരെ നിന്നതിനാണ് ഇല്ലാത്ത സംഭവത്തില്‍ ജയിലിലാക്കി ഭരണകൂടത്തിന്‍റെ കരുണയില്ലാത്ത കൊലപാതകത്തിന് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ വിട്ടുകൊടുത്തത്. അദ്ദേഹം ജയിലില്‍ കിടന്നപ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ ബിജെപിയുമായി രാഷ്ട്രീയ സഖ്യം കൂടാന്‍ അത്യുല്‍സാഹത്തോടെ ഓടിനടന്ന സഭാധ്യക്ഷന്മാര്‍ക്ക് ഇപ്പോള്‍ സങ്കടവും ദുഖവും ? – ജേക്കബ് ജോര്‍ജിന്‍റെ എഡിറ്റോറിയല്‍

ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍
Tuesday, July 6, 2021

ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു. മാസങ്ങളോളം തടവില്‍ കിടന്ന് ഒരിക്കലും നീതികിട്ടാതെ പാവപ്പെട്ടവരുടെ ആശാ കേന്ദ്രമായിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമി മരണത്തിനു കീഴടങ്ങുകയായിരുന്നു. 84 -ാം വയസില്‍ യാതനകളും കഷ്ടതകളും എറെ നേരിട്ട് തടവില്‍ കഴിയവെ തന്നെയായിരുന്നു മരണം.

ആദിവാസികള്‍ക്കു വേണ്ടി ജീവിച്ച് അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടി, അവര്‍ക്കുവേണ്ടി തടവില്‍ കഴിഞ്ഞ് തടവില്‍ ത്തന്നെ മരണം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

കടുത്ത രോഗാവസ്ഥയിലായിട്ടും 84 -ാം വയസിന്‍റെ ദൗര്‍ബല്യത്തിലായിട്ടും ഫാദര്‍ സ്റ്റാന്‍ സ്വാമിക്കു ജാമ്യം കിട്ടിയില്ല.

തടവറയില്‍ ജീവിതം തള്ളിനീക്കാനുള്ള അത്യാവശ്യം സൗകര്യങ്ങള്‍ പോലും അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടു. വെള്ളം കുടിക്കാന്‍ സ്ട്രോ ഘടിപ്പിച്ച ഒരു ഗ്ലാസ് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ട് അതുപോലും നല്‍കാന്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത എന്‍ഐഎ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

2018 ലെ മഹാരാഷ്ട്രയിലെ ഭീമാ കോറെഗയിലാണ് ലഹളയുടെ പേരില്‍ ഭീകരവാദം ചുമത്തി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) 2020 ഒക്ടോബര്‍ എട്ടിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജസ്യൂട്ട് വിഭാഗത്തില്‍പെട്ട പുരോഹിതനായ അദ്ദേഹം ജാര്‍ഖണ്ടില്‍ ആദിവാസികളുടെയിടയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

യുഎപിഎ ചുമത്തിയാണ് അദ്ദേഹത്തെ തടവിലിട്ടത്. 84 -ാമത്തെ വയസില്‍ ഗുരുതരമായ പല രോഗങ്ങളും ബലഹീനതകളും അനുഭവിച്ചുകൊണ്ടിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ജാമ്യം കൊടുക്കാന്‍ കോടതി തയ്യാറായില്ല.

എന്‍ഐഎയ്ക്കു വേണ്ടി ഹാജരായ പ്രൊസിക്യൂഷന്‍ വക്കീലന്മാര്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിക്കു ജാമ്യം നല്‍കുന്നതിനെതിരെ കര്‍ശനമായ നിലപാടു സ്വീകരിക്കുകയായിരുന്നു. 84 വയസുള്ള ജീവിതകാലം മുഴുവന്‍ പാവപ്പെട്ട ആദവാസികള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ഒരിക്കല്‍ പോലും നീതികിട്ടിയില്ല.

സിപിഎം നേതാവ് എം.എ ബേബി ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് ചൊവ്വാഴ്ച എഴുതിയ ലേഖനത്തില്‍ പറയുന്നതിങ്ങനെ ; “ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം നമ്മുടെ ഭരണകൂടം നടത്തിയ കരുണയില്ലാത്ത കൊലപാതകമാണ്. നരേന്ദ്രമോദി സര്‍ക്കാരിനല്ലാതെ ഈ ഭൂമിയില്‍ ആര്‍ക്കാണ് ഇത്തരമൊരു വയോധികനായ സന്യാസിയെ തടവിലിട്ടു കൊല്ലാനാവുക ?”

എന്താണ് ഫാദര്‍ സ്റ്റാന്‍ സ്വാമി ചെയ്ത കുറ്റം ? ജാര്‍ഖണ്ടില്‍ തീവ്രവാദികളെന്നു മുദ്രകുത്തി ജയിലിലിട്ടിരിക്കുന്ന ആദിവാസികളെക്കുറിച്ചു പഠിച്ച് ഒരു റിപ്പോര്‍ട്ട് അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇങ്ങനെ ജയിലില്‍ കിടക്കുന്ന 5000 -ലേറെ വരുന്ന ആദിവാസികള്‍ക്ക് നിയമസഹായം നല്‍കാനുള്ള ഒരു വലിയ ഉദ്യമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം.

ജാര്‍ഖണ്ടിലെ വന്‍കിട ഖനി ഉടമകള്‍ക്ക് ഇതിഷ്ടപ്പെട്ടില്ല. അവരുടെ കച്ചവട താല്‍പര്യങ്ങള്‍ക്കെതിരായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ പ്രവര്‍ത്തനം. പക്ഷേ, യുഎപിഎ ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ഭാമാ കൊറെഗാവ് ലഹളയില്‍ പ്രതി ചേര്‍ത്ത്. ആ സംഭവവുമായി ഒരു ബന്ധവുമില്ല എന്നു മാത്രമല്ല, ആ സ്ഥലത്തേയ്ക്കു പോലും പോയിട്ടില്ലെന്ന് ആവര്‍ത്തിച്ചു മൊഴി നല്‍കിയതാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. ആ വഴിക്ക് തെളിവുകളുമില്ല.

തടവില്‍ കഴിയുന്നവര്‍ക്ക് അത്യാവശ്യം വേണ്ട മനുഷ്യാവകാശം പോലും നിഷേധിക്കാനാകുമോ ? ലോകത്തെങ്ങും മനുഷ്യാവകാശം ഒരു വലിയ വിഷയമായി മാറിക്കൊണ്ടിരിക്കുമ്പോഴാണ് ഫാദര്‍ സറ്റാന്‍ സ്വാമി ഒരല്‍പം പോലും നീതി കിട്ടാതെ ഇഞ്ചിഞ്ചായി മരണപ്പെട്ടത്.

ജീവിതം മുഴുവന്‍ പാവപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച സ്റ്റാന്‍ സ്വാമിക്കു നേരിട്ട ദുരന്തത്തെക്കുറിച്ച് ന്യായമായും ഒരന്വേഷണം ആവശ്യമാണ്. കാരണം ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നതുതന്നെ.

സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സങ്കടവും ദു:ഖവും രേഖപ്പെടുത്തി ചില മെത്രാന്മാര്‍ പ്രസ്താവനയിറക്കിയിട്ടുണ്ട്. പക്ഷെ ഇത്രയും കാലം അവര്‍ ശക്തമായ പ്രതിഷേധമെന്തെങ്കിലും രേഖപ്പെടുത്തിയോ ? ബിജെപിയുമായി രാഷ്ട്രീയ സഖ്യം കൂടാന്‍ അത്യുത്സാഹത്തോടെ ഓടിനടന്ന സഭാധ്യക്ഷന്മാര്‍ എവിടെ ?

-ചീഫ് എഡിറ്റര്‍

×